നമ്മുടെ സാഹിത്യത്തില്‍ ധാരാളം വനിതാ എഴുത്തുകാരുണ്ടെങ്കിലും വളരെ സ്വതന്ത്രവും സ്വയംപര്യാപ്തവും പുരുഷ നിരപേക്ഷവുമായ ഒരു വനിതാ വിചാരലോകം കാണാനില്ല. പല കാരണങ്ങള്‍ കൊണ്ടും വനിതകളുടെ സ്വകാര്യ വീക്ഷണത്തിന്റെയും സ്വതന്ത്രമായ രാഷ്ടീയ ദര്‍ശനത്തിന്റെയും പോരാട്ടത്തിന്റെയും സാഹിത്യം ഇവിടെ ഉണ്ടായിട്ടില്ല.
കെ. സരസ്വതിയമ്മ, ലളിതാംബിക അന്തര്‍ജനം തുടങ്ങിയവരുടെ നിലനില്പിനായുള്ള സമരങ്ങളെ ആര്‍ക്കും മറക്കാനാവില്ല.അവര്‍ എഴുതുക എന്ന പ്രക്രിയയില്‍ ഏര്‍പ്പെടാന്‍ പോലും പോരടിക്കേണ്ടി വന്നു. പെണ്ണിന് എഴുതാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന് മറ്റുള്ളവരെക്കൊണ്ട് സമ്മതിപ്പിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി സ്വന്തം വീട്ടില്‍പ്പോലും നിലപാടു സ്വീകരിക്കണമായിരുന്നു. ധാരാളം പുരുഷന്മാര്‍ എഴുതുന്നത് കണ്ടുകൊണ്ടിരിക്കാനല്ലാതെ മറ്റൊന്നും സാധ്യമായിരുന്നില്ല. എഴുത്ത് മൗലികാവകാശമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് പ്രാഥമികമായി അവര്‍ എഴുതിയത്. എഴുത്തുകാരി എന്ന വ്യക്തിത്വം വിദൂരസ്വപ്‌നമായ കാലമായിരുന്നു അത്. അന്ന് നമ്മുടെ നാട്ടില്‍ എഴുത്തുകാരിയാവാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സ്വന്തമായി ഒരു മുറിയുണ്ടാവുക അസാധ്യമായിരുന്നു. അതുകൊണ്ട് പുരുഷന്റെ ലോകത്തിന്റെ സൗന്ദര്യശാസ്ത്രപരമായ മേല്‍ക്കോയ്മയെ പ്രതിരോധിച്ചുകൊണ്ട് സ്ത്രീയുടേത് മാത്രമായ തിരിച്ചറിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് സാവകാശം ലഭിച്ചില്ല.
പുരുഷന്റെ കണ്ണിലൂടെ നോക്കി കാണുന്ന ലോകം തന്നെയാണ് സ്ത്രീക്കുമുള്ളതെന്ന് എങ്ങനെയോ സ്ഥിരീകരിക്കപ്പെട്ടു. അതുകൊണ്ടാണ് താരതമ്യേന പുരുഷകേന്ദ്രീകൃതമായി ചിന്തിക്കുന്നതില്‍ ലഹരിപൂണ്ടിരുന്ന അന്നത്തെ പുരുഷവായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ആശയപരമായി വനിതാഎഴുത്തുകാരോട് ഒട്ടും കലഹിക്കേണ്ടി വരാതിരുന്നത്.
