പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ ഗാഡ്ഗില്‍ അന്തരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. വയനാട്ടില്‍ വീണ്ടും ഒരു ദുരന്തം അരങ്ങേറുമ്പോള്‍ ഓര്‍മയില്‍ ഓടിയെത്തുന്നത് ഗാഡ്ഗിലിന്റെ പ്രവചനതുല്യമായ വാക്കുകളാണ്. വയനാടും ഇടുക്കിയും അടക്കമുള്ള പശ്ചിമഘട്ട മേഖലകളിലെ എല്ലാ മനുഷ്യ ഇടപെടലുകളും അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ പരിസ്ഥിതി നാശത്തിനു മാത്രമല്ല നൂറുകണക്കിന് ആളുകളുടെ ജീവന് നാശം ഉണ്ടാകും എന്നും അത് ഈ തലമുറയുടെ കാലത്ത് തന്നെ കേരളം കാണുമെന്നും പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു ഭരണകൂടവും പ്രാധാന്യം നല്‍കിയില്ല.
കുടിയേറ്റ ക്രിസ്ത്യാനികളുടെ വോട്ട് ബാങ്ക് തകരുമെന്ന ആശങ്കയില്‍ അവരുടെ കയ്യേറ്റത്തെയും കുടിയേറ്റത്തെയും മരംവെട്ടിനെയും ഒക്കെ പിന്തുണയ്ക്കാനും അതിന്റെ പേരില്‍ അധ്വാന വര്‍ഗ്ഗ സിദ്ധാന്തം എന്ന പേരില്‍ വിഡ്ഢിത്തം വിളമ്പാനും ഒക്കെ തയ്യാറായ രാഷ്ട്രീയ നേതാക്കളുടെ നാടാണ് കേരളം. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാര്‍മികതയില്‍ നിന്നും സത്യത്തില്‍ നിന്നും എത്രമാത്രം അകലെയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സാധാരണക്കാരില്‍ സാധാരണക്കാരെ എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്നും വ്യക്തമാക്കുന്നതാണ് പശ്ചിമഘട്ട മേഖലയിലെ ഇടപെടലുകളും പാവപ്പെട്ട വനവാസികളോടുള്ള സമീപനവും. ഗോത്രവര്‍ഗ്ഗ നിയമം അനുസരിച്ച് വനവാസികള്‍ക്ക് അവരുടെ പരമ്പരാഗത സമ്പ്രദായമനുസരിച്ച് ജീവിക്കാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും അവിടെയുണ്ടായിരുന്നു. കേരളത്തിലെ വനവാസികളെ ഇല്ലാതാക്കിയത് കുടിയേറ്റക്കാരാണ്. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വനവാസികളുടെ ഭൂമി കയ്യടക്കുകയും വനവാസി സ്ത്രീകള്‍ക്ക് അച്ഛന്‍ ഇല്ലാത്ത കുഞ്ഞുങ്ങളെ സമ്മാനിക്കുകയും ചെയ്ത കുടിയേറ്റക്കാര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. കേരളത്തിലെ എല്ലാ വനവാസി ഊരുകളിലും ഉണ്ടായ അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പാവം വനവാസികള്‍ തന്നെ പോറ്റി വളര്‍ത്തി. ഡിഎന്‍എ പരിശോധന അടക്കമുള്ള സംവിധാനം ഉണ്ടായിട്ടും ഒരു കുഞ്ഞിന്റെയും അച്ഛനെ കണ്ടെത്താനോ ബലാത്സംഗ കേസ് എടുക്കാനോ ആദര്‍ശ ധീരതയുടെ പേര് പറഞ്ഞ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും തയ്യാറായില്ല എന്നതാണ് സത്യം. വനവാസികളുടെ കയ്യേറിയ ഭൂമി തിരിച്ചുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും അത് നടക്കാതിരിക്കാന്‍ കാരണം കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പാണ്. ഇടതുമുന്നണിയും വലതുമുന്നണിയും ഒന്നിച്ചു കൊണ്ടുവന്ന ആദിവാസി ഭൂമിവീണ്ടെടുക്കല്‍ ഭേദഗതി നിയമം സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നു. എന്തിനും ഏതിനും കോടതിയലക്ഷ്യം എടുക്കുന്ന സുപ്രീംകോടതി ഇക്കാര്യം അറിഞ്ഞിട്ടു പോലുമില്ല. നിയമസഭയില്‍ ഇടതുമുന്നണിയും വലുത് മുന്നണിയും ഒന്നിച്ച് നടത്തിയ ഈ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചത് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്ന കെ.ആര്‍. ഗൗരിയമ്മ മാത്രമായിരുന്നു. ഇന്ന് പശ്ചിമഘട്ട മേഖല മുഴുവന്‍ ദുരന്തഭൂമിയായി മാറിയിരിക്കുന്നു. ഇതിനിടെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ ശുപാര്‍ശ പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതായാണ് സൂചന. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. ഇടുക്കി വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പരിസ്ഥിതി ലോല പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം വിദഗ്ധസമിതി തള്ളി.
