ജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റി ധാരാളം വീമ്പിളക്കുന്നവരും സ്വയം അതിന്റെ പടവാളുകളെന്ന് അഭിമാനിക്കുന്നവരുമാണ് കേരളത്തിലെ അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങള്‍. പക്ഷേ, അത് സ്വന്തം കര്‍മ്മമേഖലകളില്‍ പ്രതിഫലിപ്പിക്കുന്നതില്‍ അവ വന്‍ പരാജയങ്ങളാണെന്ന് തെളിയിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഡിസംബര്‍ 29 ന് കോഴിക്കോട്ട് പുതുതായി നിര്‍മ്മിക്കപ്പെട്ട ബൃഹത്തായ കേസരി മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റെ മന്ദിരോദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് മോഹന്‍ ഭാഗവത്ജി ഉദ്ഘാടനം ചെയ്ത സംഭവത്തോട് മേല്‍പ്പറഞ്ഞ തരം മതേതര ജനാധിപത്യ സംരക്ഷകരായ മാധ്യമങ്ങള്‍ സ്വീകരിച്ച ഒട്ടകപ്പക്ഷി സംസ്‌കാരവും നയവും. മോഹന്‍ ഭാഗവത്ജിക്കോ, സംഘപരിവാറിനൊ മാധ്യമങ്ങളുടെ സഹായം ആവശ്യമില്ലെന്ന കാര്യം ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സംഘപരിവാറിന്റെ തുടക്കം തൊട്ട് ഇന്നേവരെയ്ക്കും മാധ്യമങ്ങള്‍ ഒരുപോലെ സ്വീകരിച്ചിട്ടുള്ള ശത്രുതാ മനോഭാവത്തെ അവഗണിച്ചുകൊണ്ടും വേണ്ടപ്പോഴെല്ലാം എതിര്‍ത്ത് തോല്‍പ്പിച്ചുകൊണ്ടുമാണ് സംഘപ്രസ്ഥാനങ്ങള്‍ മുന്നോട്ട് കുതിച്ചിട്ടുള്ളത്.
നിഷ്പക്ഷതാ നാട്യം
ക്രൈസ്തവ – ഇസ്ലാം സമുദായങ്ങളുടെ ശത്രുക്കളാണ് സംഘപരിവാര്‍ എന്നും അതില്‍പ്പെട്ടവരെയാകെ ഉന്മൂലനം ചെയ്യുകയാണ് അതിന്റെ ആത്യന്തിക ലക്ഷ്യമെന്നും പ്രചരിപ്പിക്കുന്നതിലും അങ്ങനെ കേരളത്തിന്റെ പാരമ്പര്യത്തില്‍ സഹവര്‍ത്തിത്തത്തോടെ കഴിഞ്ഞുവന്നിരുന്നതും ഇന്നും തുടര്‍ന്നുവരുന്നതുമായ ജനസമൂഹങ്ങളെ തമ്മിലടിപ്പിക്കുന്നതിന് ശ്രമിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ അതില്‍ താല്‍പ്പര്യം കാണിച്ചവരും ഇന്നും ആ വഴി പിന്തുടരുന്നവരും ഈ മാധ്യമങ്ങളാണ്. ഇതിന് അവര്‍ പ്രതിഫലം പറ്റുന്നുണ്ടെന്ന് എം.ഇ.എസ് ചെയര്‍മാന്‍ ഡോ.ഫസല്‍ ഗഫൂര്‍ മാധ്യമ പ്രവര്‍ത്തകരില്‍ പലരുടെയും പേരുകള്‍ എടുത്തു പറഞ്ഞിരുന്നത് ബന്ധപ്പെട്ട ആരും നിഷേധിച്ചിട്ടില്ല. അദ്ദേഹം ഒന്നുകൂടി പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളെല്ലാം നമ്മുടെ (മുസ്ലീം തീവ്രവാദികളുടെ – ലേഖകന്‍) കൂടെയാണ്. മറുവശത്ത് – അതായത് ഹിന്ദുക്കളുടെ കൂടെ – ആരുമില്ല. ഇത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്ന് കേസരി മന്ദിരോദ്ഘാടന വാര്‍ത്തയുടെ തമസ്‌കരണം ഒരു വട്ടം കൂടി തെളിയിച്ചു. ചില അച്ചടി മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് മറക്കുന്നില്ല. കേരള സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ 400 കോടിയിലധികം രൂപ പരസ്യ ഇനത്തിലും അതിലിരട്ടിത്തുക മുഖ്യമന്ത്രിയുടെ ചാനല്‍ പ്രസംഗങ്ങളുടെ പേരിലും മാധ്യമങ്ങള്‍ക്ക് നല്‍കിയതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. കേസരിയുടെ ജനനത്തിന് കാരണമായ സാഹചര്യം വായിച്ചതോര്‍ക്കുന്നു. അക്കാലത്ത് സംഘസംബന്ധിയായ വാര്‍ത്തയുമായി പത്രമാപ്പീസുകളില്‍ കയറിയിറങ്ങിയ സംഘം പ്രവര്‍ത്തകരോട് ‘ആറെസ്സസ്സിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനല്ല ഞങ്ങള്‍ പത്രം പ്രസിദ്ധീകരിക്കുന്നത്’ എന്ന് മറുപടി പറഞ്ഞ പത്രങ്ങളുടെ ജനാധിപത്യവിരുദ്ധമായ സംസ്‌കാരമാണ് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം മറനീക്കി പുറത്തുവരികയാണ്. നിഷ്പക്ഷത നടിക്കുന്ന മാധ്യമങ്ങള്‍ക്കും അവരവരുടെ രാഷ്ട്രീയ-രാഷ്ട്രീയേതര താല്‍പ്പര്യങ്ങളുണ്ടാകാമെങ്കിലും വാര്‍ത്താവിതരണത്തില്‍ മൗലികമായ ധര്‍മ്മം പാലിക്കേണ്ടതുണ്ടെന്ന മാന്യത പോലും അവയെ അലട്ടുന്നില്ല.
