മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കഥകള്‍ ഇപ്പോഴും ഉണ്ടാകുകയാണ്. യാതൊരു നവീകരണവും തന്റെ കര്‍മ്മമണ്ഡലത്തില്‍ വേണ്ടെന്ന നിലപാടുള്ളവര്‍ കൂടുകയാണ്. വ്യത്യസ്തമായ ഒരു വായനയിലൂടെയേ വ്യത്യസ്തമായ ഒരു രചന ഉണ്ടാവുകയുള്ളു. കഥ പറയുന്ന രീതിയില്‍ മാറ്റം വന്നില്ലെങ്കില്‍ നമ്മള്‍ വളരുന്നില്ലെന്നാണ് കരുതേണ്ടത്. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് നളന്റെ കഥ പറഞ്ഞുകൊടുക്കുന്ന മുനി സവിശേഷ സന്ദര്‍ഭത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വ്യാസന്‍ കഥയ്ക്കുള്ളിലേക്ക് മറ്റൊരു കഥ കൊണ്ടുവരുകയാണ്. ഉത്തരാധുനിക കാലത്തും ഇതു തന്നെയാണ് നവീനത. എന്നാല്‍ നമ്മുടെ ഭാഷയില്‍ ഇത്തരം സങ്കേതങ്ങള്‍ കണ്ട് ഭയന്നോടുന്നവരെയാണ് കാണുന്നത്. നളന്റെ ധാര്‍മ്മികമായ പരീക്ഷണങ്ങളും പ്രതിസന്ധികളും മാത്രമല്ല ഇതിലൂടെ അഭിവ്യഞ്ജിപ്പിക്കപ്പെടുന്നത്.
മഹാഭാരതത്തിന്റെ ഒരു ലഘുപതിപ്പായി മാറുകയാണ് നളന്റെയും ദമയന്തിയുടെയും ജീവിതം. പാണ്ഡവര്‍ക്ക് മാത്രമല്ല, ഇതുപോലുള്ള അനുഭവങ്ങള്‍ അതിനു മുമ്പും ഉണ്ടായിരുന്നുവെന്ന് സൂചിതമാവുന്നു. നളന്റെ വിജ്ഞാനം അതോടെ മഹാഭാരതത്തിന്റെ ആന്തരിക കരുത്താവുന്നു. സ്വയംവരം, ചൂതുകളി, ചതി, തോല്‍വി, ഒളിച്ചോട്ടം, അജ്ഞാതവാസം, ഏറ്റുമുട്ടലുകള്‍, വിജയം എല്ലാം നളചരിതത്തിലും പാണ്ഡവരുടെ പുരാണത്തിലും കാണാം. കഥയ്ക്കുള്ളില്‍ എഴുത്തുകാരന്‍ സ്വന്തം സ്ഥാനം തിരയുന്ന കാലമാണ് കടന്നുപോയത്. എല്ലാം അറിയുന്നവനാണ് കഥാകൃത്ത് എന്ന അഹങ്കാരം കൊളമ്പിയന്‍ നോവലിസ്റ്റ് ഗാര്‍സിയ മാര്‍കേസ് തന്റെ കഥകളിലൂടെ തകര്‍ത്തു. ദി ഹാന്‍ഡ്‌സൊമെസ്റ്റ് ഡ്രൗണ്‍ഡ് മാന്‍ ഇന്‍ ദി വേള്‍ഡ്, എ വെരി ഓള്‍ഡ്മാന്‍ വിത്ത് എനോര്‍മസ് വിംഗ്‌സ് എന്നീ കഥകളില്‍ കഥ പറയുന്ന ആളിനു പോലും കഥാപാത്രങ്ങളെക്കുറിച്ച് എല്ലാമറിയില്ല. കഥാകൃത്ത് ദൈവമല്ല; ഒരു അന്വേഷകനാണ്. അയാള്‍ കഥാപാത്രത്തെ പൂര്‍ണമായി പഠിച്ചു കഴിഞ്ഞെങ്കില്‍ ,ഭാവി കൂടി പ്രവചിക്കാമല്ലോ. ഭാവിപ്രവചനം മാത്രമാണോ സാഹിത്യം?
