ശ്രീ ചിത്തിര തിരുനാള്‍ ബലരാമവര്‍മ്മ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭരണാധിപന്‍ എന്ന നിലയില്‍ നാട്ടു രാജ്യങ്ങള്‍ ഭാരതത്തിലേക്ക് ലയിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്നുള്ള ഒരു സംയുക്ത സംസ്ഥാനം രൂപീകരിക്കുന്നതിലേക്ക് നയിക്കുന്ന കവനന്റ് എന്ന് അറിയപ്പെടുന്ന ഒരു കരാര്‍ 1949 മെയ് മാസത്തില്‍ ഭാരത സര്‍ക്കാരുമായി ഒപ്പുവെച്ചു. വളരെ വിശാലവും ചരിത്ര പ്രാധാന്യവുമുള്ള ഈ കരാര്‍ പ്രകാരം മറ്റ് പല വിഷയങ്ങളോടുമൊപ്പം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയും സ്വത്തുക്കളും നടത്തിപ്പും പൂര്‍ണ്ണമായി രാജകുടുംബത്തിന് നല്‍കിയിരുന്നു. ശ്രീ ചിത്തിര തിരുനാള്‍ ബലരാമവര്‍മ്മ 1991 ജൂലായ് 19ന് അന്തരിച്ച ശേഷം ഇളയ സഹോദരന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജകുടുംബത്തില്‍ നിലനിന്നിരുന്ന കീഴ്‌വഴക്കവും നിയമവും പ്രകാരം രാജകുടുംബത്തിന്റെ അനന്തരാവകാശിയായി.
കവനന്റ് പ്രകാരം രൂപീകൃതമായ തിരു-കൊച്ചി സംസ്ഥാനം 1950 ല്‍ ‘ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലിജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്റ്റ്’എന്ന പേരില്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒരു നിയമം പാസ്സാക്കുകയും അതില്‍ മറ്റ് പല വിഷയങ്ങളോടും ഒപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയും സ്വത്തുക്കളുടെയും നടത്തിപ്പിന്റെയും അവകാശവും തിരുവാതാംകൂര്‍ രാജകുടുംബത്തിനായിരിക്കും എന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് രൂപികൃതമായ കേരള സംസ്ഥാനത്തിന്റെ നിയമസഭയും ഇത് അംഗീകരിച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും പണ്ടാരം വക സ്വത്തുക്കളുടെ കാര്യത്തിലും ഈ നിയമ പ്രകാരം കവനന്റ് നിലവില്‍ വരുന്നതിന് മുമ്പുള്ള തിരുവതാംകൂര്‍ രാജാവിന്റെ അവകാശങ്ങള്‍ അതേപടി നിലനിര്‍ത്തുകയും അത് സുപ്രീം കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ സാധിക്കാത്ത വിധം നിയമ പരിരക്ഷ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ 2007-ല്‍ ചില രാഷ്ട്രീയ സംഘടനകളുടെ പിന്‍ബലത്തില്‍ ചില വ്യക്തികള്‍ ക്ഷേത്രത്തിന്റെ നാലമ്പലത്തിന് ഉള്ളില്‍ സ്ഥിതി ചെയ്യുന്ന 6 നിലവറകള്‍ തുറക്കുന്നതില്‍ നിന്നും ക്ഷേത്ര അധികാരികളെ വിലക്കണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് കീഴ്‌ക്കോടതിയില്‍ പരാതി നല്‍കി. പിന്നീട് 2009 -ല്‍ ഒരു ക്ഷേത്ര ജീവനക്കാരനും അതേ വര്‍ഷം തന്നെ ക്ഷേത്ര ജീവനക്കാരുടെ ഒരു സംഘടനയും വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് 2009 ല്‍ ടി.പി. സുന്ദരരാജന്‍ എന്ന ഒരു അഭിഭാഷകന്‍ ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് കേരള സര്‍ക്കാര്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണ സംവിധാനം പോലെ ഈ ക്ഷേത്ര ഭരണം ഏറ്റെടുത്ത് നടത്തണം എന്നു തുടങ്ങിയ പരാതികള്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
2010 ല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പിന്‍തുടര്‍ച്ചാവകാശിയായ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രത്തിനു മേലുള്ള രാജകുടുംബത്തിന്റെ അവകാശം സ്ഥാപിച്ചു കിട്ടാനും ക്ഷേത്രം സംബന്ധിച്ച് കീഴ്‌ക്കോടതിയിലുളള കേസുകള്‍ ഹൈക്കോടതിയിലേക്ക് മാറ്റി കവനന്റ് പ്രകാരമുളള രാജകുടുംബത്തിന്റെ അവകാശങ്ങളെ കണക്കാക്കി തീര്‍പ്പുകല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഈ പരാതികളും അതിലേക്ക് നയിച്ച സംഭവങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച വിവിധ നിയമങ്ങളും രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനയും മറ്റും വിശദമായി പരിശോധിച്ച കേരള ഹൈക്കോടതിയുടെ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ എന്നിവര്‍ അടങ്ങുന്ന ബഞ്ച് 2011 ല്‍ ഈ കേസുകളുടെ വിധി പ്രസ്താവിച്ചു. വിധിയില്‍ പരാമര്‍ശിച്ച പ്രധാന വിഷയങ്ങള്‍ താഴെ പറയുന്നവയാണ്:
