നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ ഭവനനിര്‍മ്മാണ പദ്ധതിയുടെ പേരില്‍ നടന്ന കോടികളുടെ തട്ടിപ്പിലും പെട്ട് നട്ടംതിരിയുന്ന കേരള സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാനും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വേണം മുഖ്യമന്ത്രി ഈയിടെ പ്രഖ്യാപിച്ച ‘100 ദിവസം 100 പദ്ധതി’ യെയും കാണേണ്ടത്. ഈ പദ്ധതികള്‍ പലതും മുമ്പു തന്നെ പ്രഖ്യാപിക്കപ്പെട്ടതും ചിലത് പാതി വഴിയിലെത്തിയതും ചിലത് ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതുമാണെന്ന് ഇതിനകം ആരോപണമുയര്‍ന്നു കഴിഞ്ഞു. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇതിന് രൂപം നല്‍കിയതെന്നും പറയപ്പെടുന്നു. പല കേന്ദ്രപദ്ധതികളും പേരുമാറ്റി സംസ്ഥാനത്തിന്റേതാക്കി നടപ്പാക്കുന്ന കേരള സര്‍ക്കാര്‍ ഇവയെല്ലാം അഴിമതി നടത്താനും ബന്ധുനിയമനത്തിനും പിന്‍വാതില്‍ നിയമനത്തിനുമുള്ള അവസരമാക്കി മാറ്റുകയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അഴിമതി ഇത്രയേറെ വ്യാപകമായ ഒരു കാലമുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. എല്ലാവീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജലമിഷന്‍ പോലും സംസ്ഥാന പദ്ധതിയായാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
സമുദ്രനിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ 9.02 കിലോമീറ്റര്‍ നീളത്തില്‍ ലേ-മണാലി ഹൈവേയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച അടല്‍ ടണലിന്റെ ഉദ്ഘാടനം നടന്ന അതേ സമയത്താണ് കേരളത്തിലും ഒരു ടണല്‍ നിര്‍മ്മാണത്തിനു തുടക്കം കുറിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തിയത്. വയനാട്, കോഴിക്കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിനു പകരമായാണ് ആനക്കാംപൊയില്‍ – കള്ളാടി -മേപ്പാടി വഴിയില്‍ ഒരു തുരങ്കപാത നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനുവേണ്ട അനുവാദം കേന്ദ്ര പരിസ്ഥിതി വകുപ്പില്‍ നിന്നു വാങ്ങുകയോ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചു പഠനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് തുരങ്കം നിര്‍മ്മിക്കുന്നതെന്നും കിഫ്ബിയില്‍ നിന്നു പണം കണ്ടെത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് അത്രവേഗം യഥാര്‍ത്ഥ്യമാകുമെന്ന് ആരും കരുതുന്നില്ല. പരിസ്ഥിതി ആഘാതപഠനം നടത്തിയ ശേഷമേ തുരങ്കത്തിന്റെ പണി ആരംഭിക്കുകയുള്ളൂ എന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
താമരശ്ശേരി ചുരത്തിനു പകരമായി ചിപ്പിലിത്തോട് – താളിപ്പുഴ വഴി ഒരു ചുരം നിര്‍മ്മിക്കുമെന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപനം നടത്തിയിരുന്നു. 74 കി.മീ. ദൈര്‍ഘ്യമുള്ള ഈ ചുരത്തിന്റെ ഭൂരിഭാഗവും റിസര്‍വ്വ് ഫോറസ്റ്റിലൂടെയാണെന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം കിട്ടില്ലെന്നു കണ്ട് പദ്ധതി തുടങ്ങും മുമ്പു തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പകരമായാണ് ഇപ്പോഴത്തെ ഇടത് സര്‍ക്കാരിന്റെ അവസാന കാലത്ത് ഒരു പുതിയ തുരങ്ക പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. തുരങ്കം യാഥാര്‍ത്ഥ്യമാക്കുന്നതിനേക്കാള്‍ ഇതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്തുന്നതിലാണ് അധികൃതര്‍ക്കു താല്പര്യമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങളൊന്നും രൂപപ്പെടുത്തിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ താമരശ്ശേരി ബിഷപ്പിനെ പങ്കെടുപ്പിച്ചതിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഈ ബിഷപ്പിന്റെ മുന്‍ഗാമിയെയാണ് മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരുന്ന അവസരത്തില്‍ നികൃഷ്ടജീവിയെന്നു വിളിച്ചതെന്നതും ഓര്‍ക്കേണ്ടതുണ്ട്.
