ചക്രവത് പരിവര്‍ത്തന്തേ
ദു:ഖാനി ച സുഖാനിച
സുഖദുഃഖങ്ങള്‍ ചക്രം പോലെ കറങ്ങിത്തിരിഞ്ഞു വരുന്നു എന്നു ശാസ്ത്രം. ഭാരതീയര്‍ കാലത്തെയും ചക്രമായാണ് കാണുന്നത്. ചക്രാബ്ജപൂജ കാലചക്രപൂജ തന്നെ. തന്ത്ര ശാസ്ത്രത്തിലെ ഷട് ചക്രങ്ങളും പ്രസിദ്ധമാണ്. ഭൗതിക ശാസ്ത്രത്തിലും ചക്രത്തിന്റെ കണ്ടുപിടുത്തം മാനവ ചരിത്രത്തിലെ നാഴികക്കല്ലാണ്. ചക്രചിന്ത ഇവിടെ നിറുത്താം. ചക്രാസനത്തിലേക്കു മടങ്ങാം.
ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. കാലുകള്‍ മടക്കി കാലിന്റെ മടമ്പ് പൃഷ്ഠത്തോടു ചേര്‍ത്തു വെക്കുക. കാല്‍പ്പത്തികള്‍ തമ്മില്‍ 30 സെ.മീ അകലം വേണം. കൈകള്‍ മടക്കി കൈപ്പത്തികള്‍ തലയ്ക്കിരുവശവും നിലത്തു പതിച്ചു വെക്കുക. വിരലറ്റം തോളോടു ചേര്‍ന്ന്. ശ്വാസം നിറക്കുക.
കുംഭകത്തില്‍ ശരീരം വളച്ചുയര്‍ത്തുക. ഇപ്പോള്‍ ശരീരഭാരം കാലിലും തലയിലും.
കൈമുട്ടു നിവര്‍ത്തി ശരീരവും തലയും ഉയര്‍ത്തുക. നട്ടെല്ല് നല്ലവണ്ണം വളച്ച് കാല്‍മുട്ടിന്റെ മടക്ക് കഴിയുന്നത്രയും നിവര്‍ത്തുക. തല കൈകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കും. ഇതാണ് പൂര്‍ണ്ണ സ്ഥിതി. കുംഭകത്തിലോ സാധാരണ ശ്വാസത്തിലോ അല്പ സമയം നിന്ന ശേഷം തിരിച്ചു വരിക.
ഗുണങ്ങള്‍
കാലുകള്‍ക്ക് ബലം നല്കും. നാഡികള്‍, ദഹന ഗ്രന്ഥികള്‍, ശ്വസനാവയവങ്ങള്‍, പേശികള്‍, വിവിധ ഗ്രന്ഥികള്‍ ഇവയ്‌ക്കെല്ലാം വലിച്ചിലും വഴക്കവും രക്തോട്ടവും ലഭിക്കും. ഏകാഗ്രതയും കൂട്ടും. നമ്മുടെ സാധാരണ ചലനത്തിനു വിപരീതമായതാണ് ഈ ആസനം. അതുകൊണ്ടു തന്നെ ശരീര വഴക്കം കൂടും.