പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പൊതുവേ ഉയര്‍ന്നു കേള്‍ക്കാറുള്ള ചില നിലവിളികളുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് മനുഷ്യന്റെ വികസനത്വര കൊണ്ടാണ്, അത്യാര്‍ത്തി കൊണ്ടാണ് എന്നൊക്കെ. ഈ ആരോപണങ്ങളില്‍ ഒരു പരിധിവരെ ശരിയുണ്ട്. ഒരു പരിധിവരെ മാത്രം.
ടെക്‌നോളജി, ശാസ്ത്രഅറിവ് എന്നതൊക്കെ മനുഷ്യന്റെ ജീവിതനിലവാരവും സൗകര്യങ്ങളും സുഗമമാക്കാന്‍ ആണ് ഉപയോഗിക്കേണ്ടത്. സ്വിറ്റ്‌സര്‍ലാന്‍ഡ് എന്ന ചെറുരാജ്യം വലിയൊരു ഉദാഹരണമാണ്. ആല്‍പ്‌സിന്റെ താഴ്‌വാരത്തിലുള്ള ഒരു കൊച്ചു യൂറോപ്യന്‍ രാജ്യമാണത്. ഒരുപക്ഷേ ലോകത്തിലേറ്റവുമധികം തുരങ്കങ്ങള്‍ ഉള്ള രാജ്യം. കാരണം, റോഡോ, റെയില്‍ ലൈനോ പണിയാന്‍ അവര്‍ കുന്നുകള്‍ ഇടിച്ചു നിരത്തില്ല. എത്ര ചെറിയ കുന്നായാലും അവര്‍ തുരങ്കങ്ങള്‍ പണിയും. അപ്പോള്‍ പ്രകൃതി നശിക്കുന്നുമില്ല, സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും. പല രാജ്യങ്ങളിലും വനമേഖലകളിലൂടെ കടന്നുപോകുന്ന റോഡുകള്‍ തൂണുകളില്‍ ഉയര്‍ത്തിയാണ് നിര്‍മ്മിക്കുക. മരങ്ങള്‍ വെട്ടാതിരിക്കാനും, കാട്ടുമൃഗങ്ങളുടെ സ്വാഭാവികസഞ്ചാരത്തിനു തടസ്സമുണ്ടാകാതിരിക്കാനുമാണിത്.
നമ്മുടെ നാട്ടില്‍ തന്നെ ഇപ്പോള്‍ ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബൈപാസ് കടലോരത്ത് കൂടി കടന്ന് പോകുന്നത് ഇപ്പറഞ്ഞ ഇലവേറ്റഡ് രീതിയിലാണ്. ലോകം മുഴുവന്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ ഗവേഷണം വൈദ്യുത വാഹനങ്ങളെ കുറിച്ചാണ്. അടുത്ത പതിറ്റാണ്ടോടെ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ ഉപയോഗം പകുതിയലധികം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് ഓസോണ്‍ പാളിയെ കാര്‍ന്നുതിന്നുന്ന ഫഌറോ കാര്‍ബണ്‍ പുക ഏതാണ്ടില്ലാതെയാകും. അതുപോലെ സൗരോര്‍ജത്തെ പരമാവധി ഉപയോഗിച്ച് വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പദ്ധതികള്‍ ഭാരതമടക്കം ലോകം മുഴുവന്‍ നടക്കുകയാണ്.
അടുത്തിടെയാണ്, ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാര്‍ക്ക് ലഡാക്കില്‍ തുറന്നത്. മനുഷ്യന്റെ മുന്നോട്ടുള്ള കുതിപ്പില്‍ ടെക്‌നൊളജിയേയും വികസനത്തെയും ഒഴിച്ചുനിര്‍ത്താനാവില്ല. സ്വാഭാവികമായും എല്ലാറ്റിനും പാര്‍ശ്വഫലങ്ങളും ഉണ്ടാകും. അതെന്താണെന്നു വീണ്ടും വീണ്ടും പഠിച്ച് പരിഹരിച്ചു മുന്നേറാന്‍ ആണ് ശാസ്ത്രവിജ്ഞാനം ഉപയോഗിക്കേണ്ടത്.
പൊതുവേ കേള്‍ക്കുന്ന മറ്റൊരു കാര്യമുണ്ട്. മോഡേണ്‍ മെഡിസിന്‍ കൊള്ളയാണ്, കള്ളത്തരമാണ് എന്നൊക്കെ. സത്യത്തില്‍, 1947ലെ 55 എന്ന ഭാരതത്തിലെ ശരാശരി ആയുസ്സ് ഇപ്പോള്‍ 75-80 ആയിരിക്കുന്നത് ആധുനിക വൈദ്യം കാരണമാണ്. ദുഷ്പ്രവണതകള്‍ ധാരാളമുണ്ട്, അത് വിളയോടൊപ്പം വളരുന്ന കളകളായി തിരിച്ചറിഞ്ഞു ഒഴിവാക്കുകയല്ലേ വേണ്ടത്?
നമുക്ക് വൈദ്യുതി അത്യാവശ്യമാണ്, വാര്‍ത്താവിനിമയം അത്യാവശ്യമാണ്, യാത്രാസൗകര്യങ്ങള്‍ അത്യാവശ്യമാണ്. ഇതിനെല്ലാം ടെക്‌നോളജി കൂടിയേ കഴിയൂ. അപ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെ അഭിമുഖീകരിക്കാനും, പരിഹാരം കണ്ടെത്താനുമുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്.
പ്രകൃതിവിഭാവങ്ങളെ പരമാവധി ചൂഷണം ചെയ്ത് വേണം വികസിക്കാന്‍ എന്ന പഴയ പാശ്ചാത്യസിദ്ധാന്തം ലോകം ഉപേക്ഷിച്ചു കഴിഞ്ഞു. കുട്ടിക്ക് ആവശ്യമുള്ള പാല്‍ അകിടില്‍ നിര്‍ത്തി ബാക്കി മാത്രം കറന്നെടുക്കുന്ന ദോഹനം എന്ന കാഴ്ചപ്പാടുണ്ട്. അത് ഭാരതീയ ചിന്തയാണ്. ചൂഷണമല്ല, ദോഹനമാണ് വേണ്ടത് എന്ന ആ ധാര്‍മ്മിക കാഴ്ചപ്പാട് തന്നെയാണ് അറിഞ്ഞോ അറിയാതയോ ലോകം ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.