ഇരുപതാം നൂറ്റാണ്ടില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാ ജീനിയസ്സ് അവതരിപ്പിച്ച ആപേക്ഷികതാ സിദ്ധാന്തം നൂറ്റാണ്ടുകള്‍ നീണ്ട ന്യൂട്ടോണിയന്‍ യുഗത്തിന്റെ അടിവേരിളക്കിയത് എങ്ങനെ എന്ന് നാം നേരത്തെ ചര്‍ച്ച ചെയ്തതാണ്. ആ മഹാസിദ്ധാന്തത്തിന്റെ അടിസ്ഥാനവും ഭാരതീയ കാഴ്ചപ്പാടുകളും തമ്മിലുള്ള അത്ഭുതകരമായ ബന്ധമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.
സ്ഥലം അഥവാ സ്പേസ്, കാലം അഥവാ സമയം ഇവ തമ്മിലുള്ള ബന്ധവും, നിരീക്ഷിക്കുന്ന സ്ഥലം അഥവാ ഫ്രെയിം ഓഫ് റഫറന്‍സ് എന്നിവയൊക്കെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനങ്ങളാണ്. ശാസ്ത്രം കൂടുതല്‍ വ്യക്തിനിഷ്ഠം അഥവാ സബ്ജക്റ്റീവ് ആകുന്നതിവിടെ ആണ്. ഉദാഹരണത്തിന് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന ഒരു വ്യക്തി അയാളെ സംബന്ധിച്ച് നിശ്ചലനും തൊട്ടടുത്തുകൂടി ഓടുന്ന ഒരു ട്രെയിനിലെ ആളെ സംബന്ധിച്ച് പിന്നിലേക്ക് ചലിക്കുന്നവനും ആണ്. ഇവിടെ പ്ലാറ്റ്‌ഫോമും ട്രെയിനും രണ്ടു ഫ്രെയിം ഓഫ് റഫറന്‍സുകള്‍ ആണ്. ഇവിടെയുള്ള എല്ലാ ചലനനിയമങ്ങളും സിദ്ധാന്തങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ഭൂമി എന്ന ഫ്രെയിം ഓഫ് റഫറന്‍സിനെ ആധാരമാക്കിയാണ്. അവ പ്രപഞ്ചത്തില്‍ എല്ലായിടത്തും ബാധകമല്ല.
ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച്, വേഗത കൂടുന്തോറും സമയത്തിന്റെ ഒഴുക്ക് കുറയുന്നു. പ്രകാശവേഗത എത്തുമ്പോള്‍ അത് പൂജ്യം ആകുന്നു. അപ്പോള്‍ പ്രകാശവേഗതയില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശ യാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രായം കൂടുകയില്ല. ഭൂമിയില്‍ എത്ര കാലം കഴിഞ്ഞാലും ഈ യാത്രക്കാര്‍ അങ്ങനെ തന്നെ ഇരിക്കും. നൂറ്റാണ്ടുകള്‍ കഴിഞ്ഞു അവര്‍ മടങ്ങിയെത്തുമ്പോള്‍ ഭൂമി ഏറെ മാറിയിട്ടുണ്ടാകും പക്ഷെ അവര്‍ മാറുകയില്ല.
ഭാഗവതത്തില്‍ ഒരു കഥയുണ്ട്. സാധാരണയിലധികം ഉയരമുള്ള തന്റെ മകള്‍ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്താന്‍ കഴിയാതെ ഒരു രാജാവ് മകളെയും കൂട്ടി ബ്രഹ്മലോകത്തെത്തി. അപ്പോള്‍ ബ്രഹ്മാവ്‌സംഗീതം ആസ്വദിക്കുകയായിരുന്നു. അവര്‍ ഇത്തിരി സമയം കാത്തുനിന്നു. എന്നിട്ട് വിവരം ബോധിപ്പിച്ചു. അപ്പോള്‍ ബ്രഹ്മാവ് ചിരിച്ചുകൊണ്ട് പറഞ്ഞത്, നിങ്ങള്‍ ഇവിടെ നിന്ന 15 നിമിഷങ്ങളില്‍ ഭൂമിയില്‍ 27 ചതുര്‍യുഗങ്ങള്‍ അഥവാ 4320000 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു എന്നാണ്. ഇനി നിങ്ങള്‍ തിരിച്ചെത്തുമ്പോള്‍ 28-ാമത്തെ ചതുര്‍യുഗത്തിലെ ദ്വാപരയുഗം ആയിരിക്കും, അപ്പോള്‍ ഭഗവാന്‍ കൃഷ്ണനെ കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചു കൊള്ളൂ എന്നാണ്.
ആധുനിക വീക്ഷണത്തിലെ സ്ഥലകാല ബന്ധം ഭാരതീയ വീക്ഷണവുമായി എത്രത്തോളം ഇഴ ചേര്‍ന്ന് നില്‍ക്കുന്നു എന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരു കഥാശകലം മാത്രമാണിത്.