ഒരു കഥ പറയുന്നതുപോലും ഇന്ന് പഴയ സങ്കല്പമാണ്. കഥകള്‍ പറയാന്‍ സീരിയലുകളും സിനിമകളുമുണ്ട്. അതുപോലുള്ള കഥകള്‍ നോവലുകളില്‍ അവതരിപ്പിക്കുന്നത് വ്യര്‍ത്ഥമാണ്. കാരണം, ആളുകള്‍ വായിക്കുന്നത് അവര്‍ക്കറിയാവുന്നതും കേട്ടറിവുള്ളതുമായ കാര്യങ്ങള്‍ വീണ്ടും കാണാനും കേള്‍ക്കാനുമല്ല.
വായന ഒരു പുനര്‍നിര്‍മ്മാണമാണ്. വായന ഭാവനയാണ്. വായിക്കുന്നവന്‍ അത് സ്വന്തം അനുഭവമാക്കാനാണ് നോക്കുന്നത്. തകഴിയുടെ ‘ചെമ്മീന്‍’ വായിക്കുന്നയാള്‍ സ്വാഭാവികമായി, പരീക്കുട്ടിയായി സ്വയം സങ്കല്പിക്കും. അയാള്‍ ഇടയ്ക്ക് പഴനിയായി സങ്കല്പിച്ചു നോക്കും. എന്നാല്‍ ചെമ്പന്‍കുഞ്ഞ് അയാളുടെ ശത്രുവായിരിക്കും. ഇതാകട്ടെ സ്വന്തം അഭിരുചിയും മനോനിലയും അനുസരിച്ച് സംഭവിക്കുന്നതാണ്.
‘ചെമ്മീന്‍’ സിനിമ കാണുന്നവനു വേറൊരു ഭാവന സാധ്യമല്ല. അയാള്‍ പരീക്കുട്ടിയായി മധുവിനെ സങ്കല്പിക്കാന്‍ വിധിക്കപ്പെട്ടവനാണ്. അയാള്‍ക്ക് ചെമ്പന്‍കുഞ്ഞ് എന്ന നന്ദിയില്ലാത്ത കഥാപാത്രം കൊട്ടാരക്കര ശ്രീധരന്‍ നായരാണ്. അയാളുടെ മനസ്സില്‍, കടലില്‍ ചാവുന്ന പളനി സത്യനല്ലാതെ മറ്റാരുമല്ല. ഇത് സിനിമയുടെ ഒരു പരിമിതിയാണ്. അതായത് കാണിയെ വേറൊരു ഭാവനയിലേക്ക് പറഞ്ഞു വിടുന്നില്ല. കാണി, കഥാപാത്രങ്ങളായി വേഷമിട്ട നടീനടന്മാരില്‍ കുടുങ്ങി കിടക്കും. നടീനടന്മാരുടെ ചേഷ്ടകള്‍ ആ കഥാപാത്രങ്ങളുടേതാണെന്ന് വിചാരിക്കും. ഒരു നടന്‍ തന്റെ കഥാപാത്രത്തെ വളരെ പ്രത്യേകതകളുള്ളതാക്കാന്‍ പരിശ്രമിക്കും. സംവിധായകന്‍ നടനെയല്ല, കഥാപാത്രത്തെയാണ് ഡിസൈന്‍ ചെയ്യിക്കുന്നത്. കഥാപാത്രം ഒരു സങ്കല്പമാണെങ്കില്‍ അതിന്റെ മേലണിയുന്ന ചേഷ്ടകളാണ് വസ്ത്രങ്ങള്‍. ഈ വസ്ത്രത്തില്‍ നിന്നു വേര്‍പെട്ട് ഒന്നും ആലോചിക്കാന്‍ കാണിക്കാവില്ല. കാണുന്നതോടെ മനസ്സില്‍ പതിയുന്ന ഇമേജ് തകര്‍ക്കണമെങ്കില്‍ വായിക്കുക തന്നെ വേണം.
കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ എന്ന നോവലിലെ പപ്പുവിനെ, ആ നോവല്‍ വായിക്കാത്തയാളിനു സത്യന്‍ എന്ന നടനിലുടെയേ കാണാനൊക്കൂ. നോവല്‍ വായിക്കുകയാണെങ്കില്‍, റിക്ഷ വലിക്കുന്ന, തളരുന്ന ആ കഥാപാത്രം താനാണെന്നു ഓരോരുത്തര്‍ക്കും തോന്നും. ഇതു കാതലായ വ്യത്യാസമാണ്. കാണല്‍ താരതമ്യേന അനായാസമായി ചെയ്യാവുന്നതാണ്. കാണലില്‍ ഒരു ലാഘവമനസ്സ് മതി.
‘ചെമ്മീന്‍’ കാണുന്ന സമയത്ത്, നമുക്ക് മധു എന്ന നടന്‍ പരീക്കുട്ടി എന്ന കഥാപാത്രത്തെ വ്യക്തമായി, വ്യക്തിപരമായി വ്യാഖ്യാനിച്ചു തരുകയാണ്. എന്നാല്‍ വായിക്കുമ്പോള്‍ നമുക്ക് ഓരോരുത്തര്‍ക്കും, സ്വന്തം നിലയില്‍ ഈ വ്യാഖ്യാനത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വരും.
കഥാന്ത്യത്തിലെ മാജിക്ക്
നോവല്‍ അവസാനിപ്പിക്കുന്നത്, ഒന്നുകില്‍ മുഖ്യകഥാപാത്രത്തിന്റെ മരണത്തിലൂടെയോ, പ്രണയ സാഫല്യത്തിലൂടെയോ, വേര്‍പാടിലൂടെയോ ആകാം. റിയലിസ്റ്റ് നോവല്‍ ഒരു കഥയെ യഥാര്‍ത്ഥമായി, വിശ്വസനീയമായി അവതരിപ്പിക്കുന്നു. അതുകൊണ്ട് അത് അവസാനിപ്പിക്കുന്നതും ആ രീതിയില്‍ തന്നെയാകണം. എന്നാല്‍ പ്രതിഭയുടെ അളവനുസരിച്ച് ആവിഷ്‌കാരത്തിന്റെ നില മാറും. ഒരാള്‍ നേടിയ അറിവ് അതിനു ആധാരമായി വര്‍ത്തിക്കുന്നു. സാഹിത്യാവബോധം നേടുന്നതിനു ജീവിതാനുഭവം പോരാ. അതിനു കലാവബോധം വേണം. നോവല്‍ ഒരു കഥ എന്നതിലുപരി കലാനുഭവമാണ്.
കഥ പറയുകയല്ല, കഥ എന്ന അനുഭവത്തെ ആഖ്യാനമാക്കുകയാണ് വലിയ എഴുത്തുകാര്‍ ചെയ്തിട്ടുള്ളത്. വലിയ എഴുത്തുകാര്‍ തങ്ങളുടെ നോവല്‍ അവസാനിപ്പിക്കുന്നതിലെ അസാധാരണമായ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നത് എങ്ങനെയാണെന്നു തെളിയിക്കാന്‍ ടോള്‍സ്റ്റോയിയുടെ ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്’ (Resurrection) ഒ.വി.വിജയന്റെ ‘ധര്‍മ്മപുരാണം’ എന്ന നോവലുകളുടെ പ്രസക്ത ഭാഗം ഇവിടെ ചേര്‍ക്കുകയാണ്:
യജമാനന്റെ ഇച്ഛ ഈ നിയമങ്ങളില്‍ പ്രകാശിതമായിട്ടുണ്ട്. ആളുകള്‍ ഈ നിയമങ്ങള്‍ നിറവേറ്റുന്നതോടുകൂടി, സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ പ്രതിഷ്ഠിതമാവുകയും ആളുകള്‍ തങ്ങള്‍ക്കു നേടാവുന്നതില്‍ വെച്ചു മഹത്തരമായ ശ്രേയസ്സിനെ വരിക്കുകയും ചെയ്യും.
ഒന്നാമതായി നിങ്ങള്‍ അവിടുത്തെ രാജ്യത്തെയും അവിടുത്തെ സത്യനിഷ്ഠയെയും ആരായൂ. എന്നാല്‍ ഈ വസ്തുക്കളെല്ലാം നിങ്ങളോടു കൂടിച്ചേരും. പക്ഷേ, നാം ഈ വസ്തുക്കളെയാണ് തേടുന്നത്; അതിനാല്‍ പ്രത്യക്ഷത്തില്‍ അതു നേടുന്നതില്‍ പരാജിതരുമായി.
അപ്പോള്‍ ഇവിടെയാണ് അത് – എന്റെ ജീവിതകര്‍ത്തവ്യം. ഒരു ജോലി അവസാനിപ്പിച്ചു കഴിഞ്ഞില്ല. അപ്പോഴേക്കും ഞാനിതാ മറ്റൊന്നു തുടങ്ങിവച്ചു.
നെക്ക്‌ല്യുഡോവിനു അന്നു രാത്രി തികച്ചും പുതിയൊരു ജീവിതം ഉദിച്ചുയര്‍ന്നു; അയാള്‍ ജീവിതത്തിന്റെ പുതിയ സ്ഥിതിഗതികളിലേക്ക് പ്രവേശിച്ചതുകൊണ്ടല്ല – അന്നു രാത്രിക്കുശേഷം, അയാള്‍ പ്രവര്‍ത്തിച്ച എല്ലാറ്റിന്നും, അയാളെ സംബന്ധിച്ചിടത്തോളം, നൂതനവും തികച്ചും വ്യത്യസ്തവുമായ ഒരര്‍ത്ഥമുണ്ടായതുകൊണ്ടുമാത്രം.
അയാളുടെ ജീവിതത്തിന്റെ ഈ നവീനഘട്ടം എങ്ങനെ അവസാനിക്കും.’ (ഉയിര്‍ത്തെഴുന്നേല്‍പ്പ്, ലിയോ ടോള്‍സ്റ്റോയ്, പരിഭാഷ: സി.ഗോവിന്ദക്കുറുപ്പ്)
‘പരാശരന്‍ ജാഹ്നവിയുടെ തീരത്തു നിന്നു. അപ്പോഴാണു പൊടുന്നനെ അയാള്‍ ആ മരം കണ്ടത്.
അനാഥനായ പരാശരന്റെ മുകളില്‍ അപാരമായ ആ വടവൃക്ഷം പടര്‍ന്നുനിന്നു. പരാശരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
പരാശരന്‍ മരത്തിന്റെ മുമ്പില്‍ മുട്ടുകുത്തി.
പരാശരന്‍ മരത്തെ കെട്ടിപ്പിടിച്ചു.
പരാശരന്‍ അലമുറകൊണ്ടു:
‘സിദ്ധാര്‍ത്ഥാ, രാജാവേ, ഇത് അങ്ങാണോ?’
ഓരോ ഇലയും കൊമ്പും വേരും പരാശരനോടു സംസാരിച്ചു. അതൊരു സ്വരപ്രളയമായി. അതിന്റെ അര്‍ത്ഥം മനസ്സിലാകാതെ പടനായകന്‍ അതിന്റെ തിരകളില്‍ മുങ്ങിപ്പൊങ്ങി.
പരാശരന്‍ പ്രലപിച്ചു:
പറഞ്ഞു തരിക! എനിക്കു പറഞ്ഞു തരിക!
വടവൃക്ഷം നിശ്ശബ്ദമായി. അരികിലൂടെ സനാതനയായ ജാഹ്നവി ഒഴുകിക്കടന്നു.
