ആദ്യത്തെ നാല് പഞ്ചവത്സര പദ്ധതികളിലും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് നമ്മള്‍ ഊന്നല്‍ നല്‍കിയത്. ഇതുകാരണം ഉയര്‍ന്ന സാക്ഷരത കേരളത്തിനുണ്ടായി. ആരോഗ്യരംഗത്തും ഇതിന്റെ ഫലം കണ്ടു. ആയുര്‍ദൈര്‍ഘ്യം കൂടി. മരണനിരക്കും ശിശുമരണ നിരക്കും കുറഞ്ഞു. ശിശുമരണ നിരക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ ഏറ്റവും മെച്ചപ്പെട്ടതായി മാറി. പക്ഷേ, വിദ്യാഭ്യാസമേഖലകളിലുണ്ടായ പുരോഗതി തൊഴില്‍ ലഭ്യതയില്‍ പ്രതിഫലിച്ചില്ല. അതിന്റെ കാരണം നമ്മള്‍ പൊതുവിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കിയത് എന്നതാണ്. സാങ്കേതിക വിദ്യാഭ്യാസത്തിനോ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്ന ആധുനിക വിദ്യാഭ്യാസത്തിനോ, വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണത്തിനോ ഊന്നല്‍ നല്‍കിയില്ല. അതുകൊണ്ടുതന്നെ 1980 കള്‍ മുതല്‍ തൊഴില്‍ മേഖലയില്‍ നമ്മള്‍ പിന്‍തള്ളപ്പെട്ടു. തൊഴിലില്ലായ്മ കൂടി. 2000 ത്തിനു ശേഷമാണ് സാങ്കേതിക വിദ്യാഭ്യാസത്തിനും തൊഴില്‍ കൂടുതല്‍ കിട്ടുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നമ്മള്‍ ഊന്നല്‍ നല്‍കിയത്. അപ്പോഴും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പക്വമായ രീതിയില്‍ ഇതിനെ മാറ്റാന്‍ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല.
കൊല്ലത്തെ ഒരു കശുവണ്ടി മുതലാളി തോട്ടണ്ടിയില്ലാത്തതു മൂലം പൂട്ടാന്‍ തുടങ്ങിയ കശുവണ്ടി ഫാക്ടറി സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജാക്കി ലക്ഷങ്ങള്‍ കൊയ്തത് കൗതുകകരമായ വാര്‍ത്തായായിരുന്നു. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ കനത്ത ഫീസ് കൊടുക്കാന്‍ ഇല്ലാതെ ആത്മഹത്യ ചെയ്ത രജനി എസ്.ആനന്ദ് ഈ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ദുരന്ത പ്രതീകമായി. ആവശ്യത്തിലേറെ എഞ്ചിനീയര്‍മാരെ സൃഷ്ടിച്ച് ഇന്ന് ഏറ്റവും കൂടുതല്‍ തൊഴിലില്ലാത്ത എഞ്ചിനീയര്‍മാരും ബാങ്കിലെ ക്ലാര്‍ക്ക് ജോലിക്ക് പോകുന്ന എഞ്ചിനീയര്‍മാരും കേരളത്തിലാണ്. എഞ്ചിനീയറിംഗ് കേളേജുകളില്‍ മിക്കതിനും നിലവാരമില്ലെന്ന് കേരള ഹൈക്കോടതി തന്നെ കണ്ടെത്തിയിരുന്നു. 3000 പ്രൊട്ടക്ടഡ് അദ്ധ്യാപകരാണ് ഇന്ന് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ മറ്റൊരു ഭീഷണി. ഇവര്‍ക്ക് വേണ്ടി മാസം തോറും കോടികളാണ് ചെലവിടുന്നത്. സ്വകാര്യ മാനേജര്‍മാര്‍ കോഴപ്പണം വാങ്ങി നിയമിച്ചവര്‍ക്ക് ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കേണ്ട ദുരവസ്ഥ കേരളത്തില്‍ മാത്രമേയുള്ളൂ. സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളിലെയും കോളേജുകളിലെയും നിയമനം എന്തുകൊണ്ട് ഇനിയെങ്കിലും പി എസ് സി ക്ക് വിട്ടുകൂടാ? പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഐക്യകേരളത്തിലെ ആദ്യ സര്‍ക്കാരില്‍ വെച്ച ഈ അഭിപ്രായം എന്തുകൊണ്ട് പിന്നീട് വന്ന സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയില്ല?
സേവനമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതി ആസൂത്രണം ആറാം പഞ്ചവത്സര പദ്ധതി വരെ തുടര്‍ന്നു. മൊത്തം പദ്ധതി അടങ്കലിന്റെ 25 ശതമാനവും സേവനമേഖലയ്ക്ക് മാറ്റിവച്ചു. വ്യവസായത്തിനും വ്യവസായവത്കരണത്തിനും ഊന്നല്‍ കൊടുത്തില്ല. വിദ്യാഭ്യാസം വളരുമ്പോള്‍ തൊഴില്‍ തന്നെയുണ്ടാകും എന്നായിരുന്നു കാഴ്ചപ്പാട്. ആദ്യ അഞ്ച് പദ്ധതികളുടെ മൊത്തം അടങ്കലിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരുന്നു വ്യവസായമേഖലയിലുള്ള നിക്ഷേപം. കൃഷിയും തൊഴിലും പരസ്പരം ബന്ധപ്പെട്ടില്ല. കൃഷിയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശക്തിയോ ശേഷിയോ വ്യവസായത്തിന് ഉണ്ടായില്ല. ഇന്ന് കേരളം അതിന്റെ ദുരന്തഫലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വിഭവസമാഹരണത്തിന്റെ കാര്യത്തില്‍ നമ്മള്‍ തകര്‍ച്ചയുടെ വക്കിലാണ്. 1980 നുശേഷം ഇന്നുവരെ ഒരു മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ബജറ്റ് കമ്മി ഓരോ വര്‍ഷവും കൂടി വരുന്നു. ഇതിനുകാരണം 1980 വരെ പദ്ധതിച്ചെലവ് ഏറിയ പങ്കും സേവന മേഖലയില്‍ ചെലവഴിച്ചപ്പോള്‍ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലുണ്ടായ വന്‍ തൊഴിലവസരങ്ങള്‍ക്ക് ശമ്പളവും പെന്‍ഷനും മറ്റും കൊടുക്കേണ്ടി വന്നതാണ്. പദ്ധതിയിതര ചെലവുകള്‍ കൂടി. കേന്ദ്രസഹായം കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ മൊത്തം റവന്യൂ ചെലവിന്റെ 70 ശതമാനം ശമ്പളം, പെന്‍ഷന്‍, കടം വാങ്ങിയ തുകയുടെ പലിശ എന്നിവയ്ക്കായി ചെലവഴിക്കപ്പെടുന്നു. ഇതാകട്ടെ, കേന്ദ്രസഹായം കണക്കാക്കാതെ സംസ്ഥാനത്തെ മൊത്തം വിഭവസമാഹരണത്തിന്റെ 95 ശതമാനം വരും. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആണ് കേരളം കടം വാങ്ങാന്‍ തുടങ്ങിയത്.
