ജനാധിപത്യ ഭരണക്രമത്തില്‍ ഏത് തിരഞ്ഞെടുപ്പിനും അതിന്റേതായ പ്രാധാന്യമുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഗൗരവം കൊടുക്കുമ്പോഴെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയ ജനാധിപത്യത്തിന്റെ സദ്ഫലങ്ങള്‍ പുറപ്പെടുവിക്കു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന ആശയം സഫലമാകണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഴിമതിമുക്തരും ജനസേവനത്തിന് സദാസന്നദ്ധരുമായ ജനപ്രതിനിധികള്‍ ഉണ്ടാകണം. കേരളത്തില്‍ വരാന്‍പോകുന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലം എന്തെന്ന് പ്രവചിക്കാന്‍ കഴിയുന്നതാവും ഡിസംബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
‘എല്‍. ഡി.എഫ് വരും എല്ലാം ശരിയാകും’എന്ന കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യം നാലര വര്‍ഷം കഴിയുമ്പോള്‍ ചിരി ഉയര്‍ത്തുന്ന ഒന്നായി മാറിയിരിക്കുന്നു. യു.ഡി.എഫിന്റെ അഴിമതി കണ്ടു മടുത്ത് എല്‍. ഡി. എഫിന് വോട്ടു ചെയ്ത മലയാളി ഒരിക്കല്‍ കൂടി വഞ്ചിക്കപ്പെട്ടു എന്ന സത്യം ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും വികസനവിരുദ്ധ നിലപാടിലും ആണ്ടുമുങ്ങിയ ഇടതുപക്ഷ സര്‍ക്കാരിനോടുള്ള മലയാളിയുടെ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്താനുള്ള സുവര്‍ണ്ണാവസരമാണ് വരാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ്. മലയാളികളോട് മൊത്തത്തിലും ഹിന്ദു സമൂഹത്തോട് പ്രത്യേകിച്ചും യുദ്ധം പ്രഖ്യാപിച്ച കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് സ്വയംകൃതാനര്‍ത്ഥങ്ങള്‍ കൊണ്ട് കാലാവധി തികയ്ക്കുമോ എന്നകാര്യത്തിലെ ഇനി സംശയമുള്ളു. പൊറുക്കാന്‍ പറ്റാത്ത തെറ്റുകളാണ് വിജയന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റും കേരളത്തിലെ ഹിന്ദു സമൂഹത്തോട് കാണിച്ചത്.
ശബരിമലയില്‍ ലിംഗ നീതിനിഷേധമുണ്ടെന്നുപറഞ്ഞുകൊണ്ട് യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡിഡന്റ് നൗഷാദ് അഹമ്മദ്ഖാന്‍ നല്‍കിയ പരാതിക്ക് സുപ്രീം കോടതി കല്‍പ്പിച്ച തീര്‍പ്പിന്റെ മറവില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ജീവനുള്ള കാലം കേരളത്തിലെ ഹിന്ദുക്കള്‍ മറക്കില്ല. ഇതരമതങ്ങളിലും മതസ്ഥാപനങ്ങളിലും ഉള്ള നിരവധി പ്രശ്‌നങ്ങളും പള്ളിത്തര്‍ക്കങ്ങളും കണ്ടില്ലെന്നു നടിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് കോടതി ഉത്തരവിന്റെ മറവില്‍ ശബരിമല തീര്‍ത്ഥാടനത്തെ തന്നെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. സന്നിധാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പോലീസ് ക്യാമ്പാക്കി മാറ്റിയ മുഖ്യമന്ത്രി വിജയന്‍ മണ്ഡല വ്രതകാലത്തെ നിരോധനാജ്ഞകള്‍ കൊണ്ട് തകര്‍ക്കുവാനാണ് പരിശ്രമിച്ചത്. ശബരിമലയില്‍ ശരണം വിളിപോലും നിരോധിച്ചുകൊണ്ട് അഴിഞ്ഞാടിയ പോലീസ് ഭക്തജനങ്ങളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചു. യാത്രചെയ്ത് തളര്‍ന്ന് സന്നിധാനത്തെത്തിയ ഭക്തജനങ്ങള്‍ നടപ്പന്തലില്‍ വിരിവയ്ക്കാതിരിക്കാന്‍ വെള്ളംചീറ്റി നനച്ച ദൃശ്യം ആത്മാഭിമാനമുള്ള ഹിന്ദുസമൂഹത്തിന് മറക്കാന്‍ കഴിയില്ല. നിലയ്ക്കലില്‍ പ്രതിഷേധിച്ച അയ്യപ്പഭക്തരെ ഭീകരമായി മര്‍ദ്ദിക്കുകയും അയ്യപ്പന്റെ ചിത്രം തകര്‍ത്തെറിയുകയും ചെയ്തു. ശബരിമലയെ തകര്‍ക്കാനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ സര്‍ക്കാരും നടത്തിയ കിരാത നടപടികളില്‍ കേരളമൊന്നായി ശരണമന്ത്രം മുഴക്കി പ്രതിഷേധിച്ചപ്പോള്‍ അതിനെ തെറിജപമെന്ന് വിളിക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ മുതിര്‍ന്നത്. അയ്യപ്പസങ്കല്പത്തെതന്നെ പരിഹസിച്ച കമ്മ്യൂണിസ്റ്റ് കുബുദ്ധിജീവികള്‍ ലോകത്തുള്ള കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരങ്ങളെയാണ് മുറിവേല്‍പ്പിച്ചത്. തുലാമാസപൂജകള്‍ക്കായി നട തുറന്നപ്പോള്‍ മുതല്‍ അരാജകവാദികളായ സ്ത്രീകളെയും കൂട്ടി സന്നിധാനത്തിന്റെ പവിത്രത തകര്‍ക്കാനുള്ള പരിശ്രമമായിരുന്നു കേരളാ പോലീസ് നടത്തിയത്. ചേര്‍ത്തലക്കാരി ലിബി സെബാസ്റ്റ്യന്‍, രഹ്നഫാത്തിമ, കവിതാ കോശി, മേരീസ്വീറ്റി, ചാത്തന്നൂര്‍ സ്വദേശി മഞ്ജു ജോസഫ് തുടങ്ങി നിരവധി യുവതികളെയാണ് കേരള പോലീസ് മുഖ്യമന്ത്രി വിജയന്റെ നവോത്ഥാന നായകന്‍ ചമയാനുള്ളശ്രമത്തിന്റെ ഭാഗമായി മലചവിട്ടിച്ചത്. ഭക്ത ജനങ്ങളുടെ പ്രതിരോധനിരയെ അടിച്ചൊതുക്കുവാന്‍ കഴിയാതെ പിന്‍മാറേണ്ടിവന്ന പോലീസ് മുഖ്യമന്ത്രിയുടെ കല്‍പ്പന പാലിക്കാന്‍ കനകദുര്‍ഗ്ഗ, ബിന്ദു എന്നീയുവതികളെ ഇരുട്ടിന്റെ മറവില്‍ സന്നിധാനത്തെത്തിച്ച് ഹിന്ദു സമൂഹത്തെ വെല്ലുവിളിച്ചത് ആരും മറന്നുപോയിട്ടില്ല എന്ന് തെളിയിക്കാനുള്ള അവസരമാണ് ഇനിവരുന്ന തിരഞ്ഞെടുപ്പുകള്‍.
വനവാസികള്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ ഹിന്ദുത്വത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ അയ്യപ്പവിശ്വാസത്തിനും ശബരിമല തീര്‍ത്ഥാടനത്തിനുമുള്ള പങ്ക് തിരിച്ചറിഞ്ഞ മതപരിവര്‍ത്തന ശക്തികളില്‍ നിന്നും അച്ചാരം പറ്റിയിട്ടായിരുന്നു ശബരിമലയ്‌ക്കെതിരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചത് എന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ വ്യക്തമായി വരുകയാണ്. സന്നിധാനത്തോട് ചേര്‍ന്ന് വിമാനത്താവളം പണിയാന്‍ മുന്‍കൈ എടുത്തവരും അവര്‍ക്ക് ഒത്താശ ചെയ്തവരും എല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ പെട്ടുതുടങ്ങിയതോടെ ശബരിമലയില്‍ നവോത്ഥാനം നടത്താന്‍ കേരളം മുഴുവന്‍ വനിതാമതില്‍ കെട്ടിയ കമ്മ്യൂണിസ്റ്റ്കളുടെ നിഗൂഢതന്ത്രങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ രാജ്യവിരുദ്ധ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയത് സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും സ്വപ്‌ന സുരേഷും ചേര്‍ന്നു നടത്തിയ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണക്കടത്ത് കേരള സംസ്ഥാനത്തിനു തന്നെ നാണക്കേടായി മാറി. പാര്‍ലമെന്റ്പാസാക്കിയ പൗരത്വനിയമഭേദഗതിക്കെതിരെ അസാധാരണ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കിയ കേരളം വിഘടന തീവ്രവാദത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. കമ്മ്യണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്നു വ്യാപാരത്തിനും കള്ളപ്പണം വെളുപ്പിക്കലിനും പിടിയിലായി ജയിലഴികള്‍ക്കുള്ളിലായതോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് കാപട്യങ്ങള്‍ സാധാരണക്കാര്‍ വരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരു വര്‍ഷം മുമ്പ് ഭക്തിനിര്‍ഭരമായ മണ്ഡലകാലത്ത് ശബരിമല അയ്യപ്പന്റെ സന്നിധാനത്തില്‍ പോലീസ്‌രാജ് നടത്തിയവര്‍ ഇന്ന് അറസ്റ്റിന്റെയും ജയില്‍ ജീവിതത്തിന്റെയും നിഴലില്‍ ഭയന്ന് കഴിയേണ്ട അവസ്ഥയില്‍ എത്തിയത് കാലത്തിന്റെ കാവ്യനീതിയാവാം. അടുത്ത മണ്ഡലകാലത്തിനുമുമ്പ് മലയാളക്കരയില്‍ നിന്നും മാര്‍ക്‌സിസ്റ്റ്ഭീകരവാഴ്ചയെ എന്നെന്നേക്കുമായി പിഴുതെറിയാന്‍ കഴിയുമ്പൊഴെ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറു. പഞ്ചായത്തുതിരഞ്ഞെടുപ്പ് ശുദ്ധികലശത്തിന്റെ തുടക്കമാവണമെങ്കില്‍ ചൂണ്ടുവിരലില്‍ മഷി പുരളുമ്പോള്‍ നീതിനിഷേധങ്ങള്‍ മറക്കാതിരിക്കാന്‍ നമുക്ക് കഴിയണം.