ശാഖയിലെത്തിയ ശേഷം ആദ്യമായി എന്തു ചെയ്യാനാണ് കൊതിച്ചതെന്ന് ഓര്‍മ്മയുണ്ടോ? ശാഖ ആരംഭിക്കാനും അവസാനിക്കാനുമുള്ള വിസില്‍ മുഴക്കുമ്പോള്‍ അഗ്രേസരനാവാന്‍ കൊതിച്ച്, തിരക്കുകൂട്ടുന്ന ബാല സ്വയംസേവകരെ നാം കണ്ടിട്ടില്ലേ. അതുപോലെ ഞാനുമൊരു കാര്യം ചെയ്യാന്‍ കൊതിച്ചിട്ടുണ്ട്. എന്നെങ്കിലുമൊരിക്കല്‍ മുഖ്യശിക്ഷകനെ പോലെ ഉറച്ച ശബ്ദത്തില്‍, ഗംഭീരമായി ആജ്ഞ നല്‍കാനായിരുന്നു ഞാന്‍ കൊതിച്ചത്. ആജ്ഞകളെ എനിക്കേറെ ഇഷ്ടമായിരുന്നു.
ആജ്ഞകളോടിഷ്ടം തോന്നാന്‍ കാരണമുണ്ട്. ഒന്നാമതായി ശാഖയെ മുഖ്യശിക്ഷകന്‍ നല്ലരീതിയില്‍ ചലിപ്പിച്ചിരുന്നത് ആജ്ഞകളുടെ സഹായത്തോടെയായിരുന്നു. വിവിധങ്ങളായ ആജ്ഞകളാല്‍ മുഖരിതമാണ് നമ്മുടെ ശാഖകള്‍. അജ്ഞകളുടെ സൗന്ദര്യം അതിന്റെ കരുത്തും ഹ്രസ്വതയുമാണ്. ഒരു ക്ഷണം പോലും വൈകാതെ ആജ്ഞകളെ അക്ഷരംപ്രതി പാലിക്കുന്ന സ്വയംസേവകരാണതിന്റെ കരുത്ത്. അവരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ശക്തിയും ആജ്ഞകളില്‍ സംഭരിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതുതന്നെയാണ് സംഘത്തിന്റെ കരുത്തും. ആജ്ഞകളുടെ കരുത്തിന്റെയും ഹ്രസ്വതയുടേയും ഏറ്റവും മികച്ച ഉദാഹരണമാണല്ലോ വെറും രണ്ടക്ഷരം മാത്രമുള്ള ‘ദക്ഷ’യെന്ന ആജ്ഞ കൊണ്ട് നിമിഷനേരത്തിനുള്ളില്‍ ലക്ഷാവധി സ്വയംസേവകരെ അച്ചടക്കത്തിന്റെ ഒറ്റച്ചരടില്‍ കോര്‍ത്ത പ്രാന്തസാംഘിക്കിന്റെ ചേതോഹരമായ കാഴ്ച. അതിന്റെ ഒരു ചെറുപതിപ്പ് തന്നെയാണ് ശാഖയും.
