സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള നാളിലാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ എസ്.ഡി.പി.ഐ തീവ്രവാദികള്‍ ഒരു ആര്‍. എസ്.എസ്. പ്രവര്‍ത്തകനായ നന്ദുവിനെ വെട്ടിക്കൊന്നത്. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ഹിന്ദുവംശഹത്യ പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ അരുംകൊല. 2003-ലെ മാറാട് കൂട്ടക്കൊലയുടെ ആവര്‍ത്തനമാണ് ചേര്‍ത്തല നാഗംകുളങ്ങരയിലും നടന്നത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമായ പ്രദേശത്ത് സാമുദായിക കലാപമുണ്ടാക്കി ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തുകയും അവര്‍ രക്ഷയില്ലാതെ പലായനം ചെയ്യുമ്പോള്‍ ആ പ്രദേശം തങ്ങളുടെ അധീശമേഖലയാക്കി മാറ്റുകയും ചെയ്യുക എന്നതായിരുന്നു മാറാട്ട് നടപ്പാക്കാന്‍ നോക്കിയ എസ്. ഡി.പി.ഐ പദ്ധതി. അതിനുവേണ്ടിയാണ് വിവിധ ഗ്രൂപ്പുകളായി അള്ളാഹു അക്ബര്‍ എന്ന് തക്ബീര്‍ വിളിച്ചുകൊണ്ട് ഹിന്ദുവീടുകളിലേയ്ക്ക് ഓടിക്കയറി കണ്ണില്‍ കണ്ടവരെ വീട്ടിലിട്ടും വഴിയില്‍വെച്ചും കടയില്‍വെച്ചും വെട്ടി വീഴ്ത്തിയത്. അതിനുശേഷം പള്ളിയില്‍ കയറി ഒളിച്ചിരിക്കുകയും ചെയ്തു. പിന്തുടര്‍ന്നു വരുന്ന ഹിന്ദുക്കളെ പള്ളിയില്‍ നിന്നും ആക്രമിക്കാനായിരുന്നു അവരുടെ തുടര്‍പദ്ധതി. ഇതേ രീതിയാണ് അവര്‍ ചേര്‍ത്തല നാഗംകുളങ്ങരയും ആവര്‍ത്തിക്കാന്‍ ശ്രമിച്ചത്.
പ്രശസ്തമായ നാഗക്ഷേത്രമുള്ള നാഗംകുളങ്ങര ഹിന്ദുഭൂരിപക്ഷപ്രദേശമാണ്. അവിടെ പത്തോ പന്ത്രണ്ടോ മുസ്ലിം കുടുംബങ്ങളേയുള്ളു. കഴിഞ്ഞ 42 വര്‍ഷമായി അവിടെ ആര്‍.എസ്.എസ്സിന്റെ ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ സാമുദായികമോ മതപരമോ ആയ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും സൗഹാര്‍ദ്ദപൂര്‍വ്വമാണ് ജീവിച്ചിരുന്നത്. ഇതിനു മാറ്റംവന്നത് കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷം കൊണ്ടാണ്. അബ്ദുള്‍ ഖാദര്‍ എന്ന ഉസ്താദും അദ്ദേഹത്തിന്റെ മക്കളും എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തകരായതോടെ പുറത്തുനിന്നുള്ള മുസ്ലീംതീവ്രവാദികള്‍ സ്ഥിരമായി ഇവിടെ എത്തി താവളമടിക്കാന്‍ തുടങ്ങി. സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന പ്രസംഗങ്ങളും പ്രകടനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും അവരില്‍ നിന്നുണ്ടായി. ഒരു ഷോപ്പിങ്ങ് കോംപ്ലക്‌സ് ആരംഭിക്കുകയും അതിന്റെ മുകള്‍വശത്തെ മുറി അനധികൃത പള്ളിയാക്കി മാറ്റുകയും ചെയ്തു. ഈ സലഫി മസ്ജിദ് തീവ്രവാദ വിഭാഗങ്ങളുടെ പ്രവര്‍ത്തന കേന്ദ്രവും ആയുധ പരിശീലനകേന്ദ്രവുമായി മാറി എന്ന് നാട്ടുകാര്‍ പറയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ വധിച്ച കേസ്സിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചത് ഇവിടുത്തെ എസ്ഡി.പി.ഐക്കാരാണ്. അക്കൂട്ടത്തിലൊരാളായ അര്‍ഷാദ് ആണ് നന്ദുവിനെ വെട്ടാന്‍ ആയുധമെടുത്തുകൊടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാവിപതാക കത്തിച്ച് അതു മൊബൈലില്‍പകര്‍ത്തി പ്രചരിപ്പിച്ച റാഫിഖ് കലാപത്തിന് വഴിയൊരുക്കാനാണ് ശ്രമിച്ചത്.
