ദൈവത്തെ മറയാക്കി തട്ടിപ്പുംവെട്ടിപ്പും നടത്തി ഉപജീവനം നടത്തുന്നവര്‍ക്ക് കേരളം പറുദീസയായി മാറിയിട്ട് കാലങ്ങളായി. കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യമാണ് ഇതിനു കാരണം. ഇടതനും വലതനും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ മതഭീകരവാദിക്കും മതത്തെ മറയാക്കി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കുമൊക്കെ മാന്യസ്ഥാനം നല്ലി ആദരിക്കുന്നതില്‍ ഭരണക്കാര്‍ മത്സരിക്കുന്ന കാഴ്ചയാണ് നാളുകളായിട്ടുള്ളത്. കോടികളുടെ വിഹിതം പറ്റിക്കൊണ്ട് രാഷ്ട്രീയക്കാര്‍ നടത്തുന്ന കൂട്ടുകച്ചവടമാണ് ഇവിടെ നടക്കുന്നത്. സ്വര്‍ണ്ണവും മയക്കുമരുന്നും കടത്തുന്നവര്‍ ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. കേരളം ഭരിക്കുന്ന ഇടതു-വലത് മുന്നണികള്‍ വെള്ളവും വളവും നല്കി വളര്‍ത്തിയ ഒരു മതഭീകരവാദിയുടെ കൂടി മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണ്. ക്രിസ്തുമതാനുയായികള്‍ക്ക് മുഴുവന്‍ അപമാനമായി ബിലീവേഴ്‌സ് ചര്‍ച്ച് ഉടമ കെ.പി.യോഹന്നാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുമ്പോള്‍ വര്‍ഷങ്ങളായി ദൈവത്തെ മറയാക്കി നടത്തിയ ഭൂലോക ഉടായിപ്പുകളാണ് പുറത്തുവരുന്നത്. അഞ്ചുവര്‍ഷത്തിനിടെ കെ.പി. യോഹന്നാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് സംഭാവനയായി സ്വീകരിച്ചത് ആറായിരം കോടിരൂപയാണ്. ദുര്‍ബല ജനവിഭാഗങ്ങളെ സഹായിക്കാനെന്ന പേരില്‍ വിദേശത്തുനിന്നും പിരിക്കുന്ന പണത്തില്‍ നല്ലൊരുപങ്കും വകമാറ്റി ചിലവഴിച്ചതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.
ഇത്തരക്കാര്‍ പ്രാദേശിക ഭരണകൂടങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിലയ്‌ക്കെടുത്ത് സമാന്തരഭരണം തന്നെ സ്ഥാപിക്കുന്നതായാണ് കണ്ടുവരുന്നത്. ഇവരുടെ പിന്നില്‍ വിദേശശക്തികള്‍ ഉണ്ട് എന്നത് സ്പഷ്ടമാണ്. ഇത്തരം മതസംഘടനകള്‍ എല്ലാം വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ചില മുസ്ലിം മതമൗലികവാദികള്‍ ദേശീയപാതയോരങ്ങളിലും വിമാനത്താവളങ്ങളോട് ചേര്‍ന്നും വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ പിന്നിലും അന്താരാഷ്ട്രശക്തികളുടെ കരങ്ങളുണ്ട്. നോട്ട്‌നിരോധനം വരുന്നതുവരെ വ്യാപകമായി നടന്ന ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ ദൂരുഹത ഉണര്‍ത്തുന്ന ഒന്നായിരുന്നു. ഭൂമി പിടിക്കുന്നവര്‍ രാജ്യം പിടിക്കുന്നു എന്ന യുദ്ധതന്ത്രമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.
