Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home യാത്രാവിവരണം

രാമജന്മഭൂമിയിലേക്ക് (കാലവാഹിനിയുടെ കരയില്‍ 3)

ഡോ. എന്‍. ആര്‍. മധു മീനച്ചിൽഡോ. എന്‍. ആര്‍. മധു മീനച്ചിൽ
25 September 2020

അടുത്തതായി ശ്രീരാമജന്മഭൂമി സന്ദര്‍ശിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അയോദ്ധ്യ ഭാരതത്തിലെ 7 പുണ്യ നഗരികളിലൊന്നാണ്. സരയു നദിയുടെ വലതുകരയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രാചീന നഗരം ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്. സരയു നദിയെ ഇവിടെയുള്ളവര്‍ സരയുജി എന്നാണ് ഭക്തിപൂര്‍വ്വം വിളിക്കുന്നത്. നദികളെ വ്യക്തി സ്വത്വമാര്‍ന്ന ഒന്നായി കാണുക എന്നത് ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. വൈവസ്വതമനുവാണത്രെ അയോദ്ധ്യയെ ആദ്യമായി തലസ്ഥാനമാക്കുന്നത്. വൈവസ്വതമനുവില്‍ നിന്നും 62 തലമുറകള്‍ കഴിഞ്ഞാണ് അയോദ്ധ്യയില്‍ ശ്രീരാമചന്ദ്രന്‍ ജനിക്കുന്നത്. രാജാ ഹരിശ്ചന്ദ്രന്റെ ജന്മസ്ഥലവും അയോദ്ധ്യയാണെന്നാണ് കരുതപ്പെടുന്നത്. വിക്രമാദിത്യ  മഹാരാജാവാണ് ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഭാരതത്തിലേക്ക് അതിക്രമിച്ചെത്തിയ അധിനിവേശ ശക്തികള്‍ ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കാന്‍ അവരുടെ വിശ്വാസകേന്ദ്രങ്ങളെ തച്ചുടയ്ക്കുക എന്ന നയം സ്വീകരിച്ചു. ലോകത്തെല്ലായിടത്തും വിജയികള്‍ പരാജിതന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ മനഃശാസ്ത്രയുദ്ധത്തിന്റെ ഭാഗമായി സ്ത്രീകളെയും വിശ്വാസകേന്ദ്രങ്ങളെയും ആക്രമിച്ചിട്ടുണ്ട്. പ്രാകൃത അറബി ഗോത്രവര്‍ഗ്ഗങ്ങളുടെ പടയോട്ടങ്ങളില്‍ ഭാരതം പലവട്ടം അടിപതറിയെങ്കിലും ഒരിക്കലും പൂര്‍ണ്ണമായി കീഴടങ്ങിയില്ല. അയോധ്യയും കാശിയും മഥുരയുമെല്ലാം ഇസ്ലാമിക പടയോട്ടങ്ങളില്‍ തകര്‍ത്തെറിയപ്പെടുകയും അവയ്ക്കുമേല്‍ ഇസ്ലാമിക സ്മാരകങ്ങള്‍ പടുത്തുയര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എ.ഡി. 1528ല്‍ ബാബര്‍ തന്റെ സേനാനായകനായിരുന്ന മീര്‍ ബാക്കിക്ക് നല്‍കിയ സവിശേഷ ദൗത്യമായിരുന്നു രാമജന്മഭൂമിക്ഷേത്രം തകര്‍ക്കുക എന്നത്. രാമജന്മഭൂമിയെ രക്ഷിക്കാന്‍ ഹിന്ദുസമൂഹം 17 ദിവസം നീണ്ടുനിന്ന പോരാട്ടം നടത്തി. ഹിന്ദുവിന്റെ രക്തം കുഴഞ്ഞ മണ്ണിലാണ് ഒടുക്കം ക്ഷേത്രം ഉടഞ്ഞുവീണത്. ക്ഷേത്രാവശിഷ്ടങ്ങള്‍ക്കുമേല്‍ ബാബറി സ്മാരകം പണിതുവെങ്കിലും ഹിന്ദുക്കള്‍ രാമജന്മഭൂമി വിമോചിപ്പിക്കാനായി വീണ്ടും പലവട്ടം പടനയിച്ചു. രാമജന്മഭൂമി വിമോചിപ്പിക്കാനായി 77 യുദ്ധങ്ങള്‍ നടന്നതായാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഒരിക്കലും സമ്പൂര്‍ണ്ണമായി ഈ സങ്കേതം തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താന്‍ ഒരു ഇസ്ലാമിക അധിനിവേശശക്തിയ്ക്കും കഴിഞ്ഞില്ല. തകര്‍ത്ത ക്ഷേത്രം വീണ്ടും നിര്‍മ്മിക്കുകയും അവ വീണ്ടും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബാബറിന്റെ കാലത്ത് നാല് തവണയും ഹുമയൂണിന്റെ കാലത്ത് 10 തവണയും അക്ബറുടെ കാലത്ത് 16 തവണയും ഔറംഗസേബിന്റെ കാലത്ത് 21 തവണയും സിക്കന്തര്‍ ലോധിയുടെ കാലത്ത് ഒരു തവണയും രാമജന്മഭൂമിയില്‍ ആധിപത്യംസ്ഥാപിക്കാന്‍വേണ്ടിയുള്ള മുസ്ലീം പടയോട്ടം നടന്നിട്ടുണ്ട്. 1992ല്‍ ഉണ്ടായ കര്‍സേവയിലാണ് രാമജന്മഭൂമിയില്‍ സ്ഥാപിച്ചിരുന്ന ബാബറി കെട്ടിടം തകര്‍ന്നു വീണത്.

