അമാവാസികളുടെ അന്ധകാരത്തില്‍നിന്നും ഭാരതം നിത്യപൗര്‍ണ്ണമിയുടെ പ്രകാശ പ്രഹര്‍ഷത്തിലേക്ക് പദമൂന്നിയതിന്റെ ശുഭ സൂചനയായി വേണം ശ്രീരാമ ജന്മഭൂമിയിലെ ഭവ്യമന്ദിരത്തിന്റെ ശിലാ സ്ഥാപനത്തെ കണക്കാക്കാന്‍.അഞ്ച് നൂറ്റാണ്ടായി നടന്നുവന്ന ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഒടുവില്‍ ശ്രീരാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് തിരികെലഭിച്ചിരിക്കുകയാണ്. ക്ഷേത്ര നിര്‍മ്മാണത്തിന് പ്രാരംഭംകുറിക്കുന്ന ശിലാന്യാസത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രജതശില സ്ഥാപിച്ചുകൊണ്ട് പറഞ്ഞത് ‘ഇത് സ്വാതന്ത്ര്യദിനംപോലെ മഹത്തായ മുഹൂര്‍ത്തമാണെന്നാണ്.’ ഏറെ അര്‍ത്ഥങ്ങളുള്ള വാക്കുകളാണിത്. ഒരു ജനതയുടെ സ്വാതന്ത്ര്യം സഫലമാകുന്നത് അവര്‍ സ്വത്വ ബോധം വീണ്ടെടുക്കുമ്പോഴാണ്. ഭരണഘടനയുടെ പുറംതാളുകളില്‍ ശ്രീരാമ ചിത്രം ഉള്‍പ്പെടുത്തിയെങ്കിലും രാമജന്മഭൂമി അധിനിവേശശക്തികളുടെ പിടിയിലായിരുന്നു കിടന്നിരുന്നത്. യുഗങ്ങളായി ഭാരതീയന്റെ ധാര്‍മ്മിക സ്വത്വബോധങ്ങളുടെ ആള്‍രൂപമായ ശ്രീരാമന്‍ ജനിച്ച മണ്ണില്‍ വിദേശ അക്രമിയുടെ സ്മാരകം നിലനില്‍ക്കുമ്പോള്‍ ഒരു രാഷ്ട്രം സ്വതന്ത്രമാണെന്ന് എങ്ങിനെ പറയും? അതുകൊണ്ടാണ് രാമജന്മഭൂമിയുടെ വിമോചനം സ്വാതന്ത്ര്യദിനം പോലെ മഹത്തായ മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ഭാരതദേശീയതയെ വര്‍ഗ്ഗീയതയായി ചിത്രീകരിച്ചുപോരുന്ന കപടമതേതര രാഷ്ട്രീയക്കാരായിരുന്നു നാളിതുവരെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടിരുന്നത്. അല്ലെങ്കില്‍ ഗുജറാത്തിലെ സോമനാഥക്ഷേത്രം പോലെ സ്വാതന്ത്ര്യാനന്തരം പുനര്‍നിര്‍മ്മിക്കപ്പെടേണ്ടതായിരുന്നു ശ്രീ രാമജന്മഭൂമിക്ഷേത്രവും. സോമനാഥ ക്ഷേത്രവും തകര്‍ത്ത് അതിന്‍മേല്‍ പള്ളി സ്ഥാപിച്ചിരുന്നതാണ്. യാതൊരെതിര്‍പ്പും കൂടാതെ പള്ളി മാറ്റി സ്ഥാപിച്ചു കൊണ്ടായിരുന്നു സോമനാഥക്ഷേത്രം പുനര്‍ നിര്‍മ്മിച്ചത്. എന്നാല്‍ അയോദ്ധ്യയില്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ തെറ്റായ നിലപാടും കോണ്‍ഗ്രസ്സിന്റെ വര്‍ഗ്ഗീയ പ്രീണനവുമായിരുന്നു പ്രശ്‌നങ്ങള്‍ വഷളാക്കിയത്. ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്തുതോല്‍പ്പിക്കുവാന്‍ കമ്മ്യൂണിസ്റ്റുകാരും മുസ്ലീം മത മൗലികവാദികളുമായി ചേര്‍ന്ന് നാളിതുവരെ പരിശ്രമം തുടര്‍ന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ക്ഷേത്രാനുകൂലമായ പ്രസ്താവനകളുമായി കളം പിടിച്ചിരിക്കുകയാണ്.
