- വീര വേലായുധന്‍ തമ്പി
- കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)
- ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)
- ജന്മനാടിനുവേണ്ടി രക്തതര്‍പ്പണം (വീര വേലായുധന്‍ തമ്പി 10)
- ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)
- തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)
- മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)
രംഗം-17
(തിരുവിതാംകൂര്‍ രാജകൊട്ടാരം.അസ്വസ്ഥനായി ഉലാത്തുന്ന ബാലരാമവര്‍മ്മ. ഉമ്മിണിത്തമ്പി ഓരോലയും എഴുത്താണിയുമായി ഭവൃതയോടെ നില്‍ക്കുന്നു…)
ഉമ്മിണിത്തമ്പി :- ഇനിയും നാം വൈകിയിട്ടില്ല തമ്പുരാന്‍… ആരുവാമൊഴിക്കോട്ട ഭേദിച്ച് കമ്പനി സൈന്യം ഇങ്ങോട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവരുടെ ലക്ഷ്യം വേലുത്തമ്പിയല്ല… അങ്ങാണ്.. അങ്ങയുടെ സമ്മതമില്ലാതെ ദളവ കമ്പനിക്കെതിരെ പൊരുതില്ലെന്നാണ് കമ്പനിയുടെ ഭാഷ്യം. പൂന്തുറയിലെ കച്ചേരിയില്‍ മെക്കാളെയും സൈന്യവും ഇപ്പോള്‍ എഴുന്നള്ളിയിട്ടുണ്ട് … അങ്ങ് സന്ധിക്കപേക്ഷിച്ചു കൊണ്ട് ഈ നീട്ടില്‍ തുല്യം ചാര്‍ത്തിയാല്‍ അങ്ങേയ്ക്ക് മഹാരാജാവായി ഇനിയും വാഴാം… ഇല്ലെങ്കില്‍
ബാലരാമവര്‍മ്മ :- നമുക്ക് എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ല.. നാഗര്‍കോവിലില്‍ കമ്പനിയുമായി പൊരുതിക്കൊണ്ടിരിക്കുന്ന തമ്പിയോടൊന്ന് ആലോചിക്കാതെ നാം എങ്ങിനെ സന്ധിക്കപേക്ഷിക്കും…
ഉമ്മിണിത്തമ്പി :-തമ്പുരാന്‍ ഇത്രയും ശുദ്ധനായിപ്പോയല്ലോ… വേലുത്തമ്പിയുമായി ചേര്‍ന്ന് കൊച്ചിയില്‍ മെക്കാളെയെ ആക്രമിച്ച പാലിയത്തച്ചന്‍ കൂറുമാറി കമ്പനി സൈന്യത്തിന്റെ വഴികാട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു… ആരുവാമൊഴിയിലെ നമ്മുടെ കോട്ടയില്‍ നിന്നും പിടിച്ചെടുത്ത പീരങ്കി കൊണ്ടാണ് വേലായുധന്‍ തമ്പിയെ ഇപ്പോള്‍ കമ്പനി നേരിടുന്നത്…
ബാലരാമവര്‍മ്മ :- കേള്‍ക്കുന്നതൊക്കെ പരമാര്‍ത്ഥമാണോ ഉമ്മിണിത്തമ്പി…
ഉമ്മിണിത്തമ്പി:-പച്ചപ്പരമാര്‍ത്ഥം.. സന്ധി ചെയ്യാനുള്ള ഈ നീട്ടില്‍ അങ്ങ് തുല്യം ചാര്‍ത്തിയാലും… യുദ്ധമുഖത്ത് വെള്ളക്കൊടികളുയര്‍ത്തി തിരുവിതാംകൂര്‍സേന യുദ്ധമവസാനിപ്പിച്ചതായി അടിയന്‍ മെക്കാളെയെ അറിയിച്ചു കൊള്ളാം…