(1) ഒരു കോര്‍പ്പറേറ്റ് ബോഡി അല്ലെങ്കില്‍ ട്രസ്റ്റ് അല്ലെങ്കില്‍ നിയമപരമായ മറ്റേതെങ്കിലും സംവിധാനം രൂപീകരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും അതിന്റെ സ്വത്തുക്കളുടെയും നടത്തിപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് ക്ഷേത്രം പരമ്പരാഗതമായ രീതിയില്‍ നടത്താനുളള സംവിധാനം മൂന്ന് മാസങ്ങള്‍ക്കകം ഒരുക്കാന്‍ ഉടന്‍ നടപടിയെടുക്കണമന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
(2) ആചാരാനുഷ്ഠാനങ്ങള്‍ക്ക് ആവശ്യമായി ഉപയോഗിക്കാനല്ലാതെ നിലവറകളിലേതെങ്കിലും തുറക്കുന്നതിനോ അതില്‍ നിന്നും എന്തെങ്കിലും നീക്കംചെയ്യുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തി.
(3) സര്‍ക്കാര്‍ രൂപീകരിക്കുന്ന ഭരണ സംവിധാനം നിലവറകള്‍ തുറന്ന് അതിനുള്ളില്‍ ഉള്ള വസ്തുവകകളുടെ കൃതമായ കണക്കെടുക്കുകയും ഈ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒരു കാഴ്ചബംഗ്ലാവ് തീര്‍ത്ത് പൊതുജനങ്ങള്‍ക്കും ഭക്തജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പണം സ്വീകരിച്ച് പ്രവേശിപ്പിക്കുന്ന സംവിധാനം ഒരുക്കാവുന്നതാണ്. പരാതിക്കാരനും രാജകുടുംബത്തിലെ പിന്‍തുടര്‍ച്ചാ അവകാശികള്‍ക്കും ആറാട്ട് പുറപ്പാട് തുടങ്ങിയ ആരാധനാ സമ്പ്രദായങ്ങളില്‍ പത്മനാഭ ദാസന്‍ എന്ന നിലയിലുള്ള പ്രതീകാത്മകമായ സാന്നിദ്ധ്യത്തിനു വേണ്ടി പങ്കെടുക്കാന്‍ അനുവദിക്കാവുന്നതാണ്.
(4) ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളും നിധികളും കണക്കിലെടുത്ത് സര്‍ക്കാര്‍ ക്ഷേത്രത്തിന്റെ സുരക്ഷ ഒരു പോലീസ് സംഘത്തിന് കൈമാറുകയോ അല്ലെങ്കില്‍ കുറഞ്ഞ പക്ഷം ക്ഷേത്രത്തിലുളള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സഹായം നല്‍കുകയോ ചെയ്യണം.
(5) നിലവറകള്‍ തുറന്ന് പരിശോധിച്ച് കണക്കെടുക്കുന്നതിന് നിയോഗിക്കുന്നവര്‍ സത്യസന്ധരും ഉത്തരവാദിത്വബോധമുള്ളവരും ആയിരിക്കണമെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. നിലവറകള്‍ തുറന്ന് പരിശോധിച്ച് കണക്കെടുക്കുന്നത് പരാതിക്കാരന്റെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തില്‍ ആയിരിക്കണം.
ഹൈക്കോടതിയുടെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്രത്തിന്മേലുണ്ടായിരുന്ന അവകാശവും അധികാരവും നിയന്ത്രണവും നഷ്ടപ്പെടുകയും ക്ഷേത്രം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആകുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്റെ നിധിശേഖരം പ്രദര്‍ശിപ്പിക്കുന്നതിന് ഒരു മ്യൂസിയം ഒരുക്കി പൊതുജനങ്ങള്‍ക്ക് ഒരു പ്രദര്‍ശന വസ്തുവാക്കി മാറ്റുന്നതിനും നിര്‍ദ്ദേശിക്കപ്പെട്ടു. ഇതിനെതിരെ ആണ് രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമായി മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകളും ഭരണാധിപന്മാരും ക്ഷേത്രങ്ങളെയും അനുബന്ധ സംവിധാനങ്ങളെയും ഒരു സാമ്പത്തിക സ്രോതസ്സായി മാത്രം കണ്ടുകൊണ്ട് ദുരുപയോഗം ചെയ്ത ചരിത്രമായിരുന്നു ആദ്യം മുതല്‍ നിലനിന്നിരുന്നത്. കൂടാതെ ഗൂഢമായ തന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ട് ക്ഷേത്രങ്ങളെയും അതുവഴി ആദ്ധ്യാത്മിക മൂല്യങ്ങളെയും ഇല്ലാതാക്കി ഹൈന്ദവ സമൂഹത്തില്‍ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിച്ച് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ അടിമകളാക്കി മാറ്റാനുളള ഒരു പദ്ധതി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വര്‍ഷങ്ങളായി നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള കേരള ഹൈക്കോടതിയുടെ ഈ വിധി ഒരു ഞെട്ടലോടെയാണ് ഭക്ത ജനങ്ങള്‍ കേട്ടത്. ക്ഷേത്ര ഭരണം രാഷ്ട്രീയമുക്തമാകണം എന്ന ഭക്തജനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും നിലപാടിന് ഏറ്റ കനത്ത പ്രഹരം കൂടിയായിരുന്നു ഹൈക്കോടതിയുടെ ഈ വിധി.
ചരിത്രാതീത കാലം മുതല്‍ നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ആചാര പദ്ധതിയുടെ ഭാഗമായി ആരാധനാ ക്രമങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചുവന്ന വസ്തുവഹകളും ഭഗവാന്റെ നിധികളും നിലവറകളില്‍ സൂക്ഷിച്ചുപോന്നത് അതെല്ലാം അമൂല്യമാണെന്ന തിരിച്ചറിവോടെ ആയിരുന്നു. എന്നാല്‍ വെറും പുരാവസ്തുവോ കച്ചവട സാധ്യതയുളള വസ്തുവോ എന്ന നിലയില്‍ അതിനെ അളന്നും തൂക്കിയുമുള്ള അതിന്റെ മൂല്യത്തെ മാത്രം പരിഗണിച്ച് പ്രദര്‍ശന വസ്തുവാക്കി മാറ്റാനുള്ള തീരുമാനം രാജകുടുംബത്തിന്റെയും ഭക്ത ജനങ്ങളുടെയും മനസ്സില്‍ ആഴത്തിലുളള മുറിവുകളാണ് സൃഷ്ടിച്ചത്. മാത്രവുമല്ല, ഇത്തരം നീക്കങ്ങള്‍ക്ക് ഒരു കോടതി ഉത്തരവിന്റെ പിന്‍ബലം കൂടി ലഭിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്ന നിലയില്‍ നിന്നും ഒരു കച്ചവട കേന്ദ്രമായി മാറ്റാനുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ആക്കം കൂടുകയും ചെയ്യും.
സ്വതന്ത്രമെന്ന് തെറ്റിദ്ധരിപ്പിച്ച് പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ ദേവസ്വം ബോര്‍ഡുകള്‍ അവര്‍ ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ നടത്തുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിരന്തരമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനുള്ള എത്ര ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. പല കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ഷേത്രങ്ങളെ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് പിടിച്ചെടുക്കുന്നത് കേരളത്തില്‍ നിത്യസംഭവമാണ്. വനവാസികളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏകക്ഷേത്രമായ അട്ടപ്പാടിയിലെ മല്ലീശ്വരന്‍ കോവില്‍ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. തിരുവനന്തപുരത്ത് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് സമീപമുളള ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത ‘കുഴിച്ചപ്പം കിട്ടിയ ക്ഷേത്രം’ എന്നറിയപ്പെടുന്ന തകര്‍ന്നടിഞ്ഞ് കിടക്കുന്ന ക്ഷേത്രത്തിന്റെ പരിതാപകരമായ സ്ഥിതി ദേവസ്വംബോര്‍ഡിന്റെ കെട്ടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ്. ഈ ക്ഷേത്രം തകര്‍ന്നതോടു കൂടി സമീപപ്രദേശങ്ങളിലുള്ള ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിന് വിധേയമായി ആ പ്രദേശത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ തന്നെ തകര്‍ന്നു എന്നത് ഒരു വസ്തുതയാണ്.
ഇത്തരത്തില്‍ ക്ഷേത്രങ്ങളില്‍ നിന്ന് അതിന്റെ യഥാര്‍ത്ഥ അവകാശികളായ ഭക്തജനങ്ങളെ മാറ്റി സര്‍ക്കാരിനും അതു വഴി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഭരണം കൈമാറിയാല്‍ ഉണ്ടാകാവുന്ന ദുരന്തം കേരള ഹൈക്കോടതി തിരിച്ചറിയാതെ പോയത് വളരെ ദൗര്‍ഭാഗ്യകരമായിരുന്നു എന്ന് പറയാതെ വയ്യ. എന്തായാലും സുപ്രീംകോടതിയുടെ വിധിയോടെ ഭക്തജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് നീതി ലഭിച്ചിരിക്കുകയാണ്.