കോഴിക്കോട്: അഖണ്ഡഭാരതം രൂപപ്പെട്ടത് തീര്‍ത്ഥാടനത്തിലൂടെയാണെന്നും തീര്‍ത്ഥാടനമാണ് രാഷ്ട്രത്തെ ഏകോപിപ്പിച്ച് നിര്‍ത്തിയതെന്നും ബാലഗോകുലം സംസ്ഥാന സമിതി അംഗം കെ.സി. വിനയരാജ്. കേസരി നവരാത്രി സര്‍ഗോത്സവത്തില്‍ ‘അഖണ്ഡ രാഷ്ട്ര സങ്കല്പത്തില്‍ തീര്‍ത്ഥാടന സംസ്‌കാരത്തിന്റെ പ്രസക്തി’ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടനമാണോ രാഷ്ട്രമാണോ ആദ്യം ഉണ്ടായിരുന്നത് എന്ന് വേര്‍തിരിച്ചു പറയാന്‍ കഴിയാത്ത വിധം തീര്‍ത്ഥാടനവും രാഷ്ട്രവും അവിഭാജ്യമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഭാരതം എന്ന രാഷ്ട്രം ഋഷീശ്വരന്മാരുടെ ചിന്തയില്‍ നിന്നും സങ്കല്പത്തില്‍ നിന്നും രൂപപ്പെട്ടതാണ്. അതിനാല്‍ ഭാരതത്തിന്റെ ഭൂപ്രദേശം മൊത്തത്തില്‍ തീര്‍ത്ഥാടന കേന്ദ്രമായാണ് അറിയപ്പെടുന്നതും സമൂഹത്തിന് അനുഭവപ്പെട്ടതും. ഭാരതത്തിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ പ്രത്യേകത ആധ്യാത്മിക സാക്ഷാത്കാരത്തിന് വേണ്ടി സമൂഹം തീര്‍ത്ഥ കേന്ദ്രങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചു എന്നുള്ളതാണ്. അങ്ങനെയൊരു സാമൂഹിക ജീവിതക്രമം രൂപപ്പെട്ട ഏക സമൂഹം ഭാരതം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
















