സരയുനദി ഗംഗയുടെ പോഷകനദിയാണ്. മാനസസരോവറില്‍ നിന്ന് ജ്യേഷ്ഠശുക്ലപൂര്‍ണിമയില്‍ ഉത്ഭവിച്ചു എന്ന് കരുതുന്ന പുണ്യനദിയായ സരയുവിനെ ഗംഗയെപ്പോലെതന്നെ പവിത്രമായാണ് ഇവിടുത്തുകാര്‍ കാണുന്നത്. അതുകൊണ്ട് സരയുനദിയെ ‘സരയൂജി’ എന്നല്ലാതെ ഇവിടെയുള്ളവര്‍ സംബോധന ചെയ്യില്ല.
സരയുനദിയ്ക്ക് കുറുകെ ഒരു കിലോമീറ്റര്‍ നീളമുള്ള പാലത്തിന് കീഴിലെത്തിയപ്പോള്‍ രാംഫല്‍ പ്രജാപതി ഒന്ന് നിന്നു. നെടുതായൊന്നു നിശ്വസിച്ച് നദിതീരത്തിട്ട ചാരുബെഞ്ചിലിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മൂന്നു ദശകങ്ങള്‍ പിന്നോട്ട്‌പോയി. 1992-ലെ ശ്രീരാമജന്മഭൂമിയിലെ കര്‍സേവകനായി അദ്ദേഹം മെല്ലെ രൂപാന്തരപ്പെട്ടു. അയോധ്യയിലും ഫൈസാബാദ് ജില്ലയിലും ലക്ഷക്കണക്കിന് കര്‍സേവകന്മാര്‍ രാമമന്ത്രം മുഴക്കി വന്നണഞ്ഞപ്പോള്‍ രാംഫല്‍ പ്രജാപതിയുടെ നേതൃത്വത്തിലുള്ള സംഘം അയോധ്യയിലേക്ക് കടക്കാനാകാതെ പാലത്തിനക്കരെ തമ്പടിക്കുകയായിരുന്നു. 3 ദിവസം മതിയായ ആഹാരമോ കുടിവെള്ളമോ പോലും ലഭിക്കാതെ പാലത്തിനക്കരെ കുടുങ്ങിപ്പോയ കര്‍സേവകന്മാര്‍ക്ക് പോലീസ് വലയം ഭേദിച്ച് മുന്നേറാന്‍ അവസരം കിട്ടിയത് നാലാം നാളായിരുന്നു. കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ പാലത്തിലേയ്ക്ക് നീങ്ങിയ കര്‍സേവകന്മാര്‍ക്കെതിരെ പോലീസ് നിറയൊഴിച്ചു. ആയിരക്കണക്കിന് കര്‍സേവകന്മാര്‍ വീരബലിദാനികളായി. മുലായംസിങ്ങ് യാദവിന്റെ പോലീസ് കോട്ടകെട്ടി പ്രതിരോധിച്ചിരുന്ന രാമജന്മഭൂമിയില്‍ അപ്പോഴേക്കും കര്‍സേവകര്‍ കര്‍സേവ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. അയോധ്യയില്‍ വ്യാപകമായ വെടിവയ്പും നരനായാട്ടും നടന്നു. സരയുനദിയ്ക്ക് കുറുകെയുള്ള പാലത്തില്‍ വെടിയേറ്റ കര്‍സേവകരെ ജീവനോടെയും അല്ലാതെയും ചാക്കുകളില്‍ കെട്ടി നദിയിലേയ്ക്ക് വലിച്ചെറിഞ്ഞു. ചീഞ്ഞളിഞ്ഞ കര്‍സേവകരുടെ മൃതദേഹങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് നദിയില്‍ നിന്ന് കണ്ടെടുത്തത്. വെടിയുണ്ടയുടെ ശീല്‍ക്കാരവും അവയെ വെല്ലുവിളിക്കുന്ന ‘ജയ് ശ്രീറാം’ വിളികളും ചോരയുടെ രൂക്ഷഗന്ധവും രാംഫല്‍ജിയുടെ അനുസ്മരണത്തില്‍ നിന്നും എന്റെ സ്മൃതിതിരശ്ശീലയില്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞുവന്നു.