2024ല്‍ കേന്ദ്രം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പരിധി 8590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ജനവാസ കേന്ദ്രങ്ങള്‍ കൃഷിഭൂമി, തോട്ടങ്ങള്‍ എന്നിവയെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് വനമേഖലയെ മാത്രം പരിസ്ഥിതി ദുര്‍ബല പ്രദേശമായി ഉള്‍പ്പെടുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും കൈവശമുള്ള ഭൂമി അവരവര്‍ക്ക് തന്നെ താമസിക്കാനും കൃഷി ചെയ്യാനും പറ്റുന്ന രീതിയില്‍ നിലനിര്‍ത്താനുള്ള രാഷ്ട്രീയ നീക്കമായിരുന്നു ഇതിന് പിന്നില്‍. ക്രൈസ്തവ സഭകളും മതമേലദ്ധ്യക്ഷന്മാരും ഈ ആവശ്യം ഉന്നയിച്ച് പരസ്യമായി രംഗത്ത് വരികയും സമരം നടത്തുകയും ചെയ്തിരുന്നു. കര്‍ഷകരുടെയും സഭകളുടെയും ഈ ആവശ്യത്തിന് വഴങ്ങിയാണ് പരിസ്ഥിതി ലോല ദുര്‍ബല പ്രദേശങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ 2019ല്‍ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും 2024 ല്‍ വയനാട്ടിലും ഉണ്ടായ മണ്ണിടിച്ചിലിലും ദുരന്തത്തിലും നിരവധി പേര്‍ മരണമടഞ്ഞിരുന്നു. പശ്ചിമഘട്ടത്തിലെ മനുഷ്യ ഇടപെടലുകളാണ് ദുരന്തത്തിന് പിന്നില്‍ എന്ന പരിസ്ഥിതി വിദഗ്ധരുടെയും ശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായത്തിന് പ്രാമുഖ്യം കിട്ടുകയും ചെയ്തിരുന്നു. ആദ്യ പഠനം നടത്തിയ മാധവ് ഗാഡ്ഗില്‍ ഇക്കാര്യം അന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഞാന്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇപ്പോഴത്തെ തലമുറയുടെ കാലത്ത് തന്നെ പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ഇടപെടലുകള്‍ക്കും ദുരുപയോഗത്തിനും മറുപടി പറയേണ്ടി വരും അത് നിങ്ങള്‍ കാണേണ്ടിവരും എന്നായിരുന്നു ഗാഡ്ഗിലിന്റെ വാക്കുകള്‍.
ഇവയെല്ലാം കണക്കിലെടുത്താണ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ ആവില്ല എന്ന കര്‍ശന നിലപാട് സഞ്ജയ് കൗള്‍ അധ്യക്ഷനായ കേന്ദ്ര വിദഗ്ധ സമിതി സ്വീകരിച്ചത്.