നാഗംകുളങ്ങരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അവര്‍ ആവര്‍ത്തിച്ചു ശ്രമിച്ചുകൊണ്ടിരുന്നു. ഏതാനും മാസം മുമ്പ് അവര്‍ ആര്‍.എസ്.എസ്. മണ്ഡലം ബൗദ്ധിക് പ്രമുഖ് പ്രസാദിന്റെ വീട്ടില്‍ കയറി വെല്ലുവിളി നടത്തി. പരാതിയെ തുടര്‍ന്നു ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ശാസിച്ചുവിട്ട പോലീസ് കേസ് ഗൗരവത്തിലെടുത്തില്ല. വടുതല, അരൂകുറ്റി, ചന്ദ്രൂ, ചേര്‍ത്തല, നെടുമ്പക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇവിടെ വന്നു കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ കഴി ഞ്ഞ ദിവസത്തെ പ്രകടനത്തില്‍ നാഗംകുളങ്ങരയില്‍ എസ്.ഡി.പി.ഐക്കാര്‍ മുഴക്കിയിരുന്നു. പ്രകടനത്തിലുളളവരില്‍ ഭൂരിപക്ഷവും പുറത്തുനിന്നുള്ളവരായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയശേഷം പുറത്തുനിന്നും കാറിലും ബൈക്കിലുമായി എത്തിയ എസ്.ഡി.പി.ഐക്കാര്‍ അസഭ്യവര്‍ഷം നടത്തുകയും പ്രസാദിന്റെ വീട്ടില്‍ കയറി അക്രമം കാട്ടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെ ശാഖയിലെ സ്വയംസേവകര്‍ എത്തി. അവര്‍ തിരിച്ചുപോകുമ്പോള്‍ ജങ്ഷനില്‍ വെച്ച് എസ്.ഡി.പി. ഐക്കാര്‍ കയ്യേറ്റത്തിനു ശ്രമിക്കുകയും മസ്ജിദിനു താഴെ നിര്‍ത്തിയിട്ട വാഹനത്തില്‍ സൂക്ഷിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളെടുത്ത് വെട്ടുകയും ചെയ്തു. തലയ്ക്കു വെട്ടേറ്റാണ് നന്ദു കൃഷ്ണ മരിച്ചത്. കൈകൊണ്ടുതടഞ്ഞതുകൊണ്ടാണ് കെ.എസ്.നന്ദുവിനു തലയ്ക്ക് വെട്ടേല്‍ക്കാതിരുന്നത്. പകരം കയ്യറ്റുപോയി. മര്‍മ്മസ്ഥാനങ്ങളില്‍ വെട്ടാന്‍ പരിശീലനം കിട്ടിയവരാണ് ഇത് ചെയ്തതെന്നു വ്യക്തം. എസ്.ഡി.പി.ഐ പ്രവര്‍ത്തനം സ്ഥലത്തെ ക്രമസമാധാനം തകര്‍ക്കുന്നു എന്ന പരാതി കിട്ടിയിട്ടും ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. ഒടുവില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കിക്കൊണ്ട് സംഘപ്രവര്‍ത്തകരെ വളഞ്ഞുവെക്കുകയാണ് പോലീസ് ചെയ്തത്.
