കവിതയുടെ കനം തൂങ്ങുന്ന മനസ്സുമായി ഒരു ആയുസ്സ് താണ്ടുക. സഞ്ചരിച്ച ജീവിതവഴികളിലെല്ലാം സംസ്‌കാരത്തിന്റെ കണികകള്‍ പ്രസരിപ്പിച്ച ശേഷം ജീവന്റെ അവസാനതുള്ളിപോലെ ഒരു കവിത പൊഴിച്ചിട്ട് നിത്യതയിലേക്ക് മറയുക.
”അറിയാം സ്‌നേഹത്തിന്‍ കടങ്ങളുണ്ടേറെ
അറിവെന്‍ സങ്കടം, അഭിശാപം തോഴീ!
കടങ്ങള്‍ വീട്ടുവാന്‍ കഴിയാതെയിന്നീ
ഇരുള്‍ മടയില്‍ ഞാന്‍ വിതുമ്പിനില്ക്കുന്നു.”
മേലൂര്‍ വാസുദേവന്റെ ‘മതില്‍’ എന്ന ഈ കവിത അച്ചടിമഷി പുരണ്ടു വരുമ്പോഴേക്കും ആ കവി ഭൗതികലോകം വിട്ടുകഴിഞ്ഞിരുന്നു. നീട്ടിവളര്‍ത്തിയമുടിയും നീണ്ട ജുബ്ബയും തെളിഞ്ഞ മുഖവുമായി ഇടംകൈകൊണ്ട് മുണ്ടറ്റമുയര്‍ത്തിപ്പിടിച്ച് വലംകൈവീശി കൊയിലാണ്ടിയിലെ നഗരവീഥികളിലൂടെ നടന്നുപോകാറുണ്ടായിരുന്ന കവി. അവിടത്തെ ഏതു സാംസ്‌കാരിക പരിപാടികളിലെയും നിറസാന്നിധ്യം. എല്ലാവരോടും ഉള്ളഴിഞ്ഞ സ്‌നേഹം മാത്രം. കക്ഷിരാഷ്ട്രീയഭേദമില്ലാത്ത ഇടപെടലുകള്‍. മനം നിറയെ മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും വെളിച്ചം മാത്രം.
മിന്നാമിനുങ്ങാണ് ഞാന്‍, ഈയിരുട്ടത്ത്
തെന്നിപ്പറന്നു നടക്കുമ്പോഴും, സ്‌നേഹ-
ധന്യം പകരാം തെളിവെട്ടം, ഇന്നെന്റെ
നെഞ്ചുണര്‍ന്നിറ്റിറ്റുവീഴുന്ന സൗഭഗം.
‘കേസരി’ വാരികയില്‍ അദ്ദേഹമെഴുതിയ ‘മിന്നാമിനുങ്ങ്’ കവിതയിലെ വരികള്‍ പൂര്‍ണമായും തന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍തന്നെ. ഒരുപക്ഷെ, മലയാളത്തിലെ പ്രമുഖകവികളുടെ നിരയിലെത്തിക്കഴിഞ്ഞിട്ടും വേണ്ടത്ര അംഗീകരിക്കപ്പെടാതെപോയ കവിയാണ് മേലൂര്‍ വാസുദേവന്‍. കുറച്ചുകാലം ഒരു മാസികയുടെ പത്രാധിപരായിട്ടുപോലും അദ്ദേഹത്തിന്റെ കവിതകള്‍ക്കും സാഹിത്യസേവനങ്ങള്‍ക്കും വേണ്ടത്ര പ്രചാരം ലഭിച്ചില്ല. എഴുത്തുകാര്‍ക്കിടയില്‍ വിപുലമായ സൗഹൃദവലയം ഉണ്ടായിരുന്നെങ്കിലും സാഹിത്യത്തിലെ മേലാളസഭകളിലേക്ക് വാസുവേട്ടനെ ആരും കൈപിടിച്ച് കയറ്റിയില്ല. ചില കലാ-സാഹിത്യ സംഘടനകള്‍ അദ്ദേഹത്തിന്റെ പേര് ഉപയോഗപ്പെടുത്തുകയും കൂടെ കൊണ്ടുനടക്കുകയും ചെയ്തിട്ടും കേരളത്തിലെ മുഴുവന്‍ സഹൃദയലോകത്തിലും അദ്ദേഹത്തെ ചിരപരിചിതനാക്കാന്‍ ആരും മെനക്കെട്ടില്ല. ആത്മസ്ഥാപനത്തിന് തീരെ ശ്രമിക്കാതെ സാഹിതീസേവനത്തില്‍ പൂര്‍ണമായും മുഴുകിയതാവണം അതിനൊക്കെ കാരണം.
