Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വിഭജനകാലത്തെ ഹിന്ദുകൂട്ടക്കൊലയുടെ ദൃക്‌സാക്ഷി

കേസരി ഡെസ്ക്കേസരി ഡെസ്ക്
11 September 2020

1947ലെ വിഭജനകാലത്ത് ഇന്നത്തെ പാകിസ്ഥാനില്‍പ്പെട്ട ഗുരുകുല്‍റാവലിലും കറാച്ചിയിലും അകപ്പെട്ടുപോയ ഒരു മലയാളി തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു. ഒറ്റപ്പാലത്തിനടുത്തുള്ള കീഴാനെല്ലൂര്‍ ഇല്ലത്ത് പരമേശ്വരന്‍നമ്പൂതിരി വിദ്യാഭ്യാസത്തിനുവേണ്ടി ലാഹോറിലെ ആര്യസമാജം വിദ്യാലയത്തിലേക്ക് പോയി. വിഭജനകാലത്ത് കറാച്ചിയില്‍ ആയിരുന്നു. മരണം പതിയിരിക്കുന്ന വഴികളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രാവിവരണമാണ് ഈ ലേഖനം. മരണം വരെ ആര്യസമാജപ്രവര്‍ത്തകനായിരുന്ന അദ്ദേഹം പണ്ഡിറ്റ് രഘുനന്ദന്‍ ശര്‍മ്മ എഴുതിയ വൈദിക സമ്പത്ത് രണ്ടു വാല്യങ്ങളായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1920 ജൂണില്‍ ജനിച്ച അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയ ശേഷം 1953 മുതല്‍ 1977 വരെ പാതായ്ക്കര സ്‌കൂളില്‍ ഹിന്ദി അദ്ധ്യാപകനായിരുന്നു. 2011ല്‍ മരണം.

കൊല്ലവര്‍ഷം 1096 ഇടവം കരിമ്പൂരാടം നക്ഷത്രം, വൈകുന്നേരം സൂര്യാസ്തമയ സമയത്താണത്രേ ഞാന്‍ ഭൂജാതനായത്. അമ്മ പറഞ്ഞറിഞ്ഞതാണീ വിവരം. എന്നെ പ്രസവിക്കുമ്പോള്‍ അമ്മയ്ക്ക് 41 വയസ്സ്, ഒരു പല്ലുപോയിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

”ഭാഗ്യവാനാണ് നീ, നിന്റെ തലയില്‍ മൂന്ന് ചുഴികളുണ്ട്. മുച്ചുഴിയന്‍ മുടിചൂടും എന്നാണ് പ്രമാണം. നീയ്യുണ്ടായി 90 കഴിയും മുമ്പ്, 800 പറ പാട്ടത്തിന്റെ ഭൂമി (നല്ല പുഞ്ചപ്പാടം), കടത്തില്‍ നിന്നു വിട്ടുകിട്ടി. അതുകൊണ്ടാണ് നീ ഇന്ന് പട്ടിണി അറിയാതെ കഴിയുന്നത്, ഈ കുടുംബവും” എന്ന് അമ്മ, പഴംപുരാണം പോലെ, പറയാറുണ്ട്, പലപ്പോഴും.

അച്ഛന് 60 വയസ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 58 ആയപ്പോഴേയ്ക്കും വാതരോഗസംബന്ധമായ അസുഖംമൂലം അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അമ്മ മാത്രമായി ലോകത്തിലെല്ലാമെല്ലാം. എനിയ്ക്ക് നാല് മൂത്തസഹോദരരും, രണ്ടു പെങ്ങന്മാരുമുണ്ട്, എല്ലാം മൂത്തവര്‍, ഞാന്‍ ഏഴാമന്‍ അമ്മയുടെ ഒടുക്കത്തെ സാരമോന്‍. അച്ഛന്റെ കെടുകാര്യസ്ഥതയാണ് തറവാടുമുടിയാന്‍ കാരണം എന്നാണ് സ്വാര്‍ത്ഥ കലിതസ്വഭാവികളായ ജ്യേഷ്ഠ സഹോദരങ്ങളുടെ ധാരണ. അതുകൊണ്ടവര്‍ അച്ഛനോട് പുച്ഛമൊ വൈരമൊ വെച്ചു പുലര്‍ത്തിയിരുന്നു. അവരെല്ലാം തന്ത്രപൂജാദികളിലേര്‍പ്പെട്ട്, സ്വന്തംകാര്യം സിന്ദാബാദായി ഓരോരോ കൊമ്പത്ത് കഴിയുന്നു. പിതൃജ്ഞാനവിമുഖനായി, അറിഞ്ഞോ അറിയാതേയോ, നാള്‍ കഴിയുന്നു. അച്ഛന്‍ എന്നെ സംസ്‌കൃതനാക്കിത്തീര്‍ക്കണമെന്നുദ്ദേശിച്ച് നിലത്തെഴുത്ത് മുതല്‍ സഹസ്രനാമാദികള്‍ വരെ പഠിപ്പിച്ചിരുന്നു. അദ്ദേഹം രോഗശയ്യയിലായിരുന്നപ്പോഴും ആ പതിവ് ഉപേക്ഷിച്ചില്ല. കൂട്ടിലിട്ട കിളിയ്‌ക്കൊത്ത് അസ്വതന്ത്രജീവിതത്തില്‍ മടുപ്പും നൈരാശ്യവും തോന്നിയിരുന്നു എനിയ്ക്കും അന്ന്.
പിതാവിന്റെ കാലശേഷം ഇടതുവലതും ചുറ്റും സുഖമേകിടും മാതാവിന്‍ തണലില്‍പ്പാര്‍ത്തു ബാല്യകാലങ്ങള്‍ ഭൂതമായ്. പിന്നത്തെ കഥയെന്തായി? പറയാം-

