കാല്‍ മുട്ടില്‍ (ജാനു ) ശിരസ്സു ചേര്‍ക്കുന്നതാണ് ജാനു ശിരാസനം. അത് കമിഴ്ന്നാണ് ചെയ്യുക. എന്നാല്‍ അത് തിരിഞ്ഞ അവസ്ഥയിലായാല്‍ പരിവൃത്തമാവും.
ചെയ്യുന്ന വിധം
കാലുകള്‍ ഒരു മീറ്റര്‍ അകലത്തില്‍ വരുന്ന വിധത്തില്‍ നീട്ടിയിരിക്കുക. ഇടതുകാല്‍ മടക്കി തുടയോടു ചേര്‍ത്തു വെക്കുക. കാല്‍മടമ്പ് ലിംഗത്തിനടിയില്‍ ചേരണം. ശ്വാസം വിട്ടുകൊണ്ട് ശരീരം വലത്തോട്ടു കുനിച്ച് വലതു കൈ കൊണ്ട് വലതു കാല്‍ പിടിക്കുക. വലതു കൈമുട്ട് നിലത്തു ചേരും. വലതു തോള്‍ വലതു കാലില്‍ പതിഞ്ഞു നില്ക്കും. ഇടതു കൈ തലയുടെ വശത്തുകൂടെ എടുത്ത് വലതു കാല്‍ പിടിക്കും. ശ്വാസം എടുത്തു കൊണ്ട് ശരീരം കഴിയുന്നത്ര തിരിച്ച് നെഞ്ചു വിരിക്കാന്‍ ശ്രമിക്കുക. ശ്വാസം വിട്ടു കൊണ്ട് നല്ലവണ്ണം വലിക്കുക. അല്പനേരം സാധാരണ ശ്വാസത്തില്‍ നിന്നശേഷം ശ്വാസമെടുത്തു കൊണ്ട് തിരിച്ചു വന്ന്, വശം മാറി പരിശീലിക്കുക.
ഗുണങ്ങള്‍
ശരീരത്തിന്റെ വശങ്ങളില്‍ വലിവു കിട്ടുന്നു. കാലിന്റെ ഹാംസ്ട്രിംഗുകള്‍ വലിയുന്നു. ശരീരത്തിന്റെ മറുഭാഗത്തിന് സങ്കോചവും ലഭിക്കുന്നു. ധ്യാനാസനങ്ങളില്‍ അധികനേരം ഇരിക്കാനുള്ള വഴക്കം ഇതിലൂടെ ലഭിക്കുന്നു.