കരുത്തുപോലെ തന്നെ ആജ്ഞയുടെ ഹ്രസ്വതക്കും ഇന്ന് തുല്യ പ്രാധാന്യമുണ്ട്. ഇത് കലിയുഗമാണല്ലോ. ലോകമെങ്ങും തമസ്സിന്റെ ശക്തികള്‍ നിറഞ്ഞാടുന്ന യുഗം. കുരുക്ഷേത്ര ഭൂമിയിലും ഈ അധാര്‍മ്മിക ശക്തികളുടെ സാന്നിദ്ധ്യം നമുക്ക് കാണാനാവും. കലിയുഗത്തില്‍ ധര്‍മ്മസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയാവാന്‍ സംഘടനക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഈ സന്ദേശമുള്‍ക്കൊണ്ട് ഡോക്ടര്‍ജി രൂപംനല്‍കിയ സംഘമാകട്ടെ രാഷ്ട്രവൈഭവമെന്ന ലക്ഷ്യപൂര്‍ത്തിക്കായി ധര്‍മ്മസംരക്ഷണമെന്ന വഴി തന്നെയാണ് (വിധായാസ്യ ധര്‍മ്മസ്യ സംരക്ഷണം) തെരഞ്ഞടുത്തതും. പക്ഷേ ഒരു വ്യത്യാസമുണ്ട്. ദ്വാപരയുഗത്തിലെ പോലെ പതിനെട്ടദ്ധ്യായം ദൈര്‍ഘ്യമുള്ള ഗീതോപദേശം നല്‍കി ഒരുവനെ ധര്‍മ്മസംരക്ഷണത്തിന് സജ്ജനാക്കാനുള്ള സമയം ഈ കലിയുഗത്തിലില്ല. ഇന്ന് കുരുക്ഷേത്ര ഭൂമി ആവശ്യപ്പെടുന്നത് ഹ്രസ്വമായ ഒരു നിര്‍ദ്ദേശംകൊണ്ട് തന്നെ ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങാന്‍ സദാസര്‍വദാ സജ്ജരായ പാര്‍ത്ഥന്‍മാരെയാണ്. അതുകൊണ്ട് ശാഖയിലെ ഹ്രസ്വമായ ആജ്ഞകളിലൂടെ സംഘം രൂപപ്പെടുത്തുന്നത് വര്‍ത്തമാന കാലഘട്ടത്തിന് അനുയോജ്യരായ പാര്‍ത്ഥന്‍മാരെയാണ്.
ആജ്ഞകളെ ഇഷ്ടപ്പെടാനുളള മറ്റൊരു കാരണം അതുമായി ബന്ധപ്പെട്ട് സംഘത്താല്‍ ഞാന്‍ കണ്ട ചില മനോഹരമായ കാഴ്ചകളാണ്. അതിലേറ്റവും ചേതോഹരമായ കാഴ്ച സംഘത്തില്‍ സര്‍വ്വസാധാരണ സ്വയംസേവകന്‍ മുതല്‍ പരംപൂജനീയ സര്‍സംഘചാലക് വരെ ആജ്ഞകള്‍ക്ക് വിധേയരാണ് എന്നുള്ളതാണ്. മാത്രമല്ല ഒരു ബാല സ്വയംസേവകനാണ് ആജ്ഞ നല്‍കുന്നതെങ്കില്‍ പോലും ഒട്ടും സങ്കോചമില്ലാതെ തല മുതിര്‍ന്നവര്‍ വരെ അതനുസരിക്കുകയും ചെയ്യുന്നു. 2015 ല്‍ കന്യാകുമാരിയില്‍ നടന്ന ദ്വിതീയ വര്‍ഷ സംഘ ശിക്ഷാവര്‍ഗ്ഗില്‍ പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവതിന്റെ ബൗദ്ധിക്കില്‍ ആജ്ഞകളോടുള്ള സ്വയംസേവകരുടെ വിധേയത്വത്തെ ഉദാഹരിച്ച് കൊണ്ട് പറയുകയുണ്ടായി. ‘വിളമ്പി വച്ച ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോള്‍ സ്വയംസേവകര്‍ക്ക് ഉത്തിഷ്ഠ, വിശ്രമ എന്ന ആജ്ഞ നല്‍കിയാല്‍ ആ നിമിഷം ഒരു സംശയവുമില്ലാതെ എല്ലാ സ്വയംസേവകരും എണീറ്റ് പിരിഞ്ഞു പോകുമെന്ന്. ഇതിനപ്പുറമായി സംഘ ആജ്ഞകളെ കുറിച്ച് വേറെന്തു പറയാന്‍. അത്രമേല്‍ ആജ്ഞകളുമായി താദാത്മ്യം പ്രാപിച്ച മനസ്സാണ് സ്വയംസേവകരുടേത്.
