ഒരു പനിനീര്‍ പൂ വിരിഞ്ഞ് സൗരഭ്യം പടര്‍ത്തിയ ശേഷം തണ്ടില്‍ നിന്നും അടര്‍ന്നു വീഴുന്ന ലാഘവത്തോടെ സ്വന്തം ജീവിതം കൊഴിഞ്ഞു പോകുമ്പോള്‍ ഗീതാകാരന്‍ പറഞ്ഞ പോലെ തന്നിലെ ആത്മാവ് പരമാത്മ ചൈതന്യത്തിലേക്ക് വിലയം പ്രാപിക്കുന്നു എന്ന് ഉറച്ചു വിശ്വസിച്ച് ഇനി എനിക്കു വേണ്ടി ഒന്നും ചെയ്യേണ്ട എന്ന് കരുതുകയും പറയുകയും ചെയ്തയാളായിരുന്നു ഇയ്യിടെ കോഴിക്കോട് കുതിരവട്ടത്ത് അന്തരിച്ച പ്രശസ്ത നെഞ്ച് രോഗ വിദഗ്ദ്ധനായിരുന്ന ഡോ.വി.കെ. ശ്രീനിവാസന്‍. പാപ്പരായി ജനിച്ച താന്‍ പാപ്പരായി തന്നെ മരിക്കണം എന്ന് പറയാറുള്ള അദ്ദേഹം തന്റെ സമ്പാദ്യങ്ങളില്‍ ഏറെയും ദാനധര്‍മ്മങ്ങള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമാണ് ചിലവഴിച്ചത്. ഇടത് കൈ കൊടുക്കുന്നത് വലതുകൈ അറിയരുത് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് താന്‍ ചെയ്ത സേവനങ്ങളൊന്നും അദ്ദേഹം ആരെയും അറിയിച്ചിരുന്നതേയില്ല.
1935-ല്‍ തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം വളരെ കഷ്ടതയനുഭവിച്ചാണ് പഠിച്ചത്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്ന് ബി.എസ്.സിക്ക് ഒന്നാം റാങ്കില്‍ വിജയിച്ചപ്പോള്‍, തുടര്‍ന്നു പഠിക്കാന്‍ നിവൃത്തിയില്ലാതെ ജോലിക്കു വേണ്ടി വിദ്യാഭ്യാസം നിര്‍ത്താന്‍ തയ്യാറായപ്പോള്‍, വൈദ്യശാസ്ത്ര പഠനം തുടരാന്‍ പ്രേരണ നല്‍കിയത് ഫാദര്‍ ഗബ്രിയേലാണ്. സ്‌കോളര്‍ഷിപ്പോടെ പഠനം തുടര്‍ന്ന അദ്ദേഹം 1962-ല്‍ പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി. 1964 മുതല്‍ 1968 വരെ സൈനിക മെഡിക്കല്‍ കോര്‍പ്പസില്‍ സേവനം ചെയ്തു. അതിനിടെ ബിരുദാനന്തര ബിരുദം നേടി. 1975-ല്‍ കോഴിക്കോട്ട് വന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം തുടര്‍ന്ന അദ്ദേഹം നഗരത്തിലെ പ്രശസ്ത നെഞ്ച് രോഗവിദഗ്ദ്ധനായി. 1990-ല്‍ വിരമിച്ച ശേഷവും ദീര്‍ഘകാലം ക്ഷയരോഗ ചികിത്സയിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചു. തന്നെ ആതുരശുശ്രൂഷ രംഗത്തേക്ക് വഴിതിരിച്ചു വിട്ട ഗാബ്രിയേല്‍ അച്ചനെ സ്ഥിരമായി പോയി കണ്ട് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് വലിയ തുക സംഭാവന നല്‍കി. ഭാര്യയുടെ മരണശേഷം തന്റെ സമ്പാദ്യത്തിലേറെയും പല സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തനത്തിന് അദ്ദേഹം നല്‍കി.