ബാലരാമവര്‍മ്മ:-(ഉമ്മിണിത്തമ്പിയില്‍ നിന്നും ഓലവാങ്ങി മഹാരാജാവ് മനസില്ലാമനസ്സോടെ തുല്യം ചാര്‍ത്തുന്നു… വിജയസ്മിതത്തോടെ രാജാവിനെ വണങ്ങി പുറത്തേയ്ക്ക് പോകുന്ന ഉമ്മിണിത്തമ്പി) എന്റെ ശ്രീ പത്മനാഭാ… (വെളിച്ചം മങ്ങിത്തെളിയുമ്പോള്‍ മഹാരാജാവ് സിംഹാസനത്തില്‍ തല താങ്ങി ഇരിക്കുന്നു… കൊടുങ്കാറ്റുപോലെ കടന്നുവരുന്ന വേലുത്തമ്പി)
വേലുത്തമ്പി:- മഹാരാജന്‍ അങ്ങ് വിശ്വാസവഞ്ചനയാണ് കാട്ടിയത്… നാഗര്‍കോവിലില്‍ കമ്പനി സേനയുമായി പൊരുതിക്കൊണ്ടിരുന്ന അടിയനോ സേനാധിപനോ പോലുമറിയാതെ മഹാരാജാവ് മെക്കാളെയോട് സന്ധിക്കപേക്ഷിക്കുന്നു… യുദ്ധമുഖത്ത് വെള്ളക്കൊടി ഉയര്‍ത്തി തിരുവിതാംകൂര്‍ സേന കീഴടങ്ങിയതായി പ്രഖ്യാപിക്കുന്നു… ആത്മവിശ്വാസം നഷ്ടപ്പെട്ട് നമ്മുടെ സേന ചിതറിപ്പോയ പഴുതില്‍ വെള്ളപ്പട്ടാളം മുന്നേറിക്കൊണ്ടിരിക്കുകയാണ്… ആരാണിതിനൊക്കെ ഉത്തരവാദി…
ബാലരാമവര്‍മ്മ:-(സങ്കോചത്തോടെ) ഉമ്മിണിത്തമ്പി പറഞ്ഞപ്പോള്‍…
വേലുത്തമ്പി :- ആരാണയാള്‍… തിരുവിതാംകൂര്‍ രാജകൊട്ടാരത്തിന്റെ ഇടനാഴിയില്‍ മെക്കാളെയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്ന കൊടും ചാരന്‍… തലക്കുളത്ത് വേലായുധന്‍ തമ്പി തോല്‍ക്കേണ്ടത് അയാളുടെ ആവശ്യമാണ്… തോല്‍പ്പിക്കപ്പെടുന്നത് തമ്പിയല്ല… ഈ രാജ്യമാണ് മഹാരാജന്‍…
ബാലരാമവര്‍മ്മ:-തമ്പി നമ്മോട് പൊറുക്കണം… ഉദയഗിരി കോട്ടയും പത്മനാഭപുരവും കമ്പനി സേനയുടെ പിടിയിലായെന്നു കേട്ടപ്പോള്‍ നാമൊന്നു പതറിപ്പോയി… കടല്‍മാര്‍ഗ്ഗം പൂന്തുറ എത്തിക്കഴിഞ്ഞ മെക്കാളെ നമ്മെ വിചാരണ ചെയ്ത് ശിക്ഷിച്ചാല്‍…
വേലുത്തമ്പി:-അതിനു നാമിടകൊടുക്കില്ല… കമ്പനിക്കു വേണ്ടത് മഹാരാജാവിനെ അല്ല… ദളവ വേലായുധന്‍ തമ്പിയെ ആണ്… അതുകൊണ്ട് അങ്ങ് നമ്മെ ദളവാസ്ഥാനത്തു നിന്നും പുറത്താക്കിയതായി വിളംബരം ചെയ്ത് കമ്പനിയെ അറിയിച്ചു കൊള്ളു… കമ്പനിയോട് യുദ്ധം പ്രഖ്യാപിച്ചത് ദളവ വേലുത്തമ്പിയുടെ തന്നിഷ്ടപ്രകാരമായിരുന്നു എന്ന് മെക്കാളെയ്ക്ക് ഓല അയച്ചോളു…
ബാലരാമവര്‍മ്മ:-(വിഷമത്തോടെ) തമ്പി…
വേലുത്തമ്പി:-അങ്ങ് അടിയനെ ഓര്‍ത്ത് വിഷമിക്കേണ്ട… ദളവയല്ല… രാജ്യമാണ് പ്രധാനം.. അടിയനെ തള്ളിപ്പറഞ്ഞ് അങ്ങ് തിരുവിതാംകൂറിനെ രക്ഷിക്കൂ…
ബാലരാമവര്‍മ്മ:-തമ്പി സൂക്ഷിക്കണം… അവര്‍ തമ്പിയുടെ തലയ്ക്ക് വില ഇട്ടിരിക്കുകയാണ്…
വേലുത്തമ്പി:- (ചിരിക്കുന്നു) ഹ..ഹ.. ഈ തല ഞാനെന്റെ പെറ്റ നാടിന് നേര്‍ന്നു വച്ചതാണ്. അതുകൊണ്ട് ഈ തല നിലംപതിക്കുവോളം യുദ്ധം തുടരും… അടിയന്‍ ദളവാസ്ഥാനമേ ഉപേക്ഷിച്ചിട്ടുള്ളു… ദേശസ്‌നേഹമുപേക്ഷിച്ചിട്ടില്ല… (ഏതാനും നിമിഷം കഴിഞ്ഞ്) അടിയന് വിട നല്‍കിയാലും മഹാരാജന്‍..
