Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പദാനുപദം

ജീവിതം നര്‍ത്തകനാണ്; നിങ്ങള്‍ നൃത്തവും

എം.കെ. ഹരികുമാര്‍

Print Edition: 5 June 2020

പ്രമുഖ ജര്‍മ്മന്‍, കനേഡിയന്‍ മന:ശാസ്ത്രജ്ഞനും ചിന്തകനുമായ എക്കാര്‍ട്ട് തോള്‍ (Eckhart Tolle)) എഴുതിയ The power of now പരക്കെ സ്വീകരിക്കപ്പെട്ട കൃതിയാണ്. മനുഷ്യന്‍ ഇന്നിന്റെ നിമിഷത്തിലാണുള്ളത്. അവിടെ നിന്ന് ശക്തി സംഭരിക്കണമെന്ന് അദ്ദേഹം പറയുന്നു.

ഇരുപത്തിയൊന്‍പതാമത്തെ വയസ്സില്‍ തോള്‍ ആന്തരികമായ ഒരു വലിയ മാറ്റത്തിനു വിധേയനായി. ഒരു രാത്രിയില്‍ അദ്ദേഹം വല്ലാതെ ഭയന്ന് ഞെട്ടിയുണര്‍ന്നു. ആ കാലത്ത് ആത്മഹത്യ ചെയ്യാന്‍ ഓടി നടക്കുകയായിരുന്നു തോള്‍. ജീവിതം എന്നാല്‍ തീവ്രനിരാശ എന്നായിരുന്നു അര്‍ത്ഥം. എന്തിനു ജീവിക്കണമെന്ന ചിന്ത ചിലപ്പോഴൊക്കെ തോളിനെ കീറി മുറിച്ചു. അര്‍ത്ഥത്തിനായി ഉഴറി. നിരാശ കാലില്‍ പിടിച്ച് പിന്നോട്ടു വലിച്ചുകൊണ്ടിരുന്നു.’എനിക്ക് എന്നോടൊപ്പം ഇനി ജീവിക്കാനാകില്ല’ എന്ന് അദ്ദേഹം സ്വയം പറഞ്ഞു. അതൊരു സത്യമായിരുന്നു.

ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ഞാന്‍ എന്ന വ്യക്തിയില്‍ രണ്ടു പേരുണ്ട്. ഒന്ന്, ഞാന്‍ തന്നെ. മറ്റൊന്ന് എന്റെ സ്വത്വമോ, സത്തയോ ആയ വ്യക്തിയാണ്. ഈ ചിന്തയെ, അദ്ദേഹം വിശകലനം ചെയ്തു. സ്വന്തം ചിന്തകളാണ് തന്റെ ആത്മീയ പീഡനങ്ങള്‍ക്കെല്ലാം കാരണമാകുന്നതെന്ന് ഞെട്ടലോടെ തോള്‍ മനസ്സിലാക്കി. താന്‍ സ്വയം തന്നെക്കുറിച്ച് ചിന്തിക്കുന്നതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ചിലപ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കി നോക്കും.ചിലപ്പോള്‍ അനാവശ്യ തോന്നലുകളെ മഹത്വവല്‍ക്കരിക്കും. അല്ലെങ്കില്‍, ദുഃഖങ്ങളെ ഉള്ളില്‍ പോറ്റിവളര്‍ത്തും. ദു:ഖങ്ങളോട് ആത്മബന്ധം തോന്നിയാല്‍ അതോടെ സന്തോഷം അകന്നു പോകും. സന്തോഷിക്കുന്നത് പാപമാണെന്ന് കരുതുന്നവരുണ്ട്. അവര്‍ പ്രാണരക്ഷാര്‍ത്ഥം ദു:ഖത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കും. ദു:ഖം മൃതസഞ്ജീവനിയാണെന്ന് കരുതുന്നവരും കുറവല്ല.

ഈ അറിവാണ് തോളിനെ മാറ്റിയത്. അദ്ദേഹം ജീവിതത്തെ പുതിയ അര്‍ത്ഥങ്ങളോടെ സമീപിച്ചു. എല്ലാം പുതിയതായി അനുഭവിക്കാന്‍ അത് ധാരാളം മതിയായിരുന്നു. ഒരു വലിയ മാനസികാഘാതം അദ്ദേഹത്തിന്റെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരുന്ന ഒരു ധാരണയെ തകര്‍ത്തു കളയുകയായിരുന്നു. അതായത്, ചിന്തകളെ നിയന്ത്രിച്ചാല്‍ മതി, നമുക്ക് വളരെ ഭദ്രമായിരിക്കാന്‍ കഴിയും.

