‘മരിക്കും മുമ്പ് എനിക്ക് ഈ മണ്ണില്‍ ഒരു കോടി മരം നടണം’ ഈയ്യിടെ അന്തരിച്ച കല്ലൂര്‍ അരങ്ങാട്ട് വീട്ടില്‍ ബാലന്റേതായിരുന്നു ഈ വാക്കുകള്‍. പാതയോരങ്ങളിലും പുറമ്പോക്കുകളിലും പുഴയോരങ്ങളിലുമായി പതിനായിരക്കണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ബാലന്‍ എന്ന ബാലകൃഷ്ണന്‍. ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ അനവരതം പ്രയത്നിക്കുകയും വനജീവികള്‍ക്ക് അന്നദാതാവാവുകയും ചെയ്ത ആളായിരുന്നു ബാലന്‍.
പത്താംക്ലാസ് പഠനത്തിനുശേഷം അച്ഛന്റെ തൊഴിലായ കള്ളുവ്യാപാരത്തിന് സഹായിയായെങ്കിലും അവിടെ ഏറെ നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വളം ഡിപ്പോ നെല്ല്, കൊപ്ര, പലചരക്ക് വ്യാപാരം, ചുണ്ണാമ്പ് ചൂള തുടങ്ങി പല തൊഴിലുകളും ചെയ്തു. എന്നാല്‍ അവിടെയും ഇരിപ്പുറപ്പിക്കാന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെ 2000ലാണ് ഒരു ഉള്‍വിളിയെന്നപോലെ ഇരുചക്രവാഹനത്തില്‍ ചെടികളും ഒരു കമ്പിപ്പാരയുമായി മഴയും വെയിലും മറന്ന് വഴിയോരങ്ങളില്‍ മരം നടീല്‍ ആരംഭിച്ചത്. ബാലന് പ്രാന്താണെന്നുവരെ നാട്ടുകാര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാന്‍ അയാള്‍ തയ്യാറായില്ല. പറയാനുള്ളവര്‍ പറയും. താന്‍ ചെയ്യേണ്ടത് താന്‍ ചെയ്യും. ഇതായിരുന്നു കാഴ്ചപ്പാട്.
ചുട്ടുപൊള്ളുന്ന ഭൂമിക്ക് തണല്‍ നല്‍കുകയെന്നതായിരുന്നു ബാലന്റെ ലക്ഷ്യം. കല്ലൂര്‍ പുന്നക്കുറിശ്ശി ക്ഷേത്രത്തില്‍ കൂവളവും അരയാലും നട്ടുകൊണ്ടാണ് ഹരിതയജ്ഞത്തിന് തുടക്കംകുറിച്ചത്. തേനൂര്‍ അയ്യര്‍മലയുടെ ഓരങ്ങളില്‍ തുടങ്ങിയ ബാലേട്ടന്റെ ഹരിത പ്രയാണം തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലേക്കും വ്യാപിച്ചു. പാതയോരങ്ങളിലും പുറമ്പോക്കിലും തളിരിട്ടുനില്‍ക്കുന്ന ആയിരണക്കണക്കിന് മരങ്ങള്‍ കാണുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക കല്ലൂര്‍ ബാലന്‍ എന്ന ‘പച്ച’മനുഷ്യനെയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ആറുലക്ഷത്തോളം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. മരത്തിന്റെ വഴിയെ നടന്നുതുടങ്ങിയതോടെ വസ്ത്രവും പച്ചയായി. പച്ച ടീഷര്‍ട്ട്, പച്ച ലുങ്കി, തലയില്‍ പച്ച റിബ്ബണ്‍കെട്ട് ഇതായിരുന്നു ബാലന്റെ വേഷം.
കോവിഡുകാലത്ത് എല്ലാം സ്തംഭിച്ചപ്പോള്‍ വന്യജീവികളും പക്ഷികളും വിശപ്പടക്കിയത് കല്ലൂര്‍ ബാലന്റെ നിസ്വാര്‍ത്ഥ സേവനത്തിലാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വിവിധ തരം പഴങ്ങള്‍ ശേഖരിച്ച് ഇറാം മോട്ടോഴ്‌സ് ഗ്രൂപ്പ് സൗജന്യമായി നല്‍കിയ ബൊലേറോ വാഹനത്തിലെത്തിച്ച് വാളയാര്‍ വനമേഖലകളിലെ ജീവികള്‍ക്കുവരെ അന്നംനല്‍കി അവയുടെ വിശപ്പിന് പരിഹാരം കണ്ടിരുന്ന ആളാണ് കല്ലൂര്‍ ബാലന്‍.