ADVERTISEMENT

”കാലം തിരിഞ്ഞു ചെന്നെത്തീ
കൗമാരാലോലമാഴിയില്‍
ലക്ഷ്യമെന്നിയെ മല്‍നൗക വൃഥാ
ചുറ്റിയുലഞ്ഞുപോയ്,”

അക്കാലത്ത് സമുദായവിരോധ ഭീതിയാല്‍ ഉപനയനസമാവര്‍ത്തനാദി സംസ്‌കാരങ്ങള്‍, നാടകരൂപേണയാണെങ്കിലും, കഴിപ്പിച്ചുവിട്ടു ഒരുവിധം. അതായത്, സാമുദായിക ക്രിയകള്‍ കഴിപ്പിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ ആ ബാദ്ധ്യത തലയില്‍ നിന്നിറക്കിവെച്ച് സമുദായസമക്ഷം നല്ലകുട്ടി ചമഞ്ഞ് ആശ്വസ്തരായെന്നര്‍ത്ഥം.

പൂണുലിട്ടു നമ്പൂതിരിയെന്ന പട്ടംകിട്ടി. സ്വതന്ത്രനായി ഞാന്‍. ലക്ഷ്യബോധമില്ലാതെ അക്കാലത്ത് ചതുരംഗം, തലപ്പന്ത്, ആട്ടക്കളം, ഫുട്‌ബോള്‍, വോളി, ബാഡ്മിന്റണ്‍ മുതലായ മനോരഞ്ജക കളികളില്‍ മുഴുകി നടന്നു. കൂട്ടുകാര്‍, കളിവിട്ട് സ്‌കൂളില്‍ ചേര്‍ന്നു പഠിയ്ക്കുന്നതു കണ്ടപ്പോള്‍ എനി യ്ക്കും തോന്നി പഠിച്ചുയരണമെന്ന്. ഇംഗ്ലീഷ് (മ്ലേച്ഛഭാഷ) വിദ്യാഭ്യാസത്തെ എന്റെ സമുദായം നിഷേധിച്ചിരുന്ന കാലമായിരുന്നു അത്. അതിനാല്‍, പട്ടാമ്പിയില്‍ സംസ്‌കൃത വിദ്യാലയം സ്ഥാപിച്ച പണ്ഡിതന്‍ പുന്നശ്ശേരിനമ്പിയുടെ സഹപാഠിയായിരുന്ന കിള്ളിക്കുര്‍ശിമംഗലത്തുള്ള പഴേടത്തു മനയ്ക്കല്‍ അച്ഛന്‍ നമ്പൂതിരിപ്പാട്, നമ്പിയെപ്പോലെത്തന്നെ മാനവരാശിയ്ക്ക് മുഴുവന്‍ സംസ്‌കൃത സംസ്‌കാരം പകര്‍ന്നുകൊടുക്കാന്‍ സ്ഥാപിച്ച സംസ്‌കൃതസ്‌കൂളില്‍ (ഓറിയന്റല്‍ സ്‌കൂളെന്നപേരില്‍ ഇന്നും നിലവിലുണ്ട് ആ സ്‌കൂള്‍) ചേര്‍ന്ന് പഠിക്കാന്‍ അനുവാദം കിട്ടി. പാലപ്പുറത്തുള്ള പാഠകനമ്പ്യാര്‍ മഠത്തിലെ വിദുഷിയും, വിനയസമ്പന്നയുമായ കുഞ്ഞിക്കുട്ടിനങ്ങ്യാരമ്മയാണ് എന്റെ ആദ്യഗുരുനാഥ. രഘുവംശം കാവ്യം വരെ അവരുടെ കീഴില്‍ പഠിച്ചു. അതിനിടയില്‍ പൂജാഹോമാദി ക്രിയകളും വശമാക്കി. അതുകൊണ്ട് പഠിക്കാനും അത്യാവശ്യം ഉടുക്കാനുമുള്ള കാശ് അമ്മോട് ചോദിക്കേണ്ടതില്ലാതായി.