മതസ്വാധീനമുപയോഗിച്ച് കള്ളക്കടത്തിനുവേണ്ടി മാത്രം മലബാറില്‍ ഒരു വിമാനത്താവളം ആരംഭിച്ചവര്‍ സ്വര്‍ണ്ണം കടത്തിയും കള്ളപ്പണത്തിലൂടെയും മലബാറിലെ ഭൂമിയും വ്യാപാരവും പിടിച്ചെടുക്കുമ്പോള്‍ സമാനമായ നീക്കം മധ്യതിരുവിതാംകൂറില്‍ പരീക്ഷിച്ചത് ബിലീവേഴ്‌സ് ചര്‍ച്ച് ഉടമ കെ.പി.യോഹന്നാനായിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കു വേണ്ടി എന്നുപറഞ്ഞുകൊണ്ട് എരുമേലിയില്‍ ആരംഭിക്കാന്‍ ശ്രമിക്കുന്ന വിമാനത്താവളത്തിനു പിന്നില്‍ കെ.പി.യോഹന്നാനുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്. സര്‍ക്കാര്‍ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് അനധികൃതമായി കൈയടക്കിയ യോഹന്നാന്‍ അത് സര്‍ക്കാരിനുതന്നെ വിറ്റ് കോടികള്‍ സമ്പാദിക്കാനുള്ള ധാരണയിലെത്തിയിരുന്നു. ഖജനാവില്‍ നിന്ന് പണം നല്‍കി സര്‍ക്കാര്‍ ഭൂമി വാങ്ങുന്നതിന്റെ പ്രതിഫലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്ര കോടിയാണ് യോഹന്നാനില്‍ നിന്ന് പറ്റിയതെന്നേ ഇനി അറിയാനുള്ളൂ. മതഭീകരവാദിക്കുമുന്നില്‍ ഖജനാവിന്റെ താക്കോല്‍ വരെ അടിയറ വച്ച ഭരണ കൂടമാണ് കേരളം ഭരിക്കുന്നത്. കേന്ദ്ര ഏജന്‍സി കളുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ പങ്കുകച്ചവടം അനസ്യൂതം തുടരുമായിരുന്നു. ശബരിമലയുടെ അടിയാധാരം വരെ ഇവര്‍ വിറ്റുകഴിഞ്ഞേ ഒരുപക്ഷെ കേരളീയര്‍ കാര്യങ്ങളറിയുമായിരുന്നുള്ളു. കെ.പി. യോഹന്നാനെപ്പോലുള്ള മതപരിവര്‍ത്തനശക്തികളില്‍ നിന്ന് പണം പറ്റി ക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ കരുനീക്കങ്ങളായിരുന്നില്ലെ കഴിഞ്ഞവര്‍ഷം ശബരിമലയില്‍ നടത്തിയ ആചാരലംഘനവും പോലീസ് ഭീകരവാഴ്ചയുമെന്ന്‌സംശയിക്കേണ്ടിയിരിക്കുന്നു.
താറാവ് മേച്ച് നടന്നിരുന്ന യോഹന്നാന് ദൈവവിളി ഉണ്ടായി എന്നവകാശപ്പെട്ടുകൊണ്ട് പുതിയ സഭ ആരംഭിക്കുകയും അതിന്റെ മെത്രാനായി സ്വയം അവരോധിതനാവുകയും ഉണ്ടായി. യോഹന്നാന് പിന്നീടുണ്ടായ സാമ്പത്തിക വളര്‍ച്ച കാനായിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കിയ കര്‍ത്താവിനെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിലക്കെടുത്തുകൊണ്ടും എതിര്‍പ്പുകള്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ ക്രിസ്തുമതവിശ്വാസികളുടെ വായടപ്പിച്ചുകൊണ്ടും യോഹന്നാന്‍ കേരളം കീഴടക്കാനുള്ള പടയോട്ടത്തിലായിരുന്നു. ഇപ്പോഴെങ്കിലും കേന്ദ്ര ഏജന്‍സികളുടെ പിടി വീണില്ലായിരുന്നെങ്കില്‍ ശബരിമല ക്ഷേത്രവും ഗുരുവായൂരമ്പലവും അടക്കം കെ.പി. യോഹന്നാനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരും ചേര്‍ന്ന് വിലയ്‌ക്കെടുത്തേനെ. കേരളത്തെ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാക്കാനും അതിന്റെ പ്രധാനമന്ത്രിയാകാനും ഉടുപ്പു തുന്നിയ വിജയന്‍ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവര്‍ക്കും അറിവുള്ളതാണ്. മുഴുവന്‍ സാമ്പത്തിക കുറ്റവാളികളെയും സംരക്ഷിക്കുന്നതിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളത്തിലെ ഭരണകക്ഷിക്കാര്‍ കൂട്ടുനിന്നത്.