തന്റെ കുടുംബത്തിലെ സാഹിത്യപാരമ്പര്യത്തിലൂടെ ലഭിച്ച ജന്മവാസനയും ആത്മശിക്ഷണത്തിലൂടെ വളര്‍ത്തിയെടുത്ത സര്‍ഗശേഷിയും അതിവിശാലമായ വായനയിലൂടെ വികസിച്ച സഹൃദയത്വവുമാണ് മേലൂര്‍ വാസുദേവന്‍ എന്ന കവിയുടെ പിറവിക്ക് കാരണമായത്. മേലൂര്‍ ദാമോദരന്‍, ഡോ.കെ.ഉണ്ണിക്കിടാവ്, കെ.വി. രാജഗോപാലന്‍ കിടാവ് തുടങ്ങി സാഹിത്യലോകത്ത് പേരെടുത്ത തന്റെ അടുത്ത കുടുംബാംഗങ്ങളില്‍നിന്നും പ്രചോദനം കൊണ്ടെങ്കിലും അവരെ അമിതമായി ആശ്രയിക്കാതെതന്നെയാണ് അദ്ദേഹം സാഹിത്യലോകത്ത് വളര്‍ന്നുവന്നത്. സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തലങ്ങളിലുള്ള പദവികളിലിരുന്ന് ഫയല്‍ക്കൂമ്പാരങ്ങളുടെ വിരസപ്രക്രിയിലിലൂടെ കടന്നുപോകുമ്പോഴും മനസ്സിലെ ഉര്‍വരത വറ്റാതിരിക്കാന്‍ അദ്ദേഹം ബോധപൂര്‍വം ശ്രമിക്കുകയുണ്ടായി. സംഗീതാസ്വാദനവും കലാസ്‌നേഹവും ആഴത്തിലുള്ള വായനയും സാംസ്‌കാരികരംഗത്തെ ഇടപെടലുകളും ആണ് അതിന് അദ്ദേഹത്തെ സഹായിച്ചത്.
വാസുദേവന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ പ്രതിഭയുടെ മിഴിവ് തെളിഞ്ഞു കാണാന്‍ കഴിയും. നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ സത്ത മുഴുവന്‍ ഉള്‍ക്കൊണ്ട് പുതിയകാലത്തിന്റെ സമസ്യകളെ പൂരിപ്പിക്കാനായിരുന്നു കാവ്യവ്യാപാരത്തിലൂടെ അദ്ദേഹം ശ്രമിച്ചത്. ഭാവഭദ്രമായ ബിംബങ്ങളും രൂപകങ്ങളും ഋജുവായ തെളിഞ്ഞ കാവ്യഭാഷയും അനുസ്യൂതം പ്രസരിക്കുന്ന വികാരതരംഗങ്ങളും വിചാരകണികകളും ആ കവിതകളെ ആസ്വാദ്യമാക്കി. പുതിയ സംവേദനങ്ങളിലേക്കാണ് വായനക്കാരനെ അത് ഉപനയിക്കുന്നത്.
ഞങ്ങള്‍ ഒരേ തറവാട്ടുകാരാണ്. ആയിരത്തിലേറെ അംഗങ്ങളും പല താവഴികളുമുള്ള ഞങ്ങളുടെ കുടുംബത്തില്‍ എന്റെ ഒരു അമ്മാവന്റെ സ്ഥാനമാണ് അദ്ദേഹത്തിനെങ്കിലും ചെറുപ്പം മുതലേ വാസുവേട്ടന്‍ എന്നാണ് വിളിക്കാറ്. കുടുംബാംഗം എന്നതിലപ്പുറം സാഹിത്യതാല്പര്യമാണ് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. വാസുവേട്ടന്റെ കവിതകള്‍ വിവിധങ്ങളായ കാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വരാറുണ്ടെങ്കിലും കേസരി വാരികയില്‍ പ്രസിദ്ധീകരിക്കാനായി അദ്ദേഹത്തിന്റെ ഒരു കവിത അന്ന് പത്രാധിപരായിരുന്ന പി.കെ. സുകുമാരന് ആദ്യമായി എത്തിച്ചു നല്കാനുള്ള നിയോഗമുണ്ടായത് എനിക്കാണ്. പിന്നീട് ഈ അവസാനകാലം വരെ കേസരിയിലെ ഒരു സ്ഥിരം എഴുത്തുകാരനായിരുന്നു മേലൂര്‍ വാസുദേവന്‍. കൊയിലാണ്ടിയില്‍ തപസ്യയുടെ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ക്കേ അതിന്റെ പരിപാടികളുമായി അദ്ദേഹം സഹകരിക്കാറുണ്ടായിരുന്നു.
