കേരളത്തില്‍ ഭരണത്തില്‍ ഏറുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഹൈന്ദവ ക്ഷേത്രങ്ങളെ കറവപ്പശുക്കളായി കണക്കാക്കി പോരുന്നവരാണ്. വഖഫ് ബോര്‍ഡും ബിഷപ്പ് ഹൗസും ഭരിക്കുവാന്‍ അതാത് മതങ്ങളിലെ വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ഈശ്വരവിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അവകാശമില്ല എന്നതാണ് വര്‍ത്തമാനകാല പരിതസ്ഥിതി. പകര്‍ച്ചവ്യാധി വന്നാലും പ്രകൃതിദുരന്തം വന്നാലും ദേവസ്വം പണപ്പെട്ടിയില്‍ നിന്നും കോടികളാണ് സംഭാവന എന്ന പേരില്‍ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് പോകുന്നത്. ദുരിതം അനുഭവിക്കുന്ന അമ്പല ജീവനക്കാര്‍ക്കോ അമ്പല ഭണ്ഡാരത്തില്‍ പണം നിക്ഷേപിക്കുന്ന ഹിന്ദു ഭക്തജനങ്ങള്‍ക്കോ ചില്ലിക്കാശിന്റെ സഹായം ചെയ്യാത്ത ദേവസ്വം ബോര്‍ഡുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കോടികള്‍ സംഭാവന ചെയ്യുന്നത് തങ്ങളെ ദേവസ്വം ഭരണം ഏല്‍പ്പിച്ചതിന്റെ പ്രത്യുപകാരം എന്ന നിലയ്ക്കാണ്.
അതാത് കാലത്ത് ഭരിക്കുന്ന പാര്‍ട്ടികളോട് കൂറും വിശ്വസ്തതയുമുള്ളവരെ പ്രതിഷ്ഠിക്കാനുള്ള ഇടമായിട്ടാണ് ദേവസ്വം ബോര്‍ഡുകളെ കണക്കാക്കി പോരുന്നത്. ഈശ്വരന്‍ ഇല്ലെന്നും അമ്പലങ്ങള്‍ അന്ധവിശ്വാസങ്ങളുടെ കൂടാണെന്നും പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് പള്ളിയോടും മോസ്‌കിനോടും ഈ സമീപനമല്ല ഉള്ളത്. കഴിഞ്ഞ മണ്ഡലകാലം ശബരിമലയില്‍ പോലീസ് ഭീകരവാഴ്ച നടത്തി, ആ ക്ഷേത്ര സങ്കേതത്തെ കളങ്കപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി വിജയന്റെ ഉള്ളിലിരിപ്പ് എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ശബരിമലയെ തകര്‍ക്കുന്നതിലൂടെ ആ ക്ഷേത്രത്തിന്റെ വരുമാനംകൊണ്ട് പ്രവര്‍ത്തിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളെയും തകര്‍ക്കാന്‍ കഴിയും എന്ന നിഗൂഢ തന്ത്രമായിരുന്നു അതിന്റെ പിന്നിലുണ്ടായിരുന്നത്.
കഴിഞ്ഞ പ്രളയദുരന്തത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്നും കോടികളാണ് നിര്‍ബന്ധിതമായി പിടിച്ചുവാങ്ങിയത്. സഹസ്രകോടികള്‍ ആസ്തിയുള്ള വഖഫ് ബോര്‍ഡില്‍ നിന്നോ ബിഷപ്പ് ഹൗസുകളില്‍നിന്നോ നയാപൈസ പോലും വസൂലാക്കാത്തവരാണ് ഹൈന്ദവ ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നത്. ഇപ്പോള്‍ കൊറോണാ ബാധയുടെ മറവില്‍ അഞ്ചുകോടിരൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തിയായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.വി. മോഹന്‍ദാസാണ് ഗുരുവായൂര്‍ ദേവസ്വം ആക്ടിനെ തന്നെ കാറ്റില്‍ പറത്തിക്കൊണ്ട് സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത്.