1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ടു ട്രസ്റ്റുകളിലൂടെ യോഹന്നാന്‍ സ്വരൂപിച്ചത് 1544 കോടി രൂപയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. ഈ പണമുപയോഗിച്ച് 19000 ഏക്കര്‍ ഭൂമി വിലക്കു വാങ്ങി എന്നറിയുമ്പോഴാണ് നിഗൂഢതകള്‍ മറനീക്കി പുറത്തുവരുന്നത്. കരസേന കൂടാതെ ഭൂമി പിടിക്കുന്ന സാമ്പത്തിക യുദ്ധത്തിലായിരുന്നു യോഹന്നാന്‍ ഏര്‍പ്പെട്ടിരുന്നത്. ഒത്താശ ചെയ്തിരുന്ന രാഷ്ട്രീയ ദല്ലാളന്‍മാര്‍ക്ക് വിദേശയാത്രകളും അമേരിക്കന്‍ ആശുപത്രികളിലെ സുഖചികിത്സയും യോഹന്നാന്‍ വക ആയിരുന്നെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 34 കടലാസ് സംഘടനകളുടെ മറവില്‍ നടത്തിയ എല്ലാ സാമ്പ ത്തിക ഇടപാടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇയാളുടെ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ചാക്കുകളില്‍ കെട്ടിവച്ച നിലയില്‍ നാലരക്കോടിയുടെ പിന്‍വലിച്ച നോട്ടുകള്‍ കണ്ടെത്തി എന്നു പറയുമ്പോള്‍ ദൈവരാജ്യം സൃഷ്ടിക്കാനിറങ്ങിയ ഈ ‘മാമോന്റെ’ തനിനിറം വെളിപ്പെടുകയാണ് ചെയ്യുന്നത്. സമാന്തര ഭരണസംവിധാനത്തിനാവശ്യമായ റേഡിയോ നിലയങ്ങളും ടെലിവിഷന്‍ ചാനലുകളും എല്ലാമായി മുന്നേറുമ്പോഴാണ് യോഹന്നാന്‍ കേന്ദ്ര ഏജന്‍സികളുടെ പിടിയില്‍പെടുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ 60 കേന്ദ്രങ്ങളില്‍ ഒരേ സമയം നടന്ന റെയ്ഡില്‍ കോടികളുടെ അനധികൃത ഇടപാടുകളാണ് പിടിച്ചിരിക്കുന്നത്. പതിനോരായിരം ഏക്കര്‍ ഭൂമി കേരളത്തില്‍ മാത്രം വാങ്ങിയതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ടായിരം കോടിയോളം റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ മുടക്കിയതിന്റെ രേഖകളും ഇ.ഡി അധികൃതര്‍ കണ്ടെടുത്തിരിക്കുന്നു. മാത്രമല്ല വിമാനത്താവളത്തിനായി യോഹന്നാന്റെ പക്കല്‍ നിന്നും കേരള സര്‍ക്കാര്‍ വില കൊടുത്തു വാങ്ങാനിരുന്ന രണ്ടായിരം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചു കൊണ്ടിരുന്ന സര്‍ക്കാര്‍ഭൂമിയായിരുന്നു എന്നതിന്റെ രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുകയാണ്. ആത്മീയകേന്ദ്രങ്ങളുടെ മറവില്‍ അധോലോക സംഘങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം കപടമിശിഹാമാരെ ചമ്മട്ടി കൊണ്ടടിച്ചു പുറത്താക്കാന്‍ ക്രൈസ്തവസമൂഹം മുന്‍കൈ എടുക്കേണ്ടതാണ്. ദേവാലയങ്ങളിലെ ചുങ്കക്കാരെ ചമ്മട്ടി കൊണ്ടടിച്ചോടിച്ച ക്രിസ്തുവിന്റെ പാരമ്പര്യമുള്ള ദേശസ്‌നേഹികളായ ക്രൈസ്തവസഹോദരങ്ങള്‍ വ്യാജ മിശിഹാമാര്‍ക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിക്കേണ്ട സമയമാണിത്.