മനുഷ്യര്‍ വര്‍ഷങ്ങളിലൂടെ മാറുകയല്ലേ ചെയ്യുന്നത്? വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ചിന്തകള്‍ ഇപ്പോള്‍ മാറിയിട്ടില്ലേ? എന്നാല്‍ വ്യക്തി പഴയതു തന്നെ. പ്രതീക്ഷകളും യാഥാര്‍ത്ഥ്യങ്ങളും മാറുന്നു. നമ്മുടെ ചിന്തകളല്ല നമ്മള്‍. ചിന്തകള്‍ നമ്മളിലൂടെ കടന്നുപോകുകയാണ് ചെയ്യുന്നത്.

തോള്‍ പറഞ്ഞു: ജീവിതമാണ് നര്‍ത്തകന്‍; നിങ്ങള്‍ നൃത്തവും. സ്വന്തം വികാരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സങ്കല്പമാണ് നമ്മള്‍. എന്നാല്‍ അതല്ല ആത്യന്തികമായി നമ്മള്‍. ഈ വികാരങ്ങള്‍ ശാശ്വതമല്ല. തത്ഫലമായി നാം നെയ്തു കൂട്ടുന്ന ചിന്തകളും വികാരങ്ങളും നമുക്ക് തീരാദുരിതങ്ങള്‍ സമ്മാനിക്കുന്നു. എന്തിനാണ് ഈ ദുരിതം തലയിലേറ്റുന്നത്?

തോളിന്റെ ബോധത്തില്‍, ഒരു വ്യക്തിക്ക് അതിജീവിക്കണമെങ്കില്‍, സ്വയമൊരു നിരീക്ഷകനായാല്‍ മതി; സ്വയം നിരീക്ഷിക്കുക. അത്രമാത്രം. എന്താണ് നാം ചിന്തിക്കുന്നത്, വൈകാരികമായി അനുഭവിക്കുന്നത് എന്ന് സ്വയം നിരീക്ഷിക്കുക. അപ്പോള്‍ അവയില്‍ നിന്ന് വേറിട്ട ഒരാളെ നമ്മളില്‍ തന്നെ കാണാനാകും.

വല്ലാതെ വിഷമിക്കുമ്പോള്‍, പിരിമുറുക്കമുണ്ടാകുമ്പോള്‍ അതിന്റെ ശാസനകള്‍ കേള്‍ക്കുന്നതിനു പകരം മാറി നിന്നു നിരീക്ഷിക്കുക, മനസ്സില്‍ എന്താണ് സംഭവിക്കുന്നതെന്ന്. അപ്പോള്‍ നൃത്തത്തെ നിയന്ത്രിക്കാനാവും. കാരണം നൃത്തം ചെയ്യേണ്ടത് നമ്മളാണ്. നര്‍ത്തകനിലൂടെ നൃത്തം ആവിഷ്‌കൃതമായാല്‍ മതി. നമ്മള്‍ നൃത്തമായിരിക്കെ, എന്തിനാണ് നര്‍ത്തകന്റെ റോള്‍ ഏറ്റെടുക്കുന്നത്? ഈ നിമിഷത്തിന്റെ ഒരു താത്കാലിക ഉള്ളടക്കമാണ് നിങ്ങള്‍. അതു പക്ഷേ, ഭൂതകാലമല്ല. ഈ പ്രത്യേക നിമിഷത്തിന്റെ പൂര്‍ണതയ്ക്കായി സ്വയം വിട്ടുകൊടുക്കുക. അപ്പോള്‍ പശ്ചാത്താപമോ പരിഭവമോ ഉണ്ടാകുന്നില്ല. അത് നിങ്ങള്‍ ഒരു നിരീക്ഷകനായി ഉള്‍ക്കൊള്ളുകയാണ്.

