ഭാരതത്തില്‍ സാക്ഷരതയിലും ആഭ്യസ്തവിദ്യരുടെ എണ്ണത്തിലുമെല്ലാം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുന്ന മലയാളി സത്യത്തില്‍ സാക്ഷരവിഡ്ഢികളാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങളാല്‍ നിരന്തരം വഞ്ചിക്കപ്പെടാനുള്ള യോഗമാണ് മലയാളിക്കുള്ളത്. സരിതയില്‍ നിന്നും സ്വപ്‌നാസുരേഷിലേക്കുള്ള മാറ്റമാണ് ഭരണമാറ്റത്തിന്റെ അനുഭവയോഗമായി മലയാളിക്കുള്ളത്. യു.ഡി.എഫിന്റെ കാലത്ത് സരിതയെന്ന സ്ത്രീയായിരുന്നു ഭരണചക്രം തിരിച്ചിരുന്നതെങ്കില്‍ എല്‍.ഡി.എഫിന്റെ കാലത്ത് അത് സ്വപ്‌നാസുരേഷിലേക്ക് മാറിയെന്നു മാത്രം. സ്വന്തം തോല്‍വി തിരഞ്ഞെടുക്കുന്ന ഒരു ജനതയായി മലയാളി മാറിയെന്നു പറയുന്നതാവും ശരി. പ്രബുദ്ധ മലയാളി പെട്ടിരിക്കുന്ന പ്രത്യയശാസ്ത്ര വ്യാമോഹത്തിന്റെ അവസാനിക്കാത്ത തമാശയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെയും തലപ്പത്തിരിക്കുന്ന നേതാക്കളുടെ മക്കള്‍വാഴ്ചയില്‍ അധോലോക സംഘമായി മാറിയിരിക്കുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സംവിധാനമാകെ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറെദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. രാജ്യത്തെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും മതഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ മൂലധനം കണ്ടെത്താനായി കുറെ കാലമായി നടത്തപ്പെടുന്ന സ്വര്‍ണ്ണക്കടത്തിന് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് വേദിയാകുക എന്ന അത്യന്തം ഗുരുതരമായ കാര്യമാണ് കേരളത്തില്‍ നടന്നിരിക്കുന്നത്. അതുപോലെതന്നെ ഗൗരവതരമായ സംഗതിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന മയക്കുമരുന്ന് വ്യാപാരം. അന്താരാഷ്ട്ര മതഭീകരസംഘടനകള്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുലധനം സ്വരൂപിക്കാന്‍ നടത്തുന്ന മയക്കുമരുന്ന് വ്യാപാരത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് പുറത്തുവന്നിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരോടൊപ്പമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി എന്ന് ഒരിക്കല്‍ കൂടി അവര്‍ തെളിയിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ ഒക്ടോബര്‍ 27 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതോടെ ദീര്‍ഘകാലമായി നടന്നുവന്നിരുന്ന സ്വര്‍ണ്ണ ജിഹാദില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും അവര്‍ നയിക്കുന്ന ഗവണ്‍മെന്റിനുമുള്ള പങ്ക് വെളിപ്പെട്ടിരിക്കുകയാണ്. ഇത് കേവലം ഒരു സാമ്പത്തിക കുറ്റകൃത്യം മാത്രമല്ല. രാജ്യത്തിനെതിരെ ആസൂത്രണം ചെയ്ത് നടത്തുന്ന അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം സ്വരൂപിക്കുന്ന പ്രവര്‍ത്തനമാണ് സ്വര്‍ണ്ണക്കടത്തിലൂടെ നടക്കുന്നത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന ഗവണ്‍മെന്റിന് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തമുള്ളതായി തെളിയിക്കപ്പെടാന്‍ പോകുന്നത്. ഇന്ത്യന്‍ കറന്‍സി ഡോളര്‍ ആക്കി മാറ്റുന്നതിലും കള്ളക്കടത്ത് സംഘത്തിന്റെ യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിലുമെല്ലാം ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമായി വരുകയാണ്. സ്വപ്‌നാസുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്ന ഇരുപത്തൊന്നു സ്വര്‍ണ്ണക്കടത്തിലും ശിവശങ്കറിന്റെ പങ്ക് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ ആ അധികാരമുപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് ചുക്കാന്‍ പിടിച്ചത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മനസ്സറിവില്ലാതെ നടക്കില്ല എന്നത് നൂറുശതമാനം ഉറപ്പാണ്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാസുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നു എന്ന നിഗമനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ് എങ്കിലും അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണ് എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. അതുകൊണ്ടാണ് ശിവശങ്കറിനെ രക്ഷിക്കാന്‍ രോഗനാടകമടക്കമുള്ള എല്ലാ അടവുകളും പുറത്തെടുത്തത്. മതമൗലികവാദ സംഘടനയുമായി ബന്ധമുണ്ടായിരുന്ന വിജയന്‍ മന്ത്രിസഭയിലെ മറ്റൊരുമന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ ഖുറാന്‍ വികാരം പരത്തി അയാളെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി എന്തൊക്കെയൊ മറച്ചുവെക്കാനുള്ള തത്രപ്പാടിലാണെന്നു വ്യക്തം. സ്വര്‍ണ്ണക്കടത്ത് വെറുമൊരു സാമ്പത്തിക കുറ്റകൃത്യം മാത്രമല്ല. അതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ലക്ഷ്യം രാജ്യത്ത് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള മൂലധനം കണ്ടെത്തലാണ്. പൗരത്വ ഭേഭഗതി നിയമത്തിനെതിരെ എന്ന പേരില്‍ രാജ്യത്ത് മറ്റെങ്ങുമില്ലാത്ത വിധം പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ അരങ്ങേറാനുള്ള കാരണമൊക്കെ ചികഞ്ഞു പോകുമ്പോഴാണ് സ്വര്‍ണ്ണക്കടത്തിന്റെ പിന്നിലെ ശക്തികളിലേക്ക് ചെന്നെത്തുന്നത്.