കൂട്ടുകാരെപ്പോലെ, ഇംഗ്ലീഷ് പഠിക്കണമെന്ന് എനിക്കും തോന്നി. വീട്ടുകാര്‍ സമ്മതിദാനപത്രം തന്നില്ലെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ എന്റെ മനോഗതിയ്ക്കനുകൂലമായ അന്തരീക്ഷം തെളിഞ്ഞുവന്നു. ചുനങ്ങാട്ടെ ജന്മികുടുംബമായിരുന്ന കാഞ്ഞൂര്‍മനവക പെരുംകൂര്‍ശി ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായി ഞാന്‍. പ്രതാപിയായ ആ ജന്മിയുടെ തറവാട്ടില്‍ പൂജാരിയായി കുറേനാള്‍ കഴിച്ചുകൂട്ടി. അക്കാലത്ത് മനയ്ക്കലിലെ യുവപ്രതിഭയും പിന്നീട് ബി.എസ്.സി., എം.ബി.ബി.എസ്. ഡോക്ടറും, ജനസേവകനുമായി വളര്‍ന്നുയര്‍ന്ന ഡോ.നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സഹായസഹകരണത്താല്‍ അന്നത്തെ ഹയര്‍എലിമെന്ററി സ്‌കൂളില്‍ എട്ടാംതരം പാസ്സായി. സഹായകനും സഹകാരിയും സഹചാരിയുമായിരുന്ന ആ ഉറ്റമിത്രം ഒറ്റപ്പാലത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഒന്നാം ക്ലാസ്സോടെ മുഴുമിച്ച് തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു കഴിഞ്ഞിരുന്നു.

പിന്നെ മാസങ്ങളോളം തിരയില്‍ തിരയും തോണിയ്‌ക്കൊത്തുഴന്നു നടന്നു ഞാന്‍. അതിനിടയില്‍ സി.ആര്‍. നാണപ്പയെന്ന ഹിന്ദി പ്രചാരകനെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ കീഴില്‍ ഹിന്ദി രാഷ്ട്രഭാഷ സര്‍ട്ടിഫിക്കറ്റ് പാസ്സായി. പിന്നെ കൊട്ടാരക്കരയ്ക്കടുത്തുള്ള കുളക്കടയില്‍ പൂണൂല്‍ക്കാര്‍ക്കുമാത്രം ബോര്‍ഡിങ്ങ് ആന്റ് ലോഡ്ജിങ്ങുള്ള ഒരു സ്‌കൂള്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് സ്ഥാപിച്ചിട്ടുണ്ടെന്ന് നാണപ്പമാസ്റ്റര്‍ മുഖാന്തിരം മനസ്സിലായി. അവിടേയ്ക്കുപോയി എ.കെ. ടി.കെ.എം കുഞ്ഞന്‍ നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ അവിടെ ചേര്‍ന്നു ആറാം ക്ലാസ്സില്‍. മുണ്ടിനും ഷര്‍ട്ടിനും പുസ്തകത്തിനും കാശുവേണ്ടേ? ഭക്ഷണവും താമസസൗകര്യവും മാത്രമല്ലെ അവിടെ കിട്ടു? അതിന് തിരുവനന്തപുരത്തുപോയി പട്ടത്താനം ചാര്‍ത്തി. കൊല്ലത്തില്‍ 16 രൂപ (28 ചക്രത്തിന്റെ) യോളം കിട്ടും. അതുകൊണ്ട് ചെലവും കഴിച്ച്, അവിടെ കൂടി. ഏഴാം ക്ലാസ് കഴിയോളം. തെക്കേടത്ത് ഡോ. കുഞ്ചു ഭട്ടതിരിപ്പാട്, തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാട്, ആറ്റുപറമ്പത്ത് ജയന്തന്‍ ഭട്ടതിരിപ്പാട് മുതലായവര്‍ എന്റെ സഹപാഠികളായിരുന്നു.

