വളരെ അസാധാരണമായ ചില കാഴ്ചകളാണ് പ്രമുഖ ഗ്രീക്ക് എഴുത്തുകാരനായിരുന്ന നിക്കോസ് കസന്‍ദ്‌സാക്കിസി (Nikos Kasantzakis,1883-1957 )നുണ്ടായിരുന്നത്. അദ്ദേഹം പ്രാപഞ്ചികമായ ക്രമരാഹിത്യത്തിനു ബദലായി, മനുഷ്യന്‍ സ്വന്തം നിലയില്‍ അവന്റെ ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിക്കണമെന്ന് വാദിച്ചു. ഒരു വിശ്വാസസംഹിതയിലും ഉള്‍പ്പെടുത്താനാവാത്ത വിധം സ്വതന്ത്രമായ ചിന്താപഥങ്ങളില്‍ ചുറ്റിത്തിരിഞ്ഞ അദ്ദേഹം ദൈവം, മതം, മനുഷ്യന്‍ എന്നീ വിഷയങ്ങളില്‍ ജീവിതാന്ത്യം വരെ പലവട്ടം ഇഴപിരിച്ചും കുരുക്കഴിച്ചും സമസ്യകളെ മറികടക്കാന്‍ ശ്രമിച്ചു.
സാഹിത്യരചനയില്‍ ഒരു രാക്ഷസനെപ്പോലെയാണ് ഈ എഴുത്തുകാരന്‍ പ്രവര്‍ത്തിച്ചത്. ഗ്രീക്കിലേക്ക് ഹോമറിന്റെ ‘ഇലിയഡ്’,നിഷേയുടെ ‘തസ് സ്‌പോക്ക് സരതുസ്ത്ര’, ദാന്തേയുടെ ‘ഡിവൈന്‍ കോമഡി’ തുടങ്ങിയ കൃതികള്‍ പരിഭാഷപ്പെടുത്തിയ കസന്‍ദ്‌സാക്കിസ് പന്ത്രണ്ട് നോവലുകള്‍ എഴുതി. ദ് ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് , ദ് ഫ്രാറ്റ്‌റിസൈഡ്‌സ്, സോര്‍ബ ദ് ഗ്രീക്ക് എന്നിവ പ്രശസ്തമാണ്. ഇതിനു പുറമെയാണ് പന്ത്രണ്ട് നാടകങ്ങള്‍ 33333 വരികളുള്ള ഒരു ഇതിഹാസ കാവ്യവും അദ്ദേഹം രചിച്ചു – The Odyssey:A modern sequel.
ജീവിതത്തിനു പ്രഥമദൃഷ്ട്യാ ഒരര്‍ത്ഥം കണ്ടെത്താന്‍ കഴിയാത്തതിന്റെ കരച്ചിലാണ് അദ്ദേഹം ആന്തരികമായി അനുഭവിച്ചത്. ഒഴുക്കിനൊത്ത് പോകുകയായിരുന്നില്ല അദ്ദേഹം. സ്വന്തമായി ക്രമമുണ്ടാക്കുകയായിരുന്നു.
