ഒരു മണിക്കൂര്‍ നേരം കടന്നുപോയതറിയാതെ, എല്ലാം മറന്ന് ശാഖയില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങളായിരുന്നല്ലോ കഴിഞ്ഞ ലക്കത്തില്‍ സ്മരിച്ചത്. ചോദ്യം അങ്ങനെ ശാഖയില്‍ പങ്കെടുത്ത ശേഷം പോരുമ്പോള്‍ സംഘസ്ഥാനില്‍ എന്തെങ്കിലും മറന്നു വച്ചതായ അനുഭവം ആര്‍ക്കെങ്കിലുമുണ്ടായിട്ടുണ്ടോ? എനിക്കുണ്ടെന്നു മാത്രമല്ല ഞാനവിടെ മറന്നുവച്ചതൊന്നും പിന്നെയെനിക്കൊട്ട് തിരികെ കിട്ടിയിട്ടുമില്ല. സംഘസ്ഥാനുളളില്‍ കളഞ്ഞുപോയതിനെ കുറിച്ചുളള ഓര്‍മ്മകളാണ് ഇത്തവണ പങ്കുവക്കാനാഗ്രഹിക്കുന്നത്.
മറവിയെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ നാട്ടില്‍ പ്രചലിതമായ രണ്ടു വാദങ്ങളാണ് ഓര്‍മ്മയിലേക്ക് വന്നത്. മറവി ഒരനുഗ്രഹമാണെന്നും, മറവിയൊരു ശാപമാണെന്നുമുള്ള രണ്ടഭിപ്രായങ്ങളാണവ. സാഹചര്യങ്ങളിലെ വ്യത്യാസം നിമിത്തമാവാം ഒരേവിഷയത്തിന്‍ മേല്‍ പരസ്പരവിരുദ്ധമായ രണ്ട് പ്രതികരണങ്ങള്‍ വന്നത്. ശാപമായാലും അനുഗ്രഹമായാലും മറവിയുമായൊരു ബന്ധം സംഘത്തിനുമുണ്ട്. ആത്മവിസ്മൃതിയിലാണ്ടുപോയ സമാജത്തെ ഉണര്‍ത്താനാണ് പൂജനീയ ഡോക്ടര്‍ജി സംഘം സ്ഥാപിച്ചത്. അന്ന് ഒരു പുതിയ സംഘടനയ്ക്ക് തുടക്കമിടേണ്ട സാഹചര്യം എന്തായിരുന്നുവെന്ന ചര്‍ച്ച പലരുമുയര്‍ത്തിയിരുന്നു. ഗാന്ധിജിയും സമാനമായ ചോദ്യം ഡോക്ടര്‍ജിയോട് ഉന്നയിച്ചിട്ടുണ്ട്. ചിന്തിച്ചാല്‍ ചിലപ്പോള്‍ ശരിയാണല്ലോയെന്നു തോന്നാം. കാരണം അക്കാലഘട്ടത്തില്‍ നിരവധി സംഘടനകള്‍ പല രീതിയില്‍ നാടിനു വേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാനുണ്ടായിരുന്നു. അതില്‍ പല സംഘടനകളിലും സജീവാംഗമായി ഡോക്ടര്‍ജിയും പ്രവര്‍ത്തിച്ചിരുന്നു. അപ്പോള്‍ പിന്നെ ഒരു പുതിയ സംഘടന തന്നെ വേണമെന്നദ്ദേഹം തീരുമാനിച്ചതിന് പിന്നിലെ കാരണം എന്തായിരുന്നിരിക്കും?