ബാലരാമവര്‍മ്മ :-തമ്പി എവിടേക്ക് പോകുന്നു…
വേലുത്തമ്പി :-പത്മനാഭന്‍ തമ്പിയുമായി കുണ്ടറയ്ക്ക് പോകുന്നു… മാവേലിക്കര, ആലപ്പുഴ, ആര്യങ്കാവ്, പറവൂര്‍ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നമ്മുടെ സൈന്യം ഉറച്ചു നിന്നു പോരാടുകയാണ്.. അവര്‍ തലക്കുളത്ത് വേലുത്തമ്പിയുടെ വാക്കുകളില്‍ വിശ്വസിച്ച് പൊരുതുന്നവരാണ്… അവരോടൊപ്പം അവസാന ശ്വാസം വരെ ഈ വേലുത്തമ്പിയുണ്ടാവും… ഇനി ഒരുപക്ഷെ നമ്മള്‍ കണ്ടെന്നു വരില്ല… അടിയനു വിട നല്‍കിയാലും..
ബാലരാമവര്‍മ്മ :- (വ്യസനത്തോടെ) തമ്പീ…
(തൊഴുകൈയോടെ നില്‍ക്കുന്ന വേലുത്തമ്പി… വിതുമ്പി നില്‍ക്കുന്ന ബാലരാമവര്‍മ്മ… വേദിയില്‍ പ്രകാശം മങ്ങിത്തെളിയുമ്പോള്‍ അലൗകിക പ്രകാശവലയത്തില്‍ നിന്ന് കുണ്ടറ വിളംബരം പുറപ്പെടുവിക്കുന്ന തമ്പി)
വേലുത്തമ്പി :-പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട ഈ പുണ്യ ദേശത്തിന് ധര്‍മ്മ മാര്‍ഗ്ഗത്തില്‍ ഭരിച്ച ചേരമാന്‍ പെരുമാളിന്റെ പാരമ്പര്യമാണുള്ളത്. ഈ മണ്ണില്‍ വണിക്കുകളായി വന്ന് ചതിവില്‍ ആധിപത്യം സ്ഥാപിച്ച സര്‍വ്വ പ്രപഞ്ചത്തിനും ദ്രോഹവും വിശ്വാസ വഞ്ചനയും ചെയ്തു പോരുന്ന മെക്കാളെയോടും ഇംഗ്ലീഷ് കമ്പനിയോടും പോരാടാന്‍ സര്‍വ്വജനങ്ങളോടും നാം ആഹ്വാനം ചെയ്യുന്നു..പൂവോടും നീരോടും കൂടെ ശ്രീവാഴും കോട് നാടിനെ ശ്രീപത്മനാഭനു സമര്‍പ്പിച്ച് പത്മനാഭദാസന്മാരായി ഈശ്വരസേവ, ഭദ്രദീപം, മുറജപം അന്നസത്രം ആദിയായവ നടത്തി ധര്‍മ്മ മാര്‍ഗ്ഗത്തില്‍ നാടുവാണ മഹിത പാരമ്പര്യത്തെ ചതിവില്‍ കീഴടക്കി കോവിലുകളില്‍ കുരിശും കൊടിയും കെട്ടി ഉപ്പു മുതല്‍ സര്‍വ്വസ്വവും കുത്തകയാക്കി നെല്ലിനും തെങ്ങിനും വരെ നികുതി ചുമത്തി, കൊടിയ അധര്‍മ്മങ്ങളെ ചെയ്തു വരുന്ന കമ്പനിയെ കെട്ടുകെട്ടിച്ച് നാടിനെ സ്വതന്ത്രമാക്കാന്‍ ആകുന്നിടത്തോളം യത്‌നിപ്പാന്‍ ഏവരും മുന്നിട്ടിറങ്ങണമെന്ന് തലക്കുളത്ത് വേലായുധന്‍ ചെമ്പകരാമന്‍ തമ്പി വിളംബരം ചെയ്യുന്നു… (വെളിച്ചം മങ്ങുമ്പോള്‍ യുദ്ധകോലാഹലങ്ങള്‍, വെടിയൊച്ചകള്‍, കുതിര ചിനയ്ക്കലുകള്‍ തുടങ്ങിയ ശബ്ദങ്ങള്‍)
രംഗം -18
(പടകുടീരത്തില്‍ ഒരു തോക്കെടുത്ത് പരിശോധിച്ചു കൊണ്ടിരിക്കുന്ന വേലുത്തമ്പി. അവിടേയ്ക്ക് വിഷാദചിത്തനായി കടന്നുവരുന്ന അനുജന്‍ പത്മനാഭന്‍ തമ്പി എന്ന പപ്പുത്തമ്പി)
പപ്പുത്തമ്പി :- വലിയണ്ണാ…
വേലുത്തമ്പി :- (പപ്പുത്തമ്പിയെ ശ്രദ്ധിക്കാതെ തോക്ക് തുടയ്ക്കുന്നത് തുടരുന്നു) ഉം… എന്താണ്..