അനധികൃത പള്ളി കേന്ദ്രമാക്കിയാണ് മാറാട്ട് എന്‍.ഡി.എഫ് ആയുധ പരിശീലനം നടത്തിയത്. അവിടെ തീവ്രവാദ പരിശീലനകേന്ദ്രമാകുന്നു എന്ന രഹസ്യറിപ്പോര്‍ട്ട് ലഭിച്ചിട്ടും പോലീസ് നിഷ്‌ക്രിയമായി. ഇതൊക്കെയാണ് നാഗംകുങ്ങരയും സംഭവിച്ചത്. മാറാട് ഹിന്ദു വംശഹത്യ നടത്തിയ എന്‍.ഡി. എഫുക്കാര്‍ക്കൊപ്പമായിരുന്നു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്സും മുസ്ലിംലീഗും. കഴിഞ്ഞ രണ്ടു ദശാബ്ദത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മാര്‍ക്‌സിസ്റ്റു ശക്തികേന്ദ്രങ്ങളിലാണ് എസ്.ഡി. പി.ഐ. ശക്തിപ്രാപിക്കുന്നത് എന്നു മനസ്സിലാക്കാം. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റു കേന്ദ്രമായ നാറാത്താണ് എസ്.ഡി.പി.ഐയുടെ ആയുധ പരിശീലന കേന്ദ്രം നിര്‍ബാധം പ്രവര്‍ത്തിച്ചുവന്നത്. ഇത്തരം നിരവധി പരിശീലനകേന്ദ്രങ്ങള്‍ കേരളത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിക്കുന്നില്ല. എന്‍.ഡി.എഫുകാരാല്‍ 2005ല്‍ അശ്വനികുമാര്‍ കൊല്ലപ്പെട്ടതും 2012 -ല്‍ സച്ചിന്‍ ഗോപാല്‍ കൊല്ലപ്പെട്ടതും 2017ല്‍ ശ്യാംപ്രസാദ് കൊല്ലപ്പെട്ടതും കണ്ണൂര്‍ ജില്ലയില്‍ തന്നെ. ഇടത് – വലത് സര്‍ക്കാറുകള്‍ ഈ അക്രമികള്‍ക്ക് നേരെ മൃദുനയം സ്വീകരിക്കുന്നതിനാല്‍ പോലീസിന്റെ ഭാഗത്തുനിന്നും കേസന്വേഷണം ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്. 2012ല്‍ ചെങ്ങന്നൂരില്‍ വിശാല്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച കേസിന്റെ അവസ്ഥയും ഇതു തന്നെ. ചേര്‍ത്തലയിലും പോലീസിന്റെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. നാഗംകുളങ്ങരയില്‍ എസ്.ഡി.പി. ഐക്കാര്‍ കിരാതവാഴ്ച നടത്തിയ ആദ്യനാളുകളില്‍ തന്നെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ വിലപ്പെട്ട ഒരു ജീവന്‍ നഷ്ടമാകില്ലായിരുന്നു.
ഇയ്യിടെ മലപ്പുറം ജില്ലയിലെ ചേളാരിയില്‍ നടത്തിയ എസ്.ഡി.പി.ഐ പ്രകടനത്തില്‍ ആര്‍. എസ്.എസ്സുകാരെ വിലങ്ങണിയിച്ചു കൊല്ലാന്‍ കൊണ്ടുപോകുന്നതിന്റെ ടാബ്ലോ അവതരിപ്പിച്ചിരുന്നു. 1921ലെ മാപ്പിള ലഹള എന്ന ഹിന്ദുവംശഹത്യയുടെ ശതാബ്ദി പ്രഖ്യാപിച്ച വേളയിലാണ് അവരിത് ചെയ്തത് എന്ന് മറക്കരുത്. ഹിന്ദുവംശഹത്യയ്ക്ക് തടസ്സമായി നില്‍ക്കുന്ന ആര്‍.എസ്.എസ്സിനുനേരെ കൊലക്കത്തി പ്രയോഗിക്കുന്ന എസ്.ഡി.പി.ഐക്കാര്‍ അടുത്ത ഘട്ടത്തില്‍ എന്താണ് ചെയ്യുക എന്ന് ഊഹിക്കാവുന്നതേയുള്ളു. നിയമപരമായി ഈ കൊലപാതകികളെ നേരിടാന്‍ തയ്യാറില്ലെന്നു മാത്രമല്ല, അവര്‍ക്ക് ഒത്താശ ചെയ്യുകയും അവരുമായി രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടുകയും ചെയ്യുന്ന എല്‍.ഡി.എഫ്.-യു.ഡി.എഫ് മുന്നണികളെ തിരിച്ചറിയാന്‍ കേരളത്തിലെ ഹൈന്ദവ സമൂഹത്തിനു ലഭിക്കുന്ന ഒടുവിലത്തെ അവസരമാണിത്. അവര്‍ക്ക് ഇതിനോടു പ്രതികരിക്കാനുള്ള സന്ദര്‍ഭമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. സ്വന്തം നിലനില്‍പിന്റെ പ്രശ്‌നമാണിതെന്ന് തിരിച്ചറിഞ്ഞ് അവര്‍ ഈ അവസരം വിനിയോഗിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.