മഹാഭാരതത്തെ കേന്ദ്രീകരിച്ച് ഒരു നോവല്‍ എഴുതണമെന്ന മോഹം അവസാനകാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുവേണ്ടി വലിയ ഒരുക്കങ്ങള്‍ ചെയ്യുകയും എഴുതിത്തുടങ്ങുകയും ചെയ്തിരുന്നു അദ്ദേഹം. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയതുമൂലം അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല എന്നാണ് തോന്നുന്നത്. പക്ഷെ അതിനിടയിലും ഉറവ വറ്റാത്ത അരുവികള്‍ പോലെ ഉര്‍വരമായ ആ മനസ്സില്‍നിന്ന് കവിതകള്‍ ഒഴുകിക്കൊണ്ടേയിരുന്നു. സര്‍ഗക്രിയാപരനായി ലോകജീവിതത്തെ അഭിവീക്ഷണം ചെയ്തുകൊണ്ടിരുന്നു.
”ഇനി മടങ്ങുക, ജീവന്റെ കൗതുകം
ചിറകടിക്കുവാന്‍ വെമ്പുന്നനാരതം
ഇനിയൊരായിരം സൗവര്‍ണദീപങ്ങള്‍
ഉദയരാശിയില്‍ കണ്‍വിടര്‍ത്തീടുമോ?”
‘കേസരി’യില്‍ പ്രസിദ്ധീകരിച്ച ‘ഇനി’ എന്ന കവിതയിലെ വരികള്‍. കവിയ്ക്കുള്ളത് ആശങ്കയല്ല. പ്രതീക്ഷയാണ്. പുലരിമേടിന്റെ നെറുകയില്‍ പുതിയസ്വാതന്ത്ര്യ സാന്ദ്രസൂര്യോദയം ഉണ്ടാവുമെന്ന തെളിച്ചത്തിലേക്കാണ് ഓരോ കവിതയും വാര്‍ന്നു വീണുകൊണ്ടിരുന്നത്.
നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. മഴയില്‍, ഒരു സന്ധ്യയുടെ ഓര്‍മ്മ, സരോദ്, ജീവന്റെ പക്ഷി, ഇടം, ഒറ്റുകാരന്റെ മൊഴി, കാട് വിളിച്ചപ്പോള്‍ എന്നീ കവിതാസമാഹാരങ്ങളും അവസ്ഥ, കാലമേ നീ സാക്ഷി, നിഴല്‍ച്ചിത്രങ്ങള്‍ എന്നീ നോവലുകളുമാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അബുദാബി ശക്തി അവാര്‍ഡ്, വി.എ. കേശവന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ്, മൂടാടി ദാമോദരന്‍ പുരസ്‌കാരം, ഉറുബ് പുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം എന്നിവ ലഭിച്ചു.
നിര്യാണശേഷം പല സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ അനുസ്മരണങ്ങള്‍ നടക്കുകയുണ്ടായി. എന്നാല്‍ ഒരിടത്തുപോലും അദ്ദേഹത്തിന്റെ കവിതകളെ വിലയിരുത്തി സംസാരിക്കുന്നതോ കവിത ആലപിക്കുന്നതോ കേട്ടില്ല. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള ആസ്വാദനങ്ങളും ചര്‍ച്ചകളും ഉണ്ടാവുകയാണ് ആ സ്മരണയ്ക്കു മുമ്പില്‍ ഇനി ചെയ്യാനുള്ളത്.
(തപസ്യ കലാസാഹിത്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ലേഖകന്‍)