യുഗപ്പിറവിക്ക് മുമ്പില്‍ (ഭാഗം 1)
രജിത് കുമാര്‍ ആര്‍.
ഗ്രീന്‍ ബുക്‌സ്, തൃശ്ശൂര്‍
പേജ്: 336 വില:450 രൂപ
ഫോണ്‍: 0487-2381066
സാധാരണക്കാരനായി ജനിച്ച രജിത്കുമാറിന് അനിതര സാധാരണമായ ഒരനുഭവം ഉണ്ടാകുന്നു. കേവലം കൗതുകംകൊണ്ട് മാത്രം അതിനെ പിന്തുടര്‍ന്ന അദ്ദേഹം അത്യപൂര്‍വ്വമായ ഒരു ഊര്‍ജ്ജപ്രവാഹത്തിനോടൊപ്പം സഞ്ചരിച്ച് അതിനിഗൂഢമായ അനുഭവങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തു. അങ്ങനെ നീണ്ട ആ പതിനെട്ടു വര്‍ഷത്തിനിടയിലുണ്ടായ വളരെ വിചിത്രമായ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് രജിത്കുമാര്‍ ആര്‍. രചിച്ച ‘യുഗപ്പിറവിക്ക് മുമ്പില്‍-ഭാഗം1’ എന്ന കൃതി.
‘സ്വപ്‌നം ചിലര്‍ക്കു ചില കാലമൊത്തിടും’ എന്നാണ് കവിവാക്യം. എന്നാല്‍ സ്വപ്‌നത്തില്‍ കണ്ട കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമായി അനുഭവപ്പെട്ട കഥകളാണ് ഗ്രന്ഥകാരന് പറയാനുള്ളത്. പഴനിയിലെ ദണ്ഡായുധപാണിയുടെ നവപാഷാണവിഗ്രഹം ഭോഗര്‍ പ്രതിഷ്ഠിച്ചതാണ്. ആ വിഗ്രഹത്തിനു പുറമേ മറ്റൊരു വിഗ്രഹം ഭോഗര്‍ നിര്‍മ്മിച്ചിട്ടുള്ളത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. സ്വപ്‌നദര്‍ശനം പിന്തുടര്‍ന്ന ഗ്രന്ഥകാരന് ആ വിഗ്രഹം ഏതു ഗുഹയ്ക്കുള്ളിലാണെന്ന് ദേവസ്വം അധികാരികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അവിശ്വസനീയമായ അനുഭവമായിരുന്നു അത്. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ മുരുകക്ഷേത്രങ്ങളാണ് അറുപടൈവീടുകള്‍. സ്വപ്നത്തിലൂടെയുള്ള ഭഗവാന്റെ നിര്‍ദ്ദേശമനുസരിച്ച് ഗ്രന്ഥകാരന് അവിടെയെല്ലാം ഒരു വേലുമായി പോകാനും പൂജ കഴിക്കാനും സാധിച്ചു. ഭഗവന്നിയോഗം അനുസരിച്ചുള്ള വിദേശയാത്രകള്‍, ലോകസമാധാനത്തിനായുള്ള സ്‌കന്ദ മഹായാഗം തുടങ്ങി നിരവധി അവിസ്മരണീയമായ അനുഭവങ്ങള്‍ ഈ കൃതിയില്‍ വായിക്കാം.
ശ്രീലങ്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, റഷ്യ, ബാലിദ്വീപ്, മംഗോളിയ, ചൈന, റീയൂണിയന്‍ ഐലന്‍ഡ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, യുകെ, ഭൂട്ടാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാം മുരുകന്റെ നിര്‍ദ്ദേശമനുസരിച്ച് യാത്ര ചെയ്തതും, പൂജകള്‍ ചെയ്തതും, വിഗ്രഹപ്രതിഷ്ഠ നടത്തിയതുമായ കഥകള്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നത് അനുവാചകരെ ത്രസിപ്പിക്കും വിധമാണ്.