കൊറോണ പോലെ ലോകം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ നിന്നും മാനവകുലത്തെ രക്ഷിക്കുവാന്‍ ഗുരുവായൂര്‍ ദേവസ്വം പണം നല്‍കുന്നതിനെ പ്രത്യക്ഷത്തില്‍ ആര്‍ ക്കും കുറ്റം പറയാന്‍ പറ്റില്ല. കഴിഞ്ഞ പ്രളയകാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കുകയുണ്ടായി. ഇത് ഉന്നതമായ മാനവിക മൂല്യങ്ങളുടെ പേരില്‍ ഉള്ള ഒരു നടപടിയാണ് എന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ അവര്‍ക്ക് തെറ്റി. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം പതിച്ചു നല്‍കുന്നതിന്റെ പ്രത്യുപകാരമായിട്ടാണ് കോടികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അവരുടെ ഏഴാം കൂലികള്‍ക്കും ചോര്‍ത്തിനല്‍കുന്നത്. അറിയപ്പെടുന്ന ഒരു അബ്കാരിയെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ആക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ചില ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉണ്ട്. കോവിഡ് ദുരിതാശ്വാസം എന്ന പേരില്‍ ഗുരുവായൂരപ്പന്റെ ഭണ്ഡാരത്തി ലെ അഞ്ച് കോടിരൂപ കേരളാ മുഖ്യമന്ത്രിക്ക് ചോര്‍ത്തി കൊടുത്തതിനെ ഭക്തജനങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം ഹിന്ദുക്കളുടേത് മാത്രമല്ല എന്നാണ്. എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സ്ഥാവരജംഗമ സ്വത്തുകളിന്മേല്‍ നാളെ ആര്‍ക്കും അവകാശവാദം ഉന്നയിക്കാം എന്നാണ്. ഗുരുവായൂരപ്പന്റെ ഉറച്ച ഭക്തനായ യേശുദാസിനെ ക്ഷേത്രത്തിനുള്ളില്‍ കടക്കാന്‍ സമ്മതിക്കാത്തവരാണ് ഭഗവാന്റെ കാണിക്കപണം മറ്റ് മതസ്ഥരുടേതും കൂടിയാണ് എന്നു പറയുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തെ കമ്മ്യൂണിസ്റ്റ് വെള്ളാനകള്‍ കൊള്ളയടിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മുന്‍പ് ദേവസ്വം ഉദ്യോഗസ്ഥന്റെ മകന്റെ വിവാഹം ക്ഷണിക്കാന്‍ ദേവസ്വം വാഹനം വിട്ടുകൊടുത്ത പാരമ്പര്യം ഉണ്ട് ഭരണസമിതിക്ക്. കരുവന്നൂര്‍ ഗുരുവായൂര്‍ കുടിവെള്ള പദ്ധതിക്ക് എന്ന പേരില്‍ ഗുരുവായൂരപ്പന്റെ പണം വകമാറി ചെലവഴിച്ച ഭരണസമിതിക്കാരും ഉണ്ടായിരുന്നു. തൈക്കാട് ഒന്നര ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വൈദ്യുതി വകുപ്പിന് സബ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ വേണ്ടി കോടികളാണ് ഗുരുവായൂര്‍ ദേവസ്വം ചെലവഴിച്ചത്. പ്രതിവര്‍ഷം ആയിരം രൂപ വാടകയ്ക്ക് 99 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബിക്ക് ഈ ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുന്നു. എന്നാല്‍ ക്ഷേത്രം ഉപയോഗിക്കുന്ന വൈദ്യുതിക്ക് ബില്ലില്‍ യാതൊരു ഇളവും സര്‍ക്കാര്‍ കാട്ടിയിട്ടും ഇല്ല. ക്ഷേത്രസുരക്ഷയ്ക്ക് വേണ്ടി ഉപകരണങ്ങള്‍ വാങ്ങണമെന്ന ആവശ്യം ഉന്നയിച്ച് കേരള ആഭ്യന്തരമന്ത്രാലയം രണ്ടരക്കോടി രൂപയാണ് ദേവസ്വം ഫണ്ടില്‍ നിന്നും എടുത്തത്. വാങ്ങിയ ഉപകരണങ്ങള്‍ക്ക് ബില്ലോ കണക്കോ ഇല്ലെന്നു മാത്രമല്ല എന്തൊക്കെ ഉപകരണങ്ങള്‍ വാങ്ങി എന്നതിന് യാതൊരു രേഖയും ഇല്ല. ഇങ്ങനെ ഗുരുവായൂരപ്പനെ കൊള്ളയടിക്കുന്ന ഭരണസമിതിയുടെ ഏറ്റവും അവസാനത്തെ നീക്കമായിരുന്നു അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥിരംനിക്ഷേപത്തില്‍ നിന്നാണ് ഈ പണം പിന്‍വലിച്ചിരിക്കുന്നത്. സ്ഥിരനിക്ഷേപം ദേവസ്വം ആവശ്യങ്ങള്‍ ക്ക് അല്ലാതെ എടുക്കാന്‍ പാടില്ല എന്ന ഹൈക്കോടതി വിധിയെ വരെ ധിക്കരിച്ചുകൊണ്ടാണ് അഭിഭാഷകന്‍ കൂടിയായ ദേവസ്വം ചെയര്‍മാന്‍ മുഖ്യമന്ത്രി വിജയനോടുള്ള ഉപകാരസ്മരണയ്ക്ക് അഞ്ച് കോടി വകമാറ്റി ചെലവഴിച്ചിരിക്കുന്നത്. 1954ലെ സുപ്രീംകോടതി വിധി അനുസരിച്ച് ‘സ്വത്തുവകകള്‍ വിരുദ്ധ ആവശ്യങ്ങള്‍ക്ക് വേണ്ടി വഴിതിരിച്ചു വിടുന്നത് ഭരണഘടന അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് എന്ന്’ കോടതി പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ളതാണ്. ദേവസ്വം സ്വത്തുക്കളുടെ അവകാശം പ്രതിഷ്ഠയില്‍ നിക്ഷിപ്തമാണ്. ഭരണസമിതിക്ക് സ്വത്തവകാശമില്ല; നിയമവിധേയമായി കൈകാര്യം ചെയ്യാനുള്ള അധികാരമേ ഉള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ നഗ്നമായ നിയമലംഘനമാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയ്തുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കണം എന്നുണ്ടെങ്കില്‍ ആ ആവശ്യം ഉന്നയിച്ച് ഭക്തജനങ്ങളില്‍ നിന്നും പണം സമാഹരിച്ച് നല്‍കാവുന്നതാണ്. ഗുരുവായൂരപ്പന്റെ സ്ഥിരനിക്ഷേപത്തില്‍ നിന്നും വകമാറ്റി ചെലവഴിക്കാന്‍ ദേവസ്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ തറവാട്ടു സ്വത്തല്ല എന്നു മനസ്സിലാക്കേണ്ടതുണ്ട്.