വേറൊരിടത്ത് തോള്‍ ജീവിതരഹസ്യം തന്നെ വെളിപ്പെടുത്തുന്നു: നിങ്ങള്‍ മരിക്കുന്നതിനു മുന്നേ മരിക്കുക (die before you die). എന്നാല്‍ മരണം ഇല്ലെന്നും അറിയേണ്ടതുണ്ട്. ഇതിന്റെ അര്‍ത്ഥം ഇങ്ങനെ വിശദമാക്കാം. നിങ്ങള്‍ നിങ്ങളുടെ അന്ത്യം കുറിക്കേണ്ടതില്ല; കാരണം നിങ്ങള്‍ നൃത്തമാണ്. എന്നാല്‍ നിങ്ങള്‍ വികാരങ്ങളുടെ ഇരയാവുകയാണെങ്കില്‍ മരണം സംഭവിക്കും. അതുകൊണ്ട് ആ മരണത്തെ നിങ്ങള്‍ നശിപ്പിക്കേണ്ടതുണ്ട്.

മനസ്സിലൂടെ വളരെ വേദനാജനകമായ ചിന്തകള്‍ കടന്നുപോയേക്കാം. പക്ഷേ, അതേറ്റുപിടിക്കരുത്. അവയെ കടന്നുപോകാന്‍ അനുവദിക്കുക. നിങ്ങള്‍ വെറും നിരീക്ഷകനാവുക.

അസ്തിത്വത്തിന്റെ ഒരു കണം
കൊറോണ അനന്തരകാലത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ചിന്തകളും നമ്മെ കൊണ്ടെത്തിക്കുന്നത് ജീവിച്ചിരിക്കുക എന്ന മഹാതത്ത്വത്തിലേക്കാണ്. രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കുരുക്ഷേത്രയുദ്ധത്തിനു തയ്യാറാവുക എന്ന പാഠം.

ചിന്തിക്കുമ്പോഴാണല്ലോ നമ്മള്‍ ഉള്ളത്. അതുകൊണ്ട് ജീവിതം ചിന്തയാണ്. ചിന്തയുടെ ഉത്തരവാദിത്തം നമുക്ക് മാത്രമാണ്. ദുഷിച്ച ചിന്തകളുടെ അധികഭാരം അതിന്റെ നിര്‍മ്മാതാവിനുള്ളതാണ്. അതുകൊണ്ട് ചിന്തയെ നല്ല നിലയില്‍ നയിക്കുക എന്ന വെല്ലുവിളി പ്രധാനമായി നേരിടേണ്ടിവരും. മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനമുള്ള ചിന്ത ഒരു സാമൂഹികത സൃഷ്ടിക്കുന്നു. മനുഷ്യന്റെ വലിയ കണ്ടുപിടിത്തമാണിത്.

കൊറോണ ഒരു ജീവിത ശൈലീപരമായ ഉയിര്‍ത്തെഴുന്നേല്പിനു മനുഷ്യനെ ആഹ്വാനം ചെയ്യുകയാണ്. പ്രകൃതിക്കും മനുഷ്യനും ഇതരജീവികള്‍ക്കും ദോഷകരമായ ജീവിതശൈലിയെ ഉപേക്ഷിക്കൂ എന്നാണ് ഈ കാലം മനുഷ്യരോട് ഉപദേശിക്കുന്നത്.

വൈറസ് വ്യാപനം മാനവചിന്തയില്‍ മാറ്റങ്ങള്‍ക്ക് വഴിതുറന്നു കഴിഞ്ഞു. ശരീരശുദ്ധിയാണ് ഏറ്റവും വലിയ ആദര്‍ശം. കൊറോണ ഒരിക്കലും ഒഴിഞ്ഞു പോകില്ലെന്ന ചിന്ത പലരിലും ഉത്ക്കണ്ഠയും ഭയവും ജനിപ്പിച്ചേക്കാം. ഫ്രഞ്ച് എഴുത്തുകാരന്‍ ഷാങ് പോള്‍ സാര്‍ത്രിന്റെ ‘നോസിയ ‘ (1938) എന്ന നോവലില്‍ പറയുന്ന കടുത്ത വിഷാദാത്മകത ( Anguish ) അസ്തിത്വത്തിന്റെ ഒരു അറിയപ്പെടാത്ത കണമാണ്. ആ കാലഘട്ടത്തിലെ യുദ്ധങ്ങളും പട്ടിണിയും മനുഷ്യന്റെ അസ്തിത്വത്തിന്റെ നിസ്സാരതയിലേക്ക് എത്തിനോക്കാന്‍ സാര്‍ത്രിനെ പ്രേരിപ്പിച്ചിരിക്കണം. അതിലെ പ്രധാന കഥാപാത്രമായ ആന്റോയിന്‍ റോക്വന്റിന്‍ വല്ലാത്ത മനംപിരട്ടല്‍ അനുഭവിക്കുന്നു. അയാള്‍ എല്ലാറ്റിനും ഒടുവില്‍ ശൂന്യതയ്ക്ക് അഭിമുഖമായി വരുന്നു.