സൂഷ്മമായി നിരീക്ഷിച്ചാല്‍ ഇന്നത്തെ സമൂഹത്തിന്റെ മനസ്സും മനുഷ്യന്റെ പൊതുബോധവുമൊന്നും ആജ്ഞകള്‍ക്ക് ഒട്ടും അനുകൂലമല്ല എന്ന് കാണാന്‍ കഴിയും. വര്‍ത്തമാന കാലത്ത് കൊച്ചുകുട്ടികള്‍ പോലും തങ്ങളോടാരെങ്കിലും ആജ്ഞാപിക്കുന്നത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ആരെങ്കിലും തങ്ങളോട് ആജ്ഞാപിച്ചാല്‍ അതിനെ വ്യക്തിപരമായ അനാദരവായി കണ്ട് ചോദ്യം ചെയ്യുന്ന സ്വഭാവമാണ് പൊതുവെ സമൂഹത്തിലിന്നുള്ളത്. എന്നാല്‍ ഇതേ സമൂഹത്തില്‍ നിന്നും ആജ്ഞകളെ ഇഷ്ടപ്പെടുന്ന, അതിനെ ശിരസ്സാവഹിക്കുന്ന സ്വയംസേവകരുടെ ഒരു വലിയ നിരയെത്തന്നെ സംഘം സൃഷ്ടിച്ചതിനെ, അത്ഭുതത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്. എങ്ങനെയാണ് സംഘത്തിനിത് സാധിച്ചത്?
ഇതു സംബന്ധിച്ച് ഒരു ദിവസം മണ്ഡലയില്‍ ശാഖാ കാര്യവാഹ് നല്‍കിയ സന്ദേശമാണ് ഓര്‍മ്മ വരുന്നത്. ഡോക്ടര്‍ജി സംഘം സ്ഥാപിച്ചത് ഒരു കേഡര്‍ സംഘടന എന്ന നിലയിലാണ്. കേഡര്‍ സംഘടനയുടെ മുഖമുദ്ര അച്ചടക്കമാണ്. സൈന്യവും പോലീസുമുള്‍പ്പെടെ അനവധി കേഡര്‍ പ്രസ്ഥാനങ്ങളെ നമുക്ക് ചുറ്റും കാണാന്‍ കഴിയും. അവയിലെല്ലാം അച്ചടക്കമുണ്ട്. പക്ഷേ ആ അച്ചടക്കവും സംഘത്തിലെ അച്ചടക്കവും തമ്മിലൊരു വ്യത്യാസമുണ്ട്. മറ്റിടങ്ങളില്‍ അച്ചടക്കം നടപ്പാവുന്നത് ഭയം മൂലമാണ്. അവിടെ മേലുദ്യോഗസ്ഥനെ സല്യൂട്ട് ചെയ്തില്ലെങ്കില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. ശിക്ഷാ നടപടികളോടുള്ള ഭയം നിമിത്തമാണ് പല കേഡര്‍ സംഘടനകളിലും അച്ചടക്കം നിലനില്‍ക്കുന്നതെന്ന് സാരം. എന്നാല്‍ സംഘത്തില്‍ ഭയത്തിലൂടെയല്ല അച്ചടക്കം നടപ്പാക്കുന്നത്. സംഘത്തിലെ അച്ചടക്കത്തിന്റെ ആധാരം സ്‌നേഹമാണ്. ആഴമുള്ള സ്‌നേഹബന്ധമുള്ളിടത്ത് നിഷേധത്തിന് സ്ഥാനമില്ല. ഈ പരസ്പര സ്‌നേഹത്തിന്റെ ശക്തമായ അടിത്തറയില്‍ നിന്നുകൊണ്ടാണ് സംഘത്തില്‍ ആജ്ഞകള്‍ നല്‍കുന്നത്. മാതാപിതാക്കള്‍ മക്കളോട് ആജ്ഞാപിക്കുന്നതു പോലെ. അതുകൊണ്ടാണ് സംഘത്തിന്റെ ആജ്ഞകളെ എല്ലാവരും ഇഷ്ടപ്പെടുന്നതും അതിനെ ശിരസ്സാവഹിക്കുന്നതും. ഇവിടെ ഡോക്ടര്‍ജിയുടെ സംഘടനാ കുശലത വീണ്ടുമൊരിക്കല്‍ കൂടി നാം കണ്ടറിയുന്നു.
