ഹലമെന്നാല്‍ കലപ്പ, കൃഷിയായുധം. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഉയര്‍ത്തിയ ഒരു മുദ്രാവാക്യമുണ്ട് – ജയ് ജവാന്‍; ജയ് കിസാന്‍! കൃഷിക്ക് മണ്ണിളക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്നത് കാളകളെയും അവര്‍ വലിക്കുന്ന കലപ്പയും ആണ്. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമന്റെ കയ്യില്‍ എപ്പോഴും ഒരു കലപ്പ ആയുധമായുണ്ടാകും; ബലരാമന്‍ ഹലായുധനായിരുന്നു. അദ്ദേഹം വലിയ കര്‍ഷകനായിരുന്നു. ചില യാഗങ്ങളില്‍ സ്വര്‍ണക്കലപ്പകൊണ്ട് ഭൂമി ഉഴുതുമറിക്കുന്ന ചടങ്ങുണ്ട്. അത്തരം ഒരു സന്ദര്‍ഭത്തിലാണല്ലൊ ജനകമഹാരാജാവിന് സീതയെ കിട്ടിയത്. ഭാരത സംസ്‌കാരവുമായി ഹല (കലപ്പ) ത്തിന് ഉള്ള ബന്ധം ഓര്‍ക്കുക.
ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. കൈകള്‍ വശങ്ങളില്‍. ശ്വാസമെടുത്തു കൊണ്ട് കാലുകള്‍ 90 ഡിഗ്രിയില്‍ ഉയര്‍ത്തുക. പിന്നീട് കൈകള്‍ നിലത്ത് അമര്‍ത്തിക്കൊണ്ട് ഉദരപേശികളുടെ ബലത്തില്‍ ചുമല്‍ വരെ ഉയര്‍ത്തുക. ഇപ്പോള്‍ സര്‍വാങ്ഗാസനമായി.
പിന്നീട് ശ്വാസം വിട്ടുകൊണ്ട് കൈത്താങ്ങ് കൊടുത്ത് കൈകളുടെ ബലത്തില്‍ കാല്‍മുട്ട് മടങ്ങാതെ പിന്നിലോട്ട് വളഞ്ഞ് കാല്‍ നിലത്തു കുത്തുക. കൈകള്‍ അങ്ങിനെ തന്നെ വെക്കുകയോ അവ വിമുക്തമാക്കി നിലത്തു പതിച്ചു വെക്കുകയോ, കൈപ്പത്തികള്‍ ചേര്‍ത്ത് കൈവിരലുകള്‍ തമ്മില്‍ കോര്‍ത്തുപിടിക്കുകയോ ചെയ്യാം. അപ്പോള്‍ കൈമുട്ടുകള്‍ മടങ്ങില്ല.
സാധാരണ ശ്വാസത്തില്‍ അല്പനേരം സ്ഥിതി ചെയ്ത ശേഷം ശ്വാസമെടുത്തു കൊണ്ട്, കൈത്താങ്ങ് കൊടുത്തു കൊണ്ട് കാല്‍ ഉയര്‍ത്തി ശ്വാസം വിട്ടുകൊണ്ട് ഉദരപേശികളുടെ ബലത്തില്‍ സാവധാനത്തില്‍ മലര്‍ന്നു കിടക്കുന്ന സ്ഥിതിയിലേക്ക് വരിക.
ഗുണങ്ങള്‍
ആന്തരിക അവയവങ്ങള്‍ക്ക് ഒരു തടവല്‍ സുഖം കിട്ടും. ദഹനപ്രക്രിയ ത്വരിതമാവും. മലബന്ധത്തിന് ശമനമുണ്ടാവും. പാന്‍ക്രിയാസിന് ഉണര്‍വ് കിട്ടും. തൈറോയ്ഡ് ഗ്രന്ഥികള്‍ക്കും നല്ലതാണ്.