കോഴിക്കോട്: സത്യാന്വേഷണമാണ് ആദ്ധ്യാത്മികതയെന്നും അത് ശാസ്ത്രത്തിന്റെ വഴിയിലൂടെ കണ്ടെത്തുകയാണ് ഭാരതീയര്‍ ചെയ്തതെന്നും ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു.
നവരാത്രി സര്‍ഗോത്സവത്തില്‍ സര്‍ഗസംവാദത്തില്‍ ‘ഭാരത രാഷ്ട്രത്തിന്റെ ആദ്ധ്യാത്മിക അസ്തിത്വം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിലേക്കുള്ള യാത്ര ഏകത്വബോധമുളവാക്കുന്നു. പലതായി കാണുന്നത് ഏകമാണെന്ന തിരിച്ചറിവാണിത്. നാമ രൂപങ്ങളില്‍ മാത്രമാണ് വ്യത്യാസമെന്നും സത്ചിത്ത്ആനന്ദം എന്നിവ ഒന്നാണെന്നും മനസ്സിലാക്കാനാവുന്നു. ഞാനും പ്രപഞ്ചവും ഒന്നാണെന്ന അദ്വൈതബോധത്തിന്റെ തിരിച്ചറിവാണിത്. ഭാരതം 51 ശക്തികളെ ആവാഹിച്ചിരുത്തിയ ശക്തിപീഠമാണ്.
അത് ഭൂവിഭാഗം മാത്രമല്ല. സാധക ശരീരമാണ്. രാഷ്ട്ര ശരീരവും പൗരശരീരവും ഒന്നാണെന്ന ബോധമുണരുന്നു. ഭാരതം ശക്തിപീഠവും ജ്ഞാനപീഠവും മുക്തിപീഠവുമാണ്. മുക്തിയെന്നത് സ്വാതന്ത്ര്യവും മോക്ഷവുമാണ് അദ്ദേഹം പറഞ്ഞു.
