Google NewsAdd Kesari Weekly as a preferred source on Google

ഇടുങ്ങിയ തെരുവുകളിലൂടെ രാം ഫല്‍ പ്രജാപതി രാംജന്മഭൂമിയിലേക്ക് എന്നെ നയിക്കുകയാണ്. ഒരു കവലയിലെത്തിയപ്പോള്‍ മെറ്റല്‍ ഡിക്റ്ററ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നു. അതിനപ്പുറത്തേയ്ക്ക് ക്യാമറയോ പേനയോപോലും കൊണ്ടുപോകാനാവില്ല. അവ സൂക്ഷിക്കാനുള്ള കൗണ്ടറുകള്‍ അടുത്തു തന്നെ ഉണ്ടായിരുന്നു. എന്നാല്‍ രാംഫല്‍ജി എന്റെ ക്യാമറാബാഗും ഫോണും എല്ലാമായി പുറത്തുനില്‍ക്കാമെന്നു പറഞ്ഞു. ദര്‍ശനം കഴിഞ്ഞ് ഞാന്‍ മടങ്ങിവരുവോളം അദ്ദേഹം പുറത്തുകാത്തുനില്‍ക്കേണ്ടിവരും. ഞാന്‍ എല്ലാ വസ്തുവകകളും അദ്ദേഹത്തെ ഏല്‍പ്പിച്ച് വരിയില്‍ കടന്നുകൂടി. നിരവധി സ്ഥലങ്ങളില്‍ ദേഹപരിശോധന ചെയ്താണ് ഓരോ സന്ദര്‍ശകനേയും കടത്തിവിടുന്നത്. വഴി മദ്ധ്യേ ‘സീതാ കാ രസോയി’ എന്ന സീതയുടെ അടുക്കളയിലേക്കുള്ള സൂചനാഫലകം കണ്ടു. എന്നാല്‍ അവിടേയ്ക്ക് ഭക്തരെ കടത്തി വിടുന്നുണ്ടായിരുന്നില്ല. രാമജന്മഭൂമിട്രസ്റ്റിന്റെ അധികാര പരിധിയില്‍ വരുന്ന 67 ഏക്കറില്‍ പെടുന്നതാണ് ‘സീതാ കാ രസോയി’ എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ജനകപുരിയില്‍ നിന്നും വിവാഹിതയായി വന്ന സീതാദേവി ഉണ്ടാക്കിയതാണത്രെ അടുക്കള. ഉരുക്കുവേലികള്‍ക്ക് ഉള്ളിലൂടെ ഭക്തര്‍ വരിവരിയായി മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. ഉരുക്കുവേലിക്കുള്ളില്‍ കടക്കുന്ന ഒരാള്‍ക്ക് ഒരുകാരണവശാലും പുറത്തിറങ്ങാനാവില്ല. കാരണം മേല്‍ക്കൂരയും ഉരുക്കുചട്ടക്കൂടിലാണ് ഉറപ്പിച്ചിരിക്കുന്നത്. ഏതാണ്ട് ജയിലിലായ പ്രതീതിയാണ് ഉണ്ടാവുക. അഴികള്‍ക്ക് പുറത്ത് വലിയ മതില്‍ക്കെട്ടിനുള്ളില്‍ പരന്നു കിടക്കുന്ന പ്രദേശമാണ് രാമജന്മഭൂമിയെന്ന വിശുദ്ധസ്ഥലി. പുരാവസ്തുവകുപ്പുകാര്‍ ഉദ്ഖനനം നടത്തിയ കുഴികള്‍ പലയിടത്തും കാണാം. വിശാലമായ ഭൂമിയില്‍ ചരിത്രത്തിനുസാക്ഷ്യം പറയാനെന്നവണ്ണം മുത്തശ്ശനരയാലുകളും പേരാലുകളും പുളിമരങ്ങളും നില്‍ക്കുന്നുണ്ടായിരുന്നു.