നോവലില്‍ ഒരിടത്ത് ഒരു പരിദേവനം ഉയരുന്നു: ‘നമ്മള്‍ എത്ര നിസ്സാരമാണ്. എത്ര അപര്യാപ്തമാണ്. വലിയ ചുമലുകളും കൈകളും കാലുകളും കാതുകളും മൂക്കും കണ്ണുകളും ഏതോ ഭീകരജന്തുവിനെ, ആകാശത്തിന്റെ ഏതോ കോണില്‍ നിന്ന് താഴേക്ക് പതിച്ച, ഓര്‍മ്മിപ്പിക്കുന്നു.’

ജീവിതത്തിനു ഒരര്‍ത്ഥമുണ്ടാക്കാന്‍ ശ്രമിച്ച ഒരുവന്റെ പതനം എത്ര ഭീകരമായിരിക്കും. ഈ നോവല്‍ അതാണ് ചര്‍ച്ച ചെയ്യുന്നത്. വസ്തുക്കളുടെ ഒരു ഗുണവും അയാളെ സ്വാധീനിക്കുന്നില്ല. ഗുണങ്ങളെ തള്ളിക്കളഞ്ഞ്, അയാള്‍ ചെന്നെത്തുന്നത് മനംപിരട്ടലിലാണ്. വസ്തുക്കള്‍ അവയുടെ ആന്തരികതയില്‍ കൂടുതല്‍ നിസ്സഹായമായ ഒരവസ്ഥയെ നേരിടുകയാണ്. ഒരു ഗുണത്തിന്റെയും അകമ്പടി അവിടെയില്ല.ഒരു വിനാശകരമായ ശൂന്യത ഒരു മുറിവായ പോലെ വസ്തുക്കളെ തുറിച്ചു നോക്കുന്നു. ഇത് കാണുന്ന അയാള്‍ വിഷാദത്തിലമരുകയാണ്.

അയാള്‍ ഒരു പോംവഴി തേടുന്നു. ഒന്നും ആഗ്രഹിക്കാതെ, മറ്റേതൊരു വസ്തുവിനെയും പോലെ ജീവിച്ചു പോയാല്‍ മതി. ശൂന്യതയെ അഭിമുഖീകരിക്കാത്ത ഒരു ബോധമാണ് അയാള്‍ തേടുന്നത്.

രോഗങ്ങളുടെ കാലത്ത്, മഹാമാരിയുടെ കാലത്ത് മനുഷ്യനെ അസ്തിത്വവ്യഥ പിടികൂടാനിടയുണ്ട്. തീക്ഷ്ണമായ വിഷണ്ണമനസ്സില്‍ നിന്ന് അകലാനായി സ്വയം ചുരുങ്ങുന്നതാണ് അഭികാമ്യം.

വായന
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പഴയ പ്രതാപത്തിലേക്ക് മടങ്ങുമോ എന്ന് ‘സാഹിത്യവിമര്‍ശം’ (ഏപ്രില്‍ – ജൂണ്‍) മാസികയില്‍ ഒരു ചോദ്യം കണ്ടു. ആ മടക്കം ഈ ജന്മത്ത് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല എന്ന ഉത്തരം അര്‍ത്ഥവത്തായി. ഇപ്പോള്‍ ഈ സംഘം എഴുത്തുകാരെ പല തട്ടുകളായി തിരിച്ച് തൊട്ടുകൂടായ്മ നടപ്പാക്കുകയാണ്. ഇന്ന് അയിത്തം നിലനില്ക്കുന്നത് സാംസ്‌കാരിക സ്ഥാപനങ്ങളിലാണ്. നമുക്ക് റബര്‍ ബോര്‍ഡ് ചെയര്‍മാനെയോ, പൊലീസ് ഐ ജി യെയോ കാണാം. എന്നാല്‍ അതുപോലെ ചില സംഘങ്ങളിലേക്കോ വാരാന്തപ്പതിപ്പുകളിലേക്കോ കയറിച്ചെല്ലാനൊക്കില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ മതിലില്‍ ‘കുപ്പിച്ചില്ല്’ പതിച്ചിരിക്കയാണ്. കയറിയാല്‍ മുറിയും.