ജനാധിപത്യമെന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആശയങ്ങളും അഭിപ്രായങ്ങളും മാത്രം ജനങ്ങളിലെത്തിക്കുന്നതല്ല. പാര്‍ട്ടിപ്പത്രങ്ങളും ചാനലുകളും അത്തരം നിലപാട് സ്വീകരിക്കുന്നത് മനസ്സിലാക്കാം. പക്ഷെ, നിഷ്പക്ഷത നടിക്കുന്നവ പക്ഷപാതപരമായ സമീപനം നയമായി സ്വീകരിക്കുമ്പോള്‍ അവ ജനാധിപത്യ ബോധം തന്നെ കൈവെടിയുകയാണ്. രാജ്യത്തെയും ജനങ്ങളെയും വിഭജിക്കുവാനും സമൂഹങ്ങളെ തമ്മില്‍ സംഘര്‍ഷപ്പെടുത്തുവാനും ഉതകുന്ന തരം വാര്‍ത്തകളും വ്യാജ വാര്‍ത്തകളും വരെ ഒരു മടിയുമില്ലാതെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ സംഘപരിവാറിന്റെ ഏറ്റവും ശക്തമായ മാധ്യമ സ്ഥാപനത്തെയും പഠനകേന്ദ്രത്തെയും പഴമുറം കൊണ്ട് മറച്ചു വയ്ക്കാമെന്ന് കരുതുന്നിടത്തോളം ജീര്‍ണിച്ചിരിക്കുന്നുവെന്നല്ലാതെ മറ്റൊന്നും പറയാനില്ല. അതൊരു മാധ്യമപഠന കേന്ദ്രമാണെന്ന പ്രാധാന്യം പോലും മിക്ക മാധ്യമങ്ങള്‍ക്കുമുണ്ടായില്ലെന്നതും ഓര്‍ക്കണം.
റിമോട്ട് കണ്‍ട്രോള്‍
മാധ്യമങ്ങളുടെ വാര്‍ത്താവിതരണ നയങ്ങളെ രൂപീകരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നത് അമേരിക്കയിലെയും ബ്രിട്ടനിലെയും ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും ചില ഏജന്‍സികളും സാമ്പത്തിക സംഘങ്ങളുമാണെന്നും അവരുടെ ഇന്ത്യാ വിരുദ്ധ താല്‍പ്പര്യങ്ങളെ അലോസരപ്പെടുത്തുന്ന വാര്‍ത്തകളും ലേഖനങ്ങളുമൊന്നും പ്രസിദ്ധീകരിക്കുവാന്‍ പൊതുവില്‍ നഷ്ടത്തിലോടുന്ന മലയാള മാധ്യമങ്ങള്‍ക്കാവുകില്ലെന്നും വിശദീകരിക്കുന്ന പല പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തെ ആശങ്കപ്പെടുത്തിയ കുപ്രസിദ്ധമായ സ്വര്‍ണ-മയക്കു മരുന്നു കേസുകളും കള്ളപ്പണക്കേസുമുള്‍പ്പടെയുള്ള വാര്‍ത്തകള്‍ കച്ചവട താല്‍പ്പര്യം മുന്‍നിര്‍ത്തി വ്യാപകമായി ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ ഒരു ദിവസം ഇരുട്ടി വെളുത്തപ്പോള്‍ അവ പൂര്‍ണമായും ഒഴിവാക്കിയത് എല്‍.ഡി.