കരിമ്പനയുടെ നാടെന്നറിയപ്പെടുന്ന പാലക്കാടിന്റെ പഴയ കരിമ്പന പ്രതാപം തിരിച്ചുപിടിക്കാനുള്ള യത്‌നത്തിലായിരുന്നു അവസാനകാലത്ത് ബാലന്‍. അതിനുള്ള തയ്യാറെടുപ്പുകളും മാസങ്ങള്‍ക്ക് മുമ്പുതന്നെ ബാലേട്ടന്‍ ആരംഭിച്ചു. പുഴയോരങ്ങള്‍, കനാല്‍ ബണ്ടുകള്‍, പുറമ്പോക്ക് എന്നിവിടങ്ങളിലായിരുന്നു വിവിധ സംഘടനകളുടെ സഹായത്തോടെ കരിമ്പനവിത്തുകള്‍ കുഴിച്ചിട്ടത്. ഇതിനകം ജില്ലയില്‍ 5 ലക്ഷത്തോളം തൈകള്‍ നട്ടു കഴിഞ്ഞു. 10 ലക്ഷം കരിമ്പനത്തൈകള്‍ നട്ടുപിടിപ്പിക്കാനായിരുന്നു പദ്ധതി.
2013ല്‍ കേന്ദ്ര സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ്, പി.വി.തമ്പി മെമ്മോറിയല്‍ അവാര്‍ഡ്, കേരള ജൈവ വൈവിധ്യബോര്‍ഡ് അവാര്‍ഡ്, ജയ്ജീ ഫൗണ്ടേഷന്‍ പുരസ്‌കാരം, പ്രകൃതി മിത്ര അവാര്‍ഡ്, വൃക്ഷമിത്ര, ഭൂമിമിത്ര അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കല്ലൂര്‍ ബാലനെ കുറിച്ച് ‘ദി ഗ്രീന്‍മാന്‍’ എന്ന ഡോക്യുമെന്ററിയും നിര്‍മ്മിച്ചിട്ടുണ്ട്. ജില്ലയിലെ ചിനക്കത്തൂര്‍ പൂരം, നെന്മാറ വല്ലങ്ങി വേല തുടങ്ങി ചെറുതും വലുതുമായ എല്ലാ ഉത്സവങ്ങളിലും സൗജന്യ സംഭാരവിതരണം നടത്തിയിരുന്നു.
ബാലന്‍ പങ്കെടുക്കുന്ന ഏതുതരം ആഘോഷങ്ങളിലും അത് വിവാഹമാകട്ടെ, ഗൃഹപ്രവേശമാവട്ടെ, സമ്മാനമായി നല്‍കുക വൃക്ഷത്തൈകളായിരുന്നു. കഴിയുന്നത്ര വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുവാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോടും നാട്ടുകാരോടും അഭ്യര്‍ത്ഥിച്ചിരുന്നു. മരിക്കുന്നതിന് തലേന്നുപോലും കരിമ്പനത്തൈ നടാന്‍ പോയിരുന്നു. ഹൃദ്രോഗബാധിതനായതിനാല്‍ ഇത്തരത്തിലുള്ള യാത്രകള്‍ കുറയ്ക്കണമെന്ന് ഡോക്ടറുടെ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും തന്റെ കര്‍മപഥത്തിന് അതൊരു തടസ്സമാകുമെന്ന് അദ്ദേഹം കരുതി. അതിനാല്‍ അതൊന്നും വകവെയ്ക്കാതെയായിരുന്നു തന്റെ അദ്ദേഹം തന്റെ കര്‍മ്മം തുടര്‍ന്നത്.
ബാലന്റെ വേര്‍പാട് നാട്ടുകാര്‍ക്കും പരിസ്ഥിതി സ്‌നേഹികള്‍ക്കും മാത്രമല്ല, ഇദ്ദേഹത്തിന്റെ വരവ് കാത്തിരുന്ന ആയിരക്കണക്കിന് വനജീവികള്‍ക്കും പാതയോരങ്ങളില്‍ ശീതളച്ഛായ ഒരുക്കി നില്‍ക്കുന്ന തണല്‍ മരങ്ങള്‍ക്കും നഷ്ടമാണ്. അവസാന നിമിഷം വരെയും തന്റെ ലക്ഷ്യത്തിനുവേണ്ടി ജീവിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ബാലന്റെ നേട്ടം. ഭാര്യ: ലീല. മക്കള്‍: രാജേഷ്, രതീഷ്, രജനീഷ്. മരുമക്കള്‍: സനിത, രഞ്ജിനി, മിനി. സഹോദരങ്ങള്‍: വാസു, രവി, അജയ്‌ഘോഷ്, യശോദ, ഉഷ, പരേതരായ മണി, നളിനി.