ന്യൂട്ടന്റെ മാതൃകയില്‍ ചിന്തിച്ചപ്പോഴാണ് ഒരു പുതിയ സംഘടനയുടെ ആവശ്യകത ഡോക്ടര്‍ജി തിരിച്ചറിഞ്ഞതെന്ന് പറയാറുണ്ട്. ന്യൂട്ടന് മേല്‍ ആപ്പിള്‍ വീണ സംഭവം നമ്മളൊക്കെ കേട്ടിട്ടില്ലേ. ആപ്പിള്‍ കൈയില്‍ കിട്ടിയ ന്യൂട്ടണ്‍ അത് ഭക്ഷിക്കുന്നതിന് പകരം എങ്ങനെയാണിത് താഴേക്ക് വീണതെന്ന് ചിന്തിക്കുകയാണത്രെ ചെയ്തത്. ആ വിപരീത ചിന്തയുടെ ഫലമായാണത്രെ അതുവരെയാരും ശ്രദ്ധിക്കാതിരുന്ന ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയെ ലോകം തിരിച്ചറിഞ്ഞത്. അതെന്തുമാവട്ടെ. ഡോക്ടര്‍ജിയുടെ ചിന്തയും ഇതിന് സമാനമായിരുന്നു. അന്ന് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയവരെല്ലാം തന്നെ മനസ്സില്‍ ഭാരതത്തിന്റെ അന്നത്തെ ദുരവസ്ഥയ്ക്ക് കാരണം ബ്രിട്ടീഷ് ഭരണമാണെന്ന് ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് ബ്രിട്ടീഷുകാരെ നാട്ടില്‍ നിന്ന് പുറത്താക്കുകയെന്ന ഏകലക്ഷ്യത്തെ മാത്രം മുന്‍നിര്‍ത്തി എല്ലാവരും സമരരംഗത്തിറങ്ങി. ഡോക്ടര്‍ജിയും അതിന്റെ ഭാഗമായി. പക്ഷേ ഒരു ഘട്ടത്തില്‍ ന്യൂട്ടനെപ്പോലെ വിപരീതമായദ്ദേഹം ചിന്തിച്ചു. ഇത്രയും വലിയ രാഷ്ട്രത്തെ തങ്ങളുടെ ചൊല്‍പ്പടിയിലാക്കാന്‍ അതും നമ്മുടെ നാലിലൊന്ന് വലുപ്പവും ജനസംഖ്യയും വിഭവങ്ങളും ഒന്നുമില്ലാത്ത ബ്രിട്ടീഷുകാര്‍ക്ക് എങ്ങനെ കഴിഞ്ഞെന്ന ചോദ്യം ഡോക്ടര്‍ജിയുടെ മനസ്സില്‍ വന്നു. അതിനുത്തരം ലഭിച്ചപ്പോള്‍ ഭാരതത്തിന്റെ ദുരവസ്ഥയുടെ ശരിക്കുള്ള കാരണമെന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഈ മണ്ണിന്റെ മക്കള്‍ രാഷ്ട്രബോധമില്ലാതെ ഭാരതത്തിന്റെ ചരിത്രവും വീരതയും പാരമ്പര്യവും സംസ്‌കാരവും പൈതൃകവുമെല്ലാം മറന്ന് സ്വാര്‍ത്ഥതയിലാണ്ട് അസംഘടിതരായി അധ:പതിച്ചപ്പോള്‍ ലഭിച്ച അവസരം മുതലാക്കിയാണ് വൈദേശിക ശക്തികളിവിടെ താവളമുറപ്പിച്ചതെന്ന് ഡോക്ടര്‍ജി മനസ്സിലാക്കി. ഈ മറവിക്കൊരു പരിഹാരം കാണാതെ ബ്രിട്ടീഷുകാരെ പുറത്താക്കിയതു കൊണ്ടു മാത്രം യാതൊരു ഗുണവുമുണ്ടാകില്ല എന്നദ്ദേഹം വിശ്വസിച്ചു. അന്നനവധി സംഘടനകള്‍ നാട്ടിലുണ്ടായിരുന്നെങ്കിലും അവരുടെയെല്ലാം ശ്രദ്ധ പൂര്‍ണ്ണമായും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലായിരുന്നു. സമാജത്തില്‍ ദേശഭക്തിയും ഐക്യബോധവും ഹിന്ദുത്വ അഭിമാനവും പകര്‍ന്നു നല്‍കി ഭാരതത്തെ ആത്മവിസ്മൃതിയില്‍ നിന്നും ഉണര്‍ത്താന്‍ അന്നൊരു സംഘടനയുമുണ്ടായിരുന്നില്ല. അതിനാലാണ് ഡോക്ടര്‍ജിക്ക് ഒരു പുതിയ സംഘടനയെ കുറിച്ച് ചിന്തിക്കേണ്ടി വന്നത്.