2016-17 ല്‍ കേരളത്തിന്റെ കടം 186453 കോടി രൂപയായിരുന്നു. 2019-20 ല്‍ ഇത് 264459 കോടി ആകുമെന്നാണ് കണക്കാക്കുന്നത്. അതായത് പെറ്റുവീണ കുഞ്ഞുപോലും ഏതാണ്ട് 80,000 രൂപയുടെ കടക്കാരനാകും. ഓരോ മലയാളിയുടെയും കടബാദ്ധ്യത ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് ഈ കണക്ക്. ഇപ്പോള്‍ കടം വാങ്ങിക്കുമ്പോള്‍, പഴയ കടവും പലിശയും വീട്ടിക്കഴിയുമ്പോള്‍, വായ്പാ തുകയുടെ 40 ശതമാനം മാത്രമേ നമുക്ക് കിട്ടുന്നുള്ളൂ. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ധനമന്ത്രി തോമസ് ഐസക് ഒരു ധവളപത്രം പുറപ്പെടുവിച്ചിരുന്നു. നികുതി കുടിശ്ശിക ഇനത്തില്‍ 13,000 കോടി രൂപ പിരിച്ചെടുക്കാന്‍ ഉണ്ടെന്നാണ് അദ്ദേഹം ധവളപത്രത്തില്‍ പറഞ്ഞത്. പക്ഷേ, ഇതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ചരക്കുസേവന നികുതി നടപ്പിലാക്കുമ്പോള്‍ കേരളത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വാറ്റിനെക്കാള്‍ നികുതി വരുമാനം കൂടിയില്ലെന്നു മാത്രമല്ല, വരുമാന നഷ്ടം ഉണ്ടാവുകയും ചെയ്തു. അതിന്റെ പ്രധാനകാരണം ഇ-വേ ബില്‍ അടക്കം ജി എസ് ടി നടപ്പാക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രകടിപ്പിച്ച തികഞ്ഞ അനാസ്ഥയാണ്. അതുകൊണ്ടുതന്നെ നികുതി വരുമാനത്തില്‍ ഇടിവു വന്നു. വാറ്റും ജി എസ് ടിയും തമ്മിലുള്ള വ്യത്യാസം കേന്ദ്രസര്‍ക്കാര്‍ മൂന്നുവര്‍ഷത്തേക്ക് പരിഹരിക്കുമെന്നതുകൊണ്ട് തല്‍ക്കാലത്തേക്ക് കേരളത്തിന് രക്ഷപ്പെടാം. പക്ഷേ, മൂന്നുവര്‍ഷത്തിനു ശേഷം എന്തു സംഭവിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.
ഗള്‍ഫ് പണമാണ് കേരളത്തെ താങ്ങിനിര്‍ത്തിയിരുന്നത്. നിതാഖത്തും സ്വദേശിവത്കരണവും ആ സ്വപ്‌നത്തിനും അറുതി വരുത്തുകയാണ്. ഏതാണ്ട് 30 ലക്ഷത്തോളം പേരാണ് കേരളത്തിലെ മൂന്നുകോടിയിലേറെ വരുന്ന ജനസംഖ്യയില്‍ നിന്ന് വിദേശത്തേക്ക് പോയിട്ടുള്ളത്. ഇവര്‍ അയക്കുന്ന ഒരുലക്ഷം കോടിയോളം രൂപയാണ് ഇന്ന് കേരളത്തിന്റെ നട്ടെല്ല്. പക്ഷേ, ഗള്‍ഫ് രാജ്യങ്ങളില്‍ ഉയരുന്ന സ്വദേശിവത്കരണവും നിതാഖത്ത് നിയമങ്ങളും കേരളത്തിന് ഭീഷണിയാണ്. ഒപ്പം കൊറോണബാധ കൂടി ആയപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ടായിരുന്ന മലയാളികളില്‍ ഏതാണ്ട് മൂന്നിലൊന്ന് പേരെങ്കിലും കേരളത്തിലേക്ക് മടങ്ങിയിരിക്കുന്നു. അവരെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞോ എന്ന കാര്യം സംശയമാണ്. നിതാഖത്തില്‍ കേരളത്തിലേക്ക് മടങ്ങിയവരില്‍ ഏറിയകൂറും ഉന്നത വിദ്യാഭ്യാസമോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത സാധാരണ തൊഴിലാളികളാണ്. ഗള്‍ഫിലെ ഭാഗ്യാന്വേഷണം സമ്മാനിച്ച ഉയര്‍ന്ന ജീവിത നിലവാരവും സാമൂഹിക പശ്ചാത്തലവും പഴയ തൊഴിലുകളിലേക്ക് മടങ്ങാന്‍ പലപ്പോഴും ഇവരെ അനുവദിക്കുന്നില്ല. മടങ്ങിവന്നവര്‍ക്ക് ഉചിതമായ പുനഃരധിവാസ പരിപാടി ഒരുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വേണ്ടരീതിയില്‍ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ ഗള്‍ഫില്‍നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയ, അയര്‍ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും മലയാളികള്‍ പുതിയ പ്രവാസലോകം കണ്ടെത്തിയിട്ടുണ്ട്. പണ്ട് ശ്രീലങ്കയും സിങ്കപ്പൂരും ഉപേക്ഷിച്ചതുപോലെ അടുത്തുതന്നെ ഗള്‍ഫ് മേഖലയും ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവരുടെ വിവരശേഖരണത്തിനു പോലും സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എത്ര മലയാളികള്‍ ഏതൊക്കെ മേഖലയില്‍ ഉണ്ട്, എന്താണ് അവരുടെ തൊഴില്‍, എന്താണ് വിദ്യാഭ്യാസ സാങ്കേതിക യോഗ്യത തുടങ്ങിയ കാര്യങ്ങളില്‍ പോലും വിവരശേഖരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. കോടികള്‍ ചെലവിട്ട് പ്രമാണിമാരെ കൊണ്ടുവന്ന് കേരളാ ലോകസഭ നടത്തിയെങ്കിലും പാവപ്പെട്ട, സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനോ പരിഹരിക്കാനോ കാര്യമായി ഒന്നും ചെയ്യാന്‍ ഇതുവരെ ആയിട്ടില്ല. പതിവുപോലെ ആരംഭശൂരത്വത്തില്‍ ഇതും ഒടുങ്ങുകയാണ്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ മടങ്ങിവരുന്ന മലയാളികള്‍, അവരെ പുനഃരധിവസിപ്പിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കാര്യമായ മുന്നൊരുക്കം ഉണ്ടാകണം. തെക്കുനിന്ന് വടക്കേയറ്റം വരെ 580 കി.മീ ദൂരമുള്ള കേരളത്തില്‍ ഇപ്പോള്‍ തന്നെ നാല് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളങ്ങള്‍ വന്നുകഴിഞ്ഞു. കൂടാതെ ശബരിമലയുടെ പേരില്‍ പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളത്തിനുള്ള ഒരുക്കങ്ങളും നടത്തുന്നു. മലയാളികള്‍ വന്‍തോതില്‍ മടങ്ങിവന്നാല്‍, മടങ്ങിവരുന്ന ഒരു സാഹചര്യം ഇക്കാര്യത്തില്‍ കണക്കിലെടുത്തിട്ടില്ല എന്നത് സത്യം. ഇവിടെയൊക്കെയാണ് ആസൂത്രണത്തിന്റെ ദീര്‍ഘവീക്ഷണം നഷ്ടമാകുന്നത്.
കേരളത്തില്‍ ഇന്ന് 95 പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഇവയില്‍ മൂന്നെണ്ണം പൊതുസേവന മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി, കെ എസ് ആര്‍ ടി സി എന്നിവയാണ് ഇവ. ഈ മൂന്നുസ്ഥാപനങ്ങളുടെ മാത്രം സഞ്ചിത നഷ്ടം നാലായിരം കോടിയിലേറെ രൂപ വരും. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ നഷ്ടം 1000 കോടിയിലേറെ വരും. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറെയും മരണത്തിന്റെ വക്കിലാണ്. അമിതമായ രാഷ്ട്രീയവത്കരണവും രാഷ്ട്രീയ ഇടപെടലുകളും പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഇല്ലാത്തതും സ്വജനപക്ഷപാതവുമാണ് ഇതിന്റെ കാരണം. സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ പഠിപ്പോ പരിചയസമ്പത്തോ ഇല്ലാത്ത സ്വന്തക്കാരെ മുഴുവന്‍ ഉന്നത മാനേജ്‌മെന്റ് തസ്തികകളിലേക്ക് നിയമിച്ച ചിറ്റപ്പന്‍ മന്ത്രി തിരിച്ചുവന്നതും മറ്റൊരു ചിറ്റപ്പന്റെ മകനെ ഇന്റര്‍വ്യൂവിന് പോലും എത്താഞ്ഞിട്ടും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നിയമിച്ചതും പൊതുമേഖലയുടെ ദുരന്തമാണ്. കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഈ തരത്തില്‍ വഴിവിട്ട നിയമനങ്ങളിലൂടെ വന്ന രാഷ്ട്രീയക്കാരുടെ സ്വന്തക്കാരും ബന്ധുക്കളുമാണ് ഉള്ളതെന്ന കാര്യം മറക്കരുത്. ബാലരാമപുരത്തെ കേരള ഓട്ടോ മൊബൈല്‍സ്, കുണ്ടറ അലിന്‍ഡ്, കേരളാ സിറാമിക്‌സ്, ട്രാവന്‍കൂര്‍ പ്ലൈവുഡ്‌സ്, കേരളാ സോപ്‌സ്, ഗ്വാളിയര്‍ റയോണ്‍സ്, എച്ച് എം ടി തുടങ്ങി പൂട്ടിയ വ്യവസായങ്ങള്‍ ഏറെയാണ്. വര്‍ഷങ്ങള്‍ക്കിടയില്‍, തുടങ്ങിയിട്ട് പൂട്ടാതെ പോകുന്നത് കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് മാത്രമാണ്. ഇവിടെയും സംസ്‌കരിച്ച ടൈറ്റാനിയവും മറ്റും വിദേശത്തേക്ക് കയറ്റി അയക്കുന്നതിനു പകരം ഉല്പാദനക്ഷമമായ മേഖലകള്‍ കണ്ടെത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. കൊച്ചിയിലെ ഫാക്ടും പൂട്ടലിന്റെ വക്കിലാണ്. സ്ഥലം വിറ്റ് ജീവശ്വാസം കൊടുക്കാനുള്ള നിര്‍ദ്ദേശം എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടെറിയണം. ഇവിടെയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ദീര്‍ഘവീക്ഷണമില്ലായ്മയും ഇച്ഛാശക്തിയില്ലായ്മയും ബോധ്യപ്പെടുക. ഇത്രയും കൂടുതല്‍ തൊഴില്‍രഹിതരും അഭ്യസ്തവിദ്യരും ഉണ്ടായിട്ടും തൊഴിലില്ലായ്മ പരിഹരിക്കാനോ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ ഉള്ള യാതൊരു ശ്രമവും ഇവിടെ ഉണ്ടായില്ല. 1971 ല്‍ അധികാരമേറ്റ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ മാത്രമാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തത്. ജപ്പാനിലെ പോലെ ഇലക്‌ട്രോണിക് വ്യവസായത്തിന്റെ ഒരു ഹബ്ബായി കേരളത്തെ മാറ്റിയെടുക്കണമെന്നും അത് തൊഴിലില്ലായ്മ പരിഹരിക്കുമെന്നും അച്യുതമേനോന്‍ വിഭാവന ചെയ്തു. അതിനായി കേന്ദ്ര ഇലക്‌ട്രോണിക്‌സ് വകുപ്പില്‍ നിന്ന് കെ പി പി നമ്പ്യാരെ കേരളത്തിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭാവനയില്‍ നിന്നാണ് കെല്‍ട്രോണ്‍ രൂപം കൊണ്ടത്. തിരുവനന്തപുരത്തും അരൂരും കൊച്ചിയിലും മുളങ്കുന്നത്തുകാവിലും ഒക്കെയായി കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ കെല്‍ട്രോണ്‍ സജീവസാന്നിധ്യമായി. കെല്‍ട്രോണ്‍ ടെലിവിഷന്‍ കിട്ടാന്‍ വേണ്ടി കേന്ദ്രമന്ത്രിമാര്‍ വരെ ശുപാര്‍ശ ചെയ്യുന്ന സാഹചര്യമുണ്ടായി. പിന്നീട് കെല്‍ട്രോണ്‍ ഒരു ദുരന്തപര്യവസായിയായി മാറി. ആഘോഷപൂര്‍വ്വം കൊണ്ടുവന്ന കെ.പി.പി. നമ്പ്യാരെ പീഡിപ്പിച്ച്, അപമാനിച്ച് മടക്കി അയച്ചത് ഇടതുപക്ഷത്തിന്റെ വിജയഗാഥയായി. ഇന്ന് കെല്‍ട്രോണിന്റെ സ്ഥിതിയും വ്യവസായ വകുപ്പിന്റെ സ്ഥിതിയും പറയാതെ അറിയാം. ഇതിനും ഉത്തരവാദി സി പി എം തന്നെയാണ്.
(തുടരും)