കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അരാജകാവസ്ഥയിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. സെക്രട്ടറിയേറ്റിന്റെ ഉള്ളില്‍വരെ വിഘടന തീവ്രവാദ ശക്തികള്‍ അധികാരമുറപ്പിച്ചിരിക്കുമ്പോള്‍ കേരളത്തിന്റെ ഭാവിയെക്കുറിച്ച് വ്യാകുലപ്പെട്ടേ മതിയാകൂ. രാജ്യത്തെ തന്നെ അസ്ഥിരപ്പെടുത്താന്‍ നടന്ന സ്വര്‍ണ്ണക്കടത്തു പോലുള്ള കേസ്സുകള്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാവുകയാണ്. ഭാരതത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും എല്ലാ കാലത്തും ചോദ്യംചെയ്തിരുന്നവരായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എന്ന് ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ തലവേദനയായി ഉയര്‍ന്നുവന്ന കാശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ പിന്നില്‍ പാകിസ്ഥാനാണെന്നറിഞ്ഞുകൊണ്ടുതന്നെ അതിനെ പിന്‍തുണച്ചുപോന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കേരളത്തെ മറ്റൊരു കാശ്മീരാക്കി മാറ്റാന്‍ ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആഗോള മുസ്ലീം തീവ്രവാദം തങ്ങളുടെ അട്ടിമറി പ്രവര്‍ത്തനങ്ങളുടെ മൂലധനം കണ്ടെത്തുവാന്‍ സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നുകടത്തും ഒക്കെ ലോകത്തിന്റെ പല രാജ്യങ്ങളിലും നടത്താറുണ്ട്. പക്ഷെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുംവരെ സംശയത്തിന്റെ നിഴലിലാകുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു എന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്. ഖുറാനെന്ന പേരില്‍ ഒരു മന്ത്രി തന്നെ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയതെന്തൊക്കെയാണെന്നാണ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആ മന്ത്രിയുടെ ഭൂതകാലം ചികഞ്ഞു പോയാല്‍ മതമൗലികവാദ സംഘടനാ പാരമ്പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള ജാഗ്രതക്കുറവുകൊണ്ടു സംഭവിച്ചതല്ലെന്നു മാത്രമല്ല കരുതിക്കൂട്ടിയുള്ള ചെയ്തികളാണെന്ന് മനസ്സിലാക്കുകയും ചെയ്യാം. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ കാശ്മീരിനും കേരളത്തിനും സ്വാതന്ത്ര്യം വേണം എന്ന വിഘടനവാദ മുദ്രാവാക്യം വിളിച്ചതിന്റെ പാരിതോഷികമായി കമ്മ്യൂണിസ്റ്റുകള്‍ തിരഞ്ഞെടുപ്പില്‍ സീറ്റു കൊടുക്കൂകയും എം.എല്‍.എ ആക്കുകയും ചെയ്ത വ്യക്തിയും കേരളത്തിന്റെ നിയമസഭയിലുണ്ട് എന്നത് മലയാളികള്‍ ഭീതിയോടെ കാണേണ്ട കാര്യമാണ്. കേരളത്തിന്റെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചുകൊണ്ട് നടന്ന സ്വര്‍ണ്ണക്കടത്തു പോലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ സെക്രട്ടറിയേറ്റിലെ നിര്‍ണ്ണായക ഫയല്‍ ശേഖരത്തിന് തീ പിടിക്കുക എന്നത് യാദൃച്ഛികമാകാന്‍ വഴിയില്ല. പ്രതികളെ കുറിച്ച് നിര്‍ണ്ണായക തെളിവാകാന്‍ കഴിയുന്ന സി.സി.ടി.വി.ദൃശ്യങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോള്‍ അവയൊക്കെ ഇടിവെട്ടിപ്പോയെന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡായിരുന്നു സ്വര്‍ണ്ണക്കടത്തെന്ന നിഗമനത്തിലേയ്ക്ക് സാധാരണക്കാരന്‍ എത്തിച്ചേരുകയാണ്.