ആ തിരിച്ചറിവില്‍ നിന്നുമാണ് ആത്മവിസ്മൃതിയില്‍ നിന്ന് സമാജത്തെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഡോക്ടര്‍ജി 1925 ല്‍ സംഘത്തിന് തുടക്കം കുറിച്ചത്. ഏതാനും പേരെ സംഘടിപ്പിച്ച് ഒരു മൈതാനത്ത് കളികളും വ്യായാമങ്ങളുമായി ദിവസേന ഒത്തുചേരുന്നതുകൊണ്ടുമാത്രം മറവിയെങ്ങനെ മാറ്റിയെടുക്കാനാവുമെന്ന് പലരും സംശയിച്ചു. ആ സംശയത്തിന് കാലമാണ് ഉത്തരം പറഞ്ഞത്. മറവി നീക്കി സംഘടിപ്പിക്കാനാവുമെന്ന് കളിക്കൂട്ടം തെളിയിച്ചു. ഒന്നിച്ചു കളിക്കാന്‍ കൂടിയവരെല്ലാം രാഷ്ട്രബോധവും ചരിത്രബോധവും സമാജ ബോധവും സംഘടിത ബോധവും ഉള്ളവരായി മാറി. സ്വന്തമനുഭവത്തില്‍ നിന്നും പറയുകയാണെങ്കില്‍ മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന പോലെ മറവിയെ മറ്റൊരു മറവി കൊണ്ടു തന്നെയാണ് ഡോക്ടര്‍ജി ചികിത്സിച്ചത്. കാരണം ആത്മവിസ്മൃതിയില്‍ നിന്നുണരാന്‍ തടസ്സമായ ചില വിചാരങ്ങള്‍ സമാജത്തിന്റെ ഉള്ളിലുണ്ടായിരുന്നു. ശാഖയില്‍ മതിമറന്ന് പങ്കെടുത്തു മടങ്ങവെ അതുവരെ മനസ്സില്‍ കൊണ്ടുനടന്ന ആ തടസ്സ വിചാരങ്ങളെ കാര്യപദ്ധതിയില്‍ ലയിച്ചുചേര്‍ന്ന് സംഘസ്ഥാനില്‍ മറന്നുവച്ചതോടെയാണ് ആത്മവിസ്മൃതിയില്‍ നിന്ന് മോചനം നേടാനുള്ള വഴി തെളിഞ്ഞത്. എല്ലാവരേയും പോലെ ഈ മറവിയെനിക്കും സംഭവിച്ചു. അതിനേക്കുറിച്ച് പറയാം..
ശാഖയിലെത്തും വരെ ഉള്ളില്‍ വേരുറച്ചു പോയ ഒരു ചിന്തയുണ്ടായിരുന്നു.. അത് മറ്റൊന്നുമല്ല.. ഞാന്‍ ഒറ്റക്കാണെന്ന ചിന്ത തന്നെ. ഈ ചിന്തയാണ് ആദ്യം സംഘസ്ഥാനില്‍ വച്ച് നഷ്ടപ്പെട്ടു പോയത്. പൂജനീയ ഗുരുജി രസകരമായ ഉദാഹരണത്തിലൂടെ പ്രബലമായിരുന്ന ഈ ചിന്തയുടെ ആഴം വര്‍ണ്ണിക്കുമായിരുന്നു. ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്നൊരു യാത്ര പോയത്രെ. മാര്‍ഗമധ്യേ രണ്ട് കള്ളന്മാര്‍ ഇവരെ അക്രമിച്ച് കവര്‍ച്ച നടത്തി. ഒരുവിധത്തില്‍ രക്ഷപ്പെട്ട് ഇരുവരും സ്വഗ്രാമത്തില്‍ മടങ്ങിയെത്തി. നാട്ടുകാര്‍ ചുറ്റും കൂടി കാര്യം തിരക്കി. ഇരുവരും നടന്നതൊക്കെ വിശദീകരിച്ചു. അപ്പോള്‍ കേള്‍വിക്കാരിലൊരാള്‍ നിങ്ങളെന്തുകൊണ്ടാണ് അവരെ നേരിടാതിരുന്നത് എന്നു ചോദിച്ചു. അപ്പോഴവര്‍ മറുചോദ്യത്തിലൂടെ നല്‍കിയ മറുപടി, ‘അതെങ്ങനെ സാധിക്കും..? അവര്‍ രണ്ടു പേരുണ്ടായിരുന്നു.. ഞങ്ങള്‍ രണ്ടും ഒറ്റക്കായിരുന്നുവെന്നായിരുന്നു..” ഇതായിരുന്നന്ന് സ്ഥിതി.. ഒറ്റക്കാണെന്ന ചിന്ത നമ്മളില്‍ അത്രമേല്‍ പ്രബലമായിരുന്നു.. എന്നാല്‍ സംഘസ്ഥാനില്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍, ഒത്തുകൂടി കളിച്ചപ്പോള്‍, ഒന്നിച്ച് പാട്ടുപാടിയപ്പോള്‍ ഒറ്റക്കാണെന്ന ചിന്തയെ നാമവിടെ മറന്നുവച്ചു. പകരം നാമൊന്നാണെന്ന ചിന്തയെ നെഞ്ചിലേറ്റി.