ഒറ്റയ്ക്കു പടനായകന്‍ ആ മഹാസസ്യത്തിന്റെ ചുവട്ടില്‍ ഇരുന്നു. മൃഗതൃഷ്ണയുടെ തീരാദു:ഖത്തില്‍ പരാശരന്‍ പിന്നെയും പിന്നെയും കരഞ്ഞു. അയാളുടെ ചുമലില്‍ ഞാന്നു കിടന്ന ആയുധം ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി.
(ഒ.വി.വിജയന്‍, ധര്‍മ്മപുരാണം)
ടോള്‍സ്റ്റോയ് റിയലിസ്റ്റ് സങ്കേതം ഉപയോഗപ്പെടുത്തി, മനുഷ്യമനസ്സാക്ഷിയിലുള്ള ഒരു ഉയിര്‍പ്പാണ് നോവലിന്റെ അന്ത്യത്തില്‍ സാക്ഷാത്കരിച്ചത്. പ്രതിഭയുടെ ജ്വാലയാണ് നാം ഇവിടെ കാണുന്നത്. ഒരു ബോധ്യപ്പെടല്‍ സംഭവിക്കുകയാണ്. ടോള്‍സ്റ്റോയ് മാനവികതയുടെ ചിന്തകനും രക്ഷകര്‍ത്താവുമാണ്. അതാണ് നോവലിന്റെ അവസാനം നാം കാണുന്നതും. അദ്ദേഹം സ്വന്തം ജീവിതദുരിതങ്ങളില്‍ ഉഴറുമ്പോഴും മനുഷ്യന്റെ ഭാവിയെക്കുറിച്ചു ചിന്തിച്ചു. ദൈവത്തിന്റെ ഇച്ഛയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകൂ എന്ന ആഹ്വാനം, മാനവരാശി ഉള്ളിടത്തോളം കാലം ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കും. സ്വര്‍ഗ്ഗരാജ്യം ഈ ഭൂമിയില്‍ വന്നില്ലെങ്കില്‍, പിന്നെ എവിടെ കിട്ടാനാണ്? സത്യത്തിനു വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ട് വേറെ ആഗ്രഹിച്ചാല്‍ വിഫലമാകും. എന്നാല്‍ ദൈവത്തിന്റെ രാജ്യത്തെ ആരായുകയാണെങ്കില്‍, പല വസ്തുക്കളും ലഭിച്ചെന്നിരിക്കും. എന്നാല്‍ വസ്തുക്കള്‍ സ്വന്തമാക്കാന്‍ വേണ്ടി മാത്രമാണെങ്കില്‍, അത് നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ മനസ്സിലാക്കി, അത് തിരുത്തി ഉയിര്‍ത്തു വരാനുള്ള ഒരു തീരുമാനമാണ് നെക്ക്‌ലൂഡോവ് എന്ന കഥാപാത്രത്തിലൂടെ സാര്‍ത്ഥകമാകുന്നത്. ഈ നോവല്‍ ഇങ്ങനെ അവസാനിപ്പിച്ചതുകൊണ്ടാണ്, അത് വായിക്കുന്ന നമുക്ക് വേറൊരു വിധത്തില്‍ ജീവിക്കാമായിരുന്നെന്നും ജീവിക്കണമെന്നും തോന്നുന്നത്.