അകലെ ഒരു മണ്‍കൂനയില്‍ ശ്രീരാമചന്ദ്രന്റെ താത്കാലിക ശ്രീലകം കണ്ടുതുടങ്ങി. പട്ടാള ടെന്റുപോലൊരു താത്കാലിക മേല്‍ക്കൂര ചുറ്റും കമ്പിവേലികളാല്‍ ചുറ്റപ്പെട്ട് കാണായി. കര്‍സേവയുടെ അവശിഷ്ടങ്ങളാണ് ചെറിയ കുന്നായി രൂപാന്തരപ്പെട്ടിരിക്കുന്നതെന്ന് തോന്നി. കാരണം ചുണ്ണാമ്പുകല്ലുകളുടെ നിര്‍മ്മിതി എന്ന് തോന്നിക്കുന്ന നിരവധി ചെറുശിലകള്‍ ആ കുന്നിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം. ഹനുമാന്‍ കുരങ്ങുകള്‍ സങ്കേതത്തിലെങ്ങും ആധികാരികഭാവത്തില്‍ ഓടി നടക്കുന്നുണ്ടായിരുന്നു. പോരാട്ടത്തിന്റെ ചരിത്രവും നിണമഴയുടെ ഗന്ധവും ഭക്തിയുടെ സാന്ദ്രതയും എല്ലാം കൂടിച്ചേരുന്ന ആ തിരുനടയില്‍ ഞാന്‍ ഒരു നിമിഷം നിന്നു. രണ്ടു മയിലുകള്‍ ദ്വാരപാലകരെപ്പോലെ അപ്പോള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആരെയും ഭയക്കാതെ ബാലരാമനെ കണ്‍കുളിര്‍ക്കെ കണ്ടു നില്‍ക്കുന്ന മയിലുകള്‍ രാമജന്മഭൂമിയില്‍ വസന്തകാലത്തിന്റെ ആഗമനം വിളിച്ചോതുന്നതുപോലെ തോന്നി. പട്ടുചാര്‍ത്തിയ ശ്രീലകത്ത് വളരെ ചെറിയ രാമലാലയുടെ വിഗ്രഹം കണ്ടുതൊഴുമ്പോള്‍ എന്തുകൊണ്ടോ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. തോക്കേന്തിയ കാവല്‍ഭടന്മാര്‍ക്കിടയിലൂടെ വീണ്ടും കൂറേദൂരം നടന്നിട്ടാണ് പുറത്തുവരാനായത്. അവിടെ ക്യാമറയും എന്റെ സാമഗ്രികളുമായി കാത്തുനില്‍ക്കാമെന്നേറ്റ രാംഫല്‍ജിയെ എത്രശ്രമിച്ചിട്ടും എനിക്ക് കണ്ടെത്താനായില്ല. ഒരു നിമിഷം ഞാന്‍ ആശങ്കപ്പെട്ടുപോയി. കാരണം വിലപിടിപ്പുള്ള വസ്തുക്കള്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളെ ഏല്‍പ്പിച്ച് പോകാനുള്ള എന്റെ തീരുമാനത്തെ ഞാന്‍ തന്നെ വിമര്‍ശിച്ചു.