പഠിപ്പുകഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് തറവാട്ട് ഭാഗത്തിന്റെ മുറുമുറുപ്പ് തുടങ്ങിയത്. ആ മുറുമുറുപ്പ് വളര്‍ന്നുവന്ന്, ലോകമേധാവിത്വത്തിനു വേണ്ടി 1939ല്‍ ഹേര്‍ ഹിറ്റ്‌ലര്‍ യൂറോപ്പില്‍ യുദ്ധം പ്രഖ്യാപിച്ചതുപോലെ, ഈയുള്ളവന്റെ ഇല്ലത്തുമുണ്ടായി ഒരു യുദ്ധപ്രഖ്യാപനം. മാസങ്ങളോളം നീണ്ടുനിന്ന, വടിവാള്‍ പ്രയോഗത്തോളമെത്തിയ കശപിശയ്ക്കുശേഷം, തറവാട്ടിലെ മണ്‍മറഞ്ഞുപോയവര്‍ കനിഞ്ഞോ, നശിപ്പിക്കാന്‍ പറ്റാതെയോ ഉപേക്ഷിച്ചുപോയ അല്‍പസ്വല്‍പം സ്ഥാവരജംഗമസ്വത്തുക്കള്‍ പിച്ചിച്ചീന്തി ഭാഗംവെച്ചു. എല്ലാവരും സ്വന്തംകാര്യം സിന്ദാബാദായി പിരിഞ്ഞു. ഒരു കുടുംബം ആറായി വര്‍ദ്ധിച്ചു. ആറാം താവഴിയാണ്, ഒറ്റയാനായിത്തീര്‍ന്ന ഞാന്‍. എന്തോ, എന്റെ മുഖത്തുമാത്രം സന്തുഷ്ടി വിരിഞ്ഞില്ല. എനിയ്ക്കു മുന്നില്‍ ആകാശവും ഭൂമിയും മാത്രമായിരുന്നു തുറിച്ചുനോക്കിനിന്നിരുന്നത്.

പത്തായംപെറ്റ്, ചക്കികുത്തി, അമ്മവെച്ച്, താനുണ്ട്, ഉപചാരമില്ലാത്ത കാട്ടുചെടിപോലെ, വളര്‍ന്നുയര്‍ന്ന ശുദ്ധാത്മാവാണ് ഞാന്‍. ഭാഗപത്രത്തിലെ വക്രോക്തികളെയും ശ്ലേഷപ്രയോഗങ്ങളെയും, വാചകക്കസര്‍ത്തുകളേയും പറ്റി എനിയ്‌ക്കെന്തറിയാം? ദീര്‍ഘസൂത്രികളായ കൂടെപ്പിറപ്പുകള്‍ ഒപ്പിടാന്‍ പറഞ്ഞു. ഈ ശുദ്ധന്‍ ഒപ്പിട്ടുകൊടുത്തു, അത്രമാത്രം.

ഞാനൊറ്റപ്പെട്ടു. അല്ല, സാമര്‍ത്ഥ്യക്കാര്‍ എന്നെ ഒറ്റപ്പെടുത്തി, അതാണ് ശരി. ഒരമ്പതുരൂപ എന്റെ കയ്യില്‍ വെച്ചുതന്നു. പത്തിന്റെ അഞ്ചുനോട്ടുകള്‍! ഞാനമ്പരന്നു. ഇത്രയും നോട്ടുകള്‍ ഒരുമിച്ച് ഈ പതിനെട്ട് വയസ്സിലിടയ്ക്ക് കണ്ടിട്ടില്ല ഞാന്‍. കുട്ടിക്കാലത്തു വൈശാഖദാനം കിട്ടും. ചിലപ്പോള്‍ ദക്ഷിണ തരാവും. നാലണയാണ് സമ്പാദ്യം. ചിലപ്പോള്‍ ഒരു തോര്‍ത്തുംകൂടി കിട്ടിയെന്നുവരാം. അങ്ങിനെ സമാര്‍ത്തനം വരെ (നമ്പൂതിരി പട്ടംകിട്ടും വരെ) നാലണ മുതലാളിയായി വളര്‍ന്നതാണ് ഈ ഉണ്ണിനമ്പൂതിരി. പശുദാനം, പ്രതിഗ്രഹം, ചാത്തം, ക്രിയസ്ഥാനം, മുട്ടുശാന്തി മുതലായവയില്‍ നിന്നുള്ള വരുമാനങ്ങള്‍ പിന്നീട് കിട്ടാന്‍ തുടങ്ങി. നാലഞ്ചുരൂപ ഒന്നിച്ചു കയ്യില്‍ വരുന്നത് അപ്പോഴാണ്. പഠിക്കണം എന്ന ചിന്ത എനിയ്ക്കും, പഠിപ്പിക്കണമെന്ന ചിന്ത മറ്റുള്ളവര്‍ക്കുമുണ്ടായിരുന്നില്ല. ഒപ്പം കളിച്ചുവളര്‍ന്ന കാഞ്ഞൂര്‍ നമ്പൂതിരിപ്പാടിന്റെ പ്രോല്‍സാഹനം കൊണ്ടാണ് സ്‌കൂള്‍ കണ്ടതും, ഇത്രയും പഠിച്ചതും. ഗോട്ടി, ശീട്ട് പന്താട്ടക്കളം എന്നിങ്ങനെയുള്ള കളികളില്‍ മുഴുകി, ഭാവിയെപ്പറ്റിയുള്ള ചിന്തകൂടാതെയാണ് ഞാന്‍ യൗവ്വനത്തിന്റെ പടിവാതില്‍ക്കലെത്തിപ്പെട്ടത്. എട്ടുംപൊട്ടുമറിയാത്ത, ജീവിതസാഗരത്തിന്റെ തീരത്തുപോലുമണയാത്ത, ഈ ഉപരിപ്ലവ സൗന്ദര്യമുഗ്ധ ശുദ്ധഗതിക്കാരന്‍ ഒരു ദിവസം ഇല്ലത്തോടു യാത്ര പറഞ്ഞ് പടികടന്നു.