രണ്ടാമതായി സംഘസ്ഥാനില്‍ മറന്നുവച്ചത് ഞാന്‍ എന്ന അഹംബോധത്തെയായിരുന്നു. സമാജത്തില്‍ നിന്നാണല്ലോ നമ്മളെല്ലാവരും സംഘസ്ഥാനിലേക്ക് എത്തിയത്. അതുകൊണ്ട് സമാജത്തിലെ ചില ദുഷിപ്പുകള്‍ നമ്മളിലും കടന്നുകൂടിയിട്ടുണ്ടാവും. അതിലൊന്നാണ് അഹംബോധം. ആദ്യമായി സംഘസ്ഥാനില്‍ എത്തുമ്പോള്‍ എല്ലാവരിലും ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഈ അഹംബോധമുണ്ടാവും. ചിലരുടെ അഹംബോധം തങ്ങളുടെ കുടുംബ പാരമ്പര്യത്തിലാണെങ്കില്‍ മറ്റു ചിലരുടേത് തങ്ങളുടെ സാമര്‍ത്ഥ്യത്തിലായിരിക്കും. കഴിവിലും ബുദ്ധിശക്തിയിലും ധനസ്ഥിതിയിലും പഠന നിലവാരത്തിലും ഉദ്യോഗത്തിലും കായിക ശക്തിയിലും എന്തിന് തന്നിലെ ഗായകനില്‍ വരെ അഹമെന്ന ബോധം പുലര്‍ത്തുന്നവരെ നാം കണ്ടിട്ടില്ലേ. പക്ഷെ അങ്ങനെയുള്ളവര്‍ പോലും സംഘസ്ഥാനിലെത്തി ശാഖയില്‍ ലയിച്ചു പങ്കെടുക്കുന്ന ആ ഒരു മണിക്കൂര്‍ നല്‍കുന്ന ഉത്സാഹത്തിന്റെയും ആനന്ദത്തിന്റെയും ലഹരിയില്‍ തന്നെക്കുറിച്ച് ചിന്തിക്കാന്‍ മറന്നുപോകുന്നു. ശാഖയില്‍ ഒറ്റക്കുള്ള ഒരേര്‍പ്പാടുമില്ല. എല്ലാം നാം സാമൂഹികമായി ചെയ്യുന്നു. അത് കളിയായാലും വ്യായാമമായാലും പാട്ടായാലും പ്രാര്‍ത്ഥനയായാലും ഒരുമിച്ച് തന്നെ. കളികള്‍ക്കിടയില്‍ വിളിക്കുന്ന ഘോഷങ്ങളാവട്ടെ നമ്മള്‍ എന്ന ബോധത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഭാരത ഭൂമി – നമ്മുടെ അമ്മ, നാമെല്ലാം-ഒരമ്മ മക്കള്‍, ഹിന്ദുസ്ഥാന്‍-ഹമാരാ ദേശ്, ഭഗവ ധ്വജ ഹേ-ഗുരു ഹമാരാ. ഇങ്ങനെ നമ്മള്‍-നമ്മള്‍ എന്ന് പലയാവര്‍ത്തി ഉറക്കെപ്പറഞ്ഞ് ഒടുവില്‍ ‘ഞാന്‍’ എന്ന അഹംബോധത്തെയും സംഘസ്ഥാനില്‍ മറന്നു വച്ച് ‘നമ്മള്‍’ ആയിത്തീരുകയും ചെയ്യുന്നു.