കര്‍സേവയുടെ സ്മരണകളില്‍ നിന്നും ശംഖനാദത്തിന്റെയും മണിനാദത്തിന്റെയും അകമ്പടിയിലുള്ള സരയു ആരതിയിലേയ്ക്കാണ് കണ്ണും മനസ്സും പിന്നീട് സഞ്ചരിച്ചത്. ഗംഗാ ആരതിയുടെ പകിട്ടില്ലെങ്കിലും സരയുവിന്റെ തീരത്ത് കല്‍പ്പടവുകളില്‍ ഭക്തിനിര്‍ഭരമായ നദീപൂജ ഞങ്ങള്‍ ചെല്ലുമ്പോഴേയ്ക്കും സമാപനത്തോടടുത്തിരുന്നു. ദീപധൂപങ്ങളും നിലയ്ക്കാത്ത മണിനാദങ്ങളും സൃഷ്ടിച്ച അലൗകിക അന്തരീക്ഷത്തില്‍ ഒരു ദിവസത്തെ സഞ്ചാരത്തിന്റെ തിരശ്ശില വീഴുകയായി. മടക്കയാത്രയില്‍ വാത്മീകിഭവനും മാഹേശ്വര്‍നാഥ് മന്ദിരവും ദര്‍ശിക്കാന്‍ കഴിഞ്ഞു. വാത്മീകിഭവന്‍ പുതിയ നിര്‍മ്മിതിയാണ്. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതൃത്വമായിരുന്ന മഹന്ത് നൃത്യഗോപാല്‍ ദാസ്ജി പണികഴിപ്പിച്ച പടുകൂറ്റന്‍ ക്ഷേത്രസമുച്ചയമാണിത്. ക്ഷേത്രച്ചുവരുകളില്‍ വാത്മീകിരാമായണം സമ്പൂര്‍ണ്ണമായി കൊത്തിവച്ചിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. കുശലവന്മാരും വാത്മീകിമഹര്‍ഷിയുമൊക്കെ ഇവിടെ പ്രതിഷ്ഠാരൂപത്തില്‍ കുടികൊള്ളുന്നു. ഇരുട്ടു വീണു തുടങ്ങിയതിനാല്‍ ക്ഷേത്രച്ചുവരുകളിലെ രാമായണശ്ലോകം വായിക്കുവാന്‍ അല്‍പം ബുദ്ധിമുട്ട് നേരിട്ടിരുന്നു. വാത്മീകി രാമായണ ഭവനില്‍ നിന്നും ഞങ്ങള്‍ നേരെ പോയത് നാഗേശ്വര്‍നാഥ് മന്ദിര്‍ എന്ന ശിവക്ഷേത്രത്തിലേക്കായിരുന്നു. ഇത് ദ്വാദശ ജ്യോതിര്‍ലിംഗങ്ങളിലൊന്നാണെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്. ശ്രീരാമചന്ദ്രന്റെ മക്കളില്‍ ഒരുവനായ കുശനാണത്രേ ഈ ക്ഷേത്രത്തിന്റെ സ്ഥാപകന്‍. സരയുതീരത്ത് സ്ഥിതി ചെയ്യുന്ന നാഗേശ്വര്‍നാഥ് മന്ദിര്‍ അവിടെ വരുവാന്‍ കാരണമായ ഐതിഹ്യം സരയുനദിയുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ സരയുനദിയില്‍ സ്‌നാനം ചെയ്യുകയായിരുന്ന കുശന്റെ കനകനിര്‍മിതമായ തോള്‍വള പുഴയില്‍ നഷ്ടപ്പെടുകയും, ഒരു നാഗകന്യക അത് വീണ്ടെടുത്തു നല്‍കുകയും ചെയ്തത്രേ. നാഗകന്യകയുടെ ഇഷ്ടദേവനായ ശിവനെ രാം കീ പൗഡിയില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് കുശന്‍ നാഗകന്യകയോട് കൃതജ്ഞത കാട്ടിയത്. അഭിഷേകവും ആരതിയും കഴിഞ്ഞ് നടയടക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് എനിക്ക് നാഗേശ്വര്‍നാഥിനെ ദര്‍ശിക്കാനായത്. നന്ദികേശ്വരനും ഗണപതിയും ഇവിടെ ഭഗവാന്‍ പരമശിവന് അഭിമുഖമായി പ്രതിഷ്ഠകൊള്ളുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തെത്തിയ ഞങ്ങള്‍ കര്‍സേവാപുരത്തേയ്ക്ക് നടന്നു തുടങ്ങി. പിറ്റേന്ന് അതിരാവിലെ തന്നെ സരയുനദിയുടെ തീരത്തുള്ള ശ്മശാനഘട്ടുകളും മറ്റുചില സ്ഥലങ്ങളും കണ്ടുതീര്‍ക്കാമെന്ന ധാരണയില്‍ ഒരു ദിവസത്തെ തീര്‍ത്ഥാടനത്തിന് വിരാമമിട്ടു.
രാമകഥ പാടുന്ന സരയു
വൈഷ്ണവഭക്തിയുടെ രാമകഥ പാടിയൊഴുകുന്ന സരയുവിന്റെ തീരത്ത് കണ്ടാലും കണ്ടാലും തീരാത്തത്ര പുണ്യസങ്കേതങ്ങളുണ്ട്. രാമജന്മഭൂമിയുടെ പരിസരത്തായി ദശരഥഭവനും കനകഭവനും ഉണ്ടെന്ന് നേരത്തെ പരാമര്‍ശിച്ചിരുന്നു. അതേപോലെ ഭരതന്‍ ജനിച്ച കൈകേയി ഭവന്‍, ലക്ഷ്മണനും ശത്രുഘ്‌നനും ജനിച്ച സുമിത്രാഭവന്‍ തുടങ്ങിയവയൊക്കെ ഭക്തജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്. രാമജന്മഭൂമിയില്‍ നിന്നും 60 അടി മാത്രം മാറി സീതാകൂപ് എന്ന പുണ്യതീര്‍ത്ഥമുണ്ടത്രേ. കൂപമെന്നാല്‍ കുളമെന്നും കിണറെന്നും അര്‍ത്ഥമുണ്ട്. സീതയുടെ പേരിലുള്ള ഈ പുണ്യതീര്‍ത്ഥത്തിലെ ജലം സേവിച്ചാല്‍ അത് സര്‍വ്വരോഗസംഹാരകമാണ് എന്ന് ഭക്തജനങ്ങള്‍ വിശ്വസിച്ചിരുന്നു. ഏത് പാമരനെയും പണ്ഡിതനാക്കാന്‍ കഴിയുന്ന ജ്ഞാനതീര്‍ത്ഥമാണത്രേ സീതാകൂപ്. തിരക്കുകാരണം സീതാകൂപ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ശ്രീരാമചന്ദ്രന്‍ 14 വര്‍ഷം വനവാസത്തിലായിരുന്നപ്പോള്‍ ഭരതന്‍ രാമന്റെ പാദുകം വച്ച് പൂജചെയ്ത് സന്യാസവൃത്തിയോടെ കഴിഞ്ഞ നന്ദിഗ്രാമം അയോധ്യയ്ക്ക് തെക്ക് 12 മൈല്‍ ദൂരെയാണെന്ന് അറിയാന്‍ കഴിഞ്ഞു. ഇവിടേക്കും എത്തിച്ചേരാനുള്ള സമയമുണ്ടായില്ല. എല്ലാ തീര്‍ത്ഥസങ്കേതങ്ങളിലും കുറച്ചു കാണാന്‍ ബാക്കിവയ്ക്കുന്നത് വീണ്ടും വരാനുള്ള പ്രേരണയാകുമല്ലോ. എന്താണെങ്കിലും ഡിസംബര്‍ 18ന് രാവിലെ തന്നെ സരയുവിന്റെ തീരത്തുള്ള രാം കീ പൗഡിയിലെ ബാക്കി കാഴ്ചകള്‍ കാണാന്‍ ഞാന്‍ യാത്ര തിരിച്ചു. പോകുന്ന വഴിയില്‍ രാമകഥാകുഞ്ചില്‍ കയറാമെന്ന് നിശ്ചയിച്ചത് എന്റെ മാര്‍ഗദര്‍ശിയായ രാംഫല്‍ പ്രജാപതിയാണ്. ഭാവിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ശ്രീരാമക്ഷേത്ര സമുച്ചയത്തിന്റെ ഉള്ളില്‍ രാമാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ഇതിവൃത്തം ശില്‍പങ്ങളായി നിര്‍മ്മിക്കുന്ന പ്രവൃത്തിയാണ് രാമകഥാകുഞ്ചില്‍ നടക്കുന്നത്. അസമില്‍ നിന്നും വന്ന ചന്ദ്ര മണ്ഡല്‍, രഞ്ജിത് മണ്ഡല്‍ എന്നീ ശില്‍പികള്‍ രാമകഥാകുഞ്ചിലേക്കുള്ള ശില്‍പനിര്‍മ്മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളായി രാമായണം ഇവിടെ പുനര്‍ ജനിച്ചുകൊണ്ടിരിക്കുകയാണ്.


രാമകഥാ കുഞ്ചില്‍ നിന്നും ഞങ്ങള്‍ നേരെ പോയത് രാംകീ പൗഡിയിലുള്ള ‘ഹിയോ ഹ്വാങ്ങ് ഓക്കു’ സ്മാരകത്തിലേയ്ക്കാണ്. ദക്ഷിണ കൊറിയന്‍ സര്‍ക്കാരാണ് സരയുവിന്റെ തീരത്തെ ഈ സ്മാരകം 2001ല്‍ നിര്‍മ്മിച്ച് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അയോധ്യയില്‍ നിന്നും പ്രാചീനകാലത്ത് കൊറിയയിലെ രാജാവിനെ വിവാഹം കഴിച്ച ഒരു യുവതിയുടെ സ്മരണയ്ക്കാണ് ഈ സ്മാരകം പണിതത്. ഈ വിവാഹത്തിലൂടെ അയോധ്യയുടെ രാമപാരമ്പര്യം തങ്ങള്‍ക്കും കൈവന്നുവെന്ന് കൊറിയന്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നു. ഇന്തോനേഷ്യയും ജാവയും ഒക്കെ രാമായണപാരമ്പര്യം അവകാശപ്പെടുന്ന രാജ്യങ്ങളാണ്. ലോകത്ത് നിരവധി രാജ്യങ്ങളില്‍ രാമായണവും രാമായണകലകളും രാമപാരമ്പര്യവും ഇന്നും നിലകൊള്ളുന്നുണ്ട്. ശ്രീരാമനെന്ന് കേള്‍ക്കുന്നത് ഭാരതത്തില്‍ ചിലര്‍ക്ക് വര്‍ഗ്ഗീയ ഹാലിളക്കമുണ്ടാക്കുമെങ്കിലും ലോകത്തിനങ്ങനെ അല്ല എന്നതിന് ഉദാഹരണമാണ് ‘ഹിയോ ഹ്വാങ്ങ് ഓക്കു’ സ്മാരകം.