ആഗോള ജിഹാദി സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ പെട്രോഡോളറിനെക്കാളും അവരാശ്രയിക്കുന്നത് നാര്‍ക്കോട്ടിക് ഡോളറിനെയാണ്. അഫ്ഗാനിസ്ഥാന്‍ കേന്ദ്രമാക്കി ആരംഭിച്ച മയക്കുമരുന്ന് ജിഹാദിലെ പ്രധാന പങ്കാളിയായി ഇന്ത്യന്‍ മാവോയിസ്റ്റുകളും അര്‍ബന്‍നക്‌സലുകളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉണ്ടെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവും സംസ്‌കാരവിരുദ്ധവുമായ പല പ്രചരണങ്ങളുടെയും മുന്നില്‍ നില്‍ക്കുന്ന ബുദ്ധിജീവികളെന്നവകാശപ്പെടുന്നവര്‍ക്ക് മയക്കുമരുന്ന് സ്വര്‍ണ്ണക്കടത്ത് വ്യാപാരത്തിന്റെ ആളോഹരി പ്രതിഫലമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ശബരിമല അടക്കമുള്ള ഹൈന്ദവസാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കെതിരെയുള്ള നീക്കത്തിനു പിന്നില്‍ ആഗോള മയക്കുമരുന്ന് മൂലധന ശക്തികളുടെ മുതല്‍മുടക്കുണ്ട്. ഹിന്ദുവിരുദ്ധവും അരാജകത്വം പ്രോത്‌സാഹിപ്പിക്കുന്നതുമായ നിരവധി ‘അഭാസ’ സിനിമകള്‍ തുടര്‍ച്ചയായി മലയാളത്തില്‍ ഇറക്കുന്നതിനായി മുതല്‍ മുടക്കുന്നത് മയക്കുമരുന്ന് ജിഹാദിന്റെ പിന്നണി പ്രവര്‍ത്തകരാണ്. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പോലുമറിയാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മലയാള സിനിമയിലെ അവിഭാജ്യഭാഗമാകുന്നത് അയാള്‍ക്ക് മയക്കുമരുന്ന് ജിഹാദികളുമായിട്ടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍മാത്രമാണ്. അടുത്തിടെ ഇറങ്ങിയ 14 മലയാളസിനിമകളുടെ നിര്‍മ്മാതാക്കളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നീളുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പൂര്‍ണ്ണ പിന്‍തുണയോടെ നടക്കുന്ന രാജ്യവിരുദ്ധ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കാണ് പിടി വീഴാന്‍പോകുന്നത്.
ദുബായിലും ബംഗളൂരുവിലും കേന്ദ്രീകരിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ നടത്തിയ മയക്കുമരുന്ന്, സാമ്പത്തിക ഇടപാടുകളുടെ തുമ്പു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്വതന്ത്ര മലബാര്‍ വാദത്തിന്റെയും ‘കേരള്‍ മാംഗേ ആസാദി’ വാദത്തിന്റെയും എല്ലാം പിന്നില്‍ പ്രചോദനമായി കമ്മ്യൂണിസ്റ്റ് കുബുദ്ധിജീവികള്‍ അണിനിരക്കുന്നതിന്റെ പിന്നിലെ ചേതോവികാരം സ്വര്‍ണ്ണക്കടത്ത് മയക്കുമരുന്ന് വ്യാപാരത്തിന്റെ പങ്കു ലഭിക്കുന്നു എന്നതു മാത്രമാണ്. വെള്ളപ്പൊക്ക ദുരന്തത്തിന്റെ മറവില്‍ അറബ് രാജ്യങ്ങളില്‍ നിന്നും കള്ളപ്പണം കടത്തിക്കൊണ്ടുവരാന്‍ നടത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ ശ്രമത്തിനു കേന്ദ്രഗവണ്‍മെന്റ് തടയിട്ടതില്‍ കുപിതരായി മാസങ്ങളോളം നരേന്ദ്രമോദിക്കെതിരെ അച്ചു നിരത്തുകയും ചാനല്‍ ചര്‍ച്ചനടത്തുകയും ചെയ്ത ചില മലയാള മാധ്യമ മുതലാളിമാരും മയക്കുമരുന്ന് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പങ്കുപറ്റുന്നവരാണോ എന്നേ ഇനി അറിയാനുള്ളു. ഭാരത വിരുദ്ധത ജന്മപാരമ്പര്യമായി കിട്ടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അവര്‍ നേതൃത്വംകൊടുക്കുന്ന ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാമൂഹ്യവിരുദ്ധരുടെയും ജിഹാദി അധോലോക സംഘങ്ങളുടെയും സഹകരണ മുന്നണിയാണെന്ന സത്യം മലയാളി ഇനിയും തിരിച്ചറിയുന്നില്ലെങ്കില്‍ അവരെ ദൈവത്തിനുപോലും രക്ഷിക്കാന്‍ കഴിയില്ലെന്ന സത്യം പറഞ്ഞുനിര്‍ത്തട്ടെ.