കേസരിവാരിക മെയ് മാസം 1,ലക്കം18ല്‍ (പുസ്തകം 69) വന്ന ഡോ.ജയപ്രസാദ് എഴുതിയ ‘കോവിഡാനന്തര ലോകക്രമത്തില്‍’ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി എന്ന ലേഖനം ഒരുപാട് ചിന്തകള്‍ ഉയര്‍ത്തുന്നതാണ്. പോസ്റ്റ് കൊറോണ ഇറ (Post corona Era) എന്ന ഒരു ലോകക്രമം തന്നെ രൂപപ്പെടുന്നുവെന്നതും, ആരോഗ്യ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ തന്നെ സമൂലമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്നതും ലേഖനം സൂചിപ്പിക്കുന്നു.
ലോകത്തിന്റെ നൈസര്‍ഗികമായ താളക്രമം തെറ്റിച്ച ഈ മഹാമാരിയുടെ സൃഷ്ടിവൈഭവത്തില്‍ നിന്നും ചൈനക്ക് ഒഴിഞ്ഞുമാറാനാവില്ല എന്ന പൊതു സത്യം പൊതുവെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചുതുടങ്ങിയെന്നതും കാണാതെ പോകരുത്.
കോവിഡിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക ചൈനയേയും ലോകാരോഗ്യ സംഘടനയെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്നുണ്ട്.
ഡിസംമ്പര്‍ 31 ആയപ്പോഴാണ്, ലോകാരോഗ്യ സംഘടനയ്ക്ക് വൈറസ് പകര്‍ച്ചവ്യാധിയെകുറിച്ച് ചൈന ആദ്യ സൂചനകള്‍ നല്‍കുന്നത്. ജനുവരി 7 വരെ വൈറസ് ബാധ സ്ഥിരീകരിക്കുവാന്‍ ബീജിങ്ങ് തയാറായതുമില്ല. ജനുവരി 12 വരെ വൈറസിന്റെ ജനിതകഘടന കൈമാറുവാനും അവര്‍ തയ്യാറായില്ല. പകര്‍ച്ചവ്യാധികളുടെ പ്രഭവ കേന്ദ്രത്തിലേക്ക് വൈദ്യശാസ്ത്ര വിദഗ്ദ്ധരെ അയക്കുവാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമവും അവര്‍ തടഞ്ഞു. ജനുവരി 28നുശേഷം ബീജിങ്ങില്‍ യോഗം ചേര്‍ന്ന ലോകാരോഗ്യ സംഘടന ആശങ്കയുയര്‍ത്തുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (PHEIC) അന്താരാഷ്ട്ര തലത്തില്‍ പ്രഖ്യാപിച്ചു.
വൈറസ് രോഗബാധയുടെ ആദ്യ സൂചന ലഭിച്ച് ഒരു മാസത്തിനു ശേഷം മാത്രം നടത്തിയ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥാ പ്രഖ്യാപനം മൂലം തടസ്സങ്ങളോ പ്രതിരോധങ്ങളോയില്ലാതെ വൈറസിന് ലോകമെങ്ങും പടരാന്‍ അവസരമൊരുങ്ങി. ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും ഡബ്ല്യുഎച്ച്ഓക്ക് ഒഴിഞ്ഞുമാറാനാവില്ല.
എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യം എന്ന ലക്ഷ്യത്തോടെ 1948 ഏപ്രിലിലാണ് ലോകാരോഗ്യ സംഘടന രൂപംകൊള്ളുന്നത്. അതുകൊണ്ടാണ് ലോകാരോഗ്യ ദിനം ഏപ്രിലില്‍ ആചരിക്കുന്നത്. 193 അംഗരാജ്യങ്ങളും ചൈനീസ് ഭാഷയടക്കം അഞ്ചു ഔദ്യോഗിക ഭാഷകളും ഡബ്ല്യുഎച്ച്ഓക്ക് ഉണ്ട്. ജനീവയാണ് ആസ്ഥാനം.