2018ലെയും 19 ലെയും പ്രളയത്തിനുശേഷം തന്നെ കേരളം കൂടുതല്‍ വിനാശകരമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്ന് മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും കേരളത്തില്‍ നിന്നുള്ള പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോക്ടര്‍ വി.എസ്. വിജയനും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ, മലപ്പുറത്തെ കവളപ്പാറ എന്നിവിടങ്ങളില്‍ അഞ്ഞൂറോളം പേര്‍ മരിച്ചു. നിരവധി വീടുകള്‍ ഇല്ലാതാവുകയും കൃഷി നശിക്കുകയും മല അപ്പാടെ ഒലിച്ചു പോവുകയും ചെയ്തു. പ്രളയത്തില്‍ രണ്ടര ലക്ഷം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തി. ആയിരക്കണക്കിന് പാര്‍പ്പിടങ്ങളാണ് നഷ്ടമായത്. ലോകബാങ്ക് സഹായത്തോടെ 3600 കോടിയുടെ കേരള പുനര്‍നിര്‍മ്മാണം നടപ്പാക്കിയെങ്കിലും ഒരു ഓഫീസ് തുറന്നത് അല്ലാതെ മറ്റൊന്നും നടന്നതായി ഇതുവരെയും അറിവില്ല. പശ്ചിമഘട്ടത്തിലെ ഖനനം പൂര്‍ണമായും നിരോധിക്കണമെന്നും മനുഷ്യ ഇടപെടലുകള്‍ കുറയ്ക്കണം എന്നും സ്വാഭാവിക വനം നിലനിര്‍ത്തണമെന്നും ആനത്താരകള്‍ തനത് രീതിയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും ജൈവ ആവാസവ്യവസ്ഥയില്‍ മനുഷ്യ ഇടപെടല്‍ ഉണ്ടാവരുതെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഗാഡ്ഗിലിന്റെ ശുപാര്‍ശയ്‌ക്കെതിരെ ദക്ഷിണ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത് കേരളത്തിലായിരുന്നു. വനമേഖലയില്‍ കടന്നു കയറിയ ക്രൈസ്തവസഭകള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച പി.ടി. തോമസിനെതിരെ സഭകള്‍ അതിനിശിതമായ പരാമര്‍ശങ്ങളാണ് നടത്തിയത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ പി.ടി. തോമസിന്റെ ശവമഞ്ചവുമായി സഭയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
കേരളത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലും പശ്ചിമ മേഖലകളിലെ മനുഷ്യ ഇടപെടലുകളെ കുറിച്ചും പ്രവാചക സമാനമായ വെളിപ്പെടുത്തലുകളാണ് മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നടത്തിയത്. 2010 മാര്‍ച്ച് മുതല്‍ 2011 ആഗസ്റ്റ് വരെ ആണ് മാധവ് ഗാഡ്ഗിലും സംഘവും പശ്ചിമഘട്ട മേഖലകളില്‍ പഠനം നടത്തിയത്. പശ്ചിമഘട്ട മേഖലയിലെ ദുര്‍ബ്ബല പ്രദേശങ്ങള്‍ കണ്ടെത്തുക, അവ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നിവയായിരുന്നു സമിതിക്ക് കൊടുത്തിട്ടുള്ള വിഷയങ്ങള്‍.
ഒരു ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരത്തി മുപ്പത്തിയേഴ് ചതുരശ്ര കിലോമീറ്റര്‍ ആണ് പശ്ചിമഘട്ട മേഖലയുടെ വിസ്തീര്‍ണ്ണം. അറബിക്കടലിനു സമാന്തരമായി കന്യാകുമാരി മുതല്‍ മഹാരാഷ്ട്രയിലെ താപി നദി വരെ 1500 കിലോമീറ്റര്‍ ഇടതടവില്ലാത്ത വനപ്രദേശമാണ് പശ്ചിമഘട്ടം. നീലഗിരി, ആനമല, ഏലമല, അഗസ്ത്യമല എന്നിവ ഇതിന്റെ ഭാഗമാണ്. സമുദ്രനിരപ്പിന് 500 മീറ്റര്‍ ഉയരമുള്ള മലകളെയാണ് പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായുള്ള ബലിഗിരിരംഗന്‍ മലകളും ഇതില്‍ ഉള്‍പ്പെടുന്നു. 2695 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയരമുള്ള ആനമുടി ആണ് പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന മലനിര.
നിത്യഹരിത ഉഷ്ണമേഖലാ വനങ്ങള്‍, ചോലമരക്കാടുകള്‍, പുല്‍മേടുകള്‍, ചെങ്കല്‍ പീഠഭൂമികള്‍, കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നദികള്‍, തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നീളുന്ന ആനത്താര എന്നിവ പശ്ചിമഘട്ട മേഖലയുടെ സവിശേഷതകളാണ്. ഏതാണ്ട് 4000 ഇനം പൂച്ചെടികള്‍, 645 നിത്യഹരിത വൃക്ഷ ഇനങ്ങള്‍, 850 നും1000നും ഇടയിലുള്ള ചെറു സസ്യങ്ങള്‍, വിരളമായവ ഉള്‍പ്പെടെ 682 ഇനം പായലുകള്‍, 350 ഇനം ഉറുമ്പുകള്‍, 33 ഇനം ചിത്രശലഭങ്ങള്‍, 174 തുമ്പികള്‍, 269ന് ഒച്ചുകള്‍, 258 ഇനം മീനുകള്‍, 22 ഇനം ഉഭയജീവികള്‍, 225 ഇനം ഇഴജന്തുക്കള്‍, 500 ഇനം പക്ഷികള്‍ 120 ഇനം സസ്തനികള്‍ എന്നിവ ഉള്‍പ്പെടെ ജൈവവൈവിധ്യ കലവറയാണ് പശ്ചിമഘട്ടം. മഴമുഴക്കി വേഴാമ്പല്‍ അടക്കമുള്ള വളരെ വിരളമായ വംശനാശം വരുന്ന പക്ഷികളും ഇവിടെയുണ്ട്.
ഒരുതരത്തിലും ഉള്ള ബാഹ്യ ഇടപെടലുകളും ഇല്ലാതെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ആയിരുന്നു ഗാഡ്ഗിലിന്റെ ശുപാര്‍ശ. നിര്‍മ്മാണ പ്രവര്‍ത്തനം, ഖനനം, കൃഷി തോട്ടം എന്നിവ ഇല്ലാതാക്കാനും അദ്ദേഹം ശുപാര്‍ശ ചെയ്തു. ഇപ്പോള്‍ തന്നെ നാല്പതു ശതമാനം നാശം പശ്ചിമഘട്ട മേഖലയില്‍ ഉണ്ടായതായും വന്‍ ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധങ്ങള്‍ ശക്തി പ്രാപിച്ചപ്പോഴാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കസ്തൂരിരംഗനെ വീണ്ടും പഠനത്തിന് നിയോഗിച്ചത്. 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമാണെന്നും അത് പൂര്‍ണ്ണമായും കുടിയേറ്റ വിമുക്തമാക്കണം എന്നും കസ്തൂരിരംഗന്‍ ശുപാര്‍ശ ചെയ്തു. ഭൂകമ്പ സാധ്യത, മണ്ണിടിച്ചല്‍ എന്നിവ മുന്‍കൂട്ടി കണ്ട അദ്ദേഹം പാറപൊട്ടിക്കല്‍ പശ്ചിമഘട്ട മേഖലയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ചില കാര്യങ്ങളില്‍ വെള്ളം ചേര്‍ത്തു എന്ന ആരോപണം ഗാഡ്ഗില്‍ തന്നെ ഉന്നയിക്കുകയും ചെയ്തു. വയനാട് അടക്കമുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാതിരിക്കാനാവില്ല. ഇത് മുന്നില്‍ കണ്ടു തന്നെയാണ് കേന്ദ്ര വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്കോ സ്വാധീനത്തിനോ വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉള്ളതെന്ന് സൂചനയുണ്ട്.
വയനാട് കള്ളാടിയിലെ തുരങ്കപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ച മന്ത്രിസഭ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അമ്പതിന നിര്‍ദ്ദേശങ്ങള്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനി പാലിച്ചോ എന്ന കാര്യവും പ്രത്യേകം അന്വേഷിക്കും. അന്വേഷണ ഏജന്‍സി, സമയപരിധി തുടങ്ങിയ കാര്യങ്ങള്‍ ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. ഒരു കാര്യം വ്യക്തമാണ്, വികസനത്തിന്റെ പേരില്‍ അതിലോല പരിസ്ഥിതി മേഖലകളില്‍ എത്രമാത്രം ഇടപെടലുകള്‍ നടത്താനാകും. ഇക്കാര്യത്തില്‍ ഒരു സമവായം വേണ്ടേ. സൈലന്റ് വാലിയിലും അതിരപ്പള്ളിയിലും നടന്ന സമരം സമാനതകള്‍ ഇല്ലാത്തതായിരുന്നു. പരിസ്ഥിതി മൗലികവാദികള്‍ എന്ന ആക്ഷേപം സുഗതകുമാരി മുതല്‍ അയ്യപ്പപ്പണിക്കര്‍ വരെ പലര്‍ക്കും കിട്ടിയെങ്കിലും കേരളത്തില്‍ അത് സൃഷ്ടിച്ച അവബോധം വളരെ വലുതായിരുന്നു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതി വന്നാല്‍ പശ്ചിമഘട്ടത്തിലെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള സ്വാഭാവിക ആനത്താര ഇല്ലാതാകും എന്ന് അന്നുതന്നെ പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്. കേരള സമൂഹത്തിന്റെ നിലനില്‍പ്പിനും മനുഷ്യരാശിയുടെ തുടര്‍ച്ചയ്ക്കും പരിസ്ഥിതിയും വനവും അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മണ്‍സൂണ്‍ മഴ കുറയുകയും ആഗസ്റ്റ് മാസത്തിലേക്ക് മാറുകയും ഒക്കെ ചെയ്ത വ്യതിയാനം മനസ്സിലാകാത്ത ഏക സമൂഹം മലയാളികളാണ്. താല്‍ക്കാലിക ലാഭത്തിനുവേണ്ടി അന്നത്തെ അന്നത്തിനുവേണ്ടി എന്തിനെയും നശിപ്പിക്കാനും എന്തിനെയും കൊല്ലാനും മടിയില്ലാത്ത മനസ്സാക്ഷിയില്ലാത്ത സമൂഹമായി മലയാളികള്‍ മാറിയിരിക്കുന്നോ?
കേരളത്തിലെ വനമേഖലയില്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയും പരിസ്ഥിതിയെ നശിപ്പിക്കാന്‍ അനുവദിക്കണോ എന്ന കാര്യം എല്ലാവരും ആലോചിക്കണം. ക്രൈസ്തവ വോട്ടുകള്‍ ചെയ്ത് ഒപ്പം ഉണ്ടാകും എന്ന പ്രഖ്യാപനവുമായി ബിജെപി നേതൃത്വത്തെ സഭാ നേതാക്കള്‍ പറ്റിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അപ്പോഴത്തെ കാര്യം നേടാന്‍ ഉള്ള ബന്ധം മാത്രമേ ക്രൈസ്തവസഭകള്‍ക്ക് ബിജെപി നേതൃത്വത്തോട് ഉള്ളു. പരിസ്ഥിതി ലോല പ്രദേശത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ ബിജെപിയെ തള്ളിപ്പറയാന്‍ അരനാഴികനേരം പോലും അവര്‍ക്ക് വേണ്ട. പക്ഷേ ക്രിസ്ത്യന്‍ ഔട്ട് റീച്ചിന്റെ പേരില്‍ വനംകൊള്ളയ്ക്കും പരിസ്ഥിതി നാശത്തിനും പശ്ചിമഘട്ടത്തെ പൂര്‍ണ്ണമായും തകര്‍ക്കാനും ശ്രമിച്ചാല്‍ അത് വരും തലമുറകളോടുള്ള അപരാധമാകും. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനും ജനങ്ങളിലേക്ക് എത്താനും ഇത്തരം വനംകൊള്ളക്കാരുടെയും കയ്യേറ്റക്കാരുടെയും പിന്തുണ ആവശ്യമില്ല. സാധാരണക്കാരില്‍ സാധാരണക്കാര്‍ ജാതിക്കും മതത്തിനും അതീതമായി ബിജെപിയിലേക്ക് വന്‍തോതില്‍ എത്തുന്നുണ്ട്. ആരോടും പ്രീണനമില്ലാത്ത നയത്തില്‍ ഉറച്ചു നില്‍ക്കണമെന്ന് മാത്രം. ഇതേ കാര്യം തന്നെയാണ് സംസ്ഥാന സര്‍ക്കാരിനോടും പറയാനുള്ളത്. വോട്ട് ബാങ്കിനും മതപ്രീണനത്തിനുമായി ഇനിയും പശ്ചിമഘട്ടം നശിപ്പിക്കാന്‍ നിന്നാല്‍ അതിന്റെ പാപഭാരത്തില്‍ നിന്ന് ഒരിക്കലും സര്‍ക്കാരിനും ഒരു രാഷ്ട്രീയ കക്ഷിക്കും മോചനം ഉണ്ടാവില്ല. തുരങ്ക പാത വയനാടന്‍ മലനിരകളെ നശിപ്പിക്കുന്നതാണ്. സ്വാഭാവിക വനം നശിപ്പിക്കാത്ത ബദല്‍ സംവിധാനം ഒരുക്കാനാണ് ശ്രമിക്കേണ്ടത്.






















