പതഞ്ജലി, യോഗ ദര്‍ശനത്തില്‍ സമാധി പാദത്തില്‍ ആറാമത്തെ സൂത്രത്തില്‍ 5 വൃത്തികളെ പറയുന്നു – പ്രമാണ – വിപര്യയ- വികല്പ – നിദ്രാ- സ്മൃതികള്‍. തുടര്‍ന്ന് അവയെ വിസ്തരിക്കുന്നു. യോഗം ചിത്തവൃത്തികളുടെ നിരോധമാണെന്ന് ആദ്യം പറഞ്ഞ സ്ഥിതിക്ക് വൃത്തികളുടെ ചര്‍ച്ച അനിവാര്യമാണല്ലൊ. വൃത്തിയെന്നാല്‍ ചലനം, മാറ്റം, അസ്തിത്വ ലക്ഷണം എന്നൊക്കെ അര്‍ത്ഥം.
പ്രമ എന്നുവെച്ചാല്‍ യഥാര്‍ഥ ജ്ഞാനം. അതുണ്ടാക്കുന്ന വൃത്തിയാണ്, മനസ്സിന്റെ വ്യാപാരമാണ് പ്രമാണം. ജിജ്ഞാസ, ജ്ഞാനം നേടാനുള്ള ഇച്ഛയാണ് മനസ്സിനെ ഇളക്കുന്നത്. യോഗദര്‍ശനത്തിലും സാംഖ്യദര്‍ശനത്തിലും പ്രമാണങ്ങള്‍ മൂന്നു തരമുണ്ട്. പ്രത്യക്ഷ – അനുമാന – ആഗമങ്ങള്‍ (1ഃ7)
അക്ഷം എന്നാല്‍ ഇന്ദ്രിയം. പുറത്തുള്ള വസ്തുക്കളാണ് അതിന്റെ വിഷയങ്ങള്‍. അവ തമ്മില്‍ സന്നികര്‍ഷം അഥവാ അടുപ്പം വരുമ്പോള്‍ ഇന്ദ്രിയത്തിന്റെ ഒരു രശ്മി (പ്രണാളിക) വിഷയത്തിലേക്കു ചെല്ലുന്നു. അത് ആ വിഷയത്തിന്റെ രൂപം പ്രാപിക്കുന്നു. അതിനെ മനസ്സ് ഉള്ളിലേക്കെടുക്കുന്നു. അന്തരിന്ദ്രിയങ്ങള്‍ അതിനെ അറിയുന്നു, ബോധമുണ്ടാവുന്നു. ഇതാണ് പ്രത്യക്ഷം. അഞ്ചിന്ദ്രിയങ്ങള്‍ക്കും ഇതു ബാധകമാണ്. ഏറ്റവും ശക്തമായ പ്രമാണവും ഇതു തന്നെ. ഇത്തരത്തില്‍ നേരിട്ടറിയുന്നതിനെയാണ് നാം ഏറ്റവും വിശ്വസിക്കുന്നതും. മറ്റു പ്രമാണങ്ങളൊക്കെ ഇതിനെ പിന്‍പറ്റിയാണ്.
പ്രത്യക്ഷമായ അറിവിന് സാധ്യത ഇല്ലാത്തപ്പോള്‍ പ്രത്യക്ഷമായ ചില അറിവിന്റെ അടിസ്ഥാനത്തില്‍ ഊഹിക്കുന്നതാണ് അനുമാനം. ഉദാഹരണമായി തീയും പുകയും തമ്മിലുള്ള ബന്ധം നമുക്കറിയാം. പുകയുണ്ടാകുന്നത് തീയില്‍ നിന്നാണെന്ന് നാം പ്രത്യക്ഷജ്ഞാനത്തിലൂടെ അറിഞ്ഞിട്ടുണ്ട്. അങ്ങിനെയിരിക്കെ ദൂരെയുള്ള മലയില്‍ പുക കാണുമ്പോള്‍ അവിടെ തീയുണ്ട് എന്ന് നാം ഊഹിക്കും. ഈ പ്രമ (ജ്ഞാനം) അനുമാന പ്രമാണമാണ്. പക്ഷെ അത് ശവം കത്തിച്ചതാണോ, ഹോമ ധൂമമാണോ എന്നറിയാന്‍ പ്രത്യക്ഷം തന്നെ ശരണം.
ആഗമം ആണ് മൂന്നാമത്തെ പ്രമാണം. പ്രത്യക്ഷവും അനുമാനവും സാധിക്കാത്തിടത്ത് പ്രത്യക്ഷത്തിലൂടെ അറിവ് നേടിയ നമുക്ക് വിശ്വസിക്കാവുന്ന ഒരു ധര്‍മജ്ഞന്‍ പറഞ്ഞാല്‍ നമുക്ക് പ്രമയുണ്ടാകും. കവികളായ ഋഷിമാര്‍ ദര്‍ശിച്ച ജ്ഞാനമായ വേദം ആഗമമാണ്, ഇത്തരത്തില്‍ ‘വന്ന’ താണ്. ഇതിനെ ശബ്ദ പ്രമാണമെന്നും പറയും.