യു.എന്നിന്റെ രാഷ്ട്രീയേതര ഏജന്‍സി കൂടിയാണ് ലോകാരോഗ്യ സംഘടന. വുഹാന്‍വൈറസിന്റെ ഔട്ട്‌ബ്രേക്കില്‍ ചൈനക്ക് ഒപ്പംതന്നെ ലോകാരോഗ്യ സംഘടനയെയും അമേരിക്ക കുറ്റപ്പെടുത്തുന്നുണ്ട്. കൊറോണ വ്യാപനത്തില്‍ ചൈനയുടെ പിഴവ് അന്വേഷിക്കുന്നില്ലെന്നും തായ്‌വാന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നും അമേരിക്കന്‍ സെനറ്റംഗങ്ങള്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
ഡബ്ല്യുഎച്ച്ഓ ചൈനീസ് പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ലോകാരോഗ്യ സംഘടനക്കയ്ക്കുള്ള ധനസഹായം അമേരിക്ക വെട്ടിക്കുറക്കുകയും ചെയ്തു.
ഡബ്ല്യുഎച്ച്ഓയുടെ ആകെ ബജറ്റിന്റെ 15% അമേരിക്കയാണ് സംഭാവനയായി നല്‍കുന്നത്. ചൈനയില്‍ നിന്നും, കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും ലോകമൊട്ടാകെ പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധികളെ പോലെ കോവിഡും അത്യപകടകാരിയാണെന്ന് ചൈനയുടെ അടുത്തരാജ്യവും, ഒരുകാലത്ത് അവരുടെ കോളനിയുമായിരുന്ന തായ്‌വാന്‍ ബീജിങ്ങിനെയും ഐ.എന്‍.എച്ച്.ആറിനെയും അറിയിച്ചിരുന്നതാണെന്ന് അമേരിക്കന്‍ വാര്‍ത്ത ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഏതായാലും വൈറ്റ് ഹൗസ് അസ്വസ്ഥമാണ്. സാമ്പത്തികമായും ആഭ്യന്തരമായും രാഷ്ട്രീയമായും അമേരിക്ക ഉലഞ്ഞുതുടങ്ങി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് നേരിടേണ്ടുന്നത്, കൊറോണ പ്രതിരോധത്തില്‍ പറ്റിയ വീഴ്ചകളെ പറ്റിയ ചോദ്യങ്ങളായിരിക്കും. ഇതു കൂടി മുന്നില്‍ കണ്ടാണ് ഡബ്ല്യുഎച്ച്ഓയെ ട്രംപ് സംശയദൃഷ്ടിയില്‍ അവതരിപ്പിക്കുന്നത്.
ലോകാരോഗ്യസംഘടന സെക്രട്ടറി ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസിന്റെ അവിശുദ്ധ ചൈനീസ് ബന്ധം അമേരിക്കന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ബീജിങ്ങില്‍ നടന്ന ഡബ്ല്യുഎച്ച്ഓ മീറ്റിങ്ങിനുശേഷം അദാനം – ഷീ ജിന്‍ ചര്‍ച്ച നടന്നുവെന്നും അതിനുശേഷമാണ് കൊറോണ വ്യാപനത്തില്‍ ചൈനയെ ഡബ്ല്യുഎച്ച്ഓ കുറ്റപ്പെടുത്താത്തതെന്നും അവര്‍ ആരോപിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ മുന്‍ സെക്രട്ടറിയും, ഹോങ്കോങ് ആരോഗ്യ മന്ത്രിയുമായിരുന്ന ഡോ.മാര്‍ഗരറ്റ് ചാനും ചൈനയുമായി ഇത്തരത്തിലൊരു നിഗൂഢബന്ധമുണ്ടായിരുന്നു. സാര്‍സ് രോഗം ചൈനയില്‍ നിന്നും ലോകത്തിലേക്ക് പടര്‍ന്നു പിടിക്കുമ്പോള്‍ അവരായിരുന്നു സെക്രട്ടറി ജനറല്‍. തുടര്‍ന്ന് ഡബ്ല്യുഎച്ച്ഓയുടെ നടപടികള്‍ എന്തായിരുന്നുവെന്ന് ലോകം അന്നും ചര്‍ച്ചചെയ്തതാണ്. ഇവിടെ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് അദാനം 2017-ല്‍ കടന്നുവരുന്നതില്‍ ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ചൈനയുടെ പരിപൂര്‍ണ്ണ പിന്തുണ അന്ന് അദാനത്തിനുണ്ടായിരുന്നു. അദാനം ഒരു മലേറിയ ഗവേഷകനാണ്. എത്യോപ്യയിലെ തീവ്ര ഇടതുപക്ഷ സംഘടനയായ ടെട്രാ ലിബറേഷന്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദാനം.
ആ സംഘടന ദശലക്ഷക്കണക്കിനു ഡോളറായിരുന്നു അദാനത്തിനെ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തു കൊണ്ടുവരാന്‍ മുടക്കിയതെന്ന ആരോപണവും അക്കാലത്ത് ഉയര്‍ന്നിരുന്നു. എത്യോപ്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ സംഘടനകളും ഇദ്ദേഹത്തിനു എതിരുമായിരുന്നു. അതുപോലെ 2006-2011 കാലയളവില്‍ അദാനം എത്യോപ്യയില്‍ ആരോഗ്യ മന്ത്രിയായിരിക്കെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കോളറയെ നിയന്ത്രിക്കുവാന്‍ അദ്ദേഹം പരാജയപ്പെടുകയും ഈ പകര്‍ച്ചവ്യാധിയുടെ ഗൗരവം യുഎന്നിന്റെ ശ്രദ്ധയില്‍നിന്നും മറച്ചു പിടിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. അതു പോലെ 2017- ഇദ്ദേഹം ഏകപക്ഷീയമായി ഡബ്ല്യുഎച്ച്ഓയുടെ ഗുഡ്‌വില്‍ അംമ്പാസിഡറായി സിംമ്പോവോയുടെ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മുഗാംബയെ നിയമിച്ചതിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. സ്വന്തം രാജ്യത്തു പോലും ഭരണകാര്യത്തില്‍ പരാജിതനും, വിദേശ രാജ്യങ്ങളില്‍ ചികിത്സതേടി പോവുകയും ചെയ്യുന്ന ഒരു വ്യക്തിത്വത്തെ ഈ ഒരു സ്ഥാനത്തു പ്രതിഷ്ഠിച്ചതില്‍ പല രാജ്യങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ ആരോപണങ്ങള്‍ നിലനില്‍ക്കെ ട്രംപിന്റെ പരാതി തള്ളിക്കളയാനാവില്ല.
ഡബ്ല്യുഎച്ച്ഓയെ ഒപ്പം നിര്‍ത്തേണ്ട ബാധ്യത ഏതായാലും ചൈനക്ക് ഉണ്ട് എന്ന് വ്യക്തം. ഡബ്ല്യുഎച്ച് ഓക്ക് ഒരു കൂറ് ചൈനയോടു ഉണ്ടെങ്കില്‍ അത് വരുംകാല ചരിത്രത്തില്‍ ഒരുപാടു ചോദ്യങ്ങള്‍ക്കിടനല്‍കും.
ഏതായാലും ട്രംപ് അന്വേഷണ എജന്‍സിയെ ഏര്‍പ്പെടുത്തി കഴിഞ്ഞു. അന്വേഷണ പരിധിയില്‍ ലോകാരോഗ്യസംഘടനയുടെ പങ്കും ഉണ്ട്. അവര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അറിയാം, ഒന്നുകില്‍ അവര്‍ ഞങ്ങളോടു പറഞ്ഞില്ല, അല്ലെങ്കില്‍ അവര്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ചൈനക്ക് കുഴലൂത്ത് നടത്തുകയാണ്. അവരുടെ രീതിയെ അങ്ങനെയാണ് ഞാന്‍ കാണുന്നത്. ട്രംപ് ലോകാരോഗ്യ സംഘടനയെ കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്.
സമാനതകള്‍ ഒരുപാടുണ്ട് ചരിത്രത്തില്‍. മറ്റൊരു കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ചെര്‍ണോബില്‍ ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഒരുപാടുനാള്‍ ലോകത്തിന്റെ കണ്ണില്‍ നിന്നും മറച്ചുവെച്ചത്. പക്ഷെ ഒരു നാള്‍ അവയും പുറത്തറിഞ്ഞു.hat is the cost of lies Cherno by l(Craig mazin) രചിച്ച്, യുവാന്‍ റെങ്ക് സംവിധാനം ചെയ്ത ഒരു മിനി ടെലി സീരിസാണ്.
ഇന്നും റേറ്റിങ്ങില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ചിത്രം ചെര്‍ണോബില്‍ ദുരന്തത്തിന്റെ കാരണങ്ങള്‍, ഒരു ഭരണകൂടത്തിന്റെ വീഴ്ച ഇവയെല്ലാം വ്യക്തമാക്കുന്നുണ്ട്. നാളെ ഒരു പക്ഷെ കൊറോണ ദുരന്തം മറ്റൊരു ഭരണകൂടത്തിന്റെ കയ്യബദ്ധമായിരുന്നുവെന്നതിനെ കുറിച്ചും നമ്മള്‍ക്കു കേള്‍ക്കേണ്ടിവന്നേക്കാം.