വിജയന്റെ ‘ധര്‍മ്മപുരാണം’ റിയലിസ്റ്റ് കൃതിയല്ല. അത് മാന്ത്രിക ലാവണ്യം കലര്‍ന്ന ഒരു ഇംപ്രഷണിസ്റ്റിക്, മിസ്റ്റിക് ശൈലിയിലാണ് എഴുതിയിട്ടുള്ളത്. ചില യാഥാര്‍ത്ഥ്യങ്ങളെ അറപ്പുളവാക്കുന്ന വിധം വിവരിക്കുന്ന നോവലിസ്റ്റ്, ഇടയ്ക്ക് ഭാവനയ്ക്ക് മിത്തുകളിലൂടെ മറ്റൊരു മാനം നല്‍കി കലാനുഭൂതിയുടെ യോഗാത്മകഭാവം പകരുന്നു. തീക്ഷ്ണമായ പരിഹാസത്തിലൂടെ നീങ്ങുന്ന നോവല്‍ പുരാണത്തെയും സമകാലികതയെയും കൂട്ടിയിണക്കി വെറുമൊരു ഫിക്ഷനാക്കുന്നു. ഇതിന്റെ ഒടുവില്‍ പരാശരന്‍ എന്ന പടനായകനു കൈവരുന്ന മഹാജ്ഞാനമാണ് ഈ നോവലിനെ മഹത്തരമാക്കുന്നത്. പടനായകന്‍ ചെയ്ത സകല തിന്മകളും വച്ചുകൊണ്ട് അയാള്‍ ഒരു വലിയ വൃക്ഷത്തിന്റെ മുമ്പില്‍ മുട്ടുകുത്തുന്നു. പരാശരനോട് ആ വൃക്ഷത്തിന്റെ ഓരോ ഇലയും സംസാരിച്ചു. അയാള്‍ക്ക് ഒന്നും വേര്‍തിരിഞ്ഞു കിട്ടിയില്ല. അയാള്‍ പ്രാര്‍ത്ഥിച്ചു. എന്നിട്ടും അയാള്‍ക്ക് ഉത്തരം കിട്ടിയില്ല. അയാള്‍ പക്ഷേ, ഒന്നുലഞ്ഞു. അയാള്‍ പിറവികളുടെ മഹാദു:ഖമറിഞ്ഞു. ഇത് സൃഷ്ടി പരമ്പരകളുടെ അവസാനിക്കാത്ത ദു:ഖങ്ങളുടെ നടുവില്‍ ഒരു മനുഷ്യാത്മാവ് എത്തിപ്പെടുന്നതിലെ പാരസ്പര്യമാണ്. അത് ഒരു ലയമാണ്. എന്നാല്‍ ആ ജ്ഞാനം അയാളെ കരയിപ്പിച്ചു. ഒരു പടനായകന്‍ ജീവിതത്തിന്റെ സനാതനമായ ജ്ഞാനം ഗ്രഹിച്ച് എല്ലാ ജൈവലോകത്തിനും വേണ്ടി കരയുന്നത് എത്രയോ വലിയ ഒരു അവസ്ഥയാണ്. അത് പകരുന്നതാകട്ടെ ഒരു വൃക്ഷവും.
ഈ നോവല്‍ പുസ്തകരൂപത്തില്‍ വന്ന സമയത്ത്, കോട്ടയത്ത് ഒരു ഹോട്ടലില്‍ വച്ച് വിജയനെ കാണാനിടയായി. എന്തുകൊണ്ടാണ് നോവലിന്റെ അന്ത്യത്തില്‍ ഇങ്ങനെ പടനായകനും വൃക്ഷവും തമ്മില്‍ ഒരു സംവാദം സാധ്യമാക്കിയതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: ഞാന്‍ ഇതുവരെ വായിച്ചും അനുഭവിച്ചും നേടിയ അറിവിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ അങ്ങേയറ്റമാണിത്.
വായന
കുഞ്ഞപ്പ പട്ടാന്നൂര്‍ കവിതയെ ഒരു സമരമാക്കുകയാണ്. ‘അതിജീവനം’ എന്ന കവിത (ഭാഷാപോഷിണി) യില്‍ അദ്ദേഹം ഇനിയും മരിക്കാത്ത പച്ചപ്പുകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നു.
‘കിഴക്കന്‍ മലകളില്‍ ഇപ്പോഴും ശേഷിക്കുന്ന പച്ചപ്പുകളില്‍ പ്രാണനൊമ്പരം തുടിക്കുന്നുണ്ട്.’
ജിസ ജോസിന്റെ ‘സര്‍വ്വ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ’ (മലയാളം) ഒരു കുടുംബകഥയാണെങ്കിലും മനുഷ്യവ്യക്തിക്ക് അത്മാവില്‍ നീറ്റലുമായി നടക്കാന്‍ ലൈംഗിക ബലഹീനതയും കാരണമാണെന്ന വലിയ സത്യം അവതരിപ്പിക്കുന്നു.
എന്‍.പി.ചന്ദ്രശേഖരന്റെ ‘കാവ്’ (പ്രഭാതരശ്മി) എന്ന കവിതയിലെ ഈ വരികള്‍ ശ്രദ്ധേയം:
‘ഓര്‍മ്മകള്‍ ഓരത്തുണ്ടെങ്കിലേ
ഉണ്‍മകളെ അറിയാനാവൂ;
പോയവര്‍ കൂടെയുണ്ടെങ്കിലേ
വരുന്നവ വരുതിയിലാവൂ’
ശ്രീനാരായണഗുരുവിനെ മതരഹിതനാക്കാന്‍ ശ്രമിക്കുകയാണ് സുനില്‍ പി. ഇളയിടം, ‘ശ്രീനാരായണ ഗുരുവിന്റെ മതദര്‍ശനം’ (ഗുരുദേവന്‍) എന്ന ലേഖനത്തില്‍. ഒരു കാര്യം പറയട്ടെ, ഗുരുവിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച്, മതമില്ലാത്ത, ദൈവമില്ലാത്ത വെറും അരാഷ്ട്രീയ മതേതരനാക്കുന്നത് പാഴ്‌വേലയാണ്. ഗുരുവിനെ ചിലര്‍ ഹിന്ദു സന്ന്യാസിയാക്കിയെന്ന് എഴുതിയിരിക്കുന്നു. പിന്നെ ഗുരു മതമില്ലാത്ത സന്ന്യാസിയാണോ? ഗുരു ഹിന്ദുമതത്തെ ഉച്ചനീചത്വങ്ങളില്‍ നിന്ന് മോചിപ്പിച്ച് അതിന്റെ ഭാവനയെ വിപുലീകരിക്കുകയാണ് ചെയ്തത്. അതാണ് വാതിലും ജനലുമുള്ള ശാരദാക്ഷേത്രം. ഭദ്രകാള്യഷ്ടകവും സുബ്രഹ്മണ്യകീര്‍ത്തനവും എഴുതുന്ന ഒരു സന്ന്യാസി ഹിന്ദുവല്ലെന്ന് പറയാന്‍ അപാര ചങ്കൂറ്റം വേണം.
ഇനി അപരത്വത്തെക്കുറിച്ച്. ഗുരു അപരന്റെ സുഖം പ്രധാനമാണെന്ന് പറഞ്ഞു. അതില്‍പ്പിടിച്ച് ഗുരു എല്ലാവരെയും അപരന്മാരായി കണ്ടുവെന്നൊക്കെപ്പറയുന്നത് കൈവിട്ട കളിയാണ്. ഗുരുവിന്റെ അപരന്‍ നിരീശ്വരവാദികളുടെ അപരനല്ല. അതിനു അടുത്തിരിക്കുന്നവന്‍ എന്ന അര്‍ത്ഥമേയുള്ളു. സുനില്‍ മനസ്സിലാക്കിയത് അന്യന്‍ എന്നാണ്.
ഗുരുവിന്റെ ആത്മീയലോകം എന്താണെന്ന് അറിയാന്‍ സുനിലിന്റെ ദൈവരഹിതമായ, അത്മീയശൂന്യമായ ചിന്താവ്യാപാരങ്ങള്‍ക്ക് കഴിയില്ല. കപട മതേതരവാദികളില്‍ നിന്നു ഗുരുവിനെ മോചിപ്പിക്കുക എന്ന വലിയ പ്രയത്‌നമാണ് ഈ കാലം ആവശ്യപ്പെടുന്നത്.
എന്നാല്‍ ദേശമംഗലം രാമകൃഷ്ണന്‍ ഗുരുവിനെ ഉചിതമായ രീതിയില്‍ സമീപിക്കുന്നു (ഗുരുകവിയുടെ അരുള്‍, മലയാളം). വിവേകോദയമാണ് ഗുരു വിഭാവന ചെയ്യുന്നത്. സ്വാമി വിവേകാനന്ദനും വിവേകോദയം പ്രധാനമായി കണ്ടു.
സാത്വികത, ഐശ്വരമാര്‍ഗം, വിവേക ചൈതന്യം, അര്‍ച്ചന, ആത്മപ്രകാശം, സമഭാവന, ദൈവാനുഗ്രഹം തുടങ്ങിയ വാക്കുകളിലൂടെയാണ് ദേശമംഗലം ഗുരുവിനെ തേടുന്നത്. ഇതാണ് മര്യാദ. സുനിലിന്റേത് ഭൗതികവരട്ടു വാദമാണ്.
പ്രണയം
പ്രണയിക്കുന്നവര്‍ക്ക് ദു:ഖം ഒഴിവാക്കാന്‍ പറ്റില്ല. പ്രണയം ഒരു ചുവന്ന പൂവാണെങ്കില്‍ അതിനു ചുവട്ടിലെ വിട്ടുവീഴ്ചയില്ലാത്ത മുള്ളാണ് ദുഃഖം. മുള്ള് അദൃശ്യമാണ്. അത് മറയ്ക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ പ്രണയം തന്നെ മുള്ളാണ്. ദു:ഖത്തിലേക്ക് അമര്‍ന്നിരിക്കാന്‍ മുന്‍കൂട്ടിയുള്ള വാസനയാണ് പ്രണയം. ഇക്കാര്യം ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും കവിതകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
നുറുങ്ങുകള്‍
-
വനവാസി വിഭാഗത്തില്‍ നിന്നുള്ള കാളന്റെ പ്രഭാഷണമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് എം.എന്‍.വിജയന്‍ ഒരിക്കല്‍ പറഞ്ഞു.
-
ഇപ്പോഴും ആധുനികതയെ അന്ധമായി എതിര്‍ക്കുന്ന ചില പ്രൊഫസര്‍മാരുണ്ട്. എന്നാല്‍ ആധുനികത സംഭവിച്ചു കഴിഞ്ഞതാണ്, ഒന്നാം ലോകമഹായുദ്ധം പോലെ.
-
എസ്.രമേശന്‍ നായര്‍ക്ക് ശ്രീകൃഷ്ണനെക്കുറിച്ച് ഗാനങ്ങളെഴുതാന്‍ നിമിഷനേരം മതി.
-
വൈലോപ്പിള്ളിയുടെ മനസ്സ് ജീവിതത്തില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവരോടൊപ്പമായിരുന്നു; മനുഷ്യന്റെ നഷ്ടപ്പെട്ട ലോകങ്ങള്‍ കവിയെ ആധിയിലാഴ്ത്തി.
-
‘രാഷ്ടീയദുര്‍ഗ്ഗങ്ങളില്‍ നിന്ന് അകലെ ‘ എന്ന പേരില്‍ കെ.പി.അപ്പന്‍ ലേഖനമെഴുതിയത് തന്റെ ഉന്നതവും സൗന്ദര്യാത്മകവുമായ നിലപാട് വ്യക്തമാക്കാനാണ്.
-
നല്ലൊരു നാടകകൃത്തും ഗദ്യകാരനുമായിരുന്ന സി.ജെ.തോമസ് ഇപ്പോള്‍ കലാശാല ഗവേഷകരുടെയും അദ്ധ്യാപകരുടെയും മാത്രം വിഭവമായിരിക്കുന്നു.