സമീപ ഭൂതകാലത്തിലെ ഏറ്റവും വലിയ സാഹിത്യവിപ്ലവം എന്നുപറയുന്നത് വൈയക്തികതയാണ്. മനുഷ്യവ്യക്തി ജീവിച്ചിരിക്കുന്നു എന്ന കണ്ടെത്തല്‍ ഒരു മഹാസംഭവമായി കാണണം. പുരാതന സാഹിത്യത്തിന്റെ സമീപനം മറ്റൊന്നായിരുന്നു. ആ കൃതികളില്‍ പ്രമേയമാണ് ജീവിച്ചിരുന്നത്. കവിയോ എഴുത്തുകാരനോ വ്യക്തിപരമായി ജീവിക്കുന്നതിന്റെ ആകുലതകള്‍, സമസ്യകള്‍, ആശങ്കകള്‍, സങ്കീര്‍ണതകള്‍ തുടങ്ങിയവ സാഹിത്യകൃതികളില്‍ വരാതിരിക്കാനാണ് മുന്‍കാല രചയിതാക്കള്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഇതിനു മാറ്റം വന്നു. ഫ്രഞ്ച് കവികളായ ബോദ്‌ലേര്‍, ആര്‍തര്‍ റിംബോ തുടങ്ങിയവര്‍ മറ്റൊരു ആത്മഭൂപടം നിര്‍മ്മിക്കുകയായിരുന്നു.
കവികള്‍ക്ക് ആള്‍ക്കൂട്ടത്തിലെന്നപോലെ, സാമൂഹിക കര്‍മ്മമേഖലകളിലെന്ന പോലെ വൈയക്തിക ജീവിതവുമുണ്ട്. അവരെ അലട്ടുന്ന പ്രശ്‌നങ്ങളുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ സാഹിത്യത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ചത് ഈ വൈയക്തിക ലോകത്തിന്റെ സംഘര്‍ഷമായിരുന്നു.
ആര്‍തര്‍ റിംബോ(1854 – 1891)
ഫ്രഞ്ച് കവി ആര്‍തര്‍ റിംബോ ഇരുപത്തിയൊന്നാം വയസ്സില്‍ കവിത എഴുത്ത് അവസാനിപ്പിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു.”ഞാന്‍ നിശ്ശബ്ദതകളെയും രാത്രികളെയും വാക്കുകളാക്കി മാറ്റിക്കൊണ്ടിരുന്നു. പറയാനാവാത്തതെല്ലാം ഞാന്‍ എഴുതി വച്ചു. കറങ്ങുന്ന ലോകത്തെ ഞാന്‍ നിശ്ചലമാക്കി.”
ഉത്തരമില്ലാതെ
വേദാന്തത്തില്‍ മുഖ്യമായ സമസ്യ ആരംഭിക്കുന്നത് ‘ഞാനാരാണ്’ എന്ന് ചോദിച്ചുകൊണ്ടാണ്. ശരീരമോ, രൂപമോ, തൊഴിലോ, ആഗ്രഹങ്ങളോ, സ്വത്തുവകകളോ ഒന്നും അതിനുള്ള ഉത്തരമാകുന്നില്ല. ഭൗതിക വസ്തുക്കള്‍ നമ്മുടേതാണെന്ന് പറഞ്ഞാലും അത് നമ്മുടെ സ്വന്തമല്ല. എപ്പോഴും നഷ്ടപ്പെടാം. കാമുകി എത്ര പ്രണയമുണ്ടെന്ന് പറഞ്ഞാലും കാമുകനും കാമുകിക്കും രണ്ട് ശരീരമായിരിക്കാതെ നിവൃത്തിയില്ല. ഇത് പ്രണയത്തിലെ വേദനയ്ക്ക് കാരണമാവുകയാണ്. ഞാനാരാണെന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കണം. കാരണം അതിനു ഉത്തരമില്ല. ഉത്തരം കിട്ടിയാല്‍ തന്നെ അതുമായി ധാരണയിലെത്താന്‍ പിന്നെയും സമയമെടുക്കും.