മനുഷ്യനില്‍ ഒരു ജൈവ പരിണാമ ജീവിതോര്‍ജ്ജമുണ്ടെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ അത് വളരെ സ്വതന്ത്രവും മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഒത്ത് സര്‍ഗാത്മകമാകുന്നതുമാണ്. ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ എഴുതി:
‘കേള്‍ക്കാന്‍ ആരുമില്ലെങ്കിലും നാം പാടും; നാം കഠിനമായി അദ്ധ്വാനിക്കും, വൈകുന്നേരം കൂലി തരാന്‍ ആരുമില്ലെങ്കില്‍പ്പോലും.’ ഇതില്‍ പ്രകൃതിയുടെ വലിയൊരു യാഥാര്‍ത്ഥ്യവും സര്‍ഗാത്മകതയുടെ പാഠവുമുണ്ട്. കുയിലുകള്‍ പാടുന്നതും മയിലുകള്‍ പീലി വിടര്‍ത്തുന്നതും വലിയൊരു പ്രേക്ഷക സമൂഹത്തെ പ്രതീക്ഷിച്ചുകൊണ്ടല്ല. അവ ആത്മാവിന്റെ ശാന്തമന്ത്രമുഖരിതമായ ഒരാവൃത്തിയില്‍ മുഴുകുകയാണ്. ഏതെങ്കിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാര്‍ മാര്‍ക്കിടാന്‍ വേണ്ടി മൈനകള്‍ പാടാറില്ല. അവ കൂലിക്ക് വേണ്ടിയല്ല പ്രാപഞ്ചികമായ ഗാനമാലപിക്കുന്നത്. അവയുടെ ജീവിതം തന്നെ സംഗീതാത്മകമാണെന്ന ഒരു ധാരണയില്‍ നിന്നാണ് ആ ഗാനം ഉണ്ടാകുന്നത്. അതില്‍ തന്നെ അനശ്വരതയും നശ്വരതയുമുണ്ട്. ഇത് മനുഷ്യരുടെ സര്‍ഗാത്മക പ്രവര്‍ത്തനത്തിലും നിഴലിക്കുന്നു. ഒരാള്‍ വലിയ ഒരു കൃതി എഴുതുന്നത്, ദിവസവും വൈകുന്നേരം കൂലി പ്രതീക്ഷിച്ചു കൊണ്ടല്ലല്ലോ.
കസന്‍ദ്‌സാക്കിസ് എഴുതുന്നു: ”നമ്മള്‍ എങ്ങോട്ടു പോകുന്നു? ആര്‍ക്കുമറിയില്ല. നമ്മള്‍ എങ്ങും പോകുന്നുണ്ടാവില്ല. ആരും നമ്മുടെ സഹനങ്ങള്‍ക്ക് വേതനം തരാനുണ്ടാവില്ല.’ ഇതിന്റെയര്‍ത്ഥം വ്യക്തമാണ്; നാം പ്രയത്‌നിച്ചാല്‍ പ്രതീക്ഷിക്കാന്‍ ഒന്നും തന്നെയില്ല. താത്കാലികമായി നമ്മെ സന്തോഷിപ്പിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അതിലൊന്നും ആവേശം കൊള്ളാനില്ല. മനുഷ്യരെ പ്രലോഭിപ്പിക്കുന്നത് പ്രതീക്ഷകളാണ്. എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയില്‍ പലതും ചെയ്യുന്നു. എന്നാല്‍ പ്രകൃതി ഇത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ? അതു കൊണ്ട് പ്രതീക്ഷിക്കുന്ന മനസ്സിനെ തന്നെ വഴിതിരിച്ചുവിടണമെന്നാണ് കസന്‍ദ്‌സാക്കിസ് പറയുന്നത്.
നശ്വരതയുടെ പാഠങ്ങള്‍
ജീവിതാനന്തരം സ്വര്‍ഗമോ നരകമോ ഇല്ലെന്നുള്ള നിലപാട് പല ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെയും അപ്രീതിക്ക് ഇടയാക്കി. ‘ഭൂമിയുടെ ലക്ഷ്യം ജീവിതമോ മനുഷ്യനോ അല്ല’ – അദ്ദേഹം പ്രസ്താവിച്ചു. ഇത് ആര്‍ക്കും തോന്നാവുന്നതാണ്. കോടിക്കണക്കിനു മനുഷ്യര്‍ ജനിച്ചു മരിച്ചു. ഒന്നും സംഭവിച്ചില്ല. അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രബിംബത്തിന്റെ കാവ്യാത്മകതയും ഭൂമിയുടെ സ്വപ്‌നാത്മകതയും മനുഷ്യ സൃഷ്ടിയല്ലേ? മനുഷ്യന് ഭൂമിയില്‍ എവിടെയാണ് സ്ഥാനമുള്ളത്? എന്നാല്‍ ഈ സന്ദിഗ്ദ്ധാവസ്ഥയില്‍, നാം നിരാശരാകരുത്. അദ്ദേഹം പറയുന്നത് ഈ ഘട്ടത്തില്‍ നാം മനുഷ്യനില്‍ തന്നെ കേന്ദ്രീകരിച്ച് സ്വന്തം കര്‍മ്മങ്ങളില്‍ മുഴുകണമെന്നാണ്. ഒരര്‍ത്ഥം കണ്ടെത്താന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു. ജനിക്കുമ്പോള്‍ തന്നെ മരണത്തിലേക്കുള്ള യാത്ര തുടങ്ങുന്ന നാം അനശ്വരതയെയാണ് ലക്ഷ്യം വയ്ക്കുന്നത്; എന്നാല്‍ മരണത്തില്‍ അതെല്ലാം അവസാനിക്കുകയാണ്.