അറിയാതെ സംഘസ്ഥാനില്‍ മറന്നു വച്ച മൂന്നാമത്തെ കാര്യം ‘എന്റെ’ എന്ന സ്വാര്‍ത്ഥ ചിന്തയായിരുന്നു. സംഘസ്ഥാനില്‍ വരുമ്പോള്‍ ഒരുപാട് ‘എന്റെ’കളും മനസ്സിലുണ്ടായിരിക്കും. എന്റെ ശരീരം, എന്റെ സമയം, എന്റെ ജീവിതം, എന്റെ ധനം, എന്റെ അദ്ധ്വാനം, എന്റെ ബുദ്ധി, എന്റെ കഴിവ് ഇങ്ങനെയുള്ള ഒരുപാട് ‘എന്റെ’ കള്‍ ഇല്ലാത്തവരായി ആരുമുണ്ടാവില്ല. ഈ ബോധവുമായി സംഘസ്ഥാനില്‍ വരുമ്പോള്‍ നാം കാണുന്നത് മേല്‍പറഞ്ഞ എല്ലാ സ്വാര്‍ത്ഥ ഭാവനകളും വെടിഞ്ഞ് തങ്ങളുടെ സമയവും ശരീരവും ബുദ്ധിയും കഴിവും ധനവും അദ്ധ്വാനവും ജീവിതവുമെല്ലാം തന്നെ സമാജത്തിനായി സമര്‍പ്പിച്ച് ജീവിക്കുന്ന ഉദാഹരണങ്ങളെയാണ്. ആ നിസ്വാര്‍ത്ഥ മനസ്സുകളോട് ചേര്‍ന്ന് സംഘസ്ഥാനില്‍ കളിക്കുകയും പാട്ടുപാടുകയും കഥ കേള്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അവരനുഷ്ഠിക്കുന്ന നന്മകള്‍ നമ്മളിലേക്കും സന്നിവേശിക്കുന്നു. പതുക്കെയങ്ങനെ ‘എന്റെ’ എന്ന സ്വാര്‍ത്ഥചിന്തയേയും സംഘസ്ഥാനില്‍ നമ്മള്‍ മറന്നു വക്കുന്നു. എനിക്കു മാത്രമായി കരുതിയിരുന്നതെല്ലാം സമാജ കാര്യത്തിനര്‍പ്പിച്ച് പ്രവര്‍ത്തിക്കുവാന്‍ നാം സ്വയമേവ സന്നദ്ധരാകുന്നു.
സംഘസ്ഥാനിലേക്ക് ആദ്യമായി എത്തിയപ്പാള്‍ മേല്‍പറഞ്ഞ ചിന്തകളെല്ലാം എന്നിലുമുണ്ടായിരുന്നു. പക്ഷേ നേരം പോകുവതറിയാത്ത ശാഖയില്‍ ലയിച്ച് പങ്കെടുത്തപ്പോള്‍ ഇതൊക്കെ എപ്പോഴോ സംഘസ്ഥാനില്‍ ഞാനും മറന്നുവച്ചു. രസമെന്തെന്നാല്‍ സാധാരണ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അധികം വൈകാതെ തന്നെ നാമതറിയും. എന്നാല്‍ സംഘസ്ഥാനില്‍ ഇവയൊക്കെ കളഞ്ഞുപോയെന്ന് തിരിച്ചറിയുന്നതു പോലും എത്രയോ കാലം കഴിഞ്ഞിട്ടാണ്. ഡോക്ടര്‍ജിയെന്ന സംഘശില്പി തന്റെ കരവിരുതിനാല്‍ സൃഷ്ടിച്ച ശാഖയുടെ മഹത്വമിവിടെയാണ്.
ഇനിയും പലതും സംഘസ്ഥാനില്‍ മറന്നു വച്ചിട്ടുണ്ട്. പട്ടിക ഇവിടെ അവസാനിക്കുന്നില്ല. ഒരു നിമിഷം, ശാഖയില്‍ പോവാനാരംഭിക്കുന്നതിന് മുമ്പുള്ള നമ്മളേയും ഇന്നത്തെ നമ്മളേയും കുറിച്ച് ഒന്നോര്‍ത്തുനോക്കിയാല്‍ ആ പട്ടികയില്‍ ഇനിയുമെന്തൊക്കെയുണ്ടെന്ന് നമുക്കറിയാനാവും. എല്ലാവര്‍ക്കും ഇത്തരം മറവികളെ കുറിച്ച് ഒരുപാട് പറയാനുമുണ്ടാവും. പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായ ശാഖാപദ്ധതിയെ കൃതജ്ഞതയോടെ കണ്ടറിഞ്ഞ് കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകണമെന്ന ബോധ്യമാണ് ഇതു നമുക്ക് നല്‍കുന്നത്.
‘മേ നഹി തൂ ഹി’