ശാസ്ത്രവും ചരിത്രവും ആത്മീയതയും കൃത്യമായ അനുപാതത്തില്‍ അനുഭവസാത്മ്യത്തോടെ ഈ കൃതിയില്‍ സമന്വയിപ്പിച്ചിരിക്കുന്നു. താന്‍ സഞ്ചരിച്ച വഴികളെക്കുറിച്ച് ഗ്രന്ഥകാരന്‍ വിവരിക്കുന്നത് തികഞ്ഞ വിനയത്തോടെയാണ്. ഇതില്‍ തന്റെ ചെറിയ കുടുംബത്തെക്കുറിച്ചു ലഘുവായി വിവരിക്കുന്നുണ്ട്. തനിക്ക് താങ്ങും, കരുത്തുമായിരുന്ന അമ്മയെക്കുറിച്ചു വിവരിക്കുന്ന ഭാഗങ്ങള്‍ വികാര നിര്‍ഭരം തന്നെ. നിരവധി ചിത്രങ്ങളും ഈ കൃതിയെ ആകര്‍ഷകമാക്കുന്നു. വാക്കുകളിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ് ഈ ഗ്രന്ഥത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്നതെന്ന് ഉറപ്പിച്ചു പറയാം.
ഹിന്ദു സംഘാടനം എന്തുകൊണ്ട്? എങ്ങനെ?
സ്വാമി ശ്രദ്ധാനന്ദന്‍
തര്‍ജ്ജമ: കെ.എം.രാജന്‍ മീമാംസക്
ആര്യസമാജം വെള്ളിനേഴി
പേജ്: 112 വില: 150 രൂപ
ഫോണ്‍: 7907077891
ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദന്‍ ഒരു നൂറ്റാണ്ട് മുമ്പ് എഴുതിയ ഒരു ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ഈ പുസ്തകം. പൊതു ലക്ഷ്യത്തിനായി ഹൈന്ദവ സംഘാടനം എന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഉടലെടുത്തിരുന്നു. ലോകചരിത്രത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കുംഭമേളയുടെ ഇക്കാലത്ത് 1915ലെ കുംഭമേളയോടനുബന്ധിച്ച് ദേശീയ ഹിന്ദുസമ്മേളനം ഹരിദ്വാറില്‍ വിളിക്കണമെന്ന ആശയത്തെക്കുറിച്ചുള്ള വിവരം ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. വൈദിക കാലത്തെ ചാതുര്‍വര്‍ണ്യം ജാതീയതയ്ക്ക് വഴിമാറിയതാണ് ഹിന്ദുസമൂഹത്തിന്റെ അനൈക്യത്തിനും ശൈഥില്യത്തിനും കാരണമെന്ന് ഈ ഗ്രന്ഥം യുക്തിയുക്തം സമര്‍ത്ഥിക്കുന്നു. രാഷ്ട്രീയവും ജാതീയവുമായ ഭിന്നതകളിലൂടെ സംഘടിതരാകാതെ നില്‍ക്കുന്ന ഹിന്ദുസമൂഹത്തിന്റെ വര്‍ത്തമാനകാല ദുരവസ്ഥയ്ക്ക് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വൈയ്യുക്തികമായ ധര്‍മ്മവാദത്തിനപ്പുറം സംഘടിത ഹിന്ദുസമൂഹപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കണമെന്നും, ഹിന്ദുക്കളെ സംബന്ധിക്കുന്ന പൊതു സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അന്യോന്യം വ്യക്തി ബന്ധങ്ങള്‍ സ്ഥാപിക്കാനും പൊതുവേദി സൃഷ്ടിക്കണമെന്നുമുള്ള ആശയത്തിന് ഏറെ പഴക്കമുണ്ട് എന്നതിന് ഈ ഗ്രന്ഥം സാക്ഷ്യം വഹിക്കുന്നു. വളര്‍ന്നു വരുന്ന തലമുറയില്‍ ധാര്‍മ്മികബോധം കുറഞ്ഞു വരുന്നതിലും ജാതീയമായ വേര്‍തിരിവുകള്‍ ഇന്നും ശക്തമായി തുടരുന്നതിലും ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും, ഭാരതമാതാവിനെ നിത്യേന പ്രണമിച്ച് പ്രാചീന പ്രൗഢിയിലേക്ക് ഭാരതത്തെ കൊണ്ടുവരാനുള്ള പ്രതിജ്ഞ പുതുക്കണമെന്നുമുള്ള ശക്തമായ നിര്‍ദ്ദേശവും മുന്നോട്ടു വയ്ക്കുന്നുണ്ടിതില്‍. തീര്‍ച്ചയായും ഹിന്ദുവിന് ആത്മനിരീക്ഷണത്തിന് പ്രേരണ നല്‍കുന്ന ഒരു ഗ്രന്ഥമാണിത് എന്ന് നിസ്സംശയം പറയാം.