പപ്പുത്തമ്പി :-നമുക്കെത്രയും വേഗം ഈ താവളം മാറണം വലിയണ്ണാ..
വേലുത്തമ്പി :- (തോക്ക് ഒരു മൂലയില്‍ ചാരിവച്ചുകൊണ്ട് ) എന്താണിപ്പോള്‍ അങ്ങിനെ തോന്നാന്‍
പപ്പുത്തമ്പി :- അണ്ണന്റെ തല എടുക്കുന്നവര്‍ക്ക് മെക്കാളെ അമ്പതിനായിരം പണം ഇനാം പ്രഖ്യാപിച്ചിരിക്കുന്നു… മെക്കാളെയുടെ ചാരന്മാരും ഉമ്മിണിത്തമ്പിയുടെ സൈന്യവും നാലുപാടും ചുറ്റിത്തിരിയുന്നു…
വേലുത്തമ്പി :- (ചിരിക്കുന്നു) ഹ..ഹ.. അതാണോ കാര്യം… തല കളയാന്‍ തയ്യാറുള്ളവര്‍ തല എടുക്കാന്‍ വരട്ടെ…
പപ്പുത്തമ്പി :- കൊച്ചിയിലാണെങ്കില്‍ പാലിയത്തച്ചന്‍ പോരാട്ടമവസാനിപ്പിച്ച് കമ്പനിയുടെ സേവകനായി മാറിയിരിക്കുന്നു. മാത്രമല്ല മലബാറില്‍ നിന്നും വന്ന കേണല്‍ കൂപ്പേജിന്റെ സൈന്യത്തിന് പാലിയത്തച്ചനാണു പോലും വഴികാട്ടി..
വേലുത്തമ്പി :-പാലിയത്തച്ചനില്‍ നിന്നും നാമിതു പ്രതീക്ഷിച്ചില്ല.. അടിമത്തത്തെ അമൃതം പോലെ സ്വീകരിക്കുന്നവനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കാന്‍..
പപ്പുത്തമ്പി :-തിരുവിതാംകൂര്‍ സേനയെ പിരിച്ചുവിട്ട് നാടിന്റെ പ്രതിരോധം തമ്പുരാന്‍ കമ്പനി സൈന്യത്തെ ഏല്‍പ്പിച്ചത്രെ
വേലുത്തമ്പി :-എന്നു വച്ചാല്‍ ഇനി കുറുക്കനാവും കോഴിയുടെ രക്ഷകനെന്നര്‍ത്ഥം..
പപ്പുത്തമ്പി :-അതുകൂടാതെ കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം ഉമ്മിണിത്തമ്പിയെ തിരുവിതാംകൂറിന്റെ പുതിയ ദിവാനായി പൊന്നുതമ്പുരാന്‍ നിയമിച്ചുത്തരവായിരിക്കുന്നു പോലും
വേലുത്തമ്പി :-(പരിഹസിച്ച് ചിരിക്കുന്നു) ഹ..ഹ.. വേലയ്ക്കുള്ള കൂലി തന്നെ.. അയാള്‍ കമ്പനിക്ക് ചെയ്ത സഹായങ്ങള്‍ക്ക് കമ്പനിയുടെ പ്രത്യുപകാരം… അത്രതന്നെ..
പപ്പുത്തമ്പി :-കമ്പനിക്കെതിരെ വേലുത്തമ്പിയോട് ചേര്‍ന്ന് പടപൊരുതിയതാരൊക്കെയെന്ന് പാപ്പനംകോട് പാളയത്തിലെത്തി ബോധിപ്പിക്കുന്നത് ഉമ്മിണിത്തമ്പിയാണെന്നാണ് കേള്‍വി…
വേലുത്തമ്പി :-ഉം.. വേണമല്ലോ… ഉണ്ടചോറിന് നന്ദികാണിക്കാന്‍ കുരച്ചാല്‍ മാത്രം പോര.. ചിലരെ കടിക്കുകയും വേണം… പിറന്ന നാടിനെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് അവന്റെ നാഡീഞരമ്പുകളില്‍ ഓടുന്നത്.. ഇനി പീരങ്കി മുഖപ്പില്‍ കെട്ടേണ്ടവരാരൊക്കെ, തല വെട്ടേണ്ടവരാരൊക്കെ, കഴുവേറ്റേണ്ടവരാരൊക്കെ, വസ്തുവകകള്‍ കണ്ടു കെട്ടി കാരാഗൃഹത്തില്‍ അടയ്‌ക്കേണ്ടവരാരൊക്കെയെന്ന് വെള്ളക്കാര്‍ക്ക് ബോധ്യം വരുത്തി കൊടുക്കുന്നതും ആ ഉമ്മിണിത്തമ്പിയായിരിക്കും.. സാരമില്ല… ഒരിക്കല്‍ എന്റെ ഉടവാളിന്റെ കൈയകലത്തില്‍ ആ രാജ്യദ്രോഹി എത്തും… ഇല്ലെങ്കില്‍ ചാമുണ്ഡിത്തായ് ഭരദേവത എത്തിക്കും…
അതിരിക്കട്ടെ ആളും അര്‍ത്ഥവും ശേഖരിക്കാന്‍ നാമയച്ച വൈക്കം പത്മനാഭപിള്ളയുടെയും കുതിരപ്പക്ഷിയുടെയും വിവരമെന്തെങ്കിലും ലഭിച്ചോ….