ADVERTISEMENT

മൂന്നാമതൊരുവട്ടം കൂടി തിരഞ്ഞു നോക്കിയപ്പോള്‍ തിരക്കിനിടയില്‍ രാംഫല്‍ജി ഒരു ചാരുബഞ്ചില്‍ എന്റെ ക്യാമറബാഗും കെട്ടിപ്പിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. ആ സാധുവിനെ ഒരു നിമിഷം സംശയിച്ചതില്‍ ഞാന്‍ കുണ്ഠിതപ്പെട്ടു. രാമജന്മഭൂമി ക്ഷേത്രത്തിന്റെ വിളിപ്പാടകലെയാണ് ഹനുമാന്‍ ഘടി മന്ദിര്‍. ഇതുപോലുള്ള നിരവധി ക്ഷേത്രങ്ങള്‍ അയോദ്ധ്യയിലുണ്ടെങ്കിലും ഹനുമാന്‍ ഘടി മന്ദിറിന് ഏറെ പ്രാധാന്യങ്ങളുണ്ട്. കാരണം അയോദ്ധ്യയെ കാക്കുന്ന രക്ഷാപുരുഷനാണ് ഹനുമാന്‍ എന്ന വിശ്വാസമാണ് ഭക്തജനങ്ങള്‍ക്കുള്ളത്. ഹനുമാന്‍ഘടി മന്ദിറിനടുത്തുള്ള ഏതോ ഗുഹയില്‍ ചിരഞ്ജീവിയായ ഹനുമാന്‍ സദാസമയം രാമനാമം ജപിച്ച് കഴിയുന്നുവെന്നാണ് വിശ്വാസം. സത്യത്തില്‍ ശ്രീരാമദര്‍ശനത്തിന് മുമ്പ് ഹനുമാന്‍ ഘടി മന്ദിറിലെ ആഞ്ജനേയനെ വണങ്ങുന്നതാണ് ദര്‍ശനവിധി. 70 പടികള്‍ കയറി മുകളിലെത്തുമ്പോള്‍ കുങ്കുമാഭിഷിക്തനായ ഹനുമാന്‍ പ്രതിഷ്ഠ കാണാം. ഭഗവാന്‍ ആഞ്ജനേയന്‍ ഇവിടെ മാതാവ് അഞ്ജനയുടെ മടിയില്‍ ഇരിക്കുന്ന ഭാവത്തിലാണത്രേ പ്രതിഷ്ഠ കൊള്ളുന്നത്. രാമജന്മഭൂമി ക്ഷേത്രം പോലെതന്നെ ഹനുമാന്‍ ഘടി മന്ദിരവും പലവട്ടം തകര്‍ക്കപ്പെട്ടിട്ടുണ്ട്. സാധകനായ ബാബാ അഭയ് രാംദാസ് ത്യാഗിക്ക് ഇവിടെ ഹനുമത് ദര്‍ശനം കിട്ടിയിട്ടുണ്ടത്രേ. നവാബ് മണ്‍സൂര്‍ അലിസാഹിബിന് ഗുരുതര രോഗം ബാധിച്ചപ്പോള്‍ അഭയരാംദാസ്ജി ഹനുമാന്‍ജിയുടെ നാമത്തില്‍ മരുന്ന് നല്‍കി സുഖപ്പെടുത്തി. പ്രത്യുപകാരമായി നവാബ് പണിഞ്ഞു നല്‍കിയതാണ് ഇപ്പോള്‍ കാണുന്ന ഹനുമാന്‍ഘഡി ക്ഷേത്രം. നൂറുകണക്കിന് ഭക്തജനങ്ങള്‍ തിരുനടയുടെ മുമ്പിലുള്ള ഭജനപ്പുരയില്‍ ഹനുമാന്‍ ചാലീസ ചൊല്ലിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ദര്‍ശനം കഴിഞ്ഞ് പടികളിറങ്ങുമ്പോള്‍ എന്റെ മനസ്സ് കര്‍സേവാകാലത്തെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോയി. നിരവധി കര്‍സേവകര്‍ വെടിയേറ്റു മരിച്ച ഒരു ചരിത്രസ്ഥലി കൂടിയാണ് ഹനുമാന്‍ മന്ദിര്‍. ഹനുമാന്‍ ഘടി മന്ദിറില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ രാജദ്വാര്‍ മന്ദിര്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. അതിന്റെ കൂറ്റന്‍ മകുടം ആകാശമേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്നത് കാണാന്‍ ഏറെ ഭംഗിയുള്ള കാഴ്ചയാണ്. മാധ്യമങ്ങള്‍ പലപ്പോഴും രാജ്ദ്വാര്‍ മന്ദിറിനെയാണ് അയോദ്ധ്യയുടെ അടയാളമായി കാണിക്കാറ്.