നമ്മുടെ അനുഭവങ്ങളില്‍ നിന്നു തന്നെ നമുക്കാവശ്യമായ അര്‍ത്ഥം കണ്ടെത്തിയില്ലെങ്കില്‍ നിലനില്പില്ല. ‘ഓരോ നിമിഷവും നാം മരിക്കുകയാണ്. എന്നാല്‍ ആ നിമിഷത്തിലും മനുഷ്യന്‍ പലതും പുതുതായി സൃഷ്ടിക്കുന്നു. ജീവിതമാണ് നാം രൂപീകരിക്കുന്നത്. അങ്ങനെ നാം ഓരോ നിമിഷത്തിലും ജനിക്കുന്നു.’
പ്രപഞ്ച ജീവിതത്തിന്റെ പ്രഹേളികാ സൗന്ദര്യത്തില്‍ ചരടറ്റ പട്ടത്തെപ്പോലെ കറങ്ങിത്തിരിയുന്ന മനുഷ്യന്‍ സ്വയപ്രയത്‌നം കൊണ്ട് സ്വയം കാണാന്‍ ശ്രമിക്കുകയാണ്. ഇതാണ് അവന്റെ അത്മാന്വേഷണം. അതീതമായതിലല്ല, ആര്‍ജിക്കാവുന്നതിലാണ് നമ്മുടെ സംസ്‌കാരം.
നമ്മുടെ ദൈവികത മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട നിശ്ചലതയല്ലെന്ന് ഈ എഴുത്തുകാരന്‍ ചിന്തിക്കുന്നു. പ്രാപഞ്ചികമായ അവസ്ഥയ്‌ക്കെതിരെ മനുഷ്യന്‍ കൈവരിക്കുന്ന ശക്തിയെയാണ് അദ്ദേഹം ദൈവം എന്നു വിളിക്കുന്നത്. നശ്വരതയ്ക്കുള്ളില്‍ തന്നെ അസ്തിത്വത്തിന്റെ അര്‍ത്ഥം സംഭവിക്കുന്നു. അതാരാഞ്ഞു കൊണ്ടിരിക്കുക എന്നുള്ളത് നമ്മുടെ ഏറ്റവും വലിയ കടമയാണ്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്: ”നമുക്ക് യാഥാര്‍ത്ഥ്യത്തെ മാറ്റാനാവില്ല; എന്നാല്‍ യാഥാര്‍ത്ഥ്യത്തെ കാണുന്ന കണ്ണുകളുടെ നോട്ടം വ്യത്യസ്തമാക്കാനാവും.’
വായന
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, ആനന്ദിന്റെ ആള്‍ക്കൂട്ടം, വിജയന്റെ ഗുരുസാഗരം എന്നീ നോവലുകള്‍ ഇന്ത്യയുടെ മൂന്ന് വ്യത്യസ്ത ആത്മീയ സംഘര്‍ഷ മേഖലകള്‍ കാണിച്ചു തരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ പറ്റാത്ത വിധം മലയാളവിമര്‍ശകരും സ്മാരക സമിതികളും ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനു ചുറ്റിനും മാത്രമായി വലംവച്ചു കൊണ്ടിരിക്കുകയാണ്.