പപ്പുത്തമ്പി :- അത്… (പരുങ്ങുന്നു)
വേലുത്തമ്പി :- പപ്പുത്തമ്പിയെന്താണ് നമ്മില്‍ നിന്നും മറച്ചുവയ്ക്കുന്നത്…
പപ്പുത്തമ്പി :-വല്ല്യണ്ണന് വിഷമമാകേണ്ടന്നു കരുതി ഞാന്‍ പറയാഞ്ഞതാണ്… ഇന്നലെ രാത്രി കീഴ്മലനാട്ടില്‍ വച്ച് തെക്കുംചേരിപ്പണിക്കരുടെ ആള്‍ക്കാര്‍ അയ്യായിരം രൂപ കൈപ്പറ്റി വൈക്കം പത്മനാഭപിള്ളയെ വെള്ളപ്പട്ടാളത്തിന് ഒറ്റുകൊടുത്തു…
വേലുത്തമ്പി :- (വിഷമത്തോടെ നെഞ്ചിലടിച്ച്) എന്റെ ശ്രീപത്മനാഭാ ചതിച്ചോ…… എന്റെ… എന്റെ വലം കൈ നഷ്ടമായല്ലോ ദൈവങ്ങളേ… (രണ്ട് ചുവട് നടന്ന്) അപ്പോള്‍ ഇനി അന്തിമയുദ്ധത്തിന്റെ സമയമായീന്നര്‍ത്ഥം… അതിനു മുമ്പ് കിളിമാനൂര്‍ കൊട്ടാരത്തിലൊന്ന് പോകണം. എന്നും നമുക്ക് സഹായമായി നിന്ന അണിമംഗലത്ത് നമ്പൂതിരിപ്പാടിനെക്കണ്ട് ശ്രീപത്മനാഭന്റെ ഈ മുദ്രവാള്‍ ഭദ്രമായേല്‍പ്പിക്കണം… (നെടുവീര്‍പ്പിട്ടു കൊണ്ട്) എന്തെങ്കിലും രുചിയോടെ കഴിച്ചിട്ട് നാളുകളായി… ഇന്ന് അത്താഴമവിടുന്നാക്കാം… (പപ്പുത്തമ്പിയെ നോക്കുന്നു)
പപ്പുത്തമ്പി :- (ദുഃഖം മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് ) അങ്ങനെയാവാം…
വേലുത്തമ്പി :- നാളെ ഏഴര വെളുപ്പിന് തിരിക്കണം… മണ്ണടിയില്‍ പതിനെട്ട് ദേശങ്ങളുടെ ആധിപത്യമുള്ള വഞ്ഞിപ്പുഴത്തമ്പുരാന്റെ കളരിയില്‍ നായര്‍ പടയാളികളുണ്ട്… അവസാന ശ്രമത്തില്‍ അവരുടെ സഹായവും തേടാം…
പപ്പുത്തമ്പി :-നാളെ മണ്ണടിക്കാവില്‍ കുംഭമാസത്തിലെ ഉച്ചബലിയാണ്…
വേലുത്തമ്പി :- ഉം.. അറിയാം…ചൊവ്വ ഉച്ചത്തില്‍ നില്‍ക്കുന്ന സമയം… മണ്ണടിക്കാവില്‍ കാളിയൂട്ടും ഗുരുതിയും നടക്കുന്ന നേരം… തുടങ്ങാനും ഒടുങ്ങാനും പറ്റിയ മുഹൂര്‍ത്തം… എല്ലാം അമ്മ തീരുമാനിക്കട്ടെ… ഉച്ചബലി തൊഴുത് വെളിച്ചപ്പാട് കാമ്പിത്താനെ കണ്ട് അനുഗ്രഹം തേടാം… ഇനിയുള്ള യുദ്ധം രണചണ്ഡികയുടെ അനുഗ്രഹത്തോടെയാവട്ടെ… എന്റെ ചാമുണ്ഡിത്തായ് ഭരദേവതേ… അടിയന്റെ ഉടവാളില്‍ കുടിയിരിക്കണേ…. (വേദിയിലെ ചുവന്ന പ്രകാശവലയത്തില്‍ വേലുത്തമ്പി. മെല്ലെവേദിയില്‍ഇരുട്ട് പരക്കുന്നു. ഉയര്‍ന്നു കേള്‍ക്കുന്ന ചെണ്ടമേളവും ആര്‍പ്പുവിളികളും… വെളിച്ചം വരുമ്പോള്‍ മണ്ണടിക്കാവിന്റെ നടയില്‍ വേലുത്തമ്പി പടവാള്‍ സമര്‍പ്പിച്ച് തൊഴുതു നില്‍ക്കുന്നു… നാന്തക വാളുമായി തുള്ളി ഉറഞ്ഞെത്തുന്ന കാമ്പിത്താനില്‍ നിന്ന് അനുഗ്രഹം തേടുന്ന വേലുത്തമ്പി)