എഫ് നിരന്തരം ആവശ്യപ്പെട്ടതു കൊണ്ട് മാത്രമാണെന്ന് കരുതുന്നത് അബദ്ധമായിരിക്കും. അന്വേഷണ ഏജന്‍സികള്‍ ആ അന്വേഷണങ്ങള്‍ നിര്‍ത്തിയിട്ടുമില്ല. പക്ഷേ, ഏതോ നിഗൂഢശക്തികള്‍ വായടപ്പിച്ചതു പോലെ ആ വാര്‍ത്തകളും ബന്ധപ്പെട്ട ചര്‍ച്ചകളും പൊടുന്നനെയങ്ങ് നിലച്ചു. കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിനെതിരായി മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും കിട്ടാതായ പശ്ചാത്തലത്തില്‍ വേണം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പും സ്വര്‍ണക്കള്ളക്കടത്തുമായുള്ള ബന്ധം മനസ്സിലാക്കാന്‍. കള്ളക്കടത്തുമായി സി.പി.എമ്മിനുള്ള ബന്ധം ഈ കഴിഞ്ഞ തദ്ദേശീയ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വലിയ തോതില്‍ സഹായിച്ചുവെന്നതിനപ്പുറം അവ മാധ്യമങ്ങളുടെ അജണ്ട നിര്‍ണ്ണയിക്കുന്ന ശക്തികളിലേയ്ക്ക് കൂടി ചെന്നെത്താനുള്ള സാധ്യതകളും മാധ്യമങ്ങളുടെ പിന്മാറ്റത്തിന് കാരണമാണ്. ആ വാര്‍ത്തകളില്‍ നിന്നുള്ള റേറ്റിങ്ങ് വരുമാനത്തിന് പകരം അതിനെക്കാള്‍ വരുമാനം വാര്‍ത്താവിതരണ അജണ്ട തന്നെ തീരുമാനിക്കുന്ന വിദേശീയവും സ്വദേശീയവുമായ ഏജന്‍സികളില്‍ നിന്ന് ഉറപ്പായ സാഹചര്യത്തിലാണ് ആ വാര്‍ത്തകള്‍ ചര്‍ച്ചാ വിഷയമല്ലാതായതെന്ന് കരുതാവുന്നതാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന്റെ തേരോട്ടമെന്ന മട്ടില്‍ മാധ്യമങ്ങള്‍ നടത്തിയ വസ്തുതാവിരുദ്ധമായ പ്രചാരവേലയും ഈ ഏജന്‍സികളുടെ ഇടപെടലാണ് സൂചിപ്പിക്കുന്നത്. എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി, സമസ്തയിലെ തീവ്രവാദി വിഭാഗം എന്നിവയുമായി എല്‍.ഡി.എഫിനുണ്ടായിരുന്ന കൂട്ടുകെട്ടുകള്‍ മറച്ചു പിടിക്കുന്നതിനും ബിജെപിയെ പരാജയപ്പെടുത്താനായി അവരുടെ കയ്യിലിരുന്നതും അവര്‍ക്ക് വിജയ സാധ്യതയുള്ളതുമായ വാര്‍ഡുകളിലെ എല്‍.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണ കാണാതിരിക്കുന്നതിലും മാധ്യമങ്ങള്‍ കാണിച്ച ജാഗ്രത, കേരളത്തില്‍ ബിജെപി നടത്തിയ മുന്നേറ്റം കാണാതിരിക്കാനും കാണിച്ചു.
രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന പഞ്ചായത്തില്‍ പോലും എന്‍.ഡി.എയെ ഒഴിവാക്കാനെന്ന പേരില്‍ യു.ഡി.എഫ് – എല്‍.ഡി.എഫ് സഖ്യം പരസ്യമായി രൂപീകരിച്ചത് കേരളത്തില്‍ മറ്റ് പലേടങ്ങളിലും കാണാമെങ്കിലും അതും മാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടിയില്ല. കേരളത്തില്‍ രൂപപ്പെടുന്ന ഈ എല്‍.ഡി.എഫ് – യു.ഡി.എഫ് – എസ്.ഡി.പി.ഐ – വെല്‍ഫയര്‍ പാര്‍ട്ടി ഐക്യം ബി.ജെ.പിയെ ചെറുക്കാനാണെന്ന കാര്യം ഇരുമുന്നണികളും സമ്മതിച്ചാലും മാധ്യമങ്ങള്‍ സമ്മതിക്കുകയില്ല. കാരണം ബി.ജെ.പിയുടെ വിജയം കുറച്ചു കാണേണ്ടത് അവരെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാണ്. ഉദാഹരണത്തിന് പന്തളത്ത് മാത്രമല്ല, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും വടക്കന്‍ – മധ്യ കേരളത്തിലുമുള്‍പ്പെടെ വിവിധ പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും സി.പി.എം. കോട്ടകളില്‍ ബി.ജെ.പി നേടിയ സീറ്റുകളും സ്വാധീനതയും വളരെ വ്യക്തമായ സൂചനകളാണെങ്കിലും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്, യഥാര്‍ത്ഥത്തില്‍ പിന്നോട്ടടിച്ച ഇടതുപക്ഷത്തിന് മുന്നേറ്റമെന്നാണ്. തിരുവനന്തപുരം കേന്ദ്രമായുള്ള ഒരു പത്രം എല്‍.ഡി.എഫിന്റെ വിജയാഘോഷത്തില്‍ ദേശാഭിമാനിയോട് മത്സരിക്കുന്നതാണ് കണ്ടത്. അതിന്റെ കാരണം, സ്വര്‍ണക്കടത്തുള്‍പ്പടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമുള്ള ബന്ധം മറച്ചു പിടിക്കാനും അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് വരുത്താനും മാധ്യമങ്ങള്‍ക്കുള്ള ബാദ്ധ്യതയാണ്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പുവരെ എന്‍.ഡി.എയ്ക്ക് കച്ചി തൊടാന്‍ കഴിഞ്ഞിട്ടില്ലാത്ത മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എല്‍.ഡി.എഫ് – യു.ഡി.എഫ് കോട്ടകള്‍ പൊളിച്ചു കയറിയതിലെ രാഷ്ടീയ മാറ്റം മറച്ചു പിടിക്കാന്‍ മാധ്യമങ്ങള്‍ അച്ചാരം വാങ്ങിയ സ്ഥിതിയാണുള്ളത്. വിശദമായ പരിശോധനയില്‍ വ്യക്തമായി കാണാന്‍ കഴിയുന്ന രാഷ്ട്രീയ പരാജയത്തെ, യു.ഡി.എഫില്‍ നിന്ന്, പരസ്പര ധാരണ മൂലവും യു.ഡി.എഫിലെ തമ്മിലടി മൂലവും എല്‍.ഡി.എഫ് കഷ്ടിച്ചു പിടിച്ചെടുത്ത ജില്ലാ പഞ്ചായത്തുകളുടെയും കുറച്ച് ബ്ലോക്കുകളുടെയും എണ്ണം കാട്ടി മറച്ചുപിടിക്കാന്‍ എല്‍.ഡി.എഫിനെക്കാള്‍ വ്യഗ്രത കാട്ടുന്ന മാധ്യമങ്ങളുടെ താല്‍പ്പര്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളത്തില്‍ പരക്കെ പഞ്ചായത്തുതലത്തില്‍ എന്‍.ഡി.എ നേടിയ വിജയം മറ്റുള്ള മുന്നണികളെയും പാര്‍ട്ടികളെയുമെന്നതിനെക്കാള്‍ മാധ്യമങ്ങളെ വിറളി പിടിപ്പിച്ചതെന്തുകൊണ്ട് എന്ന അന്വേഷണം കേരള സര്‍ക്കാരിനെതിരേയുള്ള വാര്‍ത്തകള്‍ മൂടിവയ്ക്കുന്നതിനവയെ ചുമതലപ്പെടുത്തിയിരിക്കുന്ന ഗൂഢശക്തികളിലെത്തിച്ചേരും. അതിനാല്‍ തന്നെ കേസരി പഠനകേന്ദ്രത്തിന്റെ സ്ഥാപനത്തിലൂടെ കേരളത്തില്‍ ഉരുത്തിരിയാനിടയുള്ള മാധ്യമ സംസ്‌കാര മാറ്റത്തിലും രാഷ്ട്രീയ മുന്നേറ്റത്തിലും കത്തിപ്പടരുന്ന സത്യദര്‍ശനത്തെ അവര്‍ പേടിക്കുന്നു.
ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടെ ഒരു വാര്‍ഡ്തല നേതാവ് പങ്കെടുക്കുന്ന പരിപാടികള്‍ക്ക് പോലും വലിയ പ്രാധാന്യം നല്‍കുന്ന ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍, അവരിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയിലെ ജനകോടികള്‍ ആദരിക്കുന്ന ഒരു നേതാവിനെ തമസ്‌ക്കരിക്കുന്നതിന് പിന്നില്‍ കോടികളുടെ കൈമാറ്റ താല്‍പ്പര്യങ്ങളുണ്ടെന്ന കാര്യം നിസ്സംശയമാണ്. അപ്പോഴവര്‍ ജനാധിപത്യത്തെ വര്‍ഗീയവും ശിഥിലീകരണോദ്യുക്തവുമായ താല്‍പ്പര്യങ്ങള്‍ക്ക് അടിയറ വയ്ക്കുന്നതില്‍ അഭിമാനം കൊള്ളുന്നു. കേരളം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി ഇതാണ്.