ലോകത്തിലെവിടെ ഭീകരവാദികള്‍ പിടിയിലാകുമ്പോഴും അവരില്‍ ചിലരെങ്കിലും മലയാളികളാകുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. അഫ്ഗാനിലേക്കും സിറിയയിലേക്കുമൊക്കെ ഭീകരവാദികളെ കയറ്റിയയക്കുന്ന സംസ്ഥാനമെന്ന പ്രതിച്ഛായയാണ് കേരളത്തിനുള്ളത്. ഇപ്പോള്‍ ആഗോള മയക്കുമരുന്ന് കച്ചവടത്തിന്റെ താവളമായും കേരളം മാറുന്നു എന്നു കൂടിയുള്ള സൂചനകളാണ് അവസാനം ലഭിക്കുന്നത്. കന്നഡ സിനിമാലോകവും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധമന്വേഷിച്ച കേന്ദ്ര നാര്‍ക്കോട്ടിക്ക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ പിടിയിലായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതോടെയാണ് മയക്കുമരുന്നു കടത്തുമായി കേരളത്തിന്റെ ബന്ധം പുറത്തു വന്നത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള അനൂപ് മുഹമ്മദിന്റെ ബിസിനസ്സുകള്‍ക്ക് പണം മുടക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണെന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. രാജ്യത്ത് അട്ടിമറി പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്ന ജിഹാദി മാവോയിസ്റ്റ് സംഘങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് മയക്കുമരുന്ന് വ്യാപാരം. അഫ്ഗാനിസ്ഥാനില്‍ നിന്നും മാവോയിസ്റ്റ് സ്വാധീനമുള്ള ഛത്തീസ്ഗഡിലെ കാടുകളില്‍ നിന്നുമൊക്കെ എത്തുന്ന മയക്കുമരുന്ന് കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള വന്‍ വ്യാപാരമാണ്. പണം മാത്രമല്ല ഭീകരവാദികള്‍ ലക്ഷ്യമിടുന്നത്. വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളെയും യുവാക്കളെയും മയക്കുമരുന്നിനടിമകളാക്കി സമൂഹത്തില്‍ അരാജകാവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. ഇത്തരം അട്ടിമറി പ്രവര്‍ത്തനത്തിലാണ് അധികാരത്തിന്റെ ബലത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പങ്കാളിയാകുന്നത്. മയക്കുമരുന്ന് വ്യാപാര സംഘങ്ങള്‍ സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഒടുവില്‍ കിട്ടുന്ന സൂചനകള്‍. യു.എ.ഇ കേന്ദ്രീകരിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ബിസിനസ് മുമ്പും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. സ്വര്‍ണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള സാധന സാമഗ്രികളില്‍ വലിയ പങ്കും എത്തിച്ചത് ബിനീഷിന്റെ ബിനാമി സ്ഥാപനങ്ങളിലൂടെയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ പേരില്‍ കോടികള്‍ ആണത്രെ സ്വപ്‌ന സുരേഷ് ബിനീഷ് കോടിയേരിക്ക് വാങ്ങി നല്‍കിയത്. ഇതുകൊണ്ടൊക്കെയാവണം ബംഗളൂരുവില്‍ സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപ് മുഹമ്മദിനെ 26 തവണ ബിനീഷ് ടെലഫോണ്‍ ചെയ്തത്. ബംഗളൂരുവില്‍ അനൂപ് മുഹമ്മദ് നടത്തുന്ന ഹയാത് ഹോട്ടലിന്റെ മറവിലായിരുന്നു മയക്കുമരുന്ന് വ്യാപാരം നടന്നിരുന്നത്. ഈ ഹോട്ടലിന്റെ മുതല്‍മുടക്ക് ബിനീഷ് കോടിയേരിക്കാണ് എന്ന സൂചനകളും വെളിപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പങ്കാളിത്തമെടുത്തപ്പോള്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് അന്വേഷണ ഏജന്‍സികളുടെ പരിധിയിലേക്കു വരുന്ന കാഴ്ചയാണുള്ളത്.
കേരളത്തിലെ ഗവണ്‍മെന്റും അതിനെ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നു നടത്തുന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു സംസ്ഥാനത്തെ മുച്ചൂടും മുടിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിലാകുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടുവാന്‍ സാധാരണ ചെയ്യാറുള്ളതുപോലെ രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു വെമ്പായത്തു നടന്ന ദുരൂഹമായ രാഷ്ട്രീയ കൊലപാതകം. ഇതിനു ശേഷം കേരളത്തിലങ്ങോളമിങ്ങോളം പാര്‍ട്ടി ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുന്നതാണ് കണ്ടത്. കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ലക്ഷണമൊത്ത ഒരു അധോലോക സംഘമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയിരിക്കുകയാണ്. ഈ സാമൂഹ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ നീരാളിപ്പിടിയില്‍ നിന്നും എത്രവേഗം കേരളം രക്ഷപ്പെടുന്നുവോ അത്രയും നന്നായിരിക്കും മലയാളിയുടെ ഭാവി എന്നുമാത്രം പറയട്ടെ.