കാമ്പിത്താന്‍:- (സ്വയം വെട്ടി ശിരസ്സു പിളര്‍ക്കുന്നു) ഉം… ഉണ്ണികള്‍ വന്നതു നന്നായി… അമ്മ പടനിലത്ത് കൂടെ ഉണ്ടാകും… എട്ടു ദിക്കിലും പേരുംപുകളും പെരുകിയാലും.. മുന്നിലും പിന്നിലും കണ്ണുണ്ടാവണം… ഉം… കടല്‍ കടന്നു വന്നവന്‍ നാടു നേടുന്ന കാലമാണ്… ഉണ്ണികള്‍ കരുതി നടക്കണം..അരികളടുത്തുണ്ടെന്നു നിനവു വേണം.. പടനിലത്ത് പേരും പെരുമയുമേറ്റി ഉണ്ണി കീര്‍ത്തിമാനാകട്ടെ… മണ്ണടിക്കാവിലമ്മ കൂടെയുണ്ടാവും… ഉം… (വെളിച്ചപ്പാട് വേലുത്തമ്പിയുടെ ശിരസ്സില്‍ അരിയും പൂവുമെറിഞ്ഞ് വലംവച്ച് നിഷ്‌ക്രമിക്കുന്നു.. വേലുത്തമ്പി സോപാനത്തു സമര്‍പ്പിച്ചിരുന്ന പടവാള്‍ തൊട്ടു വന്ദിച്ച് കൈയിലെടുത്തതും… പപ്പുത്തമ്പി പുറത്തു നിന്നും കിതച്ചു കൊണ്ട് ഓടി വരുന്നു…)
പപ്പുത്തമ്പി :-വലിയണ്ണാ… ചതി… ചതി..ഉമ്മിണിത്തമ്പിയും ഇംഗ്ലീഷ്പടയും നമ്മെത്തേടി വരുന്നു… (പശ്ചാത്തലത്തില്‍ അടുത്തു വരുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവം, ആക്രോശം, വെടിയൊച്ചകള്‍)
വേലുത്തമ്പി:-(ഉടവാള്‍ ഊരി യുദ്ധസജ്ജനായിക്കൊണ്ട്) വരട്ടെടാ… വരട്ടെ… വേണാട്ടു വീരന്മാരുടെ പോരാട്ട പാരമ്പര്യമെന്തെന്ന് ആ വെള്ളപ്പട കാണട്ടെ… പാത്തും പതുങ്ങിയും പിന്‍ വെട്ട് വെട്ടിയും ഒറ്റുകൊടുത്തും നേടിയതല്ല തിരുവിതാംകൂര്‍ വീരന്മാരുടെ യുദ്ധവിജയങ്ങളെന്ന് ആ വെളുത്ത പിശാചുക്കള്‍ക്ക് നമുക്ക് കാട്ടിക്കൊടുക്കാം.. തലക്കുളത്ത് വലിയ വീട്ടിലെ ധന്യ ജനനി വളളിയമ്മപ്പിള്ളത്തങ്കച്ചി നേര്‍പെറ്റ വീര സന്താനത്തിന്റെ പോര്‍ നിലത്തിലെ വീര്യമെന്തെന്ന് കാലം കണ്‍കുളിര്‍ക്കെ കാണട്ടെ… (ഉമ്മിണിത്തമ്പി ഊരിപ്പിടിച്ച വാളുമായി കടന്നുവരുന്നു)
ഉമ്മിണിത്തമ്പി :-വേലായുധന്‍ തമ്പി… ആയുധം താഴെ വച്ച് കീഴടങ്ങുന്നതാണ് നല്ലത്..
