ആകാശയുദ്ധങ്ങളുടെ വീരകഥകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറയുമ്പോള്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സായുധസേനകളില്‍ ഒന്നായ ഭാരതത്തിനു എന്തുകൊണ്ട് സ്വന്തമായി ഒരു യുദ്ധവിമാനം ഉണ്ടായില്ല? സ്വാതന്ത്ര്യത്തിനു ശേഷം ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂര്‍ണ്ണമായി ഭാരതത്തില്‍ വികസിപ്പിച്ചു നിര്‍മ്മിച്ച ഒരു യന്ത്രപ്പക്ഷി പോലും നമ്മുടെ സേനാവ്യൂഹത്തില്‍ ഇല്ല. അഗ്‌നിയും പൃഥ്വിയും ഒക്കെ വികസിപ്പിച്ച, സ്വന്തമായി ആണവ അന്തര്‍വാഹിനി നിര്‍മ്മിച്ച, ചൊവ്വയില്‍ വരെ സാന്നിധ്യം അറിയിച്ച നമ്മുടെ പ്രതിഭാ വൈഭവത്തിനു എന്തുകൊണ്ട് ഒരു പോര്‍വിമാനം ഉണ്ടാക്കാന്‍ സാധിച്ചില്ല. മുപ്പതു വര്‍ഷത്തിലധികം ഇഴഞ്ഞു നീങ്ങിയാണങ്കിലും തേജസ് വിമാനങ്ങള്‍ പറന്നു തുടങ്ങിയത് മറന്നുകൊണ്ടല്ല പറയുന്നത്. തേജസ്സിന്റെ എഞ്ചിന്‍ ഇപ്പോഴും നമ്മുടെ സ്വന്തമല്ല.തേജസ്സിന്റെ ഹൃദയമായ കാവേരി എഞ്ചിനിലുള്ള വികസനങ്ങള്‍ മൂന്നു പതിറ്റാണ്ടിനു ശേഷവും ഇഴയുകയാണ്.
സ്വാതന്ത്ര്യം ലഭിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കകം, അമ്പതുകളുടെ തുടക്കത്തില്‍ തന്നെ HAL- (Hindustan- Aeronautics Ltd) സ്വന്തമായി ഒരു സൂപ്പര്‍സോണിക് യുദ്ധവിമാനത്തിനു വേണ്ടിയുള്ള ഗവേഷണം തുടങ്ങിയിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നതില്‍ വലിയ താല്‍പ്പര്യം ഇല്ലാതിരുന്ന നെഹ്രു പക്ഷേ ഈ പദ്ധതിയില്‍ തല്‍പ്പരനായിരുന്നു. നമ്മുടെ വ്യോമയാന മേഖലക്ക് മുതല്‍ക്കൂട്ടാകും എന്നതും അതിനൊരു കാരണമായിരുന്നു. എന്തായാലും 1961 ല്‍ തന്നെ HAL- Marut എന്ന സ്വപ്‌നപദ്ധതിയുടെ പ്രോട്ടോടൈപ്പ് പറക്കുക തന്നെ ചെയ്തു.
ഡിസൈന്‍, നിര്‍മ്മാണം, പരീക്ഷണം എല്ലാം കൂടി ഏഴു വര്‍ഷം മാത്രമാണ് എടുത്തത്. ഇത് വ്യോമയാന ചരിത്രത്തിലെ ഒരു റിക്കോര്‍ഡ് ആണ്.സാധാരണഗതിയില്‍, എത്ര ശ്രമിച്ചാലും തുടക്കം മുതല്‍ പ്രോട്ടോടൈപ്പ് വരെ ഒരു യുദ്ധവിമാനം ഉണ്ടാക്കാന്‍ പത്തു വര്‍ഷം വേണം. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ കമ്പനി നല്‍കിയ ഒര്‍ഫ്യുവസ് എഞ്ചിന്‍ ആയിരുന്നു ഉപയോഗിച്ചത്. ടര്‍ബോജെറ്റ് അടിസ്ഥാനത്തിലുള്ള ഈ എന്‍ജിനു പക്ഷേ ശബ്ദവേഗതയെ മറികടക്കാന്‍ സാധിച്ചിരുന്നില്ല. എങ്കില്‍ പോലും അന്നത്തെ അവസ്ഥയില്‍ അത് വലിയ നേട്ടം തന്നെ ആയിരുന്നു. പക്ഷേ പിന്നീടുള്ള രണ്ടുമൂന്നു വര്‍ഷം പദ്ധതി വീണ്ടും ഇഴഞ്ഞു. 1962ലെ ചൈനാ യുദ്ധത്തോടെ ആണ് നല്ലൊരു ഇന്റര്‍സെപ്റ്റര്‍ വിമാനം വേണ്ടതിന്റെ ആവശ്യകത സൈന്യത്തിന് ബോധ്യമായത്. അക്കാലത്ത് നമ്മുടെ കൈയില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ പ്രധാനമായും Hawk, Gnat(നാറ്റ്) എന്നിവയായിരുന്നു. നമ്മുടെ വ്യോമസേനയുടെ ഈ അവസ്ഥ ബോധ്യപ്പെട്ടു തന്നയാണ് 1965 ല്‍ പാകിസ്ഥാന്‍ യുദ്ധത്തിനു ഇറങ്ങിത്തിരിച്ചത്. സോവിയറ്റ് യൂണിയനുമായുള്ള ആയുധപ്പന്തയത്തിന്റെ ഭാഗമായി പാകിസ്ഥാനെ അമേരിക്ക ആധുനിക ആയുധങ്ങളാല്‍ നിറച്ചു വെച്ചിരിക്കുകയായിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച ഫൈറ്റര്‍ ആയ സാബര്‍ ജെറ്റുകള്‍ ആയിരുന്നു പാക് വ്യോമസേനയുടെ കുന്തമുന.