കെ. ഷെരീഫ് ‘കവിതകള്‍’ എന്ന പേരില്‍ ഭാഷാപോഷിണിയില്‍ (ജൂണ്‍) എഴുതിയതെല്ലാം കുഞ്ഞുണ്ണിക്കവിതകളെ ഓര്‍മ്മിപ്പിച്ചു. ‘ഉപരിപ്ലവകാരി’ എന്ന ടൈറ്റിലിനു താഴെ’വിപഌവകാരി, ഉപരിപഌവകാരി’ എന്നെഴുതിയിരിക്കുന്നു. ഇത് ഷെരീഫിന്റെ ഒരു സമ്പൂര്‍ണ കവിതയാണെന്നോര്‍ക്കണം! ഇത്തരം പ്രാസവരികള്‍ എന്താണ് ലക്ഷ്യംവയ്ക്കുന്നത്? ഇത് കുഞ്ഞുണ്ണിക്കവിതകളുടെ വികലമായ അനുകരണമാണ്. അതേ നിറവും രൂപവും. ഇത്തരം പദപ്പെരുമാറ്റത്തില്‍ വാക്കുകള്‍ മാത്രമേയുള്ളു; കവിതയില്ല.
പുനര്‍ചിന്ത
ഏഴാച്ചേരി രാമചന്ദ്രനുമായുള്ള അഭിമുഖം (പച്ചജീവിതം വെച്ചു നീട്ടും വരം, എസ്.ആര്‍.ലാല്‍, ഗ്രന്ഥാലോകം, മെയ്) നന്നായിട്ടുണ്ട്. ദേശാഭിമാനിയുടെ ലേഖകനായിരുന്ന കാലത്ത് കവിക്ക് കാര്യമായി എഴുതാന്‍ കഴിഞ്ഞില്ലത്രേ. എന്നാല്‍ റിട്ടയര്‍മെന്റിനു ശേഷം ധാരാളം എഴുതി. ഇതിനെക്കുറിച്ചാണ് ചോദ്യം. കവിയുടെ മറുപടി ഇങ്ങനെ:
”നീലി, കയ്യൂര്‍, കാവടിച്ചിന്ത്,ക്ഷീരപുരയിലെ സന്യാസിനികള്‍,കേദാര ഗൗരി, മഴവരയ്ക്കുന്ന ഗുഹാചിത്രങ്ങള്‍ തുടങ്ങിയവയായിരുന്നു 2004 വരെയുള്ള പുസ്തകങ്ങള്‍. റിട്ടയര്‍ ചെയ്ത് വീട്ടില്‍ ഇരിപ്പായി. സ്വയം വിമര്‍ശനത്തിന്റെ പൂതലിച്ച കരിദിനങ്ങള്‍; കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും അരിച്ചും പാറ്റിക്കൊഴിച്ചും ജീവിതത്തെ കശക്കി. ഒടുവില്‍ ഒരു സങ്കടസമസ്യയെന്നവണ്ണം ഉത്തരം കിട്ടി -ഇത്രയും നാളത്തെ ജീവിതം അമ്പേ പരാജയം.
ഇത്രയും തുറന്നു പറയണ്ടായിരുന്നു. ഏഴാച്ചേരി ഒരിക്കലും തനിക്ക് വേണ്ടി എഴുതിയിട്ടില്ല. കവി പ്രസ്ഥാനങ്ങളെയല്ല ഉപാസിക്കേണ്ടത്. സ്വന്തം സൗന്ദര്യാനുഭവങ്ങളെയാണ്.