നേരെ പോയത്, പെരിങ്ങോട്ടേയ്ക്കാണ്. അവിടെ പുത്തന്‍വാരിയത്തെ രഘുവെന്നു വിളിക്കുന്ന രാഘവവാരിയര്‍ എന്റെ സ്‌നേഹിതനും സമകാലീലനുമായിരുന്നു. അയാള്‍ ബോംബെയില്‍ കോഹിനൂര്‍മില്‍ തൊഴിലാളിയായിരുന്നു അന്ന്. വാരിയത്തുചെന്ന് അയാളുടെ ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണവാരിയരെ കണ്ട് രഘുവിന്റെ അഡ്രസ്സും മറ്റു വിവരങ്ങളും വിശദമായി ചോദിച്ചു വാങ്ങി.

മംഗലാപുരം – മദ്രാസ് തീവണ്ടി വൈകുന്നേരം 5.55നാണ്. ഒരു മണിക്കൂര്‍ മുന്‍പ്, ഞാന്‍ ഒറ്റപ്പാലം റെയില്‍വേസ്റ്റഷനിലെത്തി. മദ്രാസ് മെയില്‍ ബോംബെയ്ക്ക് ഒരു ബോഗി പ്രത്യേകം ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ആര്‍ക്കോണത്തു ചെന്നാല്‍ ഈ ബോഗി ബോംബെ മെയിലില്‍ ഘടിപ്പിച്ചു പോകും. അപ്പോള്‍ മാറിക്കേറേണ്ട ബുദ്ധിമുട്ടില്ലാ എന്നുള്ള വിവരങ്ങളെല്ലാം ഇന്‍ഫര്‍മേഷന്‍ റൂമില്‍ ചോദിച്ചറിഞ്ഞു. വിക്‌ടോറിയ ടെര്‍മിനസ്സിലേയ്ക്കുള്ള ടിക്കറ്റുവാങ്ങി, പ്ലാറ്റുഫോമിലേയ്ക്കു കടന്ന്, വണ്ടിയുടെ വരവും കാത്തുനിന്നു.

