നമ്മള്‍ അറിയുന്ന ചന്ദ്രശേഖര്‍ജി
സി.എം. രാമചന്ദ്രന്‍
രാഷ്ട്രസേവാ സമിതി ചാരിറ്റബിള്‍ ട്രസ്റ്റ്
പേജ് : 80 വില : 120
ഫോണ്‍: 9539206951
പി.കെ.ചന്ദ്രശേഖര്‍ജി എന്ന സംഘ പ്രചാരകന്‍ കേരളത്തിലെ സ്വയംസേവകരുടെ മനസ്സില്‍ മായാത്ത മുദ്ര ചാര്‍ത്തിയ മഹദ് വ്യക്തിത്വത്തിനുടമയാണ്. ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം എബിവിപിയുടെയും അധ്യാപക പരിഷത്തിന്റെയും കേരളത്തിലെ പ്രധാന ചുമതല വഹിച്ചിരുന്നു. സംഘത്തിന്റെ സംസ്ഥാന ബൗദ്ധിക്ക് പ്രമുഖ്, സമ്പര്‍ക്ക പ്രമുഖ് എന്നീ പ്രധാന ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. വിപുലമായ വ്യക്തിബന്ധങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സ്‌നേഹമസൃണമായ പെരുമാറ്റവും നര്‍മ്മം ചാലിച്ച സംഭാഷണവും അദ്ദേഹത്തെ ആകര്‍ഷണീയമായ വ്യക്തിത്വത്തിനുടമയാക്കി. അദ്ദേഹത്തിന്റെ ബൈഠക്കുകള്‍ അവിസ്മരണീയങ്ങളായിരുന്നു. എത്ര ഉന്നതനെയും തന്റെ സൗഹൃദ വലയത്തിലാക്കാന്‍ ചന്ദ്രശേഖര്‍ജിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
സി.എം. രാമചന്ദ്രന്‍ രചിച്ച നമ്മള്‍ അറിയുന്ന ചന്ദ്രശേഖര്‍ജി എന്ന ചെറു പുസ്തകം ചന്ദ്രശേഖര്‍ജിയെ അടുത്തറിയാന്‍ പ്രാപ്തമാക്കുന്നതാണ്. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവരും അദ്ദേഹത്തില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിച്ചവരുമൊക്കെ ഇതില്‍ തങ്ങളുടെ അനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്. പി.ആര്‍. ശശിധരന്റെ അവതാരിക ഈ പുസ്തകത്തിന് തിലകക്കുറി ചാര്‍ത്തുന്നു. ചന്ദ്രശേഖര്‍ജിയുടേയും മറ്റ് ബഹുമാനപ്പെട്ട സംഘ കാര്യകര്‍ത്താക്കളുടേയും പഴയകാല ഫോട്ടോകള്‍ പുസ്തകത്തിന് ചാരുതയേകുന്നു. ഓരോ സ്വയംസേവകനും അനിവാര്യമായി വായിച്ചിരിക്കേണ്ട പുസ്തകമാണ് ഇത്.
വഖഫ് ഭേദഗതി ബില്‍ -2024
വാദവും വിവാദവും
എഡിറ്റര്‍: കെ. ഷൈനു
മാധവം ബുക്‌സ്
പേജ്:128 വില: 150രൂപ
ഫോണ്‍: 8848475070
വഖഫ് ഭേദഗതി ബില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അനവധി കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. തലമുറകളായി കൈവശം വച്ചിരിക്കുന്ന ഭൂമിയും വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം കൊണ്ട് വാങ്ങിയ ഭൂമിയുമൊക്കെ നഷ്ടപ്പെട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന വ്യസനം വര്‍ണ്ണിക്കാവുന്നതല്ല. ഏത് ഭൂമിയിലും അവകാശവാദം ഉന്നയിക്കാനുള്ള വഖഫിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി കേസുകള്‍ കോടതികളിലുണ്ട്. പക്ഷെ അവര്‍ നിസ്സഹായരാണ്. ഈയൊരു സാഹചര്യത്തിലാണ് 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്തു കൊണ്ട് 2024 ആഗസ്ത് 8 ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.
എന്താണ് വഖഫ് ഭേദഗതി ബില്‍? എന്തൊക്കെ ഭേദഗതികളാണ് പുതിയ ബില്ലില്‍ വരുത്തിയിരിക്കുന്നത് എന്നതൊക്കെ വഖഫ് ഭേദഗതി ബില്‍ -2024, വാദവും വിവാദവും എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നു. അതിനു പുറമെ ഈ ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും പ്രമുഖരായ വ്യക്തികള്‍ എഴുതിയ ലേഖനങ്ങള്‍ ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ഹിന്ദു ഐക്യവേദിയുടേയും കേരള മുസ്ലീം ജമാഅത്തിന്റേയും അതിരൂപതാ ജാഗ്രതാ സമിതിയുടേയും പ്രമേയങ്ങളും പ്രസ്താവനകളും നിലപാടുകളും ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. വിവിധ പത്രങ്ങളുടെ നിലപാടുകളും സംസ്ഥാന നിയമസഭ പാസ്സാക്കിയ പ്രമേയവും ഉള്ളടക്കമായി ഉണ്ട്. ആറ് ഭാഗങ്ങളായി തിരിച്ച് രൂപകല്പന ചെയ്തിരിക്കുന്ന ഈ പുസ്തകം ഈ വിഷയത്തില്‍ പൂര്‍ണ്ണമായ അറിവ് പ്രദാനം ചെയ്യാന്‍ സാധിക്കുന്നതാണ്
കനല്‍വഴികള്‍ താണ്ടിയ നാള്‍വഴി
എസ്.സേതുമാധവന്‍
ഇന്ത്യ ബുക്‌സ്
കോഴിക്കോട്
പേജ്: 144 വില:200 രൂപ
ഫോണ്‍: 9447394322
സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്മാരില്‍ ഒരാളായ എസ്.സേതുമാധവന്‍ എഴുതിയ ‘കനല്‍വഴികള്‍ താണ്ടിയ നാള്‍വഴി’ എന്ന പുസ്തകം കേരളത്തിലെ സംഘപ്രവര്‍ത്തന ചരിത്രത്തിന്റെ ലഘു വിവരണമാണ്. ലഘുവാണെങ്കിലും അത് ഏറെ പ്രസക്തമായതാണ്. അദ്ദേഹത്തിന്റെ നേരനുഭവങ്ങളും ആദ്യകാലത്തെ പല സംഭവങ്ങളും സേതുവേട്ടന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ആദ്യകാല പ്രചാരകന്മാരില്‍ ചിലരുടെ ജീവിതം പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ട്. അത്ര തന്നെ അനുഭവ സമ്പത്തുള്ള പ്രചാരകനാണ് സേതുവേട്ടനും. അദ്ദേഹത്തിന്റെ അനുഭവങ്ങളും ഏറെ വിലപ്പെട്ടതാണ്. ഉത്തര ഭാരതത്തില്‍ നിന്നും സംഘ പ്രവര്‍ത്തനത്തിനായി കേരളത്തിലേക്ക് വന്ന ഒട്ടനവധി പ്രചാരകന്മാരെക്കുറിച്ച് സേതുവേട്ടന്‍ ഈ പുസ്തകത്തിലൂടെ അയവിറക്കുന്നുണ്ട്. അതോടൊപ്പം സംഘവികാസത്തിന്റെ നാള്‍വഴികള്‍ കൂടി ഇതില്‍ വിവരിക്കുന്നുണ്ട്. സംഘം നേരിട്ട വെല്ലുവിളികളെക്കുറിച്ചും അതിനെയൊക്കെ അതിജീവിച്ച ചരിത്രത്തെക്കുറിച്ചും വിശദമാക്കുന്നു. അങ്ങാടിപ്പുറത്തെ രാമസിംഹന്റെ കൊലപാതകവും ആലപ്പുഴ – കണ്ണൂര്‍ ജില്ലകളില്‍ നടന്ന മാര്‍ക്‌സിസ്റ്റ് അക്രമങ്ങളും ഭാരതീയ ജനസംഘത്തിന്റെയും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷമത്തിന്റെയും ദേശീയ സമ്മേളനങ്ങളുമെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു. ആര്‍എസ്എസ് സംയുക്ത പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്റെ ഉജ്ജ്വലമായ ആമുഖവും പുസ്തകത്തിന് മിഴിവേകുന്നു.