പുരാണപ്രസിദ്ധനാണ് ഗരുഡന്;മഹാവിഷ്ണുവിന്റെ വാഹനമാണ്. ഒരു പക്ഷിക്ക് തന്റെ പറക്കാനുള്ള സാമര്‍ത്ഥ്യവും ബലവും കരുത്തും കൊണ്ട് ലോക രക്ഷകനായ ദേവന്റെ സന്തത സഹചാരിയാകാന്‍ കഴിയുന്നത് എല്ലാവര്ക്കും മാതൃകയാണ്. ഇരുട്ടില്‍ നടക്കുമ്പോള്‍ സര്‍പ്പഭയം പോകാന്‍ കുട്ടിക്കാലത്ത് മുത്തശ്ശിയുടെ ഉപദേശപ്രകാരം ‘ഗരുഡന് വഴി സഹായം’ എന്നു ജപിച്ചുകൊണ്ട് നടക്കാറുള്ളത് ഓര്‍ത്തു പോകുന്നു. ഭാരതീയ ജീവിത പദ്ധതിയില്‍ നിരന്തരം ഓര്‍മിക്കപ്പെടുന്ന പേരാണ് ഗരുഡന്റേത്.
ചെയ്യുന്ന വിധം
ദൃഷ്ടി മുന്നോട്ടുറപ്പിച്ചു കൊണ്ട് നിവര്‍ന്നു നില്ക്കുക. വലതു കാല്‍മുട്ട് അല്പം മടക്കി കാലിനെ ഇടതുകാലിനു ചുറ്റുക. വലതു തുട ഇടതു തുടയുടെ മേലെ വരും. വലതുകാല്പ്പെരുവിരല് ഇടതുകാലിന്റെ ഞെരിയാണിയുടെ പിന്‍ഭാഗത്തു ചേര്‍ന്നു നില്ക്കും. കൈകള്‍ മടക്കി മുന്നില്‍ കൊണ്ടുവന്ന് ഇടതു കൈ താഴെ വരുന്ന രീതില്‍ പരസ്പരം പിണച്ച് തൊഴുകൈ മുഖത്തിനു നേരെ വരുന്ന രീതിയില്‍ ഇണക്കുക. ഇത് ഒരു കഴുകന്റെ കൊക്ക് പോലിരിക്കും.
ഈ സ്ഥിതിയില്‍ ബാലന്‍സ് ചെയ്ത് സാധിക്കുന്നത്ര നിന്ന ശേഷം ഇടതു കാല്‍മുട്ട് അല്പം മടക്കി വലത്തു കാല് സ്വതന്ത്രമാക്കി തിരിച്ചു വരിക.
കാലും കൈയും മാറ്റി പരിശീലനം തുടരുക.
എല്ലാ സമയത്തും ശ്വാസം സാധാരണ രീതിയില്‍ തന്നെ. മൂലാധാര ചക്രത്തിലാണ് മനസ്സ് ധാരണ ചെയ്യേണ്ടത്.
ഗുണങ്ങള്‍
മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കും. ചുമലുകള്‍, കൈകള്‍, കാലുകള്‍, ഇവയ്ക്കൊക്കെ വലിവും വഴക്കവും ലഭിക്കും. പേശികള്‍ക്ക് ബലം കിട്ടും.