ബെല്ലടിച്ച് വണ്ടി ബ്ലോക്കായെന്നറിയിച്ചു സ്റ്റേഷന്‍ അധികൃതര്‍. ചൂളം വിളിച്ച് ഞാനിതാ വരുന്നേ എന്ന സൂചന തന്ന്, ത്ധം… ത്ധ… ആരവത്തോടെ രാജകീയമായി വണ്ടി പ്ലാറ്റ്‌ഫോമില്‍ വന്നു നിന്നു. ജനങ്ങള്‍ കെട്ടുംഭാണ്ഡവുമായി അവനവന്റെ ബോഗി നോക്കി തലങ്ങും വിലങ്ങും പായാന്‍ തുടങ്ങി. ഞാനും ബോംബെയ്ക്കുള്ള ബോഗി നോക്കിക്കണ്ടുപിടിച്ച് തിക്കിത്തിരക്കി അതില്‍ കേറിക്കൂടി. ഈ ബഹളങ്ങളൊന്നും അറിയാത്തമട്ടില്‍ നിസ്സംഗഭാവേന വണ്ടി കൂകിനീങ്ങി. ലക്കിടി, മങ്കര, പറളി, ഒലവക്കോട് സ്റ്റേഷനുകള്‍ താണ്ടി, വാളയാര്‍ചുരം കടന്ന് വണ്ടി ഡക്കാന്‍ പീഠഭൂമിയിലെത്തി. ജോലാര്‍പേട്ടയില്‍വെച്ച് ടിക്കറ്റ് പരിശോധനയും, വെള്ളംനിറയ്ക്കലും മറ്റും കഴിച്ച് വണ്ടി നീങ്ങി ആര്‍ക്കോണം ലക്ഷ്യമാക്കി പാഞ്ഞു. ആര്‍ക്കോണത്തെത്തിയപ്പോള്‍ ബോംബെ ബോഗി അഴിച്ചുമാറ്റി, ബോംബെ മെയിലിനോട് കൂട്ടിക്കെട്ടി. മദ്രാസ് മെയില്‍ മദ്രാസിലേയ്ക്കും ബോംബെ മെയില്‍ ബോംബെയ്ക്കും തിരിച്ചു.

വണ്ടിയിലിരിക്കുമ്പോള്‍ ഒരു തമിഴ് ബ്രാഹ്മണനുമായി പരിചയപ്പെട്ടു. ടിക്കറ്റ് വിക്‌ടോറിയ ടെര്‍മിനലിലേക്കാണെങ്കിലും മാട്ടുംഗയിലിറങ്ങിയാല്‍ മതി, കാരണം അവിടെ തമിഴരും മലയാളികളും ധാരാളമുണ്ട്, ഭാഷാപരമായ ബുദ്ധിമുട്ട് കുറയും, എന്നിങ്ങിനെ ഉപദേശിച്ചു അയാള്‍. അതനുസരിച്ച് ഞാന്‍ മാട്ടുംഗയിലിറങ്ങി. ഇറങ്ങി പടിഞ്ഞാട്ടുനോക്കിയപ്പോള്‍, ഓട്ടുകമ്പനിയിലെ പുകക്കുഴലുകള്‍പോലെ, മാനം മുട്ടി നോക്കിനില്‍ക്കുന്ന, വട്ട ശ്രീകോവിലിന്റെ ആകൃതിയില്‍, വണ്ണം കൂടിയ ചുവന്നൊരു കുഴല്‍ കണ്ടു. അതിന്മേല്‍ കോഹിന്നൂര്‍ മില്‍ എന്ന് വലിയ അക്ഷരത്തില്‍ വെള്ളപ്പെയിന്റുകൊണ്ട് എഴുതിക്കണ്ടു. മറ്റൊന്നും ശ്രദ്ധിക്കാതെ ആ കുഴലിനെ ലക്ഷ്യമാക്കി നടന്നു. ശിവാജി പാര്‍ക്കിലെത്തി. നാലു ലൈനുള്ള ഹൈവേയുടെ പടിഞ്ഞാറു വശത്താണ് മില്ല്. ഹൈവേ തെക്കുവടക്കായി കിടക്കുന്നു. അതുമുറിച്ചുകടക്കണം. അതിന് പോലീസ്സിന്റെ സഹായം തേടേണ്ടിവന്നു. അങ്ങിനെ വാഹനങ്ങളുടേയും ജനസഹസ്രങ്ങളുടെയും ഇടയിലുടെ സാവധാനം അക്കരപറ്റി, മില്ലിന്റെ വിശാല ഗോപുരത്തിലെത്തി. അവിടെ ഒരു കാവല്‍ക്കാരന്‍ പോലീസ് വേഷത്തില്‍ നില്‍ക്കുന്നുണ്ട്. അയാളോട് രഘുവിന്റെ അഡ്രസ്സ് കാണിച്ചു ചോദിച്ചു. ഈയാളെ അറിയാമോ എന്ന്? ഓ, ഉവ്വ്, ഈയാള്‍ ഇവിടുത്തെ തൊഴിലാളിയാണ്, വൈകുന്നേരം അഞ്ചുമണിക്ക് മില്ലുവിട്ടുവരുമ്പോള്‍ കാണാം. അതുവരെ ഇവിടെ ഇരുന്നോളു. ഊണുകഴിച്ചില്ലെങ്കില്‍ കഴിക്കാം. അതാ ഹോട്ടല്‍ എന്നു പറഞ്ഞ് കാവല്‍ക്കാരന്‍ റോഡിന്റെ പടിഞ്ഞാറുവശത്തുള്ള ഹോട്ടലിലേയ്ക്കു വിരല്‍ചൂണ്ടി. സമയം ഒന്നരമണിയോളമായി. വിശപ്പുണ്ട്. ഞാനാ ഹോട്ടലില്‍ പോയി ഉണ്ടുവന്ന് കാവല്‍ക്കാരന്‍ പറഞ്ഞ സ്ഥലത്ത് രഘുവിനേയും കാത്തിരുന്നു, മില്ലുവിടുംവരെ.