ഫൈസാബാദ് ജില്ലയുടെ ഭരണതലസ്ഥാനമാണ് അയോദ്ധ്യ. ഈ പുണ്യ നഗരിയില്‍ ബുദ്ധ-ജൈന മതവിശ്വാസങ്ങളും ഇഴചേര്‍ന്നുകിടക്കുന്നു. ശ്രീബുദ്ധനും വര്‍ദ്ധമാന മഹാവീരനും അയോദ്ധ്യ സന്ദര്‍ശിക്കുകയും ഇവിടെ സാധന ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ജൈനമതവിശ്വാസമനുസരിച്ച് 5 തീര്‍ത്ഥങ്കരന്മാരുടെ ജന്മഭൂമി കൂടിയാണ് അയോദ്ധ്യ. ഇന്ന് ബൗദ്ധ-ജൈന പാരമ്പര്യങ്ങളുടെ അടയാളങ്ങള്‍ കാര്യമായി ബാക്കിയില്ല എന്നതാണ് സത്യം. ഹനുമാന്‍ ഘടി മന്ദിറില്‍ നിന്നും ഞങ്ങള്‍ കനകഭവന്‍ മന്ദിറിലേയ്ക്കാണ് പോയത്. ശ്രീരാമപത്‌നിയായി എത്തിയ സീതാദേവിക്ക് കൈകേയി മാതാവ് സമ്മാനമായി നല്‍കിയ കൊട്ടാരമാണത്രേ ഇത്. ഇന്നിത് രാമജാനകി പ്രതിഷ്ഠ ഉള്‍ക്കൊള്ളുന്ന ക്ഷേത്രസമുച്ചയമാണ്. സ്വര്‍ണ്ണാഭരണ വിഭൂഷിതരായ സീതാരാമന്മാരുടെ വിഗ്രഹങ്ങളുണ്ടായതുകൊണ്ടാകാം ഇതിനെ കനകഭവനം എന്നു വിളിക്കുന്നത്. വിശാലമായ മുറ്റവും വൃത്തിയുള്ള പരിസരവും കനകഭവന്റെ പ്രത്യേകതയാണ്. വാസ്തുശൈലിയില്‍ ഇത് രാജസ്ഥാന്‍ മാതൃകയാണ് പ്രതിനിധീകരിക്കുന്നത്. മുഗള്‍ ആക്രമണകാലത്ത് രാമജന്മഭൂമിയോടൊപ്പം തകര്‍ക്കപ്പെട്ട സൗധമാണ് കനകഭവന്‍. പിന്നീട് ഏതെങ്കിലും ഹിന്ദുരാജാക്കന്മാര്‍ പുനര്‍ നിര്‍മ്മിച്ചതാകണം ഈ മന്ദിരം. ഇതിനടുത്തു തന്നെയുള്ള അതിമനോഹരമായ ബഹുനില മന്ദിരമാണ് ദശരഥമഹല്‍. കോസലമഹാജനപഥത്തിലെ സാകേതനഗരിയാണ് പിന്നീട് അയോദ്ധ്യ എന്നറിയപ്പെട്ടത്. ഈ അയോദ്ധ്യയെ രാജ്യതലസ്ഥാനമാക്കി ത്രേതായുഗത്തില്‍ നാട് ഭരിച്ച ദശരഥന്റെ രാജകൊട്ടാരമായിരുന്നു ദശരഥമഹല്‍. ഇതും പുനര്‍നിര്‍മ്മിക്കപ്പെട്ടതാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. ഇന്നിത് രാജകൊട്ടാരമെന്ന നിലയിലല്ല ശ്രീരാമ ചന്ദ്രപ്രഭുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.