പാക് സാബറുകളുമായി തുലനം ചെയ്താല്‍ നാറ്റ് വെറും കളിപ്പാട്ടമാണ്. പക്ഷേ നമ്മുടെ വൈമാനികരുടെ പോരാട്ടവീര്യവും കഴിവും ഒത്തുചേര്‍ന്നപ്പോള്‍, ആ നാറ്റുകള്‍ ഉപയോഗിച്ച് തന്നെ സാബറുകളെ ഈയാംപാറ്റകളെ പോലെ വെടിവെച്ചു വീഴ്ത്തിയ സംഭവം ആകാശയുദ്ധങ്ങളിലെ നാഴികക്കല്ലുകളാണ്.
എന്തായാലും,1965 ലെ പാക്കിസ്ഥാന്‍ യുദ്ധത്തോടെ മരുത്തിനു മുകളിലുള്ള ഗവേഷണങ്ങള്‍ വേഗതയില്‍ ആയി. പരീക്ഷണങ്ങളും ട്രയലുകളും കഴിഞ്ഞു 1967 ഏപ്രില്‍ ഒന്നിന് മരുത്ത് ഭാരതവ്യോമസേനയുടെ ഭാഗമായി.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏതാണ്ട് 145 മരുത് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി. പക്ഷേ സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ച മരുത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഓര്‍ഫ്യുവസ് എഞ്ചിനെ ഒരു ഗ്യാസ് ബേസ്ഡ് സൂപ്പര്‍ ടര്‍ബോ ജെറ്റ് ആക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുമ്പോഴാണ് സോവിയറ്റ് യൂണിയനുമായുള്ള പ്രതിരോധ ഇടപാടുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, പ്രതിരോധ ഗവേഷണത്തിനുള്ള പണം കൂടി സോവിയറ്റ് ഖജനാവുകളിലേക്ക് ഒഴുകി. ഭാരതവ്യോമസേനയില്‍ അക്കാലത്തെ മികച്ച സൂപ്പര്‍സോണിക്കുകളായ മിഗ് 21 വിമാനങ്ങള്‍ നിറഞ്ഞു. ഏറ്റവും ആധുനികമായ, പ്രഹരശേഷിയുള്ള മിഗ്ഗുകള്‍ ലഭിച്ചതോടെ വ്യോമസേനയും മരുത്തിനെ പിന്‍നിരയിലേക്ക് തള്ളി. 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ മിഗ്ഗുകള്‍ക്കൊപ്പം മരുതും നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. 1971 ഡിസംബര്‍ നാലിന് അലറിവന്ന പാകിസ്ഥാന്‍ ടാങ്കുകളെ ചാരക്കൂനയാക്കിയ വിഖ്യാതമായ Battle of Longewala യുടെ ഹീറോ ഇവന്‍ ആയിരുന്നു- മരുത്ത്.
സോവിയറ്റ് ഇടപാടുകളും, അതിന്റെ കര്‍ട്ടനു പിന്നില്‍ മറിയുന്ന ശതകോടികളും തലക്ക്പിടിച്ച ഭരണവര്‍ഗം പിന്നീടുള്ള വര്‍ഷങ്ങളില്‍ ഭാരതത്തിന്റെ ഈ സ്വപ്‌നപ്പക്ഷിയെ ചിറകരിഞ്ഞുവീഴ്ത്തുകയായിരുന്നു. ഗവേഷണങ്ങള്‍ നിലച്ചു, ഉള്ള വിമാനങ്ങള്‍ ട്രെയിനിങ്ങിനും മറ്റുമായി മാത്രം എങ്ങനെയൊക്കെയോ ഉപയോഗിച്ചു. ആവശ്യത്തിന് സ്‌പെയറുകള്‍ പോലും കിട്ടാതായി. പതുക്കെപ്പതുക്കെ, എഴുപതുകളുടെ മധ്യത്തോടെ ഈ പദ്ധതി തന്നെ HAL അവസാനിപ്പിച്ചു.