ഭാരതപാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച പൗരത്വനിയമ ഭേദഗതി രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി. ഇക്കാലത്തിനിടയ്ക്ക് വിവാദച്ചുഴലിയില്‍ അകപ്പെട്ടുപോയ മറ്റൊരു നിയമമുണ്ടാകുമോ എന്നു സംശയമാണ്. പൗരത്വം മതം നോക്കിയാണ് നല്‍കുന്നതെന്നും മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് ആട്ടിപ്പായിക്കാനാണ് ഈ നിയമമെന്നുമുള്ള കുപ്രചാരണത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ആശങ്കാകുലരായി. ഈ നിയമത്തെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനം നടത്താനോ എന്താണ് ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിഷ്പക്ഷമായി ചിന്തിക്കാനോ അവസരം നല്‍കാത്തവിധം ഫാസിസ്റ്റു മനോഭാവത്തോടെയാണ് എതിര്‍പ്പുകളുണ്ടാവുന്നത്. എല്ലാചിന്തകള്‍ക്കുമായി മനസ്സ് തുറന്നിടണമെന്ന് ഹൃദയവിശാലത പ്രസംഗിക്കുന്നവര്‍ തന്നെയാണ് പൗരത്വനിയമ ഭേദഗതി സംബന്ധിച്ച വസ്തുതകള്‍ക്കു മുമ്പില്‍ കണ്ണും ചെവിയും മനസ്സും പൂട്ടിവെച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പൗരത്വനിയമഭേദഗതി സംബന്ധിച്ച് കൊച്ചിയിലെ കുരുക്ഷേത്രപ്രകാശന്‍ പുറത്തിറക്കിയ രണ്ടു പുസ്തകങ്ങള്‍ ശ്രദ്ധേയമാകുന്നത്. ന്യൂഡല്‍ഹിയിലെ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ തയ്യാറാക്കിയതും ഷാബുപ്രസാദ് വിവര്‍ത്തനം ചെയ്തതുമായ പൗരത്വനിയമഭേദഗതി – ചരിത്രവും നാള്‍വഴികളും എന്നതാണ് ഒരു പുസ്തകം. എം.ബാലകൃഷ്ണന്‍ സങ്കലനം ചെയ്ത പൗരത്വനിയമഭേദഗതി – പ്രതിഷേധക്കാര്‍ വസ്തുതകള്‍ കാണാത്തതോ കണ്ടില്ലെന്നു നടിക്കുന്നതോ എന്നതാണ് രണ്ടാമത്തെ പുസ്തകം. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് പറയുമ്പോള്‍ വിഭജനകാലം മുതലുള്ള ചരിത്രം വിശകലനം ചെയ്യണം. വിഭജനകാലത്തെ അഭയാര്‍ത്ഥി പ്രവാഹം, 1950ലെ നെഹ്‌റു – ലിയാഖത്ത് അലി ഖാന്‍ കരാര്‍, പാകിസ്ഥാനിലും ബംഗ്ലാദേശിലുമുള്ള ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍, ബില്ലിന്റെ ഉദ്ദേശ്യം, ചരിത്രം, കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റു നേതാക്കള്‍ മുമ്പ് പറഞ്ഞതും ഇപ്പോള്‍ പറയുന്നതുമായ കാര്യങ്ങള്‍, രാഷ്ട്രീയകക്ഷികളുടെ ഇരട്ടത്താപ്പ് തുടങ്ങിയ ചരിത്ര വസ്തുതകള്‍ ഒന്നൊന്നായി അനാവരണം ചെയ്യുന്നതാണ് ഈ ചരിത്രവും നാള്‍വഴികളും എന്ന പുസ്തകം. ജോഗേന്ദ്രനാഥ മണ്ഡല്‍ എന്ന ദളിതനായ, പാകിസ്ഥാനിലെ ആദ്യ നിയമമന്ത്രിക്ക് ഒടുവില്‍ ബംഗാളില്‍ അഭയാര്‍ത്ഥിയായി മരിക്കേണ്ടി വന്നു എന്നത് ഇന്ന് ദളിത് – മുസ്ലീം ഐക്യത്തിന്റെ വക്താക്കളാകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. ചന്ദ്രശേഖര ആസാദുമാര്‍ ഏതുനാള്‍ വെറും കറിവേപ്പില പോലെ വലിച്ചെറിയപ്പെടും എന്നത് നമുക്ക് കണ്ടറിയേണ്ട കാര്യമാണ്.
എം.ബാലകൃഷ്ണന്‍ സങ്കലനം ചെയ്ത രണ്ടാമത്തെ പുസ്തകത്തില്‍ മുഖ്യമായുള്ളത് അമിത്ഷായുമായി ടൈംസ് നൗ നടത്തിയ അഭിമുഖവും കേരളഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി ഏഷ്യാനെറ്റ് നടത്തിയ അഭിമുഖവുമാണ്. വളരെയേറെ വസ്തുതകള്‍ നമുക്കു തരുന്നതാണ് ഈ അഭിമുഖങ്ങള്‍. കേരളകൗമുദിയുടെ മുഖപ്രസംഗം, ചിദാനന്ദപുരി സ്വാമികളുടെ ലേഖനം, കുമ്മനം രാജശേഖരന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ എന്നിവയും ഇതിലുണ്ട്. വിജ്ഞാനപ്രദവും തുറന്നതും നിഷ്പക്ഷവുമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സഹായകവുമാണ് ഈ പുസ്തകങ്ങള്‍. സന്ദര്‍ഭോചിതമായി ഈ പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത കുരുക്ഷേത്ര പ്രകാശന്‍ അഭിനന്ദനമര്‍ഹിക്കുന്നു.
പൗരത്വനിയമഭേദഗതി
ചരിത്രവും നാള്‍വഴികളും
ഡോ. ശ്യാമപ്രസാദ് മുഖര്‍ജി
റിസര്‍ച്ച് ഫൗണ്ടേഷന്‍, ന്യൂഡല്‍ഹി
വിവ: ഷാബുപ്രസാദ്
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
പേജ്: 56 വില: 50 രൂപ
പൗരത്വനിയമഭേദഗതി
സങ്കലനം
എം.ബാലകൃഷ്ണന്‍
കുരുക്ഷേത്ര പ്രകാശന്‍
കൊച്ചി
പേജ്: 64 വില: 50 രൂപ