സൗന്ദര്യം നൈമിഷികം
ഇതിനു വിപരീതമായ ദിശയില്‍ പോകേണ്ടതുണ്ട്. അറിയാത്ത ഒരു വസ്തുത തേടിച്ചെല്ലുന്ന പ്രതീതിയാണ് ജീവിതത്തിനുള്ളത്. ഒരാള്‍ക്കും തൊട്ടടുത്ത നിമിഷത്തെക്കുറിച്ച് ഒന്നുമറിയില്ലല്ലോ. ഇതാണ് ജീവിതത്തിന്റെ മാജിക്. അനിശ്ചിതാവസ്ഥയും മരണവും ജീവിതത്തെ, അര്‍ത്ഥരഹിതമെങ്കിലും,കുടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ജീവിതം കൂടുതല്‍ അന്വേഷിക്കാനുള്ളതാണെന്ന അറിവ് ഉണ്ടാകുന്നത്, മരണത്തിന്റെ യുക്തിരാഹിത്യം മൂലമാണ്. ജീവിതം എല്ലാക്കാലത്തേക്കുമുളള സൗന്ദര്യമല്ല; അതിനു എന്നെന്നും നിലനില്പില്ല. വരാനുള്ള കാലങ്ങളിലെല്ലാം യോഗ്യമായതല്ല ജീവിതം എന്ന സത്യം. ഈ ബോധ്യം വളരെ കാലികമായ ഒരു സത്യത്തെ തിരയാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതിലാണ് നാം സ്വയം ഉറപ്പിക്കേണ്ടത്.
എന്നാല്‍ എല്ലാം അറിയാമെന്ന മട്ടില്‍, ദൈവത്തിന്റെ അവതാരത്തെപ്പോലെ എഴുതിയാല്‍, കഥാപാത്രങ്ങളുടെ വാര്‍പ്പു മാതൃകകളേ ഉണ്ടാവൂ. ഒരു കഥാപാത്രം നിര്‍വ്വചിക്കപ്പെടുന്നതു പോലും എഴുത്തുകാരന്റെ ഉഗ്രശാസനത്തിന്റെ കോട്ടയ്ക്കുള്ളിലാണ്. അതുകൊണ്ട് ജീവിതത്തില്‍ നിലനില്ക്കുന്ന അജ്ഞത, സംശയം, അനിശ്ചിതാവസ്ഥ,ഊഹങ്ങള്‍ തുടങ്ങിയവ രചനയിലും സംഭവിക്കുമ്പോഴാണ് അതിനു ജീവന്‍ ലഭിക്കുന്നത്.
കഥാപാത്രത്തോട് സംവദിക്കാം
പ്രമുഖ ബ്രസീലിയന്‍ എഴുത്തുകാരി ക്‌ളാരിസ് ലിസ്‌പെക്ടര്‍ (1920-1977) ഇരുപതാംനൂറ്റാണ്ടിലെ ചിന്താശേഷിയുള്ള, ഭാവനാപരമായ സിദ്ധിയുള്ള അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ്. അവര്‍ സ്വന്തം ആന്തരലോകത്തിലെ ജ്ഞാനപരമായ സംഘര്‍ഷങ്ങളെ ഉരുക്കഴിക്കാന്‍ ശ്രമിച്ചു. സ്വന്തം സമസ്യകളിലേക്ക്, അവര്‍ എടുത്തെറിയപ്പെട്ട കല്ലുപോലെ ചെന്നു പതിച്ചു. ഉത്തരങ്ങളില്‍ അവര്‍ തൃപ്തരായില്ല. അസ്വാസ്ഥ്യങ്ങള്‍ പെരുകിക്കൊണ്ടിരുന്നു. ഒരു വസ്തുതയെ തന്നെ പല രീതിയില്‍ തിരിച്ചും മറിച്ചും പരിശോധിക്കുന്നത് അവരുടെ മനസ്സിന്റെ അവശ്യമായിരുന്നു. അവര്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ മതിയായ തെളിവുകളല്ലായിരുന്നു. അവര്‍ ഭാവനയെ അതുമായി കൂട്ടിക്കുഴച്ചു. അ ആൃലമവേ ീള ഘശളല എന്ന നോവല്‍ ഒരു കഥാകൃത്ത് തന്റെ കഥാപാത്രവുമായി നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. പ്രേമിക്കുന്നതോ കല്യാണം കഴിക്കുന്നതോ പിന്നീട് ‘സുഖ’മായി ജീവിക്കുന്നതോ മാതൃകാപരമായ സാഹിത്യ ചട്ടമായി അവര്‍ കണ്ടിട്ടില്ലെന്ന് സാരം. അതിലൊന്നും അവര്‍ ഒരു പ്രമേയവും കാണുന്നില്ല. അവര്‍ക്ക് വേണ്ടി അപകടകരമായ ജീവിതത്തിന്റെ സമസ്യകള്‍ ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങള്‍ ഉയിര്‍ കൊള്ളുന്നുണ്ടായിരുന്നു.