മാധവിക്കുട്ടി വിപ്‌ളവകരമായി ചിന്തിക്കുകയും കുടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അവര്‍ വൈകാരിക സ്വാതന്ത്ര്യമാണ് പ്രധാനമായി കണ്ടത്. പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും തുറന്നെഴുതുന്നത് ഒരു എഴുത്തുകാരിയുടെ പരമമായ അസ്തിത്വ പ്രകാശനമായി അവര്‍ കണ്ടു. എന്നാല്‍ അതും പുരുഷകേന്ദ്രീകൃത സമൂഹത്തിനു സ്വീകാര്യമായിരുന്നു. മാധവിക്കുട്ടി ആശയപരമായി കലഹിക്കാതിരുന്നതാണ് അവരെ പുരുഷകേന്ദ്രീകൃത സാഹിത്യ സമൂഹത്തിനു പ്രിയങ്കരിയാക്കിയത്. അല്ലെങ്കില്‍, അവര്‍ ഉയര്‍ത്തിയ വൈകാരിക പ്രക്ഷോഭങ്ങള്‍ ഈ നാട്ടിലെ സാമ്പ്രദായിക ആണ്‍ മേധാവിത്വത്തെ ഒരു തരത്തിലും അലോസരപ്പെടുത്തിയില്ല.
സ്ത്രീ സൗന്ദര്യം വേറെ
സൈദ്ധാന്തിക, സാഹിത്യമേഖലയില്‍ ഒരുപോലെ സര്‍വ്വ ആയുധ സജ്ജരായ വനിതകള്‍ ഉണ്ടാകാതിരുന്നത് വനിതാ വിചാരലോകം ഉണ്ടാവാത്തതിന് ഒരു കാരണമാണ്. മറ്റൊന്ന്, ഒരു പെണ്ണിന്റെ നഷ്ടപ്പെട്ട ലോകം ഒരെഴുത്തുകാരിയും അനാവരണം ചെയ്തില്ല എന്നതാണ്. സ്വന്തം ഉടലിലേക്കും മനസ്സിലേക്കും സ്വതന്ത്രമായി നോക്കി പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ ആരായാന്‍ കഴിഞ്ഞില്ല. ഇനിയും ഇവിടെ സ്ത്രീയുടെ ജീവിതം സാഹിത്യമാകാതെ മറയ്ക്കപ്പെട്ടിരിക്കയാണ്. ഒരു ശൂന്യതയാണ് അവശേഷിക്കുന്നത്.
പുരുഷന്മാര്‍ താലോലിക്കുന്ന സ്ത്രീ സൗന്ദര്യവും സങ്കല്പവും യഥാര്‍ത്ഥത്തില്‍ സ്ത്രീയുടേതല്ല. അത് ഒരു സാങ്കല്പിക അനുഭവമാണ്. സ്ത്രീ അത് ആസ്വദിക്കുന്നില്ല. അതുകൊണ്ടു തന്നെ അതിന്റെ ഭാഷ അവളുടേതല്ല. ചരിത്രത്തില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന വ്യതിരിക്തമായ ഭാവനകള്‍ ഇന്ന് പുരുഷന്റെ സൗന്ദര്യ സങ്കല്പങ്ങള്‍ക്കകത്ത് എരിഞ്ഞുതീരുകയാണ്. നഷ്ടപ്പെട്ട സ്ത്രീലോകത്തെ അതിന്റെ ആഭ്യന്തര വൈചിത്ര്യത്തോടെ അവതരിപ്പിക്കാന്‍ ഇന്നാരുമില്ല. ഇന്നത്തെ പെണ്ണെഴുത്തുകാര്‍ രാഷ്ട്രീയ പാര്‍ട്ടിയിലെ പുരുഷ വിചാരങ്ങളുടെ തടവറയിലാണ്. അവര്‍ക്കുവേണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുന്ന തിരക്കിലാണവര്‍. കേരളത്തില്‍ സംഭവിച്ചത് ഇതാണ്: പെണ്ണെഴുത്തുകാരായി രംഗപ്രവേശം ചെയ്തവര്‍ പാര്‍ട്ടികളുടെ ഇഷ്ടം നേടാനായി ഫെയ്‌സ് ബുക്കില്‍ വന്ന് കാവലിരിക്കുന്നു. ഇത് ഇന്നത്തെ ശൂന്യതയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീകളുടെ രാഷ്ട്രീയം കേവലം ഇടതുപക്ഷമോ, വലതുപക്ഷമോ അല്ല. അത് മറ്റൊരു ദിശയിലാണ് നീങ്ങേണ്ടത്. അവിടെ സര്‍ഗ്ഗാത്മകതയുടെ ഒരു മേഖലയുണ്ട്. അത് കണ്ടുപിടിക്കണം. ചരിത്രത്തില്‍ സ്ത്രീ എന്തുകൊണ്ടാണ് വേണ്ടപോലെ എഴുതപ്പെടാത്തതെന്ന് ചോദിച്ചു കൊണ്ടാണ് ഈ വിഷയത്തെ നേരിടേണ്ടത്. ഇത് സ്ത്രീ എന്ന മനുഷ്യജീവിയെ, വളരെ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും. പെണ്ണിന്റെ ജീവിതത്തെ അവള്‍ വിഭ്രാമകമായും അന്തര്‍ദര്‍ശനപരമായും എങ്ങനെ നോക്കിക്കാണുന്നു എന്ന് പഠിക്കേണ്ടതുണ്ട്.
മതം മാറിയ മാധവിക്കുട്ടി അതിനു ശേഷം തനിക്ക് പഴയതുപോലെ സ്വതന്ത്രമായി എഴുതാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനു കാരണം ആ തീരുമാനം ഒരു സ്ത്രീയുടേതായിരുന്നില്ല, പുരുഷ കേന്ദ്രീകൃതമായ ഒരു പൊതുബോധത്തിന്റെ ചട്ടക്കൂടിനകത്ത് രൂപപ്പെട്ടതായിരുന്നു എന്നതാണ്. പ്രണയത്തിന്റെ പൂര്‍ത്തീകരണത്തിനു മതം മാറുന്നതാണ് നാം കണ്ടത്. അതാകട്ടെ, പ്രണയത്തിലെ തിരിച്ചടികളോടെ നിരാശയിലേക്ക് വീഴുകയും ചെയ്യുന്നു. ഒരു സ്ത്രീയുടെ ആന്തരിക അവസ്ഥകളെ പിന്തുടരുന്നതില്‍ നിന്ന് അവരെ പിന്നോട്ട് വലിച്ചത് ഇതുപോലുള്ള അതിവൈകാരികതകളായിരുന്നു.
വാക്കുകള്‍ക്ക് അതീതം
പ്രമുഖ കനേഡിയന്‍ ചിത്രകാരി ആഗ്‌നസ് മാര്‍ട്ടിന്‍ (1912-2004) ‘ദ് മിസ്റ്ററി ഓഫ് ബ്യൂട്ടി’ എന്ന ലേഖനത്തില്‍ കലയിലെ സൗന്ദര്യം ദുര്‍ഗ്രഹമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ജീവിതത്തിലെ പല അനുഭവങ്ങളും വാക്കുകള്‍ക്ക് അതീതമാണെന്നും അതു തന്നെയാണ് കലയില്‍ സംഭവിക്കുന്നതെന്നും ആഗ്‌നസ് അറിയിക്കുന്നു. ഒരു റോസാപ്പൂ കണ്ടാല്‍ മനസ്സില്‍ സന്തോഷകരമായ നിമിഷങ്ങളുണ്ടാവും.എന്നാല്‍ അതിന്റെ കാരണമെന്താണ്? അത് വാക്കുകള്‍ക്ക് അതീതമാണ്. റോസാപ്പൂ സുന്ദരമാണെന്നത് അത് കാണുന്ന നമ്മുടെ കണ്ടുപിടിത്തമല്ല. അത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പലര്‍ക്കും തോന്നിയതാണ്. എന്നാല്‍ അത് അവരുടെ കണ്ടുപിടിത്തവുമല്ല. അതിനു മുമ്പ് ആരോ ഒരാള്‍ പൂവെടുത്ത് മണത്തു നോക്കി അത് മനോഹരമാണെന്ന് വിവരിച്ചിട്ടുണ്ട്. പിന്നീട് അത് പലരും പങ്കു വച്ചിട്ടുണ്ടാകാം. ഇങ്ങനെയാണ് ഒരു ധാരണ, സൗന്ദര്യബോധം, വികാരം, ലൈംഗിക ബോധം തുടങ്ങിയവയെല്ലാം ഉണ്ടായിട്ടുള്ളത്.
റോസാപ്പൂവ് സുന്ദരമാണെന്ന ചിന്ത നമ്മളിലേക്ക് എങ്ങനെയോ വന്നതാണ്. അത് പിന്തുടരുക എന്നതാണ് നമ്മുടെ സ്വഭാവം. അതുകൊണ്ടാണ് ആഗ്‌നസ് ഇങ്ങനെ പറയുന്നത്: ‘റോസാപ്പൂ വീണാല്‍ സൗന്ദര്യം മരിക്കില്ല. കാരണം റോസാപ്പൂവില്‍ സൗന്ദര്യം ഇല്ലായിരുന്നു’. സൗന്ദര്യം സന്തോഷം നല്‍കുന്നതാണെന്ന് അവര്‍ പറയുന്നുണ്ട്. നീലാകാശവും മൃദുവായി ഇരുണ്ട രാത്രിയും വ്യത്യസ്ത രീതികളില്‍ സന്തോഷം തരുന്നു. കലയിലെ സൗന്ദര്യവും ഇതുപോലെ ദുര്‍ഗ്രഹവും വൈവിധ്യപൂര്‍ണ്ണവുമായി നിലനില്‍ക്കുകയാണ്. ആരും നിര്‍ബന്ധിക്കാതെയാണ് നാം സന്തോഷിക്കുന്നത്. കലയില്‍ സൗന്ദര്യം തേടുന്നതും അറിയുന്നതും ആരുടെയും നിര്‍ബന്ധത്തിലല്ല – ആഗ്‌നസ് വ്യക്തമാക്കുന്നു.
വായന
ശൈലന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് ബാനര്‍ജി റോഡിലുള്ള ഒരു കെട്ടിടത്തില്‍ തന്റെ കവിതാസമാഹാരം പ്രകാശനം ചെയ്യാന്‍ വന്നത് ഇപ്പോഴും ഓര്‍ക്കുന്നു. ശൈലന്‍ ആത്മാര്‍ത്ഥതയുള്ള കവിയാണ്. അദേഹത്തിന്റെ ‘കണ്ണാടിപ്രതിഷ്ഠ ‘ എന്ന കവിത (മാതൃഭൂമി) കണ്ടപ്പോള്‍ സന്തോഷം തോന്നി. മാനത്ത് കണ്ട മേഘങ്ങളുടെ യാക്കിനെപ്പറ്റിയാണ് കവിത. എന്നാല്‍ ഒരു ട്രാഫിക്ക് കുരുക്കില്‍പ്പെട്ട യാത്രികന് തന്റെ ‘യാക്ക് ദര്‍ശനം’ പൂര്‍ത്തിയാക്കാനാവുന്നില്ല. ഒരു ട്രാഫിക് ബ്ലോക്ക് ദീര്‍ഘകവനമോ മുഴുനീള സംഗീതശില്പമോ അല്ല. അതുകൊണ്ട് യാത്രികന്‍ യാക്കിനെ കൈവിടാതിരിക്കാന്‍ ഏതൊരു അരക്ഷിത ഇന്ത്യന്‍ യുവാവിനെയും പോലെ വാക്കുകളിലേക്കും സ്വപ്‌നങ്ങളിലേക്കും നീങ്ങുന്നു:
‘മുക്രയിട്ട്
കൊമ്പുകോര്‍ക്കുന്ന
വാക്കുകളുടെ പടഹധ്വനിയിലാണ് പാലം യാക്കരപ്പാലം.’
നളന്ദ
ഭാരതത്തിന്റെ നളന്ദ സര്‍വകലാശാല നശിപ്പിക്കപ്പെട്ടതിനെക്കുറിച്ച് കെ.ആര്‍.ഉമാകാന്തന്‍ (കേസരി) എഴുതിയ ലേഖനം വായിച്ചു. ഒരു പ്രതികരണം അറിയിക്കട്ടെ. നളന്ദ ഒരു തീവ്രസ്മൃതിയാണിന്ന്. എന്തുകൊണ്ട് പഴയ നളന്ദ, തക്ഷശില എന്നിവയെ പഴയ രൂപത്തില്‍ യഥാസ്ഥാനത്ത് പുന:സൃഷ്ടിച്ചു കൂടാ? ഇത് വിജ്ഞാനത്തിന്റെ സംവേദന, സംക്രമണകാലത്തെ മടക്കിക്കൊണ്ടുവരലാകും. നളന്ദയിലെ അദ്ധ്യയനരീതി നമുക്കിന്ന് അന്യമാണ്. ടാഗോര്‍ അടക്കമുള്ള പ്രതിഭകള്‍ ഇന്ത്യാജ്വരം കത്തി നിന്ന സ്വാതന്ത്ര്യ സമര കാലത്ത് ഇതിനെപ്പറ്റി ചിന്തിച്ചിരുന്നു. ടാഗോറിന്റെ വിശ്വഭാരതി, ശാന്തിനികേതന്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നളന്ദ, തക്ഷശില എന്നിവയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആളുകള്‍ വായനയില്‍ നിന്ന് അകലുന്നത് സമൂഹത്തില്‍ മോശം ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് വി.ജെ. ജയിംസ് പറയുന്നതില്‍ (കൈരളിയുടെ കാക്ക) കാമ്പുണ്ട്. ഇപ്പോള്‍ നിലവാരവില്ലാത്ത സാഹിത്യത്തെ പൂമാല ചാര്‍ത്തി പത്രങ്ങളും ചാനലുകളും തിമിര്‍ക്കുകയാണ്. ചാനല്‍ മേഖലയില്‍ നിന്നുള്ള എഴുത്തുകാര്‍ രചനാപരമായി ഒട്ടും അപ്‌ഡേറ്റല്ല. അവരുടെ കഥകള്‍ പൈങ്കിളിയിലും താഴെയാണ്. വായനയെ പാടേ അവഗണിച്ചു കൊണ്ടാണ് ഇന്ന് വലിയൊരു വിഭാഗം എഴുതുന്നത്.
അക്കിത്തം
അക്കിത്തത്തിന്റെ കവിതകളില്‍ ഭൗതിക, ആത്മീയ ജീവിതത്തിന്റെ സമന്വയ ദര്‍ശനമാണുള്ളതെന്ന് ഡോ.കൂമുള്ളി ശിവരാമന്‍ (ചിറക്, ഫ്‌ളൈ വിതൗട്ട് വിംഗ്‌സ്’) എഴുതുന്നു. ഒരു കവിക്ക് ഇന്ന് ഭൗതികതയില്ലാതെ എഴുതാനൊക്കില്ല. കവി വികാരങ്ങളില്‍ നിന്ന് സാരം ഗ്രഹിക്കുന്നവനാകയാല്‍ ഭൗതികനാകാതെ തരമില്ല. ആത്മീയതയില്‍ ഭൗതികതയുണ്ട്. ഭൗതികതയില്‍ അത്മീയതയും. വിശപ്പ് ഭൗതികമാണോ? രോഗിയായ ഒരാള്‍ പ്രാര്‍ത്ഥിക്കുന്നത് ആത്മീയമാണോ? ഭൗതികത ഉപേക്ഷിച്ചാല്‍ ആത്മീയത ലഭിക്കുമോ? സ്വന്തം വികാരങ്ങള്‍ മൂടിവച്ചാല്‍ ഒരാള്‍ക്ക് പെട്ടെന്ന് ഭൗതികതയെ കടക്കാനാവുമോ? ഇതെല്ലാം നമ്മെ വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുകയാണ്. കമറുദ്ദീന്റെ ‘ശവപ്പെട്ടികളില്‍ ചിത്രം വരയ്ക്കുന്ന ഒരാള്‍ ‘ (മാധ്യമം) എന്ന കവിത ഗൗരവമുള്ളതായി തോന്നി. മാധ്യമം വീക്ക്‌ലിക്ക് ഇപ്പോള്‍ പഴയ ശക്തിയില്ല. വ്യാജ വിഷയങ്ങള്‍ക്ക് പിന്നാലെ പോയതും സാഹിത്യത്തിന്റെ പ്രശ്‌നങ്ങളില്‍ തെറ്റായ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ ഉപദേശങ്ങള്‍ കേട്ടതുമാണ് വികാരശൂന്യമായ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. എങ്കിലും കമറുദ്ദീന്റെ കവിതകള്‍ അതിന്റെ ആന്തരശുദ്ധികൊണ്ട് ശക്തി നേടുകയാണ്:
‘രാത്രികള്‍ വന്‍പക്ഷികളായെന്റെ
ജനലിനപ്പുറം ചിറകിട്ടടിക്കുന്നു…
പേയിളക്കത്തില്‍ നായ്ക്കള്‍ കിതയ്ക്കു-
ന്നൊരച്ചയില്‍ നെടിയരാവുനടുങ്ങുന്നു…’
പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവല്‍ ശ്രദ്ധ നേടുന്നത് മനുഷ്യന്‍ എന്ന മഹാസമുദ്രത്തിലേക്ക് നോവലിസ്റ്റ് ഇറങ്ങിച്ചെല്ലുന്നതു കൊണ്ടാണ്. ഈ കൃതിയെക്കുറിച്ച് എസ്.വിനയകുമാര്‍ എഴുതിയ ലേഖനം (കലാകൗമുദി) പ്രസക്തമാണ്. അന്ന എന്ന യുവതിയുടെ പ്രേമത്തെ ദസ്തയെവ്‌സ്‌കി എന്ന മുതിര്‍ന്ന സാഹിത്യകാരന്‍ തിരിച്ചറിയുന്നതും തന്റെ പ്രേമം തിരിച്ചുനല്‍കുന്നതും വികാര തീവ്രമായി നോവലിസ്റ്റ് ആവിഷ്‌കരിക്കുന്നു.’ ജീവിതത്തില്‍ ശേഷിക്കുന്ന എല്ലാ മോഹങ്ങളോടും കൂടി ദസ്തയേവ്‌സ്‌കി അവളെ നോക്കി. ദൈവികമായ ഒരു നിമിഷം. ദൈവം കാവല്‍ നില്‍ക്കുന്ന ഒരു നിമിഷം. ആ നിമിഷത്തിന്റെ അധൃഷ്യമായ പ്രേരണയ്ക്ക് കീഴടങ്ങി ദസ്തയെവ്‌സ്‌കി ആ വഴിയരികില്‍ വച്ച് അന്നയെ കെട്ടിപ്പുണര്‍ന്നു. ദുരന്തത്തിന്റെയോ മരണത്തിന്റെയോ ഗര്‍ത്തത്തില്‍ നിന്ന് ഒരാത്മാവ് ദൈവികമായ ഒരു നിമിഷത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് അനശ്വരതയുടെ ശിഖരത്തില്‍ വച്ച് അതിന്റെ ഇണയെ കണ്ടു മുട്ടുന്നതു പോലെയുള്ള ഒരു നിമിഷമായിരുന്നു അത്’.
നുറുങ്ങുകള്‍
- അമേരിക്കന്‍ ഫെമിനിസ്റ്റ് കവി അഡ്രിയാനി റിച്ച് പറഞ്ഞത് പല പെണ്‍കവികളും വിപ്‌ളവകരമായി എഴുതാന്‍ ശ്രമിക്കുകയോ എഴുതിയതായി ഭാവിക്കുകയോ ചെയ്യുന്നു എന്നാണ്. അവര്‍ തുടര്‍ന്ന് പറയുന്നു, എത്ര തന്നെ സാങ്കേതിക വളര്‍ച്ച നേടിയാലും ഭാഷാപരമായി പരാജയപ്പെടുകയാണെങ്കില്‍ അത് നിരര്‍ത്ഥമാകുമെന്ന്. വിപ്‌ളവകരമായ പ്രക്രിയകള്‍ക്കായി ആഗ്രഹിക്കുന്നു; പക്ഷേ സ്ഥിരം വൃത്തത്തിനുള്ളില്‍ നിന്ന് പുറത്ത് വരാനാകുന്നില്ല. യാതൊരു വിധ പരിവര്‍ത്തനവും ഉണ്ടാകുന്നില്ല എന്ന വസ്തുത ബാക്കിയാവുന്നു.
- ഞാന്‍ എഴുതി തുടങ്ങുന്ന സമയത്ത് എന്റെ ധാരണ എം.മുകുന്ദന്‍, സക്കറിയ തുടങ്ങിയവര്‍ സാഹിത്യത്തിന്റെ വലിയ ലോകങ്ങള്‍ കീഴടക്കുമെന്നായിരുന്നു. അവര്‍ സര്‍വ്വനിഷേധികളും സര്‍വ്വ സ്വതന്ത്രരുമാണെന്ന് വെറുതെ ധരിച്ചു. എന്നാല്‍ പിന്നീടാണ് ഞെട്ടലോടെ മനസിലാക്കിയത്, ഇവരൊക്കെ ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, ജയനാരായണന്‍ തുടങ്ങിയവരേക്കാള്‍ വളരെ പിന്നിലാണെന്ന്. തിരുവാഴിയോട് അവാര്‍ഡുകള്‍ക്കോ, സ്ഥാനങ്ങള്‍ക്കോ വേണ്ടി ആരുടെയും പിന്നാലെ പോകുന്നില്ല. എന്നാല്‍ മുകുന്ദന്‍ തന്റെ സര്‍വ്വനിഷേധമൊക്കെ മാറ്റി വച്ചിട്ട് സകല യാഥാസ്ഥിതിക വ്യവസ്ഥകളുമായും സന്ധി ചെയ്തു. മാത്രമല്ല തന്റെ സന്ധി ചെയ്യലും അതിജീവനരീതിയുമാണ് ശരി എന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു. സക്കറിയ തന്റെ അരാജകത്വത്തെയും യേശുപുരം പബ്‌ളിക്ക് ലൈബ്രറിയെയും വിട്ടിട്ട് ഇപ്പോള്‍ സകല അവാര്‍ഡുകളും വാങ്ങി പുളകം കൊള്ളുകയാണ്. വള്ളത്തോളിന്റെ പേരിലുള്ള അവാര്‍ഡ് കിട്ടിയപ്പോഴാണത്രേ അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കാന്‍ തുടങ്ങിയത്!
- പണം മേടിച്ച് മാത്രം പുസ്തകം അച്ചടിക്കുന്ന പ്രസാധകരും പണം കൊടുത്ത് മൂന്നാം തരം പുസ്തകങ്ങള്‍ ഇറക്കുന്ന എഴുത്തുകാരുമാണ് ഇന്നത്തെ സാഹിത്യമേഖലയുടെ ശത്രുക്കള്‍. എന്നാല്‍ ഇതെല്ലാം മറച്ച് വച്ച് വലിയ കപട ആദര്‍ശവാദം മുഴക്കുന്ന ഇടങ്ങളാണ് സാഹിത്യ ഫെസ്റ്റിവലുകള്‍ എന്ന കാര്യം മറക്കരുത്.