അഞ്ച് മണിയ്ക്ക് സൈറണ്‍ മുഴങ്ങിയതോടെ ആയിരക്കണക്കിന് ജനങ്ങള്‍, സിനിമ വിട്ടുവരുംപോലെ, പുറത്തേയ്ക്കു പ്രവഹിച്ചു. ആ പ്രവാഹത്തില്‍ നിന്ന് രഘുവിനെ കണ്ടുപിടിക്കാന്‍ കഴിയാതെ ഞാനുഴന്നു നില്‍ക്കുമ്പോള്‍, കാവല്‍ക്കാരന്‍ രഘുവിനെ പിടിച്ച് എന്റെ മുമ്പില്‍ ഹാജരാക്കി. അവിചാരിതമായി എന്നെക്കണ്ട രഘു ആദ്യം അത്ഭുതസ്തബ്ധനായി മിനുട്ടുകളോളം നിന്നുപോയി. പിന്നെ സംയമിച്ച് കുശലം പറഞ്ഞ് റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അങ്ങനെ രഘുവിന്റെ തണലില്‍ ഒരു മാസത്തോളം ബോംബെയില്‍ ജോലിതേടിക്കഴിഞ്ഞു, ഒന്നും കിട്ടിയില്ല. ഒടുവില്‍ ഇനി അയാളെ ബുദ്ധിമുട്ടിയ്ക്കാന്‍ വയ്യെന്നു കരുതി, ഒരു ഹോട്ടലില്‍ കേറി, മറ്റൊന്നും അറിയാത്തതുകൊണ്ട് വാട്ടര്‍ സ്‌പ്ലൈറായി നിന്നു. 10 രൂപ ശമ്പളവും ഭക്ഷണവും താമസസൗകര്യവും അവിടെ കിട്ടും. രണ്ടുമാസത്തോളം കടന്നുപോയി. ഒരുദിവസം ഉച്ചയ്ക്ക് വിശ്രമസമയത്ത് പുറത്തുനില്‍ക്കുമ്പോള്‍ ഒരാള്‍ ഊണുകഴിക്കാന്‍ വന്നു. അയാള്‍ മലയാളിയായിരുന്നു. എന്നെ രാഷ്ട്രഭാഷയ്ക്കു പഠിപ്പിച്ച നാണപ്പമാസ്റ്ററുടെ ഛായ തോന്നി. ഞാന്‍ സംസാരിച്ചു പരിചയപ്പെട്ടു. രാമകൃഷ്ണനെന്നാണ് പേര്‍. എന്റെ സമപ്രായക്കാരനാണ്. ഊണുകഴിച്ച് അയാള്‍ എന്നെ ശിവാജിപാര്‍ക്കിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. എന്റെ ബയോഡാറ്റയെപ്പറ്റിയും പോന്നതിന്റെ ഉദ്ദേശ്യത്തെപ്പറ്റിയും വിശദമായി ചോദിച്ചു. എന്റെ ജീവിതോദ്ദേശ്യം പഠിച്ച് അറിവുസമ്പാദിച്ച്, സംസ്‌കൃതനാവുക എന്നതാണെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ വിഥല്‍ ഭായ്പട്ടേല്‍ റോഡിലുള്ള പ്രശസ്ത ആര്യസമാജ മന്ദിരത്തില്‍ കൊണ്ടുപോയി. അവിടുത്തെ അധികൃതരുമായി പരിചയപ്പെടുത്തി. അവര്‍ എന്റെ പഠനോദ്ദേശ്യത്തെപ്പറ്റി കേട്ടപ്പോള്‍ സസന്തോഷം ലാഹോറില്‍ രവിറോഡിന്റെ വക്കിനുള്ള ഗുരുദത്തഭവന്‍ എന്ന ഗുരുകുലത്തിലേയ്ക്ക് ഒരു ശുപാര്‍ശക്കത്തുതന്ന് അങ്ങോട്ടുപോകുവാന്‍ പറഞ്ഞു. എന്റെ കയ്യില്‍ ആകെ 18 രൂപയേ കൈമുതലായുള്ളു. ബോംബെയില്‍ നിന്ന് ദല്‍ഹിയിലേക്ക് 15 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. പിന്നെ 3 രൂപയേ കൈവശമുണ്ടാകൂ! അവിടുന്ന് ലാഹോറിലേയ്ക്ക് 10 രൂപവേണം ടിക്കറ്റിന്. അപ്പോള്‍ നവാഗതമിത്രം രാമകൃഷ്ണന്‍ എന്റെ ദയനീയാവസ്ഥ മനസ്സിലാക്കി, ദല്‍ഹിയില്‍ സെക്രട്ടറിയേറ്റിലെ ഒരു ഉന്നതോദ്യോഗസ്ഥനായ കെ.