എന്തിനാണ് കഥാപാത്രത്തോട് ഒരാള്‍ സംവദിക്കുന്നത്? അതിന്റെയര്‍ത്ഥം, ആ കഥാപാത്രം സ്വതന്ത്രമായ വ്യക്തിയാണെന്നല്ലേ? അവിടെ എഴുത്തുകാരി തന്റെ അധികാരം ദുര്‍വ്യയം ചെയ്യുകയല്ല; തന്റെ രചനാപരമായ പങ്ക് സാവധാനം ആരായുകയാണ്.ഇത് ലിസ്‌പെക്ടര്‍ എന്ന എഴുത്തുകാരിയുടെയുള്ളില്‍ നടന്ന സംഘട്ടനമാണ്. സ്വന്തം ലോകം ഒരു തടവറയാണെന്ന് അവര്‍ ഏറ്റുപറയുന്ന പോലെയാണിത്. അവര്‍ ജീവിത സൗന്ദര്യത്തെക്കുറിച്ച് സ്വരൂപിച്ച ആശയം തന്നെ വ്യത്യസ്തമായിരുന്നു. സൗന്ദര്യം ഒരാള്‍ക്ക് വ്യക്തിപരമായി ലഭിക്കുന്ന ഒരു നിര്‍വ്വചനമാണ്. എന്നാല്‍ അത് സ്ഥൂലമല്ല. ഒരു നിമിഷത്തിന്റെയുള്ളിലാണ് അതുള്ളത്. അത് കഴിഞ്ഞാല്‍ നഷ്ടമാകുകയാണ്. സൗന്ദര്യം ദര്‍ശിക്കുന്നവനെ, അനുഭവിക്കുന്നവനെ അത് നിര്‍വ്വചിക്കുകയാണ്.
ലിസ്‌പെക്ടര്‍ ഇങ്ങനെ എഴുതി: ”എനിക്ക് എഴുതാന്‍ പേടിയാണ്. കാരണം അത് ഒളിഞ്ഞിരിക്കുന്നതിനെ പിടിച്ചെടുക്കുന്ന പണിയാണ്. കടലിന്റെ അഗാധതയില്‍ വേരുകളുള്ളതാണത്. അത് എഴുതാന്‍ ഞാനൊരു ശൂന്യതയില്‍ എത്തേണ്ടതുണ്ട്. ഇതാകട്ടെ എന്റെ അകം ലോകമാണ്. അവിടെയാണ് ഞാന്‍ ദാര്‍ശനികമായി നിലനില്ക്കുന്നത്. അതുകൊണ്ട് വാക്കുകളെ ഞാന്‍ പേടിക്കുന്നു.”
തന്നില്‍ തന്നെയുള്ള വിമതവും വിരുദ്ധവുമായ ശബ്ദങ്ങളെയും അവര്‍ ശ്രദ്ധിക്കുമായിരുന്നു. അപ്പോള്‍ അസ്വസ്ഥതയ്ക്ക് തുടക്കമാവും. അത് പരിഹരിക്കാനാണ് അവര്‍ എഴുതിയത്.
ഷോപ്പനോര്‍: ചില ചിന്തകള്‍
പ്രമുഖ ജര്‍മ്മന്‍ ചിന്തകനായ ആര്‍തര്‍ ഷോപ്പനോര്‍ (1788-1860) പാശ്ചാത്യചിന്തയെ വൈകാരികമായും ദാര്‍ശനികമായും ഏറെ സ്വാധീനിക്കുകയുണ്ടായി. അദ്ദേഹത്തില്‍ നിന്ന് പ്രചോദനം നേടിയാണ് മഹാധിഷണാശാലിയായ ഫ്രഡറിക് നിഷേ മുന്നേറിയത്.കസന്‍ദ്‌സാക്കീസും ഈ വഴിയില്‍ സഞ്ചരിച്ചു. ജീവിതം ദുഃഖവും തിന്മയും യുദ്ധവുമാണെന്ന് തുറന്നു പറഞ്ഞ അദ്ദേഹം അതിനു കൃത്യമായ നീതീകരണവും നല്കി. അറിവ് വര്‍ദ്ധിക്കുന്തോറും വിഷാദം ഏറുമെന്ന് പറഞ്ഞ ഷോപ്പനോര്‍, അറിവ് അതിനു പരിഹാരമല്ലെന്ന് വ്യക്തമാക്കി. മനുഷ്യന് ഓര്‍മ്മയും ദീര്‍ഘദര്‍ശനവും യാതനകളാണ് നല്കുന്നത്. മരണത്തേക്കാള്‍ പീഢ നിറഞ്ഞിരിക്കുന്നത് മരണത്തെക്കുറിച്ചുള്ള ചിന്തയിലാണ് -അദ്ദേഹം പറഞ്ഞു. ഷോപ്പനോറുടെ ചിന്തകളിലൂടെ:
1) ഓരോ ജീവിയും മറ്റുള്ളതിന്റെ ആഹാരവും ഇടവും സമയവും അപഹരിക്കാന്‍ പടവെട്ടുന്നു.
2) മനുഷ്യന്‍ എല്ലാ വേദനകളും ദുരിതങ്ങളും ചേര്‍ത്തുവച്ച് നരകമുണ്ടാക്കി.എന്നാല്‍ സ്വര്‍ഗത്തിനു വേണ്ടി ഒന്നും തന്നെ അവശേഷിക്കുന്നില്ല.
3) നമ്മള്‍ കുറേപ്പേര്‍ സന്തോഷമില്ലാത്ത വിവാഹിതരാണ്; വേറെ ചിലര്‍ സന്തോഷമില്ലാത്ത അവിവാഹിതരുമാണ്.
4) തനിച്ചിരിക്കുമ്പോള്‍ നമ്മള്‍ അസന്തുഷ്ടരാണ്; ആള്‍ക്കൂട്ടത്തിലായിരിക്കുമ്പോഴും അസന്തുഷ്ടരാണ്.
5) ഓരോ വ്യക്തിയുടെ ജീവിതവും, സൂക്ഷ്മമായി നോക്കിയാല്‍, ദുരന്തമാണ്. അത് പഠിക്കാന്‍ ശ്രമിച്ചാല്‍ തമാശയായി തോന്നും.
6) ഒരു ശുഭാപ്തി വിശ്വാസിയെ സര്‍ജിക്കല്‍ ഓപ്പറേഷന്‍ മുറികളോ, യുദ്ധ തടവുകാരെ പീഡിപ്പിക്കുന്ന ഇടങ്ങളോ കാണിച്ചു കൊടുത്താല്‍ അയാള്‍ക്ക് ലോകത്തിന്റെ സ്വഭാവം മനസ്സിലായിക്കൊള്ളും.
7) ജീവിതത്തിന്റെ ഓരോ നിമിഷവും വളരെ കൃത്യമായി നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു കാര്യമുണ്ട്: നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് ഒരു വിലയുമില്ല;ലോകം എല്ലായിടത്തും പാപ്പരായി അവസാനിക്കുന്നു. ജീവിതം നഷ്ടക്കച്ചവടമാണ്.
വായന
ഡോ. പൂജപ്പുര കൃഷ്ണന്‍ നായരുടെ ‘രണ്ടാം സര്‍പ്പസത്രം’ (കേസരി,സപ്തംബര്‍ 25) സമകാല ലോകത്തെ വിശാലമായ കാന്‍വാസില്‍ പകര്‍ത്തുന്നു. കൊറോണയുടെ വ്യാപനത്തില്‍ തളരുന്ന ലോകത്തെ കവി ഇങ്ങനെ വിവരിക്കുന്നു:
”ലോകം നിന്‍ ഗരളാഗ്‌നിയില്‍
ശലഭമെന്നോണം ദഹിക്കെ….”
അവതരണ രീതികൊണ്ട് പ്രൗഢവും കാവ്യഭാഷകൊണ്ട് ദീപ്തവുമാണ് ഈ രചന.
കുഞ്ഞപ്പ പട്ടാന്നൂര്‍ എഴുതിയ ‘മഹാ കാലമേ !’ (ഗ്രന്ഥാലോകം, സപ്തംബര്‍) ആസുരമായ ഈ കാലത്തെ അടയാളപ്പെടുത്തുകയാണ്. കൊറോണയും മൃത്യുവുമെല്ലാം കവിയുടെ ഓര്‍മ്മയിലുണ്ട്. നന്മയും നീതിയും നഷ്ടപ്പെട്ട് ജീവിതം തരിശായി മാറുന്നുവെന്ന് കവി വിലപിക്കുന്നു. മാരികള്‍ പെയ്ത് ഭൂമിയുടെ മാറിടം ചോരമാത്രം ചുരത്തുന്നുവെന്ന് എഴുതുന്നു.
മോഹനകൃഷ്ണന്‍ കാലടിയുടെ’കട്ടന്‍ ചായ കഥ പറയാന്‍ തുടങ്ങും മുന്‍പ്’ (ഭാഷാപോഷിണി, ഒക്ടോബര്‍) ഗാഢമായ അനുഭവമൊന്നും തന്നില്ല. ഒരു കാര്‍ട്ടൂണ്‍ പോലെ തോന്നി. തനിക്ക് എഴുതാന്‍ കിട്ടുന്ന അവസരം ഇതുപോലെ നിലവിരമില്ലാത്ത രചനകളിലൂടെ പാഴാക്കരുതെന്ന് കവിയോട് അഭ്യര്‍ത്ഥിക്കുന്നു. വയറു നിറച്ച് ആഹാരം കഴിച്ച്, ചാരു കസേരയില്‍ കിടന്ന് പോക്കുവെയില്‍ കാണുന്നവന്റെ അലസചിന്തകളാണ് ഇതിലുള്ളത്. പക്ഷികള്‍ പ്രഭാതച്ചായ കുടിക്കാറുണ്ടോ എന്ന ആദ്യ വരി തന്നെ അപ്രസക്തവും വിരസവുമാണ്.
റിയലിസ്റ്റ് തനിയാവര്‍ത്തനം
അശോകന്‍ ചരുവിലിന്റെ ‘തലകുത്തി മറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധന്മാര്‍’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സപ്തംബര്‍ 27) വിശേഷിച്ച്, പുതുതായി ഒന്നും സംവേദനം ചെയ്തില്ല. ഇതുപോലുള്ള റിയലിസ്റ്റ് കഥകളുടെ പ്രസക്തി തന്നെ ഇല്ലാതായത് കഥാകൃത്ത് അറിഞ്ഞിട്ടില്ല. ഇത് പണ്ട് പറയപ്പെട്ട പല കഥകളുടെ തനിയാവര്‍ത്തനമാണ്. വിവിധ കാരണങ്ങള്‍കൊണ്ട് അന്തര്‍മുഖരായിത്തീര്‍ന്ന മൂന്നു പേര്‍ വീട്ടിനുള്ളില്‍ തളയ്ക്കപ്പെട്ടു. അവര്‍ കിട്ടിയ ഒരിടവേളയില്‍ പുറത്തിറങ്ങി കളിക്കുകയാണ്. ഓരോരുത്തരുടെയും പശ്ചാത്തലം അതിവിപുലമായി വിവരിക്കുന്നുണ്ട്. ഇതില്‍ കഥാകൃത്ത് ദുഷ്ട ലാക്കോടെ മത രാഷ്ട്രീയം കളിക്കുകയാണ്. ഒരു മത വിഭാഗത്തില്‍ നിന്ന് പ്രത്യേക സഹതാപവും ആനുകൂല്യവും നേടാന്‍ ശ്രമിക്കുന്ന പോലെ ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുപറയാനാവില്ല. പക്ഷേ, ഇന്നത്തെ നല്ലൊരു വായനക്കാരന് ഇത് പോരാതെ വരും. ഗ്രാമ്യ ജീവിതത്തിന്റെ പഴയ ഏടുകള്‍ കമ്പോടു കമ്പ് വിശദീകരിക്കുന്നതൊഴിച്ചാല്‍ വേറൊന്നുമില്ല.
അക്കിത്തം
മഹാകവി അക്കിത്തത്തെക്കുറിച്ച് കാവാലം ശശികുമാര്‍ (ജന്മഭൂമി ഓണപ്പതിപ്പ്) എഴുതുന്നു: ”എവിടെ നിന്നാലും അക്കിത്തം പറയുന്നത് സ്വന്തം ദര്‍ശനം ‘നിരുപാധികമായ സ്‌നേഹമാണ് ബല’ മെന്നാണ്. അതല്ലാത്തതിനെ ‘ഇതല്ല, ഇതല്ല’ എന്ന് തള്ളിയകറ്റും. ഇപ്പോള്‍ ഏറെക്കാലമായി അക്കിത്തം ഒരേ വഴിയില്‍ സഞ്ചരിക്കുകയാണ്. അവിടെ വിശ്രാന്തസുഖം അനുഭവിക്കുകയാണ്.”
അക്കിത്തത്തിന്റെ ജീവിതത്തെയും കവിതയെയും സമഗ്രമായി പ്രതിപാദിക്കുന്ന ലേഖനമാണിത്.
നഗ്‌നപാദനായി
അന്തരിച്ച കവി ലൂയിസ് പീറ്ററിനെക്കുറിച്ച് ജോയ് ജോസഫ് എഴുതിയ ലേഖനം (കവിതയുടെ കാല്‍വരിയിലേക്ക് നടന്നവന്‍, എഴുത്ത്,സപ്തംബര്‍ ) ശ്രദ്ധേയമായി. ഉചിതമായ ഒരു പദപ്പെരുമാറ്റമാണ് ഈ ലേഖനത്തില്‍ കണ്ടത്.അലഞ്ഞവനും അന്വേഷിച്ചവനുമായ ലൂയിസിനെ കവിതാരംഗത്തെ പ്രമാണിമാരായ ചില വ്യക്തിത്വങ്ങള്‍ തിരസ്‌കരിച്ചതായറിഞ്ഞു. പോകാന്‍ പറ. ഒരു യഥാര്‍ത്ഥ കവിക്ക് കുലമോ വീടോ ഇല്ല;അയാള്‍ ആത്മാവില്‍ സാങ്കല്പിക ഗേഹമുണ്ടാക്കുന്നവനാണ്. ലൂയിസ് തന്റെ സമാനമനസ്‌കരെ തേടി ആളു കൂടുന്നിടത്തെല്ലാം ചെന്ന് കവിത വായിച്ചു.ഒരു പറ്റം ആസ്വാദകര്‍ ആരുടെയും സര്‍ട്ടിഫിക്കറ്റോ, ഔദാര്യമോ ഇല്ലാതെ ലൂയിസ് എന്ന മനുഷ്യനിലെ മേക്കപ്പില്ലാത്ത കവിയെ തിരിച്ചറിഞ്ഞു. ലൂയിസ് മനസ്സിന്റെ ആഴത്തില്‍ നിന്ന് തന്റെ മുറിവുകളുമായി വന്ന് പ്രബുദ്ധതയുടെ ദിവ്യഛന്ദസ്സ് പരിചയപ്പെടുത്തി.അതില്‍ ആ വ്യക്തിയെ നഗ്‌നപാദനായി കാണാമായിരുന്നു. ഒരു കവിതയില്‍ അദ്ദേഹം എഴുതി:
‘നായ ഒരു ഭാഷയാണ്
നാമത് വായിക്കാറില്ല’.
നുറുങ്ങുകള്‍
$കലാശാലകള്‍ കേന്ദ്രീകരിച്ച് ഇന്ന് തിടം വച്ചു വരുന്ന സാഹിത്യപാണ്ഡിത്യവും ഗവേഷണവും വായനക്കാരുമായി ബന്ധമില്ലാത്തതും ഹൃദയശൂന്യവുമാണ്. അല്പം പോലും സൗന്ദര്യബോധമില്ലാത്തവര്‍ സാഹിത്യത്തെക്കുറിച്ചെഴുതുന്നത് തൊഴിലിന്റെ ഭാഗമാണെന്നത് ഭയം ജനിപ്പിക്കുകയാണ്.
$വയലാര്‍ രാമവര്‍മ്മ രചിച്ച് ദേവരാജന്‍ ഈണം പകര്‍ന്ന ‘പത്മതീര്‍ത്ഥമേ ഉണരൂ (ചിത്രം: ഗായത്രി,1973) എന്ന ഗാനം ഉല്പതിഷ്ണുവായ ഒരു കവിയെ കാണിച്ചു തരുന്നു. മാനസ പത്മതീര്‍ത്ഥമാണ് ഉണരേണ്ടതെന്ന് പറയുന്നു. ഭാരത പൗരനെ ഉണര്‍ത്തുന്നതിനായി മാറാലകള്‍ നീക്കി പുറത്തു വരാന്‍ ആഹ്വാനം ചെയ്യുകയാണിതില്‍.
$ദീര്‍ഘിച്ച നോവലുകള്‍ക്ക് ഇന്ന് പ്രസക്തിയുണ്ടോ, ആരെങ്കിലും വായിക്കുമോ എന്ന് പ്രായോഗികമതികളായ ചിലരെങ്കിലും സംശയിച്ചേക്കും.എന്നാല്‍ ഒരു കാര്യം പറയട്ടെ, പ്രായോഗികമതികള്‍ക്കുള്ളതല്ല സാഹിത്യം. ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിന’ 964 പേജാണ്. അമേരിക്കന്‍ നോവലിസ്റ്റ് ജയിംസ് എ.മിച്ച്‌നെറുടെ (James A michener) Centennial 1056 പേജാണ്. വിക്രം സേത്തിന്റെ A Suitable Boy 1474 പേജില്‍ പരന്നു കിടക്കുന്നു. ഹാറുകി മുറകാമിയുടെ 1 Q-84 (925), അയന്‍ റാന്തിന്റെ – Atlas Shrugged-(1168), സെര്‍വാന്തിസ്സിന്റെ ഡോണ്‍ ക്വിക്‌സോട്ട് (863), ദസ്തയെവ്‌സ്‌കിയുടെ ദി ബ്രദേഴ്‌സ് കരമസോവ് (849),ഹെര്‍മ്മന്‍ മെല്‍വില്ലിന്റെ മൊബി ഡിക്ക് (585) എന്നിങ്ങനെയാണ് കൃതികളുടെ ദൈര്‍ഘ്യം. ലോകത്തിലെ മഹത്തായ നോവലുകളെല്ലാം ദൈര്‍ഘ്യമേറിയതാണ്. കാരണം നോവല്‍ ഒരു നൂതന സങ്കേതമാണ്. അത് ദൈര്‍ഘ്യം ആവശ്യപ്പെടുന്നു.
$ലബനീസ് – അമേരിക്കന്‍ കവി ഖലില്‍ ജിബ്രാന്‍ ഇങ്ങനെ പറഞ്ഞു: കല വളരെ വ്യക്തവും അറിയപ്പെടുന്നതുമായതില്‍ നിന്ന് ദുര്‍ഗ്രഹവും ഒളിപ്പിക്കപ്പെട്ടതുമായ ഒന്നിലേക്ക് സഞ്ചരിക്കുകയാണ്.
$പ്രമുഖ അമേരിക്കന്‍ വിമര്‍ശകനായ ഹാരോള്‍ഡ് ബ്‌ളൂം സാഹിത്യത്തിന്റെ ആത്യന്തികമായ തലത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം ചിന്തിപ്പിക്കും: സാഹിത്യത്തില്‍ ശേഷിക്കാന്‍ പോകുന്നത് മനുഷ്യ വ്യക്തിയുടെ വളരെ സ്വകാര്യമായ ചേഷ്ടകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജീവിതയാതനകളായിരിക്കും.$ലോകപ്രശസ്ത നാടകകൃത്തും ചിന്തകനുമായ ജോര്‍ജ് ബെര്‍നാഡ് ഷാ (1856-1950) ഷെല്ലിയുടെ കവിതകള്‍ വായിച്ചതിന്റെ ഫലമായാണ്, 1880 ല്‍ വെജിറ്റേറിയനായത്.