വിപര്യയമാണ് മറ്റൊരു വൃത്തി. വിപരീതമായ ജ്ഞാനം, വിരുദ്ധമായ ജ്ഞാനം, തെറ്റായ അറിവ്, മിഥ്യാ ജ്ഞാനം ആണ് വിപര്യയം. യഥാര്‍ത്ഥജ്ഞാനം വരുമ്പോള്‍ ഈ അജ്ഞാനം നശിക്കും. ആകാശത്ത് രണ്ടു ചന്ദ്രനെ കണ്ടു എന്നു പറയുന്നത് വിപര്യയം ആണ്. ഒറ്റച്ചന്ദ്രനെ കണ്ട് ബോധ്യപ്പെടുമ്പോള്‍ ഈ വിപര്യയം ഇല്ലാതാകും. സന്ധ്യാനേരത്ത് കയറു കണ്ട് പാമ്പെന്നു തോന്നുന്നത് വിപര്യയ ജ്ഞാനമാണ്. അത്, വിളക്കു കൊണ്ടുവന്ന് കയറിനെ തിരിച്ചറിയുമ്പോള്‍ മാറും.
എന്നാല്‍ ‘ആകാശ കുസുമം’ എന്നു കേള്‍ക്കുമ്പോള്‍ ആകാശത്തില്‍ എവിടെയും തൊടാതെ ഭംഗിയുള്ള ഒരു പൂവ് വിരിഞ്ഞു നില്കുന്നതായി ഭാവന (വൃത്തി)വരാം. പക്ഷെ അങ്ങിനെ ഒരു പൂവ് ഉണ്ടായിട്ടില്ല, ഇപ്പോഴില്ല, ഒരിക്കലും ഉണ്ടാവുകയുമില്ല. ഇത്തരം ജ്ഞാനം വികല്പം എന്നറിയപ്പെടും.
നിദ്ര, സുഷുപ്തി വൃത്തിയാണോ? പലര്‍ക്കും ഇതില്‍ സംശയമുണ്ട്. ‘സമ്പ്രബോധേ പ്രത്യവമര്‍ശാത് പ്രത്യയവിശേഷ: .’ ഉണര്‍ന്നതിനു ശേഷം സ്മൃതിയുള്ളതിനാല്‍ നിദ്ര ജ്ഞാന വിശേഷമാണ്; വൃത്തിയുണ്ടാക്കാന്‍ പര്യാപ്തമാണ്. ഞാന്‍ സുഖമായി ഉറങ്ങി, ഉറക്കം ശരിയായില്ല, ശരീരം കനം വെച്ചിരിക്കുന്നു എന്നൊക്കെയുള്ള ഓര്‍മകള്‍ ഉണ്ട്. അതില്‍ ഏകാഗ്രതയുണ്ടെങ്കിലും അത് താമസികമാണ്; നിരോധിക്കപ്പെടേണ്ടതാണ്. ഉറക്കം സാധനയില്‍ തടസ്സം തന്നെ, എന്നാല്‍ യോഗിക്ക് അത് ദോഷകരവുമല്ല.
‘അനുഭൂതവിഷയ അസമ്പ്രമോഷ: സ്മൃതി:’ (1ഃ11 )
അനുഭവിച്ച വിഷയങ്ങള്‍ വിടാതെ കൂടുന്നതാണ് സ്മൃതി, ഓര്‍മ. ഈ ഓര്‍മ രണ്ടു തരത്തിലുണ്ടാകും. കാരണം അനുഭവത്തില്‍നിന്ന് പ്രത്യക്ഷ വസ്തുവായും ആ വസ്തു നമ്മിലുണ്ടാക്കുന്ന ബോധമായും രണ്ടു തരം സംസ്‌കാരം ഉണ്ടാകുന്നുണ്ട്. ഈ ബോധ സംസ്‌കാരമാണ് സ്വപ്‌നത്തില്‍ ഭാവനയോടെ ആവിഷ്‌കരിക്കപ്പെടുന്നത്. അത് അയഥാര്‍ഥവും വികലവും കല്പിതവുമാണ്. ജാഗ്രത്തില്‍ യഥാര്‍ത്ഥ ഓര്‍മയും. മറ്റു നാലു വൃത്തികളില്‍ നിന്നുമാണ് സ്മൃതിയുണ്ടാകുന്നത്. അതിനാലാണ് അത് അവസാനമായി പറഞ്ഞത്.
ഈ അഞ്ചു വൃത്തികളും നിരോധിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ ആദ്യ കാലങ്ങളില്‍ അതായത് രജസ്സിലും തമസ്സിലും മുങ്ങിയിരിക്കുമ്പോള്‍ ഇവയുടെ സാത്വികമായ വശം നമുക്കു ഗുണകരമാവാം – ക്ലേശങ്ങളെ തരണം ചെയ്യാന്‍ സഹായിച്ചേക്കാം. അപ്പോള്‍ ഇവയെ അക്ലിഷ്ട (ക്ലേശമുണ്ടാക്കാത്ത) വൃത്തികള്‍ എന്നു പറയും. പ്രസിദ്ധമായ ഉദാഹരണമാണ് സുഖഭോഗങ്ങളില്‍ മയങ്ങി തിമിര്‍ത്തു ജീവിച്ചിരുന്ന ഗൗതമന്‍ രോഗിയേയും ശവത്തെയും വൃദ്ധനെയും കണ്ടത്. അത് പ്രത്യക്ഷജ്ഞാനമാണ്, വൃത്തിയാണ്. എന്നാല്‍ ആ പ്രത്യക്ഷ പ്രമ അവനില്‍ ജ്ഞാനദീപം കൊളുത്തി. അവന്‍ ബുദ്ധനാവാനുളള പ്രേരണയുണ്ടാക്കി. ഇവിടെ പ്രത്യക്ഷ പ്രമാണവൃത്തി അക്ലിഷ്ടമാണ്. അവനെ അതിനു മുമ്പ് സ്വാധീനിച്ച വൃത്തികള്‍ (കാമിനീ – കാഞ്ചനങ്ങള്‍ ) ക്ലിഷ്ടവുമാണ്.