‘ക്രിസ്തുസാന്നിദ്ധ്യം മലയാള സാഹിത്യവിമര്‍ശനത്തില്‍’ (എഴുത്ത്, ജൂലായ്) എന്ന പേരില്‍ ഡോ.മാത്യു ഡാനിയല്‍ എഴുതിയ ലേഖനം സുചിന്തിതമാണ്. സാഹിത്യകലയില്‍ സൗന്ദര്യം വരുന്നത് പല വഴിയിലാണ്. കെ.പി.അപ്പന്‍ സ്വന്തം നിലയില്‍ ക്രിസ്തുദര്‍ശനത്തെ സമീപിച്ചതിനു തെളിവായി ലേഖകന്‍ ഇങ്ങനെ വിവരിക്കുന്നു: ‘ഏണസ്റ്റ് ഹെമിംഗ്വേയുടെ ‘കിഴവനും കടലും’ എന്ന നോവലില്‍ ക്ഷീണിതനും തകര്‍ന്ന വനുമായ കിഴവന്‍ സാന്തിയാഗോ പായ്മരം തോളിലേറ്റി കുടിലിലേക്ക് പോകുന്ന യാത്രയില്‍ ഇടറി വീഴുമ്പോള്‍ ‘ദൈവമേ ഇത് ക്രിസ്തുവല്ലേ’ എന്ന നടുക്കത്തോടെ തിരിച്ചറിയുന്നുണ്ട്, കെ.പി.അപ്പന്‍. വൃദ്ധന്റ തോളിലെ പായ്മരം മരക്കുരിശായി രൂപപ്പെടുകയാണിവിടെ.”
ബാസു ചാറ്റര്‍ജി, ഭക്തി
സാഹിത്യഅക്കാദമിയുടെ ‘സാഹിത്യ ലോകം’ ജനുവരി,ഫെബ്രുവരി ലക്കം വായിച്ചു. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. നൂറുകണക്കിനു എഴുത്തുകാരുടെ രചനകള്‍ ദൂരെയെറിഞ്ഞു കൊണ്ടാണ് ഈ അഭ്യാസം. അക്കാദമിക്ക് അധികാരം മതി. സാഹിത്യം വേണ്ട.
ബംഗാളി ചലച്ചിത്രകാരന്‍ ബാസു ചാറ്റര്‍ജിയെക്കുറിച്ച് മധു ഇറവങ്കര എഴുതിയ ‘ബാബു ദാ വിടപറയുമ്പോള്‍’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 21) എന്ന ലേഖനം ചെറുതെങ്കിലും ഉദ്ദേശ്യം സഫലീകരിച്ചു. ഇതില്‍ ഇങ്ങനെ വായിക്കാം: ‘സലില്‍ ചൗധരി, രവീന്ദ്ര ജെയ്ന്‍, രാകേഷ് റോഷന്‍ തുടങ്ങിയ സംഗീത സംവിധായകര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് നല്കിയ അനശ്വരഗാനങ്ങള്‍ മറക്കാനാവില്ല. യേശുദാസ് ഹിന്ദി സിനിമയിലെ ജനപ്രിയ ഗായകനായി മാറിയതും ബാസു ചാറ്റര്‍ജിയുടെ സിനിമകളിലുടെയാണ്.’
‘ഭക്തിലക്ഷണം എഴുത്തച്ഛന്‍’ കൃതികളില്‍ എന്ന ലേഖനത്തില്‍ (കീര്‍ത്തി സാഗര്‍, കേസരി, ജൂലൈ 10) ഇങ്ങനെ കാണുന്നു: ‘എഴുത്തച്ഛന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ (പതിനാറാം നൂറ്റാണ്ട്) ജീര്‍ണിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തെ അദ്ദേഹം ഉദ്ധരിച്ചു. മണിപ്രവാള സാഹിത്യത്തിന്റെ ശൃംഗാരാതിപ്രസരത്തിനുമേല്‍ തല വെച്ചുറങ്ങിയ കേരളീയ മനസ്സിനെ ഭക്തിയിലൂടെ ഉണര്‍ത്തിയത് അദ്ദേഹമാണ്.’ പ്രസക്തമായ കാഴ്ചപ്പാടാണിത്. കാരണം ഭക്തി ഒരു ഉണര്‍വ്വാണ്. താന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഒരുവന് തിരയാനുള്ള മാര്‍ഗമാണത്.
നുറുങ്ങുകള്‍
-
ആലുവയില്‍ ഒരു ബുക്ക്സ്റ്റാളിന്റെ മുകളില്‍ തെങ്ങിന്റെ ഉയരത്തില്‍ ‘ആടുജീവിതം’ എന്ന നോവലിന്റെ കട്ടൗട്ട് വച്ചതായറിഞ്ഞു. ആടുജീവിതം കൂടുതല്‍ കോപ്പി വിറ്റു എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഇളക്കം. അത് മഹത്തായ സാഹിത്യമൊന്നുമല്ല. വെറുതെ തെറ്റിദ്ധരിക്കരുത്. അത് ഒരാളുടെ അനുഭവ വിവരണമാണ്. ഒരു ഗള്‍ഫ് ജീവിത കഥ എന്ന നിലയിലാണ് വായിക്കപ്പെട്ടത്. അതിനപ്പുറം ഒന്നുമില്ല.
-
കാളിദാസന്റെ ‘മേഘസന്ദേശം’ ഒരു ഇന്ത്യന്‍ കൃതിയായി മുന്നോട്ടുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.
-
സിനിമയെക്കാള്‍, സീരിയലിനെക്കാള്‍ കൂടുതല്‍ മലയാളിസ്ത്രീകള്‍ ഇപ്പോഴും ഇടപെടുന്നത് സാഹിത്യത്തിലാണ്.
-
കോവിഡ് കാലത്തിന്റെ ഫലമായി കുടുതല്‍ കുട്ടികള്‍ പിറക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കോവിഡ് മനുഷ്യന്റെ പ്രത്യാശയുടെ ,ചെറുത്തു നില്പിന്റെ, പോരാട്ടത്തിന്റെ ഭാവിയുടെ ചവിട്ടുപടിയാകാന്‍ പോകുകയാണ്.
-
കേരള സാഹിത്യഅക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞത് വായിച്ചു. (കേരളകൗമുദി, ജൂലൈ12). അക്കാദമിയിലേക്ക് കാലെടുത്തു വയ്ക്കും മുമ്പ് പിന്‍വാങ്ങേണ്ടി വന്ന സാധാരണ എഴുത്തുകാരുടെയെല്ലാം ചെലവില്‍ സാംസ്‌കാരിക പ്രഭുവാകാന്‍ നോക്കുകയാണ് പ്രസിഡന്റ്. വെറുതെ ഒരു സംതൃപ്തി ഇരിക്കട്ടെ.
-
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പ്രണയത്തെയും പ്രണയിച്ചു. മണ്ണും വിണ്ണും പെണ്ണും നിലാവും എല്ലാം പി ക്ക് പ്രണയവസ്തുക്കളായിരുന്നു.
-
കരീബിയന്‍ കവി ഡെറക് വാല്‍ക്കോട്ട് (Derek walcott) ഇങ്ങനെ പറഞ്ഞു: നല്ല എഴുത്തുകാര്‍ ഒരിക്കലും ഭാഷയെ ഭാഷാശാസ്ത്രപരമായ പ്രക്രിയയായി കാണില്ല; മറിച്ച് അവര്‍ക്ക് ഭാഷ ജീവനുള്ള വസ്തുവാണ്.
-
ഒരു യഥാര്‍ത്ഥ കുതിരയെ വരയ്ക്കുന്നതിലല്ല മികച്ച കലാകാരന്‍ ശ്രദ്ധിക്കുന്നത്; അയാള്‍ തന്നെ പ്രലോഭിപ്പിച്ച അയഥാര്‍ത്ഥ കുതിരയെയാണ് തേടുന്നത്.
-
ലോകത്തെ നടുക്കിയ പിക്കാസോ (Pablo picasso) ചിത്രമാണ് ‘ദ് യംഗ് ലേഡീസ് ഓഫ് അവിഗ്‌നോണ്‍ ‘ (Les Demoiselles d’Avingnon, 1907). കലയിലെ ആഭിചാരമെന്നാണ് ഇതിനെ ചിലര്‍ വിശേഷിപ്പിച്ചത്.
-
മരിക്കുന്നവര്‍ക്ക് മൃത്യുവിനെ പേടിക്കേണ്ടതില്ല. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്കാണ് മൃത്യുവിനെ നേരിടേണ്ടി വരിക.