സത്യത്തില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിലൂടെ നവഭാരതത്തിന്റെ ശിലാസ്ഥാപനമാണ് നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സമ്പ്രദായങ്ങളില്‍പെട്ട സംന്യാസിമാരടങ്ങുന്ന 175 ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി നടന്ന ശിലാന്യാസം സാംസ്‌കാരിക ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളമാണ് മുഴക്കിയിരിക്കുന്നത്. നൂറിലേറെ പുണ്യ നദികളില്‍ നിന്നുള്ള തീര്‍ത്ഥവും രണ്ടായിരം പുണ്യസ്ഥലികളിലെ മണ്ണും നിക്ഷേപിച്ചുകൊണ്ട് നടന്ന ഭൂമീപൂജ തന്നെ അഖണ്ഡഭാരത സങ്കല്പത്തിന്റെ സാക്ഷാല്‍ക്കാരമാണ് വിളംബരം ചെയ്യുന്നത്. രാമന്‍ ഭാരതത്തിലെ ജനകോടികളുടെ മനസ്സില്‍ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് അഞ്ചു നൂറ്റാണ്ട് നീണ്ടുനിന്ന രാമജന്മഭൂമി വിമുക്തി ശ്രമങ്ങള്‍. ഒരുപക്ഷെ ലോകത്ത് തന്നെ മറ്റെവിടെയെങ്കിലും ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി ഇത്രയും സുദീര്‍ഘവും ജനകീയവുമായ ഒരു പ്രക്ഷോഭം നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. എ.ഡി. 1528ല്‍ ബാബറുടെ നിര്‍ദ്ദേശപ്രകാരം മീര്‍ ബാഖി എന്ന സേനാനായകന്‍ രാമക്ഷേത്രം തകര്‍ത്തതുമുതല്‍ ആരംഭിച്ച പോരാട്ടമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. പതിനഞ്ചു ദിവസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ മാത്രമാണ് മീര്‍ ബാഖിക്ക് ക്ഷേത്രം തകര്‍ക്കാനായത്. ഒരു ലക്ഷത്തി എഴുപതിനായിരം ഹിന്ദു യോദ്ധാക്കളെ വകവരുത്തിയിട്ടാണ് അന്ന് ക്ഷേത്രം തകര്‍ക്കാനായത്. 1947 വരെ വിവിധ കാലഘട്ടങ്ങളിലായി നടന്ന 77 യുദ്ധങ്ങളില്‍ മൂന്നു ലക്ഷത്തില്‍ പരം ഹിന്ദു വീരന്മാര്‍ രാമജന്മഭൂമിയുടെ വിമുക്തിക്കു വേണ്ടി ബലിദാനികളായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം നടന്ന നിയമപോരാട്ടങ്ങളില്‍ ക്ഷേത്രാനുകൂലമായി അയോദ്ധ്യാ വാസികളായ 13 പ്രമുഖ മുസ്ലീം സഹോദരന്മാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു എന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. എന്നാല്‍ രാമനാമം സര്‍വ്വരോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ പാരമ്പര്യമവകാശപ്പെടുന്ന കോണ്‍ഗ്രസ്സുകാരായിരുന്നു രാമക്ഷേത്ര ഉദ്യമത്തെ എല്ലാകാലത്തും പിന്നില്‍നിന്നും കുത്തിയിരുന്നത്.