ശാഖയിലെ ഓരോ കാര്യപദ്ധതികളും വ്യക്തി നിര്‍മ്മാണത്തിന് അനുരൂപമായ ഗുണങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ആ ദൃഷ്ടിയില്‍ ആജ്ഞയിലൂടെ ലഭിക്കുന്ന ഗുണങ്ങളെന്തൊക്കെയാണ്? സംഘടിത സമാജത്തിന് അത്യന്താപേക്ഷിതമായ അനുസരണ, അച്ചടക്കം എന്നീ രണ്ട് ഗുണങ്ങളാണ് ആജ്ഞക്ക് വിധേയരാവുന്നതിലൂടെ ലഭിക്കുന്നത്. ഇതില്‍ മുഖ്യം അനുസരണ തന്നെയാണ്. അനുസരണയുള്ളവനിലേ അച്ചടക്കവുമുണ്ടാകൂ. ഭാരതം നേരിട്ട ദുരവസ്ഥയുടെ ഒരു കാരണം അനുസരണക്കേട് തന്നെയായിരുന്നു. ലോകത്തിനാകെ ദിശാദര്‍ശനമേകിയ മഹത് ദര്‍ശനങ്ങളും സന്ദേശങ്ങളുമെല്ലാം ഒരുപാടുണ്ടായിട്ടും അവയൊന്നും ചെവിക്കൊള്ളാതെ, അവയെ അനുസരണം ചെയ്യാതെ നാം പഥഭ്രഷ്ടരായപ്പോഴാണ് ലോകത്തിന്റെ നെറുകയില്‍ ശോഭിച്ചിരുന്ന ഭാരത ഭൂമിയുടെ ദുര്‍ദ്ദശ ആരംഭിച്ചത്. ധര്‍മ്മത്തെ എങ്ങനെ സംരക്ഷിക്കണമെന്നും അധര്‍മ്മത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സാക്ഷാല്‍ ശ്രീകൃഷ്ണന്‍ തന്നെ മുന്നില്‍ നിന്ന് വഴികാട്ടിയ മണ്ണില്‍ പിറന്നവരാണ് സദ്ഗുണ വൈകൃതങ്ങളില്‍ പെട്ട് അധര്‍മ്മികള്‍ക്ക് മുന്നില്‍ നാടിന്റെ മാനം അടിയറ വച്ചത്. ഇതിനെയൊക്കെ അനുസരണക്കേടെന്നല്ലാതെ വേറെന്താണ് വിളിക്കുക. ഇതിനൊരു പരിഹാരം ഉണ്ടാവേണ്ടിയിരുന്നു. ആ ദൃഷ്ടിയില്‍ നോക്കുമ്പോള്‍ വ്യക്തികളില്‍ അനുസരണാശീലവും അതിലൂടെ അച്ചടക്കവും വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുളള സംഘസ്ഥാനിലെ ആജ്ഞകളുടെ പ്രാധാന്യം ഏതൊരാള്‍ക്കും ഉള്‍ക്കൊളളാനാവും.
ശാഖയിലെ ആജ്ഞകളിലൂടെ വളര്‍ന്നവരാണ് സ്വയംസേവകര്‍. എന്റെ അനുഭവത്തില്‍ ആജ്ഞയുമായി ബന്ധപ്പെട്ട് മൂന്നു വളര്‍ച്ചാ ഘട്ടങ്ങള്‍ ഒരു സ്വയംസേവകന്റെ ജീവിതത്തിലുണ്ട്. ആജ്ഞാനുസാരി, ആജ്ഞാദായകന്‍, ആജ്ഞാ പാലകന്‍ എന്നിവയാണ് ആ മൂന്ന് ഘട്ടങ്ങള്‍. ഒരാള്‍ പുതുതായി സ്വയംസേവകനാവുമ്പോള്‍ അയാളില്‍ നിന്നുള്ള ആദ്യ പ്രതീക്ഷ ഒരു നല്ല വ്യക്തിയായി തീരുക എന്നുള്ളതാണ്. അത് സംഭവിച്ചു കഴിഞ്ഞാല്‍ അടുത്ത പ്രതീക്ഷ നല്ല വ്യക്തി നേതൃഗുണമുള്ളവനായിത്തീരണം എന്നതാണ്. ആ ഘട്ടവും കഴിഞ്ഞാല്‍ പിന്നെ പ്രതീക്ഷിക്കുന്നത് അയാള്‍ സമാജത്തിന് മുന്നില്‍ ഉദാഹരണമായി, സംഘ മാതൃകയായി ജീവിക്കണം എന്നുള്ളതാണ്. ഇത്രയും സാധ്യമാവുമ്പോഴാണ് സത്യത്തില്‍ വ്യക്തിനിര്‍മ്മാണം സഫലമാകുന്നത്. ആജ്ഞാനുസാരി, ആജ്ഞാദായകന്‍, ആജ്ഞാപാലകന്‍ എന്നീ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നതും ഈ മൂന്ന് വളര്‍ച്ചാഘട്ടങ്ങളെ തന്നെയാണ്. സംഘ ജീവിതത്തിന്റെ തുടക്കത്തില്‍ ആജ്ഞകള്‍ അനുസരിക്കാനാണ് ആദ്യം നാം ശീലിക്കുന്നത്. വ്യക്തിനിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടവും ഇവിടെയാണ് തുടങ്ങുന്നത്. അങ്ങനെ അനുസരിച്ച് ശീലിച്ചവര്‍ വ്യക്തി നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് ആജ്ഞാദായകനായി മാറുന്നു. സ്വയംസേവകന്‍ നേതൃഗുണം കൈവരിക്കുന്നത് ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ്. ഒപ്പം തന്നെ അനുസരണയുള്ളവനേ അനുസരണ പഠിപ്പിക്കാനുമാവൂ എന്ന ലഘു തത്വത്തിന്റെ പ്രയോഗം കൂടിയാണിവിടെ നടക്കുന്നത്. വ്യക്തിചാരിത്ര്യവും നേതൃഗുണവും കൈവരിക്കുമ്പോഴാണ് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച് സമാജത്തിന് മുന്നില്‍ മാതൃകയാവാന്‍ സ്വയംസേവകന് സാധിക്കുന്നത്. അവിടെ സ്വയംസേവകന്‍ ആജ്ഞാപാലനത്തിലൂടെ അനുസരണയുടേയും അച്ചടക്കത്തിന്റെയും ഉത്തമ മാതൃകയായി സംഘസ്ഥാനിലും സമാജത്തിലും മാറുന്നു. പുതിയ തലമുറയേയും ആ മാതൃക സ്വാധീനിക്കുന്നു. കിശോര സ്വയംസേവകന്‍ നല്‍കുന്ന ആജ്ഞകള്‍ അച്ചടക്കത്തോടെ പാലിക്കുന്ന മുതിര്‍ന്ന സ്വയംസേവകരുടെ കാഴ്ചകള്‍ ഇന്നും നിരവധി സ്വയംസേവകര്‍ക്ക് പ്രേരണയും പ്രചോദനവുമേകുന്നുണ്ട്.
ആജ്ഞകള്‍ അനുസരിക്കുന്നത് നല്ല ശീലമാണെങ്കിലും അജ്ഞാപിച്ചാലേ ചെയ്യൂ എന്നുവന്നാല്‍ അതൊരു ദുരവസ്ഥയുമാണ്. ആജ്ഞകളിലൂടെയാണ് സ്വയംസേവകരെ വളര്‍ത്തിയെടുക്കുന്നതെങ്കിലും അവര്‍ സ്വയംപ്രേരണയാലെ പ്രവര്‍ത്തിക്കണമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആജ്ഞകള്‍ക്ക് ഒരു പരിധിയും, ആരാണത് നല്‍കേണ്ടതെന്ന കൃത്യമായ വ്യവസ്ഥയും സംഘത്തിലുണ്ട്. ഇതിന് വിപരീതമായി അസ്ഥാനത്ത് ആജ്ഞ പ്രയോഗിച്ചാലാണ് മേല്‍പറഞ്ഞ ദുരവസ്ഥ സംജാതമാവുക. സംഘത്തിലെ ആജ്ഞകള്‍ സംഘസ്ഥാനില്‍ മാത്രം സീമിതമാണ്. ഇവിടെ സംഘസ്ഥാന്‍ ഒരു പ്രതീകമാണ്. ഒന്നുകൂടി സ്പഷ്ടമാക്കിയാല്‍ വ്യക്തിനിര്‍മ്മാണ പ്രക്രിയയില്‍ മാത്രം സീമിതമാണ് സംഘത്തിന്റെ ആജ്ഞകള്‍. ഒരാളുടെ വ്യക്തിപരമായ നന്മക്കായി ആജ്ഞകള്‍ നല്‍കുക സാധാരണമാണല്ലോ. പഠിക്കാന്‍ അധ്യാപകനും മരുന്ന് കഴിക്കാന്‍ രോഗിയോട് ഡോക്ടറും ആജ്ഞാപിച്ചാല്‍ നാമതില്‍ തെറ്റ് കാണില്ല. കാരണമവിടെ ആജ്ഞകളുടെ ഗുണമാര്‍ക്കാണെന്നും അത് നല്‍കുന്നതെന്തിനാണെന്നും ദാതാവിനും, സ്വീകര്‍ത്താവിനുമറിയാം. സംഘസ്ഥാനിലെ ആജ്ഞകളെയും ഈ അര്‍ത്ഥത്തില്‍ വേണം മനസ്സിലാക്കാന്‍. അവ നമ്മിലെ വ്യക്തിയെ ഉയര്‍ത്തുന്നതിന് വേണ്ടി മാത്രമാണ്.
വ്യക്തിനിര്‍മ്മാണത്തിന് ആജ്ഞകള്‍ അനിവാര്യമാണെങ്കിലും, അതിലൂടെ പരിവര്‍ത്തനം സംഭവിച്ചവര്‍ രാഷ്ട്രോന്നതി ലക്ഷ്യമിട്ട് സമാജത്തിലേക്കിറങ്ങുമ്പോള്‍ പിന്നെയവിടെ ആജ്ഞകളില്ല. കാരണം പരിവര്‍ത്തനം വന്നുകഴിഞ്ഞ സ്വയംസേവകന്‍ പ്രവര്‍ത്തിക്കേണ്ടത് സ്വയം പ്രേരണയാലാണ്. ആത്മാനുശാസനമാണ് അവിടെ പരമപ്രധാനം. സമാജ മധ്യത്തില്‍ സ്വയംസേവകനെപ്പോഴും ഊര്‍ജ്ജമാവേണ്ടത് അവനിലെ ഉള്‍പ്രേരണയാണ്. ആ ഉള്‍പ്രേരണയെ പരിപോഷിപ്പിക്കുന്ന ഇടമാണ് സംഘസ്ഥാന്‍. ശുദ്ധ സാത്വിക പ്രേമം കാര്യത്തിന്റെ ആധാരമാവുമ്പോള്‍ ഇതെല്ലാം സ്വാഭാവികമായി സംഭവിക്കുമെന്നതാണ് നാളിതുവരെയുള്ള നമ്മുടെ അനുഭവവും.