വേലുത്തമ്പി :-വെള്ളക്കാരന്റെ എച്ചില്‍ തിന്നുകൊഴുത്ത് പെറ്റ നാടിനെ ഒറ്റിയ നായെ… ഉയിരുവേണമെങ്കില്‍ കടന്നുപോ എന്റെ മുന്നില്‍ നിന്ന്… (തലങ്ങും വിലങ്ങും വെട്ടുന്നു… ഉമ്മിണിത്തമ്പി പ്രതിരോധിക്കുന്നു. പപ്പുത്തമ്പി ഉടവാള്‍ ഊരിയെങ്കിലും വേലുത്തമ്പി കരചലനം കൊണ്ട് തടയുന്നു)
ഉമ്മിണിത്തമ്പി :- കമ്പനിപ്പട പിന്നാലെ ഉണ്ട്…. ചെറുത്തു നില്‍ക്കാതെ കീഴടങ്ങുന്നതാണ് നല്ലത്… ഇല്ലെങ്കില്‍ പീരങ്കി വെടി കൊണ്ട് വെള്ളപ്പട ക്ഷേത്രം തകര്‍ക്കും…
വേലുത്തമ്പി :- വെള്ളപ്പടയ്ക്കു വഴികാട്ടിയായി മുന്നില്‍ നടക്കുന്ന വേട്ടനായേ… നികൃഷ്ട ജന്മമേ… നെഞ്ചുറപ്പുള്ളവന്റെ മുന്നില്‍ തോക്കുകള്‍ തോറ്റുപോകുന്നതെങ്ങനെയെന്നു കണ്ടോളു… (ഇരുവരും പൊരിഞ്ഞ യുദ്ധത്തിലേക്ക് കടക്കുന്നു… ഉമ്മിണിത്തമ്പിയ്ക്ക് തോളില്‍ മുറിവേല്‍ക്കുന്നു… ഒരു നിമിഷം പതറിപ്പോയ അയാള്‍ വീണ്ടും പൊരുതാന്‍ ആരംഭിക്കുന്നു… അടുത്ത നീക്കത്തില്‍ വേലുത്തമ്പി അയാളെ നിരായുധനാക്കുന്നു…) നിന്നെപ്പോലെ നീച ജന്മത്തിന്റെ ചോര കൊണ്ട് മലിനമാക്കാനുള്ളതല്ല ചാമുണ്ഡിത്തായ് ഭരദേവത കുടിയിരിക്കുന്ന എന്റെയീ പടവാള്‍… (വേലുത്തമ്പി ഉമ്മിണിത്തമ്പിയെ നെഞ്ചില്‍ ചവിട്ടി വീഴിക്കുന്നു… കഴുത്തില്‍ വാള്‍മുന വച്ചുകൊണ്ട് വേലുത്തമ്പി) പോയിപ്പറ നിന്റെ കമ്പനി യജമാനന്മാരോട്… വേലായുധന്‍ ചെമ്പകരാമന്‍ തമ്പിയെ പൊരുതി തോല്‍പ്പിക്കാന്‍ ആണായി പിറന്നവരീ ഭൂമിമലയാളത്തിലില്ലെന്ന്… കടല്‍ താണ്ടിവന്ന വെള്ളപ്പരിഷകള്‍ക്ക് തലക്കുളത്ത് വേലായുധന്‍ തമ്പിയെ ഉയിരോടെ പിടിക്കാന്‍ കഴിയില്ലെന്നു കൂടിപ്പറഞ്ഞേക്ക്.. (വാള്‍ കഴുത്തില്‍ നിന്ന് വലിച്ചെടുത്തുകൊണ്ട് വേലുത്തമ്പി അലറുന്നു..) ഉയിരുവേണമെങ്കില്‍ കടന്നുപോ എന്റെ മുന്നില്‍ നിന്ന്… (ഉമ്മിണിത്തമ്പി എഴുന്നേറ്റ് വേച്ച് വേച്ച് പുറത്തേയ്ക്ക് പോകുന്നു)
പപ്പുത്തമ്പി :-(കണ്ണീരണിഞ്ഞ മുഖത്തോടെ) വലിയണ്ണാ..