ഈ വിജയ മുഹൂര്‍ത്തത്തില്‍ കൃതജ്ഞതയോടെ സ്മരിക്കേണ്ട നിരവധി പേരുകളുണ്ടെങ്കിലും കോടതി വ്യവഹാരത്തില്‍ രാമക്ഷേത്രാനുകൂലമായ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന് കാരണമായ നിര്‍ണ്ണായക നിലപാട് സ്വീകരിച്ച മുന്‍ രാഷ്ട്രപതി ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ്മയെ സ്മരിക്കാതിരിക്കാനാവില്ല. 1528 നു മുമ്പ് പ്രസ്തുത സ്ഥലത്ത് ക്ഷേത്രം നിലനിന്നിരുന്നോ എന്ന വസ്തുത ശാസ്ത്രീയമായ അന്വേഷണത്തിന് വിധേയമാക്കുന്നതാണ് പ്രശ്‌ന പരിഹാരത്തിന് നല്ലെതെന്ന ഭരതത്തിന്റെ പ്രഥമ പൗരന്റെ നിര്‍ദ്ദേശം സുപ്രീം കോടതിയുടെ മുന്നില്‍ വന്നതോടെ പ്രശ്‌ന പരിഹാരം വിശ്വാസത്തിലുപരി ചരിത്രസത്യങ്ങളിലൂന്നിയുള്ളതായി. ഭരണഘടന 143 (എ) പ്രകാരം രാഷ്ട്രപതി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയോട് ഉത്തരവിട്ടു. ഇതനുസരിച്ച് 2002 ല്‍ രാമജന്മഭൂമിയില്‍ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ സംവിധാനമുപയോഗിച്ച് കനേഡിയന്‍ സംഘം നടത്തിയ പരിശോധനയിലാണ് ബൃഹത്തായ ക്ഷേത്രാവശിഷ്ടങ്ങളുടെ മേലെയാണ് ബാബറിക്കെട്ടിടം കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന് തെളിഞ്ഞത്. ഇതനുസരിച്ച് 2003 മാര്‍ച്ച് 12 മുതല്‍ ആഗസ്റ്റ് 7 വരെ ആറുമാസം നടത്തിയ ഉദ്ഖനനത്തില്‍ നിരവധിക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ചു.250 ല്‍ പരം ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്നും രാമജന്മഭൂമിയില്‍ അതിപുരാതനമായ ക്ഷേത്രം നിലനിന്നിരുന്നു എന്ന നിഗമനത്തിലേക്കെത്താന്‍ പരമോന്നതകോടതിക്കായി എന്നതാണ് സത്യം.അങ്ങിനെ 2019 നവംബര്‍ 9 ന് പരമോന്നത കോടതി ശ്രീരാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവായി.
ദീര്‍ഘകാലം ബാബറി കെട്ടിടമെന്ന വാദവുമായി വ്യവഹാരം നടത്തിയ ഇഖ്ബാല്‍ അന്‍സാരിയെ വരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ക്ഷേത്ര നിര്‍മ്മാണത്തിന്റെ മുന്നോടിയായുള്ള ഭൂമിപൂജ ഭാവിഭാരതത്തിന്റെ നവോത്ഥാനപരിശ്രമങ്ങളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തോള്‍ ചേര്‍ന്നു പോകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വെളിച്ചംവീശുന്നത്. പ്രാകൃത അറബി അധിനിവേശ ശക്തികളുടെ പാരമ്പര്യമല്ല ഭാരതമുസ്ലീമിന്റേതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തികഞ്ഞദേശീയ മുസ്ലീമായി ഭാരതീയ മുസ്ലിം സമൂഹത്തിനു മാറിചിന്തിക്കാനുള്ള സുവര്‍ണ്ണാവസരമാണ് അയോദ്ധ്യ നല്‍കുന്നത്. ദേശീയതയുടെ അടിസ്ഥാനത്തില്‍ എല്ലാ ഹിന്ദു മുസ്ലിം തര്‍ക്കങ്ങളും സൗമ്യമായി പരിഹരിക്കാനും ഉജ്ജ്വലമായ ഭാവിഭാരതത്തിന്റെ ആധാരശിലയാകാനും രാമജന്മഭൂമിക്ഷേത്ര നിര്‍മ്മാണത്തിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.