ടണല്‍ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനത്തിനു ബിഷപ്പിനെ പങ്കെടുപ്പിക്കാന്‍ ജാഗ്രത കാട്ടിയ സര്‍ക്കാര്‍ കൊല്ലത്ത് ആരംഭിക്കുന്ന പുതിയ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകാലശാലയുടെ ആര്‍ഭാടപൂര്‍ണ്ണമായ ഉദ്ഘാടനച്ചടങ്ങില്‍ എസ്.എന്‍.ഡി.പി.യോഗത്തിന്റെ പ്രതിനിധിയെയോ വര്‍ക്കല ശിവഗിരി മഠത്തിലെ ഏതെങ്കിലും സന്യാസിയെയോ പങ്കെടുപ്പിക്കാതിരിക്കാനും ജാഗ്രത കാണിച്ചു. കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ച സന്യാസിവര്യന്‍ പോലുമുള്ള സ്ഥലമാണ് ശിവഗിരിമഠം. സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറെയും മറ്റും പ്രഖ്യാപിച്ചപ്പോഴാണ് സര്‍ക്കാരിന്റെ ഇടത്-ജിഹാദി മനസ്സിന്റെ തനിനിറം പുറത്തുവന്നത്. മതിയായ യോഗ്യതകളോ ശ്രീനാരായണധര്‍മ്മവുമായി പുലബന്ധമോ ഇല്ലാത്ത ഒരു വ്യക്തിയെയാണ് വൈസ് ചാന്‍സലറായി പ്രഖ്യാപിച്ചത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നതിലും വഴിവിട്ട നിയമനത്തിലും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശന്‍ ശക്തിയായി പ്രതിഷേധിക്കുകയുണ്ടായി. ക്ലിഫ് ഹൗസിലെ പുതിയ മരുമകനും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചേര്‍ ന്നാണ് പുതിയ നിയമനത്തിന്റെ പിന്നില്‍ ചരടുവലികള്‍ നടത്തിയത് എന്നാണറിയുന്നത്. ശബരിമല വിഷയത്തില്‍ നവോത്ഥാന മതില്‍ നിര്‍മ്മിച്ചപ്പോള്‍ ഒപ്പം നിന്ന വെള്ളാപ്പള്ളിയെപോലും പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് കൈയൊഴിയേണ്ടിവന്നു. മതിയായ യോഗ്യതയില്ലാത്ത ഒരു വ്യക്തിയെ വൈസ് ചാന്‍സലറാക്കിയത് യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചതായും വാര്‍ത്തയുണ്ട്. ശ്രീനാരായണഗുരുവിന്റെ പേരില്‍ സര്‍വ്വകലാശാല ആരംഭിക്കുന്നതിലൂടെ സര്‍ക്കാര്‍ എന്തോ നല്ല കാര്യം ചെയ്യാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കിയെങ്കിലും ഗുരുവിന്റെ പേര് ഉപയോഗിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നു തന്നെ വ്യക്തമായി. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വിദൂരവിദ്യാഭ്യാസ വകുപ്പുകളെ ഒരു പ്രത്യേക സര്‍വ്വകലാശാലയുടെ കീഴില്‍ കൊണ്ടുവരാന്‍ മാത്രമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ അനുഭവം തന്നെയാണ് ഈ പുതിയ സര്‍വ്വകലാശാലയ്ക്കും ഉണ്ടാകാന്‍ പോകുന്നത്. സംസ്‌കൃതത്തിനോ ശങ്കരാചാര്യര്‍ക്കോ ഒരു പ്രാധാന്യവും നല്‍കാത്തതാണല്ലോ ആ സ്ഥാപനം. പുതിയ സര്‍വ്വകലാശാലയിലും ഗുരുധര്‍മ്മത്തിനോ ഗുരു നന്നായി കൈകാര്യം ചെയ്തിരുന്ന മലയാളം, തമിഴ്, സംസ്‌കൃതം ഭാഷകള്‍ക്കോ ഒരു സ്ഥാനവുമുണ്ടാകില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പകരം അറബിയും ചൈനീസും ഉള്‍പ്പെടെയുള്ള വിദേശ ഭാഷകള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത് എന്നും കേള്‍ക്കുന്നു ണ്ട്. ഹിന്ദുക്കളെ നോക്കുകുത്തിയാക്കുന്ന ഇടത് സര്‍ക്കാരിന്റെ കടുംവെട്ടിനെതിരെ ശക്തിയായ പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.