വേലുത്തമ്പി :-കരഞ്ഞു കളയാനുള്ള സമയമല്ലിത്..ശത്രുപ്പട കടന്നുവരും മുന്നേ നാലമ്പലത്തിന്റെ കവാടങ്ങള്‍ ബന്ധിക്കൂ… (പപ്പുത്തമ്പി പുറത്തേയ്ക്ക് ഓടുന്നു .. വാതില്‍ വലിച്ചടച്ച് അയാള്‍ മടങ്ങിവരുന്നു)
പപ്പുത്തമ്പി :-വലിയണ്ണാ.. നാലു ചുറ്റും വെള്ളപ്പട നിരന്നു കഴിഞ്ഞു…
വേലുത്തമ്പി :-(പുഞ്ചിരിതൂകിക്കൊണ്ട്) അനുജാ… മരണത്തെ ഭയമുണ്ടോ നിനക്ക്…
പപ്പുത്തമ്പി :-ഇല്ലണ്ണാ…
വേലുത്തമ്പി :-ഭയക്കാന്‍ പാടില്ല… ഭയന്നാല്‍ നമ്മുടെ അമ്മയ്ക്കത് മാനക്കേടാവും.. ചരിത്രം നാളെ അവരെ വീരജനനി എന്നു വിളിക്കണമെങ്കില്‍ നാം മരണത്തിന്റെ മുഖത്തു നോക്കി പുഞ്ചിരിക്കണം… തായ് നാടിന്റെ മോചനത്തിനുവേണ്ടി പൊരുതി മരിച്ചവര്‍ എന്ന് ചരിത്രം നാളെ നമ്മെ വിളിക്കും… പടക്കളത്തില്‍ പൊരുതി ജയിക്കാനോ വീരചരമം വരിക്കാനോ മോഹിച്ചവനാണ് ഈ തലക്കുളത്ത് വേലുത്തമ്പി… പക്ഷെ ഇനി അതിനു കഴിയുമെന്ന് തോന്നുന്നില്ല… വെള്ളക്കാരന്റെ തടവറയിലോ തൂക്കുമരത്തിലോ കിടന്ന് പ്രാണന്‍ പോയാല്‍ ഈ വലിയണ്ണന് വീര സ്വര്‍ഗ്ഗം കിട്ടില്ല പപ്പുത്തമ്പി … അതുകൊണ്ട് കവാടം തകര്‍ത്ത് വെള്ളപ്പട എത്തും മുന്നെ ഈ ഉടവാള്‍ കൊണ്ട് എന്റെ ഉയിരെടുക്ക് തമ്പി…. ഉയിരെടുക്ക്… (വേലുത്തമ്പി ഉടവാള്‍ പപ്പുത്തമ്പിയുടെ കൈയില്‍ വച്ചു കൊടുക്കുന്നു…)
പപ്പുത്തമ്പി :-(ഉടവാള്‍ കൈയിലിരുന്ന് വിറയ്ക്കുന്നു) എനിക്കാവില്ലണ്ണാ.. എന്റെ അണ്ണന്റെ കഴുത്തറുക്കാന്‍ ഈ കൈകള്‍ക്കാവതില്ലണ്ണാ… ആവതില്ലാ.. (അയാള്‍ തേങ്ങിക്കരഞ്ഞ് ജ്യേഷ്ഠന്റ മുന്നില്‍ മുട്ടുകുത്തുന്നു… ഇതിനിടയില്‍ വാതില്‍ പൊളിക്കുന്നതിന്റെ ശബ്ദം … ആക്രോശങ്ങള്‍)
വേലുത്തമ്പി :-വളളിയമ്മപ്പിള്ളത്തങ്കച്ചിയുടെ ഉദരത്തില്‍ പിറന്നവന് ചേര്‍ന്നതല്ല ഈ ഭീരുത്വം… എന്നാല്‍ കണ്ടു കൊള്ളു… പെറ്റ നാടിന്റെ മാനം കാക്കാന്‍ തലക്കുളത്ത് വേലുത്തമ്പി ചോര ചിന്തുന്നതെങ്ങനെയെന്ന്… (അരയില്‍ നിന്നും കഠാര വലിച്ചൂരുന്നു) വിഷം പുരട്ടിയ ഈ കഠാര ശത്രുക്കള്‍ക്ക് വേണ്ടി കരുതിയതാണെങ്കിലും ഇപ്പോളത് നമുക്കുപകാരപ്പെട്ടു…. എന്റെ ചാമുണ്ഡിത്തായ് ഭരദേവതേ … ഇതാ.. ഇതാ.. എന്റെ രക്തതര്‍പ്പണം… സ്വീകരിച്ചാലും (വേലുത്തമ്പി കഠാര സ്വന്തം നെഞ്ചില്‍ കുത്തി ഇറക്കിപ്പിടഞ്ഞു വീഴുന്നു…)
പപ്പുത്തമ്പി :- (നിലവിളിച്ചു കൊണ്ട് ജ്യേഷ്ഠനെ താങ്ങിപ്പിടിക്കുന്നു…) വലിയണ്ണാ… (വലിയണ്ണാ എന്ന വിളി മാറ്റൊലിക്കൊള്ളുന്നു. വേദിയിലെ ചുവപ്പ് പ്രകാശം ഇരുട്ടിന് വഴിമാറുന്നു … വേദിയില്‍ പ്രകാശം വരുമ്പോള്‍ വേലുത്തമ്പിയുടെ പൂര്‍ണ്ണകായ ശില്‍പ്പത്തിനു മുന്നില്‍ നൃത്തസംഘം)
(അവസാനിച്ചു)






