മാതൃഭൂമിയുടെ ‘ക’ സാഹിത്യോത്സവത്തില്‍ എഴുത്തുകാരുടെ ഇടങ്ങള്‍ ചുരുക്കുകയാണ് ചെയ്തതെന്നും അത് സാംസ്‌കാരികമായ കോളനീകരണമാണെന്നും കുഞ്ഞപ്പ പട്ടാനൂര്‍ (സാഹിത്യവിമര്‍ശം) എഴുതാന്‍ ധൈര്യം കാണിച്ചത് ഉചിതമായി. മാതൃഭൂമിയെ ഇക്കാര്യത്തില്‍ ആരാണ് ഉപദേശിക്കുന്നതെന്ന് അറിയില്ല. എഴുത്തുകാരുമായി ബന്ധമില്ലാത്ത ചിലരാണ് പിന്നിലെന്ന് വ്യക്തം.

‘കോവിഡ് മരണം – ആശ്രിതരില്ല ,ആള്‍ക്കൂട്ടമില്ല, ആത്മാക്കള്‍ക്ക് ഒറ്റയാള്‍ കാവല്‍’ എന്ന പേരില്‍ മുസാഫിര്‍ എഴുതിയ ലേഖനം (മലയാളം വാരിക, മെയ് 18) സൗദി അറേബ്യയില്‍ മരിക്കുന്ന മലയാളികളുടെ അവസ്ഥ വിവരിക്കുന്നു. അവിടെ ശ്മശാനത്തില്‍ അന്ത്യകര്‍മ്മങ്ങളോ, അധികാരികളോ, ആരോഗ്യപ്രവര്‍ത്തകരോ ആരുമില്ല. മലപ്പുറംകാരനായ മുജീബ് പൂക്കോട്ടൂര്‍ എന്നൊരാളുടെ മാത്രം ജോലിയാണ് അത്. മുജീബ് ആശുപത്രിയില്‍ ചെന്ന് മൃതദേഹം ഏറ്റുവാങ്ങി ആംബുലന്‍സില്‍ കയറ്റി കിലോമീറ്ററുകള്‍ അകലെയുള്ള വിജനമായ ഒരിടത്തേക്ക് കൊണ്ടു പോകുന്നു. അവിടെ കുഴിയെടുത്ത് മറവു ചെയ്യുന്നു. ബംഗഌദേശികളായ മൂന്ന് പേര്‍ ശ്മശാന ജോലിക്കാരായുണ്ട്. വേറെ ആരുമില്ല. മുപ്പതു വര്‍ഷമായി മുജീബ് മക്കയിലാണുള്ളത്.

മുസാഫിര്‍ എഴുതുന്നു: ‘മരിച്ചവരുടെ ഭാര്യമാര്‍, അടുത്ത ആശ്രിതര്‍ കോവിഡ് ജഡം തങ്ങളെക്കൊണ്ട് സംസ്‌കരിക്കാനാവില്ലെന്ന് എഴുതിക്കൊടുത്ത് ഔദ്യോഗികമായി രേഖാപത്രം മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ മുജീബിനു കൈമാറിയിരിക്കുന്നു’. മുജീബിനു ആശുപത്രികള്‍ പ്രത്യേക ഉടുപ്പുകള്‍ നല്കിയിട്ടുണ്ട്. മൃതദേഹം അടക്കം ചെയ്യുന്നതിന്റെ വീഡിയോ, ഫോട്ടോ എന്നിവയാണ് ബന്ധുക്കള്‍ ആവശ്യപ്പെടാറുള്ളത്. അത് മുജീബ് സാധിച്ചു കൊടുക്കാറുമുണ്ട്.