പത്മനാഭന്‍ നായര്‍ക്കും, ഗുരുദത്തഭവനില്‍ താമസിച്ച്, ആര്യസമാജ സാഹിത്യങ്ങള്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് താപസ ജീവിതമനുഷ്ഠിക്കുന്ന ശ്രീപരമേശ്വരന്‍പിള്ളയ്ക്കും ഓരോ കത്ത് കവറിലാക്കി എന്റെ കയ്യില്‍ തന്ന് പറഞ്ഞു. ഈ കത്തുകള്‍ പത്മനാഭന്‍ നായര്‍ ക്കും പിള്ളയ്ക്കും കൊടുത്താല്‍ മതി. കാര്യങ്ങളെല്ലാം ശരിപ്പെടും. പക്ഷേ, ഒരു കാര്യം പറയാം. നിങ്ങള്‍ പോകുന്ന വണ്ടി രാത്രി ഒരു മണിയോടെയാണ് ഓള്‍ഡ് ദല്‍ഹിയിലെത്തുക. സ്റ്റേഷന്റെ അടുത്തുതന്നെ, നേരെ എതിര്‍വശത്തായി ഒരു സത്രമുണ്ട്. അവിടെ രാത്രി കഴിച്ചുകൂട്ടാം. വാടക കൊടുക്കേണ്ടതില്ല. രാവിലെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിച്ച് ഒരു ജഡ്ക്ക പിടിച്ച് നേരെ യമുനാതീരത്തുള്ള ഗാന്ധ്യാശ്രമത്തില്‍ പോകുക. അവിടെ അതിഥികള്‍ക്ക് ഒന്നുരണ്ടുദിവസങ്ങള്‍ ഫ്രീ ഭക്ഷണവും താമസിക്കാന്‍ ഒരു മുറിയും കിട്ടും. മുറിയില്‍ സാമാനങ്ങള്‍ വെച്ച് കുളിച്ച് ഭക്ഷണം കഴിച്ച് സെക്രട്ടറിയേറ്റിലേക്കുപോകണം. അഞ്ചുമണിക്കുമുമ്പ് അവിടെ എത്തിയാലെ ആളെകാണാന്‍ കഴിയൂ. പന്ത്രണ്ടു നാഴികയോളം നടക്കേണ്ടിവരും. സാരോല്യ, കാര്യസാദ്ധ്യത്തിന് കുറച്ചൊക്കെ കഷ്ടപ്പാടുകള്‍ സഹിയ്‌ക്കേണ്ടിവരും. പൊയ്‌ക്കോളൂ, ധൈര്യമായി പൊയ്‌ക്കോളൂ എന്നിങ്ങനെ.

ഞാനും രാമകൃഷ്ണനും കൂടി, ഞാന്‍ നിന്നിരുന്ന ഹോട്ടലില്‍പോയി വിവരം പറഞ്ഞ്, യാത്രചൊല്ലി, റെയില്‍വേസ്റ്റേഷനിലേയ്ക്കു തിരിച്ചു. ടിക്കറ്റ് വാങ്ങി പ്ലാറ്റുഫോമിലേയ്ക്കു കടന്നു. വണ്ടിവന്നു. രാമകൃഷ്ണന്‍ എന്നെ വണ്ടിയില്‍ കയറ്റി ശുഭാശംസകള്‍ ചൊരിഞ്ഞ്‌കൊണ്ട് കൈ ഉയര്‍ത്തി വീശി. യാത്രപറയാന്‍ എനിയ്ക്കു ശബ്ദം പൊന്തിയില്ല. നിശ്ചലനായി നോക്കിനിന്നു കൈയനക്കാനേ കഴിഞ്ഞുള്ളു.
(തുടരും)

 

Tags: AmritMahotsav
Share41TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies