തിരുവനന്തപുരം: ഭാരതീയ സംസ്കാരം സംരക്ഷിക്കുന്നതില്‍ തപസ്യയുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്മാന് സൂര്യകൃഷ്ണമൂര്‍ത്തി പറഞ്ഞു.
തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരു രാജ്യത്തിനും അവകാശപ്പെടാനാകാത്തത്ര മഹത്വമേറിയ സംസ്കാരമാണ് ഭാരതത്തിനുള്ളതെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന് അധ്യക്ഷനായി. പ്രശസ്ത ശില്പി കാനായി കഞ്ഞിരാമന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന് രമണി ഭരദ്വാജ് മുഖ്യാതിഥിയായി. കേരള കലാമണ്ഡലം മുന്‍ചെയര്‍മാന്‍ ഡോ.വി.ആര്. പ്രബോധചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സാംസ്കാരിക വകുപ്പ് ദക്ഷിണമേഖല ഡയറക്ടര്‍ പ്രൊഫ. എം.ബാലസുബ്രഹ്മണ്യന്, ഡോ.കെ. ഓമനക്കുട്ടി, ആഷാ മേനോന്, ജോര്‍ജ് ഓണക്കൂര്‍, തപസ്യ വര്‍ക്കിങ്ങ് പ്രസിഡന്റ് പ്രൊഫ. പി.ജി.ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, എം.സതീശന് എന്നിവര്‍ പ്രസംഗിച്ചു. പി.നാരായണക്കുറുപ്പ്, ഡോ. പൂജപ്പുര കൃഷ്ണന് നായര്‍, വിജി തമ്പി, കൊല്ലം തുളസി, കെ. ലക്ഷ്മി നാരായണന്, പി.കെ. രാമചന്ദ്രന്, പി.ബാലകൃഷ്ണന്, ടി.പത്മനാഭന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് മലയാളത്തിന്റെ പുനര്‍വായന, കലാസാഹിത്യം, ജീവിതം എന്ന വിഷയത്തില്‍ ചര്‍ച്ചാസദസ്സുകള്‍ നടന്നു. പി.വിജയകൃഷ്ണന്, എസ് രാധാകൃഷ്ണന്, എം.ബി പത്മകുമാര്‍, കല്ലറ അജയന്, വിജി തമ്പി എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
പുനര്‍വായനകള്‍ ആവശ്യമായ കാലഘട്ടമാണിതെന്നും അതിലൂടെ പുതിയ വിമോചന പ്രസ്ഥാനത്തിന് തുടക്കമിടണമെന്നും ആര്.എസ്.എസ്. സംസ്ഥാന ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് കെ.പി. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. കുമാരനാശന്റെ ദുരവസ്ഥയുടെ പുനര്‍വായന ഈ കാലം ആവശ്യപ്പെടുന്നതാണ്. തികഞ്ഞ ബോധ്യത്തോടെയാണ് താന്‍ അതിലെ വരികള്‍ കുറിച്ചതെന്ന് വിമര്‍ശകരോട് കുമാരനാശാന് പറഞ്ഞിരുന്നതായും രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തപസ്യ വര്‍ക്കിങ്ങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീശൈലം ഉണ്ണികൃഷ്ണനും എം.സതീശനും ചേര്‍ന്ന് പരമേശ്വര്‍ജി അനുസ്മരണം നിര്‍വ്വഹിച്ചു. തപസ്യ രക്ഷാധികാരി പി.നാരായണക്കുറുപ്പ്, സംസ്കാര്‍ഭാരതി ക്ഷേത്രീയ പ്രമുഖ് കെ.ലക്ഷ്മി നാരായണന്, സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, തമിഴ്നാട് ഘടകം ജന. സെക്രട്ടറി ഇരുളപ്പന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സംഘടനാ സെക്രട്ടറി കെ.പി. രവീന്ദ്രന് സഹസംഘടനാ സെക്രട്ടറി ശിവകുമാര്‍ അമൃതകല, ടി.എസ്ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.