സാഹിത്യകാരനും ഇതുപോലൊരു ചോദ്യമുണ്ട്. താന്‍ പേറുന്ന അനുഭവങ്ങളുടെ ആകെത്തുക എന്താണെന്ന് അയാള്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രാപഞ്ചിക ശക്തികളുടെ വിസ്മയകരമായ പ്രകടനങ്ങളോട് അയാള്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വകാര്യമായ അന്വേഷണത്തിന്റെ ഭാഗമാണ്.
കവിയുടെ അല്ലെങ്കില്‍ എഴുത്തുകാരന്റെ യാതനകള്‍ ദാര്‍ശനികവുമാണ്. ഭൗതികമായ കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന ദുഃഖങ്ങളുണ്ട്. എന്നാല്‍ അങ്ങനെയല്ലാതെയും ഉണ്ട്. കാഫ്കയുടെ കൃതികളിലെ ഭയാശങ്കകള്‍ പ്രാപഞ്ചികമാണ്. ഏത് ഭരണകൂടം വന്നാലും മനുഷ്യന്റെ ഉത്ക്കണ്ഠകളും സത്യത്തെപ്പറ്റിയുള്ള സംശയങ്ങളും മരണഭയവും പൊരുളറിയാത്തതിലുള്ള വേവലാതിയും അവസാനിക്കുകയില്ല… അതുകൊണ്ട് പ്രമുഖ കവി ടി.എസ്. എലിയറ്റ് പറഞ്ഞത്, ”മനുഷ്യന്‍ യാതന അനുഭവിക്കുന്നു; മനസ്സ് അത് സൃഷ്ടിക്കുകയും ചെയ്യുന്നു.” എന്നാണ്.
വൈയക്തികതയുടെ കാഴ്ച
സുന്ദരമായ ഒരു ലോകമുണ്ടായിരിക്കുന്നതില്‍ കവിക്ക് ഒരു നേട്ടവുമില്ലെന്ന് എലിയറ്റ് പറഞ്ഞിട്ടുണ്ട്. ആ സുന്ദരമായ ലോകത്തിനടിയില്‍ സൗന്ദര്യത്തോടൊപ്പം വൃത്തികേടും വിരസതയും ഭീകരതയും കാണാനാവണം- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത് കാഴ്ചയുടെ ബഹുസ്വരതയിലേക്കാണ് നയിക്കുന്നത്. കവി വ്യക്തിപരമായി നേരിടുന്ന അനേകം ദുര്‍ഗ്രഹതകള്‍, ആകുലതകള്‍ എല്ലാം കവിതയിലേക്കും കടന്നുവരുന്നു. താന്‍ ഒരു പ്രമേയത്തെ എടുത്ത് കാവ്യാത്മകമായി പുനഃസൃഷ്ടിക്കുന്നവനല്ല, മറിച്ച് തന്റെ ആത്മാവിന്റെ ആഴത്തിലുള്ള ഏകാന്തതയുടെ വിഷാദഭരിതമായ ആമന്ത്രണങ്ങള്‍ കേള്‍പ്പിക്കുന്നവനുമാണെന്ന് ധ്വനിപ്പിക്കുന്നിടത്താണ് കവിയുടെ വിജയം.
പ്രമേയമല്ല, തന്നെത്തന്നെയാണ് ആധുനികകവികള്‍ അന്വേഷിച്ചത്. ലോകത്തിന്റെ അജ്ഞേയമായ ചില മേഖലകള്‍ കൊണ്ടാണ് താന്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന അറിവ് ഒരു എഴുത്തുകാരനെ അകാരണമായ വിഷാദാത്മകതയിലേക്ക് തള്ളിയിടാവുന്നതാണ്. അവരവരുടെ ആത്മാവാണ് അവരവരുടെ രചനകളിലെ പ്രഹേളികകളെ നിശ്ചയിക്കുന്നത്.
കെ.പി. അപ്പന്റെ ലോകങ്ങള്‍
സാഹിത്യവിമര്‍ശനത്തെ കലാപരവും മനനപ്രധാനവുമാക്കുകയാണ് കെ.പി. അപ്പന്‍ ചെയ്തത്. അപഗ്രഥനവും പഠനവും വ്യാഖ്യാനവും ചരിത്രാവലോകനവും താരതമ്യവുമായി കഴിഞ്ഞിരുന്ന മലയാളസാഹിത്യവിമര്‍ശനത്തെ അക്കാദമിക് പാണ്ഡിത്യഗര്‍വ്വില്‍ നിന്നും ഭാഷയുടെ സംസ്‌കൃതബദ്ധമായ തനിയാവര്‍ത്തനങ്ങളില്‍ നിന്നും മോചിപ്പിച്ചത് അപ്പനാണ്. അദ്ദേഹത്തിന്റെ ക്ഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്‌കാരം, മാറുന്ന മലയാളനോവല്‍ തുടങ്ങിയ കൃതികള്‍ നമ്മുടെ ചിന്തയെ നവമാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു.
- ഒരാള്‍ വനം നോക്കിക്കാണുമ്പോള്‍ നിരീക്ഷിക്കപ്പെടാത്ത വൃക്ഷം അയാള്‍ക്ക് വേണ്ടി ഒരു ശബ്ദം ഉണ്ടാക്കാറുണ്ടെന്ന് തത്ത്വചിന്തയുടെ ഒരു പ്രാചീന യതി പറയുന്നു. ശബ്ദം കേള്‍ക്കുമ്പോള്‍ നിരീക്ഷകന്‍ ആ വൃക്ഷത്തെ ശ്രദ്ധിക്കുന്നു.
- മരണവും പ്രേമവും ഇടപ്പള്ളിക്ക് രണ്ട് നല്ല സഹോദരികളായിരുന്നു. കാലബോധം കവിയുടെ അബോധത്തില്‍ നിമഗ്നമാണ്.
- ഓരോ വസ്തുവും തീനാളം പോലെ ക്ഷണത്തില്‍ നശിക്കുകയും നിരന്തരം പുതുതായി ജനിക്കുകയും ചെയ്യുന്നു.
- കലാകാരന്‍ ചിലപ്പോഴെങ്കിലും ഒരു അത്ഭുതഭ്രാന്തനാണ്.
- യന്ത്രഘടികാരങ്ങളുടെ ദുഃസ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കാനാണ് പുതിയ നോവലിസ്റ്റ് ശ്രമിക്കുന്നത്.
- യന്ത്രയുഗത്തിലെ മനുഷ്യന്‍ അനുഭവിക്കുന്നത് നിത്യതയുടെ നഷ്ടമാണ്.
- എല്ലാ വസ്തുക്കള്‍ക്കും ബുദ്ധപ്രകൃതിയുണ്ട്.
- മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന കഠിനമായ ദുഃഖം എന്താണ്? കാര്യങ്ങളെ സാമ്പ്രദായിക രീതിയില്‍ മാത്രമേ നമുക്ക് അനുഭവിക്കാന്‍ കഴിയൂ എന്നതാണ് ആ ദുഃഖം.
- ഈ ലോകം മരണവും സംഭ്രാന്തിയും കൊണ്ടുനിറഞ്ഞതാണ്.
വായന
ദേശമംഗലം രാമകൃഷ്ണന്റെ ‘ഒടുവിലത്തെ വീട്ടില്‍’ (ഭാഷാപോഷിണി) എന്ന കവിത തപ്തമാണ്. വീടിനെക്കുറിച്ച് കവി ഓരോന്ന് ചിന്തിച്ച് വ്യഥിതനാവുന്നു. ദീനങ്ങളാല്‍, പ്രണയങ്ങളാല്‍ മുഷിയുമ്പോള്‍ ആശ്രയമാകുന്ന ഇടമാണ് വീട് എന്ന് അദ്ദേഹം കണ്ടെത്തുന്നു. യഥാര്‍ത്ഥ ദൈവം വീട്ടിലേ ഉള്ളു എന്ന് പറഞ്ഞാലും തെറ്റാകില്ല. വ്യാജമായ ബിംബങ്ങളും നോട്ടങ്ങളുമാണ് ലോകത്തെ നിറയ്ക്കുന്നത്. ചിന്തകളാല്‍ നമ്മള്‍ നമുക്കുതന്നെ അപരിചിതനാകുന്നു. അത് അങ്ങനെയല്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ വീട്ടിലെ മുഖങ്ങള്‍ക്കേ കഴിയൂ.
ഒരു മനുഷ്യനായി ജീവിച്ചിരിക്കുന്നതിന്റെ സത്യാത്മകവും ജൈവവുമായ വേദനയാണ് ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി എഴുതിയ ‘നോയമ്പു വീടല്‍’ (കേസരി) എന്ന കവിതയിലുള്ളത്. കൊല്ലാനായി കൊണ്ടുപോകുന്ന ആടുകളെപ്പറ്റിയാണ് അദ്ദേഹം എഴുതുന്നത്. എല്ലാം മനസ്സിലാകുന്ന ഗണിതശാസ്ത്രജ്ഞരായ മനുഷ്യര്‍ക്ക് മിണ്ടാപ്രാണികള്‍ മരണത്തെ സമീപിക്കുന്നതിലെ നിസ്സഹായത ഉള്‍ക്കൊള്ളാനാവുന്നില്ല. ആടുകളെ കൊന്ന് ഭക്ഷിച്ച് ചിന്താരഹിതനായി എഴുന്നേല്‍ക്കുന്നവന്റെ മനസ്സിലേക്ക് ദൈവം എങ്ങനെയാണ് വരേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.
വള്ളികുന്നം രാജേന്ദ്രന്റെ കഥയിലെ (മഞ്ഞച്ചരട്, ആശ്രയ മാതൃനാട്) പ്രണയം വിവാഹബന്ധത്തില്‍ നിന്ന് പുറത്തുകടന്നു വരുകയാണ്. ഇത് ഒരദ്ധ്യാപികയുടേതാണ്. അവള്‍ കവിതയിലൂടെ, സാഹിത്യത്തിലൂടെ തന്റെ ഇണയെ തിരയുന്നു.
തെയ്യം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോള്‍ ഒരു കാടിനെയും ഉടലില്‍ പേറുന്നുണ്ടെന്ന വി.കെ. അനില്‍കുമാറിന്റെ ലേഖനത്തിലെ വാക്യം (പച്ചക്കുതിര) അര്‍ത്ഥസാന്ദ്രമാണ്. തെയ്യങ്ങള്‍ മാത്രമല്ല, കലാകാരന്മാരും എഴുത്തുകാരും അങ്ങനെയാണ്. അവര്‍ ഒറ്റയ്ക്ക് ആയിരിക്കരുത്; കൂടെ പൂര്‍വ്വകാലങ്ങള്‍ നൃത്തം ചെയ്യാനുണ്ടാകണം. ചിലിയന്‍ കവി നെരൂദ ഇത് പറഞ്ഞിട്ടുണ്ട്.
വി.രാജകൃഷ്ണന്റെ ‘ചെറുകഥയുടെ രാഗതാളങ്ങള്‍’ എന്ന പുസ്തകത്തെപ്പറ്റി ഡോ.ആര്‍.ബി.ശ്രീകല എഴുതിയ ലേഖന(ഗ്രന്ഥാലോകം)ത്തില്‍ ഗ്രന്ഥകാരന്റെ ഒരു വാക്യം ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: ”ശൂര്‍പ്പണഖയുടെ അവസ്ഥയുടെ ചിത്രീകരണം കഥയില്‍ ഒരു കീഴാള സംസ്‌കാരത്തിന്റെ മേല്‍ വന്നുപെട്ട ഭീഷണിയുടെയും ആ സംസ്‌കാരത്തിനു തടമൊരുക്കിയ വനപ്രകൃതിക്ക് സംഭവിച്ച നാശത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ട് കിടപ്പാണ്.” ഇവിടെ രാജകൃഷ്ണന്‍ ഉപയോഗിക്കുന്ന ‘മേല്‍ വന്നുപെട്ട’, ‘ബന്ധപ്പെട്ട് കിടപ്പാണ്’ തുടങ്ങിയ പ്രയോഗങ്ങള്‍ ലൈംഗിക ദുസ്സൂചനകള്‍ അടങ്ങിയതാണെന്ന് സംശയിച്ചുകൂടെ? രാജകൃഷ്ണന്റെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന കഥകള്‍ വേറൊരു കാലഘട്ടത്തിലെ, വേറൊരു ഭാവുകത്വ വ്യതിയാനം പേറുന്ന തലത്തിലുള്ളതാണ്. എന്നാല്‍ ആ കഥകളെ നവംസംസ്‌കൃതിയില്‍, പുതിയൊരു ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നതാണ് ഉയരാവുന്ന കാതലായ ചോദ്യം.
ഡോ.മിനി ആലീസ് എഴുതിയ ലേഖനത്തില്‍ (ആറ്റൂര്‍ കവിതകളിലെ സ്ത്രീ: കരുത്തുറ്റ സംക്രമണം, സാഹിത്യലോകം) അടുക്കളയിലെ ബിംബങ്ങള്‍ ഉപയോഗിച്ച് ആറ്റൂര്‍ സ്ത്രീയുടെ നൂറ്റാണ്ടുകളുടെ സഹനത്തെ ആവിഷ്‌കരിക്കുന്നതായി അറിയിക്കുന്നു. കുറ്റിച്ചൂല്, കഞ്ഞിപ്പാത്രം തുടങ്ങിയ വാക്കുകള്‍ കണ്ടിട്ടാണ് ലേഖിക ഇങ്ങനെ ആവേശം കൊള്ളുന്നത്. വാക്കുകള്‍ പ്രയോഗിച്ചു കണ്ടാല്‍ ഉടനെ അത് നൂറ്റാണ്ടുകളുടെ വര്‍ത്തമാനമാണെന്ന് പറയുന്നത് ശരിയല്ല. ജര്‍മ്മന്‍ ചിന്തകനായ റയോള്‍ ഇഷെല്‍മാന്‍ അവതരിപ്പിച്ച ‘പെര്‍ഫോമാറ്റിസം’ ഉണ്ട്. കവിതയിലായാലും സാഹിത്യത്തിലായാലും പെര്‍ഫോമന്‍സ് വേണം. അതായത് അനുവാചകന്റെ മനസ്സില്‍ ‘ഒരാവിഷ്‌കാരം ഉണ്ടായിത്തീരാനുള്ള ഇടം കവിതയില്‍ വേണം. വെറും വാക്കുകള്‍ പോരാ. ഭാവനയുടെ ഇടം വായനക്കാരന്റെ മനസ്സിലുണ്ടാക്കണം. ആറ്റൂരിന്റെ കവിതകള്‍ ഈ ഇടം റദ്ദ് ചെയ്യുന്നതായാണ് തോന്നിയിട്ടുള്ളത്.
നുറുങ്ങുകള്‍
- യേശുദാസിന്റെ എണ്‍പതുവയസ്സിനു സൗന്ദര്യമുണ്ട്. ഒരാളുടെ കഠിനാദ്ധ്വാനത്തിന്റെയും ജ്ഞാനത്തിന്റെയും സൗന്ദര്യം. സൗന്ദര്യത്തേക്കാള്‍ സൗന്ദര്യം ഇവിടെ സൗന്ദര്യബോധത്തിനാണ്.
- മാതൃഭൂമി ആഴ്ചപ്പതിപ്പ് യേശുദാസിന്റെ എണ്‍പതാം പിറന്നാളിനു ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചു. യേശുദാസിനു ഇനി ഇതിന്റെ ആവശ്യമില്ലെങ്കിലും നമുക്ക് വേണം. എന്നാല്‍ ആ പതിപ്പിന്റെ ഒടുവില്‍ ആഴ്ചപ്പതിപ്പിന്റെ ചുമതലയുള്ള സുഭാഷ് ചന്ദ്രന്‍ ആ മഹാഗായകനോടൊപ്പം പോസ് ചെയ്യുന്ന ഒരു ഫോട്ടോ കൊടുത്തത് എന്തിനാണെന്ന് വ്യക്തമായില്ല. ഇതിനെ അപക്വത എന്ന് വിളിക്കാം. സ്വന്തം വൈകാരികദുര്‍ബ്ബലതകള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്വന്തം വാരികതന്നെ തിരഞ്ഞെടുക്കുന്നതിലാണ് അഭംഗി. ആ ഫോട്ടോക്ക് ഒരു പ്രസക്തിയുമില്ല.
- ‘ആടുജീവിതം’ കൂടുതല്‍ കോപ്പി വിറ്റഴിഞ്ഞതുകൊണ്ട് ഒരു മികച്ച നോവലാകുന്നില്ല. അത് ഒരു വിവരണം മാത്രമാണ്. ആ നോവലില്‍ അതെഴുതിയ ആളിനെ കാണാനില്ല.