ഏറ്റവും സൗന്ദര്യമുള്ള പക്ഷിയാണ് മയൂരം അഥവാ മയില്‍. ശ്രീകൃഷ്ണന് എപ്പോഴും മയില്‍പ്പീലി ചൂടുന്നത് ഇതുകൊണ്ടു തന്നെ.
മയില്‍പ്പീലി കണ്ടാല്‍ ഉണ്ണിക്കൃഷ്ണനെ ഓര്‍ക്കാത്ത ഭാരതീയനില്ല.
പാണ്യോസ്തലാഭ്യാമവലംബ്യ ഭൂമിം
തത് കൂര്പ്പര സ്ഥാപിത നാഭിപാര്ശ്വം
ഉച്ചാസനാേ ദണ്ഡവദുത്ഥിത: ഖേ
മയൂരമേതത് പ്രവദന്തി പീഠം
(ഘേ. സം. 2 – 30 )
നിലത്ത് കൈപ്പത്തി ഉറപ്പിച്ചു വെച്ച് കൊണ്ട് കൈമുട്ട് നാഭിയുടെ പാര്‍ശ്വത്തില്‍ ചേര്‍ത്ത് ദണ്ഡം പോലെ ഉയര്‍ന്നു നില്‍ക്കുന്നത്
മയൂരാസനം ചെയ്യുന്ന വിധം
വജ്രാസനത്തിലിരിക്കുക. കാല് മുട്ടുകള്‍ അകത്തുക. മുന്നോട്ടു കുനിഞ്ഞ് കൈപ്പത്തികള്‍ കാല്മുട്ടുകള്ക്കിടയില് നിലത്തു പതിച്ചു വെക്കുക. വിരലുകളുടെ അഗ്രം പിറകോട്ടാണ്. കൈമുട്ടുകള്‍ നാഭിക്കിരുവശത്തും ചേര്‍ത്ത് മുന്നോട്ടാഞ്ഞ് കാലുകള്‍ പിന്നോട്ടു നിവര്‍ത്തുക. ശ്വാസം വിട്ടു കൊണ്ട് ശരീരം ഒരു വടി പോലെ ഭൂമിക്കു സമാന്തരമായി ഉയര്‍ത്തുക. കാലുകള്‍ മടങ്ങില്ല. വഴക്കം വന്നാല്‍ കാല് അല്പം കൂടുതല്‍ ഉയര്‍ത്താം. സാധിക്കുന്നത്ര സമയം ശ്വാസം പുറത്തു നിര്‍ത്തിയോ, സാധാരണ ശ്വാസത്തിലോ നിന്ന ശേഷം ശാസമെടുത്തു കൊണ്ട് തിരിച്ചു വരിക.
ഇത് കഠിനമായ ആസനമാണ്. വഴക്കവും ശക്തിയുള്ളവരേ ചെയ്യാവൂ.
രക്തസമ്മര്‍ദം, ഹൃദയപ്രശ്നങ്ങള്‍, ഹെര്‍ണിയ മുതലായവ ഉള്ളവര്‍ ചെയ്യരുത്. സ്ത്രീകള്‍ മാസമുറയിലും ഗര്‍ഭകാലത്തും ചെയ്യരുത്.
ഗുണങ്ങള്‍
ദഹനശക്തി കൂടും. ഉദരഭാഗത്തുള്ള ഗ്രന്ഥികള്‍ ഉത്തേജിതമാവും. രക്തശുദ്ധിയുണ്ടാവും. വാത-പിത്ത-കഫങ്ങള്‍ താളത്തിലാവും.