 

ബ്രഹ്മാണ്ഡപുരാണത്തിലും ഗരുഡപുരാണത്തിലുമൊക്കെ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെടുന്ന അയോദ്ധ്യയുടെ മാഹാത്മ്യം ഇതിനിടയില്‍ രാംഫല്‍ പ്രജാപതി എന്നോട് പറയുന്നുണ്ടായിരുന്നു. കാഴ്ചകളുടെ വിസ്മയത്തില്‍ വിശപ്പുമറന്നുപോയ ഞങ്ങള്‍ സൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞുതുടങ്ങിയത് അറിഞ്ഞില്ല. എന്തെങ്കിലും കഴിക്കണ്ടേ എന്ന എന്റെ ചോദ്യത്തിന് രാംഫല്‍ജിയില്‍ നിന്ന് ഒരു ചിരിമാത്രമാണ് മറുപടിയായിക്കിട്ടിയത്. കാരണം അദ്ദേഹം ഇടയ്ക്കിടയ്ക്ക് ധൂമപാനം ചെയ്യുന്നുണ്ടായിരുന്നു. അരക്കെട്ടിലെവിടെയോ ഒളിപ്പിച്ചുവച്ച ബീഡി എടുത്ത് ഇടയ്ക്കിടയ്ക്ക് കൊളുത്തി വലിയ്ക്കുന്നത് ഞാന്‍ കാണാതിരുന്നില്ല. പുക അദ്ദേഹത്തിന്റെ വിശപ്പിനെ മാറ്റുന്നുണ്ടായിരുന്നെങ്കിലും എന്റെ വിശപ്പിന് ശമനമേതും ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാംകീ പൗഡിയിലേക്കുള്ള യാത്രാമധ്യേ ഞങ്ങള്‍ ആഹാരം കഴിക്കാമെന്ന ധാരണയിലെത്തി. രാം കീ പൗഡി എന്ന് പറയപ്പെടുന്നത് സരയൂനദിതീരത്തുള്ള പുരാതനമായ നിര്‍മിതികളാണ്. ബൈപ്പാസിന്റെ ഓരത്തുള്ള ഒരു ചെറു ‘ധാബ’യില്‍ ഞങ്ങളെത്തുമ്പോള്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ചെന്നതോടെ കടയുടമകളായ ഭാര്യാഭര്‍ത്താക്കന്മാര്‍ സജീവമായി. അവര്‍ മാവ് കുഴച്ച് വേഗം തന്നെ കനലില്‍ റൊട്ടികള്‍ ചുടാനാരംഭിച്ചു. ആവി പറക്കുന്ന റൊട്ടിയും എന്നോ മരിച്ചുപോയ കുറച്ചുചോറും ദാലും ചൂടുള്ള കിഴങ്ങ്കറിയും മേശയില്‍ നിരന്നു. കഴിച്ച് തീരുന്ന മുറയ്ക്ക് ചൂടു റൊട്ടികള്‍ വന്നുകൊണ്ടിരുന്നു. ആഹാരം കഴിച്ച് ഞങ്ങള്‍ നേരെ പോയത് രാം കീ പൗഡി കാണാനാണ്. രാമജന്മഭൂമിയിലെ ഇടുങ്ങിയ ഗലികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് രാം കീ പൗഡി. വിശാലമായ നദിതീരത്തെ പുരാതനമായ നിര്‍മ്മിതികള്‍, സായാഹ്നസൂര്യന്റെ മൃദുവെളിച്ചത്തില്‍ ക്യാമറയ്ക്ക് വിരുന്നൊരുക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സന്യാസിയായ യോഗി ആദിത്യനാഥ് അധികാരമേറ്റെടുത്തതോടെ അയോദ്ധ്യയുടെ വികസനങ്ങള്‍ക്ക് വേഗം കൈവന്നതായി രാം കീ പൗഡി കാണുന്നവര്‍ക്ക് മനസ്സിലാകും. നദിതീരം കെട്ടിസംരക്ഷിക്കുവാനും തീര്‍ത്ഥാടകര്‍ക്ക് മനോരഞ്ജനത്തിന് പൂന്തോപ്പുകള്‍ നിര്‍മ്മിക്കുവാനുമെല്ലാം ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്ന രാമനവമി ആഘോഷം ഇപ്പോള്‍ ഒരു സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. സരയുവിന്റെ തീരത്ത് ലക്ഷങ്ങള്‍ തടിച്ചുകൂടുന്ന രാമനവമി ആഘോഷത്തെക്കുറിച്ച് രാംഫല്‍ജി ഏറെ വാചാലനായി. രാവണന്റെ നിഗ്രഹത്തിന് ശേഷം ശ്രീലങ്കയില്‍നിന്നും പുഷ്പക വിമാനത്തില്‍ രാമസീതാലക്ഷ്മണന്മാര്‍ അയോദ്ധ്യയില്‍ വന്നിറങ്ങിയെന്നാണ് വിശ്വാസം. ഇതിനെ അനുസ്മരിച്ചുകൊണ്ട് കഴിഞ്ഞ രാമനവമിയില്‍ രാമസീതാലക്ഷ്മണന്മാരുടെ വേഷം ധരിച്ചവര്‍ ഹെലിക്കോപ്റ്ററിലാണത്രേ വന്നിറങ്ങിയത്. എന്തായാലും സരയു നദിതീരത്ത് നിര്‍മ്മിച്ച പുതിയ ഹെലിപ്പാഡ് ഉത്തര്‍പ്രദേശിന്റെ വിനോദസഞ്ചാരഭൂപടത്തിലെ ഒരു ദിശാസൂചിയാണ്. സരയുവിന്റെ തീരത്തുകൂടി നടക്കുമ്പോള്‍ നിരവധി രാമായണ ഇതിവൃത്തങ്ങള്‍ ഉറങ്ങുന്ന കടവുകള്‍ നമുക്ക് കാണാം. ഗുപ്താരി എന്ന കടവ് ഏറെ ശ്രദ്ധേയമാണ്. കാരണം അവതാര ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീരാമചന്ദ്രന്‍ സരയുവില്‍ ജലസമാധി വരിച്ചത് ഇവിടെയായിരുന്നു.

 

Tags: Ayodhyaകാലവാഹിനിയുടെ കരയില്‍
Share43TweetSendShare

Related Posts

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

ഫ്‌ളോറന്‍സിന്റെ വസന്തകാലം

ഫ്‌ളോറന്‍സിന്റെ വസന്തകാലം

സംഘ ഹൃദയഭൂമിയിലേക്ക് ഒരു തീര്‍ത്ഥയാത്ര

സംഘ ഹൃദയഭൂമിയിലേക്ക് ഒരു തീര്‍ത്ഥയാത്ര

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies