ജൂലായ് 29 ഗുരുപൂർണ്ണിമ
1947ല്‍ ഭാരതം ബ്രിട്ടീഷ് നുകത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചുവെന്നത് കേവലം ഒരധികാരമാറ്റം മാത്രമായിരുന്നില്ല. ദശകങ്ങളായി സാമ്രാജ്യശക്തികളുടെ പ്രജകള്‍ മാത്രമായി കഴിഞ്ഞിരുന്ന ഒരു ജനത സ്വതന്ത്ര പൗരന്മാരിലേക്ക് പരിണമിക്കുകയായിരുന്നു. എന്നാല്‍ സ്വതന്ത്രഭാരത ഭരണനേതൃത്വം ഈ പൗരന്മാരെ ദേശീയബോധവും രാഷ്ട്രാഭിമാനവുമുള്ള പൗരന്മാരാക്കി വളര്‍ത്തിയെടുക്കുന്നതിന് വിദ്യാഭ്യാസരംഗത്തിലൂടെ നടത്തേണ്ടിയിരുന്ന ഒരു പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചില്ല. മാത്രമല്ല, ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ തനിയാവര്‍ത്തനവും പുനരാവര്‍ത്തനവും കൊണ്ട് ദേശീയ ജനതയെ സ്വത്വബോധമില്ലാത്തവരാക്കി, അടിമത്ത മനോഭാവത്തെ പുനരാവിഷ്‌കരിക്കുന്നവരാക്കി വളര്‍ത്തുകയാണ് ചെയ്തത്.
ഭാരതീയ ഗരിമയും മഹത്വവും തെല്ലുമേശാത്ത സ്വന്തം സംസ്‌കാരം, പാരമ്പര്യം, മഹത്തായ ജീവിതവീക്ഷണം ഇവയെ തീര്‍ത്തും വിസ്മരിച്ച്, വൈദേശിക ചിത്തമായ സമീപനത്തെ ദൃഢവ്രതമായി സ്വീകരിക്കണമെന്ന് അധ്യാപകന്‍ ചിന്തിക്കുകയോ, പിരിഞ്ഞുപോകുന്ന പഠിതാവിനോട് ഇതുപദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നത് നമുക്കനുഭവമാണ്. നേടിയെടുത്ത സിദ്ധിയെ സ്വാദ്ധ്യയംകൊണ്ട് പരിപൂരിതവും പരിപോഷിതവുമാക്കി ഭാവിയില്‍ ജീവിക്കണമെന്ന ഉപദേശവും ഇന്നത്തെ അദ്ധ്യാപകന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ഇവിടെയാണ് അധ്യാപകനും ഗുരുവും വ്യതിരിക്തനാവുന്നത്. ഈ ഗുരു ആചാര്യനെന്ന നാമത്തിലും അറിയപ്പെടുന്നു.
അധ്യാപകന്‍ അധ്യാപനം ചെയ്യുന്നവന്‍ മാത്രമാണ്. ആ പദത്തിന്റെ അര്‍ത്ഥവുമതാണ്. എന്നാല്‍ ‘ഗുരു’ എന്ന വാക്കിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്. ‘ഗു’ എന്ന ശബ്ദം അന്ധകാരത്തേയും ‘രു’ ശബ്ദം അതിന്റെ നിരോധനത്തേയും സൂചിപ്പിക്കുന്നു. അപ്പോള്‍ ‘ഗുരു’ എന്ന പദത്തിന് അന്ധകാരത്തെ നിഷേധിക്കുന്നവനെന്ന അര്‍ത്ഥമുണ്ട്. അന്ധകാരമെന്നത് കേവലം ബാഹ്യമായ ഇരുട്ടല്ല. നമ്മുടെ മനസ്സില്‍ ഇരുട്ടും വെളിച്ചവുമുണ്ട്. മനസ്സിന്റെ സദ്ഭാവങ്ങളും ചിന്തകളും വെളിച്ചത്തെ പ്രതിനിധീകരിക്കുമ്പോള്‍ ദുഷ്ചിന്തകളും ദുര്‍ഭാവങ്ങളും ഇരുട്ടിനെയാണ് പ്രതിനിധീകരിക്കുന്നത്. മനസ്സിനെ ഉദാത്തവും സംശുദ്ധവുമാക്കിവെക്കുന്ന വെളിച്ചമാണ് നമ്മെ സംസ്‌കാരത്തിലേക്ക് നയിക്കുന്നത്. ജന്മമെടുക്കുമ്പോള്‍ എല്ലാ ജീവജാലങ്ങളും സഹജപ്രകൃതിയിലാണ്. പ്രകൃതിയാണതിന്റെ അടിസ്ഥാനം. സദ്ഭാവവും സദ്ചിന്തയും സദ്‌വൃത്തിയും കൊണ്ട് പ്രകൃതി (സഹജഭാവം) സംസ്‌കൃതിയായി ഉയരുമ്പോഴാണ് മനുഷ്യന്‍ സംസ്‌കാരസമ്പന്നനാകുന്നത്. മറിച്ച് ദുര്‍വൃത്തികളും ദുഷ്ചിന്തകളും കൊണ്ട് അവന്റെ സഹജപ്രകൃതി വികൃതിയിലേക്ക് നിപതിക്കുകയും ചെയ്യും. സംസ്‌കൃതിയുടെ വെളിച്ചത്തിലേക്ക് നീങ്ങുവാനുള്ള ആഹ്വാനമാണ് ”തമസോമാ ജ്യോതിര്‍ഗമയാ” എന്ന ഉപനിഷദ് വാക്യത്തിലൂടെ നമ്മെ ബോധിപ്പിക്കുന്നത്.
ചുരുക്കത്തില്‍ സഹജപ്രകൃതിയില്‍ നിന്ന് നമ്മെ സംസ്‌കൃതിയുടെ ഉയരങ്ങളിലേക്ക് നയിക്കുന്നവനാണ് യഥാര്‍ത്ഥ ഗുരു. ‘ഗുരു’ ഈശ്വരന്‍ തന്നെയാണെന്ന് പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചു. ‘ആചാര്യ ദേവോ ഭവ’ എന്ന വാക്യം അതാണ് സൂചിപ്പിക്കുന്നത്.
”ഗുരുര്‍ബ്രഹ്മഃ ഗുരുര്‍വിഷ്ണുഃ
ഗുരുര്‍ദേവോ മഹേശ്വരഃ”
എന്ന് ഗുരുവിനെ സ്മരിക്കുമ്പോള്‍ സൃഷ്ടിസ്ഥിതിലയകാരികളായ ത്രീമൂര്‍ത്തികളുടെ ഏകീഭാവമാണ് ഗുരുവെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ മനസ്സിന്റെ ഉദാത്തഭാവത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതോടൊപ്പം അനുദാത്തഭാവങ്ങളെ സംഹരിക്കുവാനും ഗുരു നമ്മെ ശക്തരാക്കുന്നു. ചുരുക്കത്തില്‍ നിര്‍മ്മലവും ഉദാത്തവുമായ മനസ്സിന്റെ ഉടമകളാക്കി മനുഷ്യനെ പരിവര്‍ത്തിപ്പിക്കുന്ന മഹത്തായ ശക്തിവിശേഷമാണ് ഗുരുവെന്ന് സാരം.
ഭാരതീയ സംസ്‌കൃതിയുടെ അത്യുദാത്തമായ ഒരു ഭാവമാണ് ഗുരു സങ്കല്പം. ഏതൊരു വിദ്യയും ഒരു ഗുരുവിന്റെ ശിക്ഷണത്തില്‍ അഭ്യസിക്കുമ്പോള്‍ മാത്രമേ അത് പരിപൂര്‍ത്തിയിലെത്തൂ. ഗുരുവിന്റെ അഭാവത്തില്‍ നേടുന്നവിദ്യകള്‍ അപൂര്‍ണ്ണവും അപക്വവുമായിരിക്കും. ഗുരുവിന്റെ മനസ്സും അനുഗ്രഹവും നമ്മില്‍ ഒത്തുചേരുമ്പോള്‍ നമുക്ക് ജീവിതവിജയമുണ്ടാകുന്നു. ഇതില്ലെങ്കില്‍ ജീവിത പ്രയാണം വളരെ പ്രയാസമുള്ളതാകും.
ഗുരുത്വം നേടുകയെന്നു നാം പറയുന്നതിതാണ്. ഗുരുത്വമില്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍ ഗുരുത്വക്കേടിന്റെ ലക്ഷണമായും നാം കണക്കാക്കുന്നു. താന്തോന്നിയായി നടക്കുന്ന ഒരാളെ കുരുത്തംകെട്ടവന്‍ എന്ന ഗ്രാമ്യശൈലിയില്‍ നാം വിളിക്കുന്നത് ഈ അര്‍ത്ഥതലത്തിലാണ്.
ഗുരുപൂജ
ആഷാഢമാസത്തിലെ പൗര്‍ണ്ണമിദിനമാണ് (ആഷാഢ പൂര്‍ണ്ണിമ) ഭാരതം ഗുരുപൂജാദിനമായി ആചരിക്കുന്നത്. ലോകഗുരുവായി കണക്കാക്കപ്പെടുന്ന വ്യാസഭഗവാനെ പൂജിക്കാനും ഇതേ നാള്‍ തന്നെയാണ് സ്വീകരിച്ചത്. അതിനാല്‍ ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു.
ലോകത്തില്‍ നാം കാണുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളേയും തന്റെ ഗ്രന്ഥരചനയിലൂടെ വ്യാസന്‍ വെളിപ്പെടുത്തുന്നു. മനുഷ്യരുടെ വിവിധങ്ങളായ സ്വഭാവത്തേയും വൈവിധ്യങ്ങളെയും തന്റെ രചനയിലൂടെ അദ്ദേഹം പ്രകടീകൃതമാക്കുന്നു. അതിനാലാണ് വ്യാസന്‍ തൊടാത്തതായി ലോകത്തിലൊന്നുമില്ല എന്ന അര്‍ത്ഥത്തില്‍ ”വ്യാസോച്ഛിഷ്ടം ജഗത് സര്‍വ്വാ” എന്ന് പൂര്‍വ്വികര്‍ സൂചിപ്പിക്കുന്നത്. പുണ്യപാപങ്ങളുടെ കാരണങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും പുണ്യതമമായ ജീവിതത്തിന്റെ ശ്രേഷ്ഠതകളും പാപനിബദ്ധ ജീവിതത്തിന്റെ അധോഗതികളും അദ്ദേഹം തന്റെ രചനയിലൂടെ വരച്ചുകാണിക്കുന്നു.
അങ്ങിനെയുള്ള എല്ലാ ഗുരുക്കന്മാരും ഒരേ പരമ്പരയുടെ ഇടമുറിയാത്ത കണ്ണികളുമാണ്. ഗുരു ഒറ്റപ്പെട്ട വ്യക്തിയല്ല; മറിച്ച് നൈരന്തര്യമാര്‍ന്ന ഒരു പരമ്പരയുടെ സൃഷ്ടിയാണ്. അതിനാല്‍ ആ ഗുരുപരമ്പരയെ മുഴുവന്‍ സ്വന്തം ഗുരുവിന്റെ പൂജയിലൂടെ ഭാരതീയര്‍ സ്മരിക്കുകയും നമിക്കുകയും ചെയ്തുവന്നു.
ഗുരുദക്ഷിണ
നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും, ആദര്‍ശപൂര്‍ണ്ണവുമായി വളര്‍ത്തിക്കൊണ്ടുവന്ന നന്മയുടെ മുഖമുദ്രയായ ഗുരുവിന്റെ പാദങ്ങളില്‍ സര്‍വ്വവും സമര്‍പ്പിക്കുന്നതിന്റെ പ്രതീകമാണ് ഗുരുദക്ഷിണ. ഗുരുപരമ്പരയെ സ്മരിച്ചും നമിച്ചും അവരോടുള്ള നിസ്വാര്‍ത്ഥമായ ആരാധനയുടെ പ്രതീകമായി ജീവിതനേട്ടങ്ങളെയെല്ലാം ആ പാദങ്ങളില്‍ സമര്‍പ്പിച്ച് ജീവിതത്തിന്റെ സ്വാതന്ത്ര്യവും സായൂജ്യവും നേടുകയെന്നതാണ് ഗുരു ദക്ഷിണാ സമര്‍പ്പണത്തിന്റെ മനഃശാസ്ത്രം.
സംഘവും ഗുരുപൂജയും
രാഷ്ട്രീയ സ്വയംസേവക സംഘത്തിനു മുമ്പില്‍ വ്യക്തികള്‍ക്കുപകരം പരമപവിത്ര ഭഗവധ്വജത്തെയാണ് പൂജനീയ ഡോക്ടര്‍ജി ഗുരുഭാവത്തില്‍ അവതരിപ്പിച്ചത്. ഭഗവധ്വജം സനാതനധര്‍മ്മ പ്രതീകമാണ്. ജീവിതത്തിന്റെ അടിസ്ഥാന ഗുണമായി വര്‍ത്തിക്കേണ്ട ത്യാഗത്തിന്റെ സൂചകമാണത്. എല്ലാറ്റിനേയും ദഹിപ്പിച്ച്, സംസ്‌കരിക്കുന്ന പാവകന്റെ അരുണവര്‍ണ്ണമാണതിന്റെ പ്രത്യേകത. അധോമുഖമായി പിടിച്ചാലും ഊര്‍ദ്ധ്വത്തിയെ മാത്രം സ്വീകരിക്കാന്‍ വെമ്പുന്ന അഗ്നിനാളങ്ങളുടെ വണ്ണത്തെയാണ് ഭഗവധ്വജം പ്രതീകവല്‍ക്കരിക്കുന്നത്. ഇത് നമ്മുടെ ജീവിതത്തെ പൂര്‍വ്വകാലം മുതല്‍ മഹിമയിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ച മഹത്തായ ആദര്‍ശമാണ്.
യഥാര്‍ത്ഥത്തില്‍ നാം ഭഗവധ്വജത്തെ തുണിയാല്‍ നിര്‍മ്മിക്കപ്പെട്ട അചേതന വസ്തുവെയല്ല ഗുരുവായി സ്വീകരിക്കുന്നത്. ആ കൊടി ഭാരതത്തിന്റെ നിമ്‌ന്നോതാവസ്ഥകള്‍ക്ക് സാക്ഷിയാണ്. ലോകത്തിനു മുഴുവന്‍ വസുധൈവകുടുംബകമെന്ന ചിന്ത പകര്‍ന്നു നല്‍കിയ ജീവിതാദര്‍ശമാണ്. തനിക്കെന്ന ചിന്തയില്ലാതെ എല്ലാം മറ്റുള്ളവര്‍ക്കായി സമര്‍പ്പണം ചെയ്യുന്ന ആത്മത്യാഗത്തിന്റെ അനശ്വരാദര്‍ശമാണത്. ചുരുക്കത്തില്‍ ജീവിതധന്യതയെ സ്വയം സ്വീകരിച്ച്, സ്വാര്‍ത്ഥതയുടെ ചിന്തകളെ ചാമ്പലാക്കി മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതാണ് യഥാര്‍ത്ഥ ജീവിതം – അഥവാ സാര്‍ത്ഥക ജീവിതം എന്ന തിരിച്ചറിവിനെ നമ്മുടെ മനസ്സിലും മസ്തിഷ്‌ക്കത്തിലും ഒരേപോലെ നിറക്കുന്ന ഒരപൂര്‍വ്വ ആദര്‍ശ പ്രതീകമാണ് ഭഗവധ്വജം. ആ മഹത്തായ ആദര്‍ശത്തെ പൂജിക്കുക, അതിനെ നമിക്കുക, അതിനുകീഴില്‍ നിന്ന് ജീവിതത്തെ പരാര്‍ത്ഥമാക്കുക അതിനുമുമ്പില്‍ തനമനധനാദികള്‍ സമര്‍പ്പണം ചെയ്യാന്‍ സന്നദ്ധനാവുക. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഘത്തിന്റെ ഗുരുപൂജയും ഗുരുദക്ഷിണയും നമ്മെ പരിശീലിപ്പിക്കുന്നതും പഠിപ്പിക്കുന്നതും.

”പതത്വേഷകായോ” എന്ന് നിത്യേന ഉരുവിടുന്ന സ്വയംസേവകന് ധനമനാദികള്‍ ത്യജിക്കുക വളരെ എളുപ്പം. ധനവും മനവുമെല്ലാം ഈ ശരീരത്തിനുവേണ്ടി പരിപോഷിപ്പിക്കുന്നവനാണ് സാധാരണമനുഷ്യന്‍. എന്നാല്‍ ശരീരസമര്‍പ്പണം സ്വമനസ്സോടെ ഉറപ്പിച്ചവന് മറ്റൊന്നുമാവശ്യമല്ല. കായസമര്‍പ്പണമെന്നത് സര്‍വ്വസ്വസമര്‍പ്പണമാണ്. തനമനാദികള്‍ സമര്‍പ്പിക്കുമ്പോള്‍ സാമ്പത്തിക സമര്‍പ്പണം നമ്മെ വഴി തടയും. ഇതിനെയും അതിജീവിക്കുകയാണ് ഭാരതജീവിതദര്‍ശനം.
”അന്യനുതകിസ്സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍”
എന്ന് കുമാരനാശാന്‍ ഉച്ചൈസ്തരം പ്രഖ്യാപിച്ചു. തന്റെ ജീവിതം മറ്റുള്ളവരുടെ ജീവിതമുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയാണ് ജീവിതധന്യതയെന്ന് ഭാരതീയ പൂര്‍വ്വികര്‍ തിരിച്ചറിയുകയും സിദ്ധാന്തിക്കുകയും ചെയ്തു.
സമ്പത്ത് നാം കുമിച്ചുകൂട്ടുന്നത് നമുക്ക് മാത്രം അനുഭവിക്കാനാകരുത്.
”ശതഹസ്‌തേനസമാഹാരാ
സഹസ്രഹസ്‌തേന വികിരാ”എന്നാണ് പൂര്‍വ്വ സൂരികള്‍ സൂചിപ്പിച്ചത്. നൂറുകൈകള്‍കൊണ്ട് സമാഹരിക്കുന്നത് ആയിരം കൈകള്‍കൊണ്ട് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുകയെന്നതാണ് ഭാരതീയ ധനതത്വശാസ്ത്രം.
ഒന്നും സ്വന്തമായി സ്വീകരിക്കുവാനല്ല മറിച്ച് ഉള്ളത് മറ്റുള്ളവര്‍ക്ക് കൂടി നല്‍കി ജീവിതം ധന്യമാക്കുന്ന അപരിഗ്രഹത്തിന്റെ തത്വശാസ്ത്രമാണ് ഭാരതം ലോകസമക്ഷം കാഴ്ചവെച്ചത്. ”ത്യാഗമെന്നതേ നേട്ടം” എന്ന് വിളിച്ചു പറയാന്‍ ഭാരതീയ ഋഷികള്‍ക്കു മാത്രമേ കഴിയൂ. എല്ലാം കൊടുക്കുമ്പോഴാണ് എല്ലാം നേടുന്നത് എന്നതാണാ തത്വശാസ്ത്രം. കൊടുക്കുമ്പോള്‍ നേട്ടമാണെന്ന മനസ്സിന്റെ ഗരിമയും മഹിമയുമാണ് രാഷ്ട്രഹിതത്തിനായി സര്‍വ്വസമര്‍പ്പണം ചെയ്യുന്ന സ്വയംസേവകനെ സൃഷ്ടിക്കുന്നത്.
കഴിഞ്ഞ നൂറു വര്‍ഷങ്ങളായി രാഷ്ട്രീയ സ്വയംസേവക സംഘം ഈ ധര്‍മ്മശാസ്ത്രവും തത്വബോധവും കേവലം വാക്കുകളിലൊതുക്കാതെ ജീവിതാചരണത്തിന്റെ ഭാഗമാക്കി മാറ്റിയതാണ് സംഘത്തിന്റെ വിജയഗാഥ. ആശയം പറയുന്നവരല്ല ആദര്‍ശം ജീവിക്കുന്നവരാണ് സ്വയംസേവകനെന്ന ജീവിതസന്ദേശമാണ് സ്വയംസേവകര്‍ സമാജത്തിനും ലോകത്തിനും കാഴ്ചവെച്ചത്. എല്ലാവരും സഹോദരരാണെന്ന പൂര്‍ണ്ണബോധത്തില്‍ മനുഷ്യനെ മനുഷ്യനായി കാണുന്നതിലുപരി പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളെയും ഒരേ ശക്തിയുടെ വിവിധ ഭാവാവിഷ്‌ക്കാരമായിക്കണ്ട് സഹജീവികളേയും പ്രകൃതിയേയും തങ്ങളോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്ന മഹിമയാര്‍ന്ന ഭാരതീയ ജീവിത ദര്‍ശനത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറാന്‍ സ്വയംസേവകര്‍ക്ക് സാധിച്ചതാണ് ശതവാര്‍ഷികാചരണത്തില്‍ സംഘത്തിന് സമാജത്തിനും ലോകത്തിനും നല്‍കാനുള്ള മഹാസന്ദേശം.
ആചരിച്ചുകാണിക്കുന്നവനാണ് ആചാര്യന്‍. അതാണ് ലോകത്തില്‍ സാധാരണക്കാര്‍ പിന്നീട് അനുവര്‍ത്തിക്കുന്നത്.
”യദ്യുതാചരതിശ്രേഷ്ഠ
സ്തത്തദേവേതരോ ജനഃ
സയത് പ്രമാണം കുരുതേ
ലോകസ്തദനുവര്‍ത്തതേ”
എന്ന് ഗീതാവാക്യം.
ശ്രേഷ്ഠന്മാരുടെ ആചരണമാണ് ഇതര ജനങ്ങള്‍ കണ്ടു പഠിക്കുന്നത്. പിന്നീടത് ജനതയുടെ പ്രമാണമായിത്തീരുകയും ലോകം മുഴുവന്‍ അതിനെ അനുവര്‍ത്തിക്കുകയും ചെയ്യും.
ഒരാദര്‍ശത്തില്‍ ജീവിക്കുന്നതാണ് ശ്രേഷ്ഠതമമായ ജീവിതം. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ”ഒരാദര്‍ശയുക്തന്‍ നൂറുതെറ്റുകള്‍ ചെയ്യുമ്പോള്‍ ആദര്‍ശഹീനന്‍ പതിനായിരക്കണക്കിനുതെറ്റുകള്‍ ചെയ്യും.” അതിനാല്‍ ജീവിതത്തില്‍ ഒരാദര്‍ശം സ്വീകരിക്കുക. ആദര്‍ശം നമ്മെ തെറ്റുകളില്‍ നിന്ന് ശരിയിലേക്ക് നയിക്കുന്നു. തിന്മയില്‍ നിന്ന് നന്മയിലേക്ക് കൈപടിച്ച് നടത്തുന്നു. ജീവിതത്തിന്റെ സാര്‍ത്ഥകതയെ കൃത്യമായി അനുഭവിക്കാന്‍ അവസരമൊരുക്കുന്നു. ഇത്തരമൊരാദര്‍ശ വ്യക്തിയെ സൃഷ്ടിക്കുന്ന നിരന്തര പ്രക്രിയയാണ് സംഘ ശാഖയിലൂടെ നടന്നുവരുന്നത്. മനുഷ്യനിര്‍മ്മാണം (ങമി ാമസശിഴ) ആണ് സംഘശാഖയുടെ ഏറ്റവും അനിവാര്യവുമായ ധര്‍മ്മം. ഇത്തരം ആദര്‍ശവ്യക്തികളുടെ സാമീപ്യവും പ്രവര്‍ത്തിയും സമാജത്തെ സ്വാധീനിക്കുകയും മുഴുവന്‍ സമാജത്തേയും ബഹുജനഹിതത്തിനായി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സംഘ സ്വയംസേവകന്‍ പരിശീലിക്കുകയും സാക്ഷാത്ക്കരിക്കുകയും ചെയ്യുന്ന ഈ ജീവിതാദര്‍ശത്തെ സമാജത്തിലാവാഹിച്ച് മുഴുവന്‍ സമാജത്തേയും സമര്‍പ്പിത മനോഭാവത്തിന്റെ സന്തതസഹചാരികളാക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇതിന് മാതൃകയാവേണ്ടത് സ്വയം സേവകനാണ്. അവന്റെ ജീവിതം തന്നെയായിരിക്കണം സമാജത്തിനുള്ള സന്ദേശം. ഈ സന്ദേശത്തെ സമ്പൂര്‍ണ്ണമായും ജനഹൃദയങ്ങളിലാവിഷ്‌ക്കരിക്കാന്‍ സ്വയംസേവകനെ കരുത്തും കഴിവുമുള്ളവനാക്കി മാറ്റുന്ന മനശ്ശാസ്ത്ര വിദ്യാഭ്യാസമാണ് യഥാര്‍ത്ഥത്തില്‍ ഗുരുപൂജയും ഗുരുദക്ഷിണയും.
സംഘം വ്യക്തിപൂജകമല്ല. മറിച്ച് ധ്യേയപൂജകമാണ്. വ്യക്തിപൂജയില്‍ നിന്നകന്ന് ധ്യേയപൂജകരായ മനുഷ്യനിര്‍മ്മിതിക്കുള്ള യഥാര്‍ത്ഥ ഉപാസനയാണ് ഗുരുപൂജ.






