കവിത
കൊല്ലത്ത് ഒരു യുവാവ് തന്റെ ഭാര്യയെ, പതിനായിരം രൂപ കൊടുത്ത് വാങ്ങിയ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊന്നുവെന്ന് ഒരു വാര്‍ത്ത കണ്ടിരുന്നു. പെണ്ണിനു കാലനാകാന്‍ കാമുകന്‍ തന്നെ വേണമെന്നില്ല. ധന്യാലയം പ്രമോദ് എഴുതിയ ശോകമരം (കേസരി, മെയ് 22) എന്ന കവിത ഈ സന്ദര്‍ഭത്തില്‍ ഉജ്ജ്വലമായി.

‘ഓരോ ദിനവും ഓരോ സീത
രാമനാല്‍ ത്യജിക്കപ്പെട്ട്
രാവണനാല്‍ മോഷ്ടിക്കപ്പെട്ട്
മാരീചമായയാല്‍ മോഹിക്കപ്പെട്ട്
ഒടുവില്‍
സ്വന്തം അമ്മയുടെ
മാറ് പിളര്‍ന്ന്
ഓരോ ദിനവും
ഓരോ സീത.’
നിത്യേന പെണ്ണിനു വിരഹം തന്നെ ഫലം. കൊറോണ അതിനു ആക്കം കൂട്ടുകയേയുള്ളു.
ഡി. സന്തോഷിന്റെ ‘മഹാനായ കള്ളന്‍’ എന്ന കവിതയിലെ (മലയാളം, മെയ് 18) ഈ വരികള്‍ ശ്രദ്ധേയം:
‘ലക്ഷണമൊത്തൊരു കള്ളനു,
കള്ളലക്ഷണമേയില്ല.’

നുറുങ്ങുകള്‍

  • കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് കിട്ടുന്നവര്‍ക്ക് ആശ ശമിക്കുന്നില്ല. അവര്‍ പിന്നീട് കണ്ണില്‍ക്കണ്ട അവാര്‍ഡെല്ലാം വാങ്ങിക്കുന്നത് യുക്തിക്ക് നിരക്കുന്നില്ല.

  • പരിഹസിച്ചും ചിന്തിപ്പിച്ചും മലയാളിയെ പ്രബുദ്ധനാക്കിയ സഞ്ജയന്റെ (എം.ആര്‍.നായര്‍ ) കൃതികളെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ പുനരാരംഭിക്കേണ്ട സമയമായി.

  • ഒരു കാലത്ത് മലയാളസിനിമയെ ഭരിച്ചത് സാഹിത്യവും അതിന്റെ നാടകീയതയും സ്വഭാവ ചിത്രീകരണവുമായിരുന്നു. ഇന്ന് കഥയേയില്ല; നാടകീയതയ്ക്ക് പകരം ദൈനംദിന സംഭവങ്ങളേയുള്ളു. രക്തത്തിനാകട്ടെ ഒട്ടും തണുപ്പുമില്ല.

  • ജീവിതദു:ഖത്തിന്റെ രസാനുഭൂതി അനുഭവിപ്പിച്ച അസാധാരണ കഥാകൃത്താണ് എന്‍.മോഹനന്‍. അദ്ദേഹം വലിയ അവാര്‍ഡുകള്‍ ചെറുപ്പകാലത്ത് തന്നെ വേണമെന്ന് പറഞ്ഞ് മുതിര്‍ന്നവരുടെ തോളില്‍ അറിഞ്ഞു കൊണ്ട് ചവിട്ടി മുകളിലേക്കാഞ്ഞില്ല.

  • ‘മറക്കുവാന്‍ പറയാന്‍ എന്തെളുപ്പംമണ്ണില്‍ പിറക്കാതിരിക്കലാണ്അതിലെളുപ്പം’ എന്ന് പി.ഭാസ്‌ക്കരന്‍ എഴുതിയത്, എല്ലാം മറന്ന് തുലച്ചുകളയുന്ന ഈ കമ്പോളസംസ്‌കാരത്തില്‍ എത്രയോ പ്രസക്തമാണ്.

  • ഇരുപതാം നൂറ്റാണ്ടില്‍ ചൈനീസ് ഭരണകൂടം എണ്ണമറ്റ എഴുത്തുകാരെ വെടിവച്ചു കൊല്ലുകയും തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പ്രമുഖ ചൈനീസ് സാഹിത്യകാരനായ (നോവല്‍:Soul Mountain) ഗാവോ സിങ്ജിയാന്‍ നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies