കോഴിക്കോട്: രാഷ്ട്രമുണ്ടാകുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണെന്നുള്ള കാഴ്ച്ചപ്പാടാണ് വേദങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് കുരുക്ഷേത്ര മാനേജിംഗ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. നവരാത്രി സര്‍ഗോത്സവത്തില്‍ വേദങ്ങളിലെ രാഷ്ട്രദര്‍ശനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമാണ് രാഷ്ട്രകാരണമെങ്കില്‍ ലോകത്ത് വിവിധങ്ങളായ ഇസ്ലാമിക രാഷ്ട്രങ്ങളും ക്രിസ്ത്യന്‍ രാഷ്ട്രങ്ങളും ഉണ്ടാകുമായിരുന്നില്ല. ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും ഒരുമിക്കാമായിരുന്നു. സംസ്‌കാരമാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനം. ആ സംസ്‌കാരം അനുസരിച്ച് ജീവിക്കുന്ന ജനതയും അവര്‍ അധിവസിക്കുന്ന ഭൂപ്രദേശവും അതിനെ സംരക്ഷിക്കുന്ന ഭരണവ്യവസ്ഥയും എല്ലാറ്റിനെയും സംരക്ഷിക്കുന്ന ഭരണകൂടവും ഉണ്ടാകണമെന്നാണ് വേദങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