ഭാര്യ എസ്. ലക്ഷ്മിയുടെ ഓര്‍മ്മക്കായി സേവാഭാരതി കോഴിക്കോടിന്റെ സംരംഭമായ മാതൃസദനം നിര്‍മ്മിക്കാന്‍ കെട്ടിടനിര്‍മ്മാണത്തിന് പണം നല്‍കി. ശ്രീലക്ഷ്മി മാതൃസദനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനും അവിടം നിരാശ്രയരായ അമ്മമാര്‍ക്ക് ആശ്രയസ്ഥാനമാകുന്നതു നേരില്‍ കണ്ട് സംതൃപ്തിയടയാനും അദ്ദേഹത്തിന് സാധിച്ചു. പലര്‍ക്കും പരുക്കനായി അനുഭവപ്പെട്ടിരുന്ന ഡോക്ടര്‍ ശ്രീനിവാസന്‍ സ്‌നേഹവും നിസ്വാര്‍ത്ഥമായ സേവനവും കൈമുതലായ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു. ഒരു സൈനിക ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍ എന്ന ആത്മകഥ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. നല്ലൊരു കവിയും ആസ്വാദകനും പ്രകൃതി സ്‌നേഹിയുമായിരുന്നു അദ്ദേഹം. താന്‍ ചെയ്ത സേവനങ്ങള്‍ ആരെയും അറിയിക്കേണ്ടതില്ല എന്നതാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. ഭഗവത്ഗീതയായിരുന്നു അദ്ദേഹത്തിന്റെ പ്രേരണാസ്രോതസ്. തന്റെ മരണവാര്‍ത്ത പോലും ആരെയും അറിയിക്കേണ്ട എന്നും മരണാനന്തര ചടങ്ങുകള്‍ പോലും വേണ്ടതില്ല എന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഒരു നീര്‍കുമിള പോലെ യാണ് ജീവിതമെന്നും അതിനിടക്ക് താന്‍ ചെയ്തത് ആരും അറിയണ്ട എന്നും അദ്ദേഹം വിശ്വസിച്ചു. ചെറിയ സേവനം പോലും കൊട്ടിഘോഷിക്കുന്ന ഇക്കാലത്ത് അദ്ദേഹം താന്‍ ചെയ്ത സേവനങ്ങള്‍ ആരെയും അറിയിക്കാന്‍ ഇഷ്ടപ്പെട്ടില്ല. വളരെ അടുത്ത് സൗഹൃദം പുലര്‍ത്തിയവരോട് മാത്രമേ ചില സേവനകാര്യങ്ങള്‍ പോലും പറയാറുണ്ടായിരുന്നുള്ളു. സേവാഭാരതി ബാലികാ സദനത്തിലെ കുട്ടികളോട് വാത്സല്യത്തോടെ പെരുമാറിയിരുന്ന അദ്ദേഹം അവര്‍ പഠിച്ച് മിടുക്കികളായി വരുന്നതില്‍ സംതൃപ്തിയറിയിക്കാറുണ്ടായിരുന്നു. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോപമായ സഹായങ്ങള്‍ ചെയ്തിരുന്ന അദ്ദേഹം തന്റെ അവസാനകാലത്ത് സംരക്ഷകരായി സേവാഭാരതി പ്രവര്‍ത്തകര്‍ ഉണ്ടാവണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കുതിരവട്ടത്തെ വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന അദ്ദേഹത്തിന്റെ സംരക്ഷണം സേവാഭാരതിയാണ് നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ച എസ്. കിഷോര്‍, എസ്. ബിനോദ് എന്നിവര്‍ മക്കളാണ്. തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കി പരമാത്മ ചൈതന്യത്തിലേക്ക് തിരിച്ചു പോയ ധന്യജീവിതമായിരുന്നു ഡോ. ശ്രീനിവാസന്റേത്. ആ ആത്മാവിന്റെ വിഷ്ണുപാദപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുന്നു.