തൃശ്ശൂര്‍: ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി പൂര്‍വ്വസൈനിക സേവാപരിഷത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 14, 15 തീയതികളിലായി പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിലെ മേജര്ലാല്കൃഷ്ണ നഗറില്‍ സമാപിച്ചു. തൊഴില്‍ രംഗത്ത് വിമുക്ത ഭടന്മാര്ക്ക് കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കര, നാവിക,വ്യോമ സേവാ വിഭാഗങ്ങളില്‍ നിന്ന് പെന്ഷന് പറ്റിയവരുടെ രാജ്യത്തെ ഏറ്റവും വലിയ സംഘടനയാണ് പൂര്‍വ്വസൈനിക് സേവാപരിഷത്ത്. സമ്മേളനത്തിന്റെ ഉദ്ഘാടനം 15ന് റിട്ട. ലെഫ്. ജനറല്‍ എസ്. ശരത്ചന്ദ് നിര്‍വ്വഹിക്കുകയുണ്ടായി. പൗരത്വ ഭേദഗതി ബില്‍ ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടയുക മാത്രമാണ് ലക്ഷ്യം. അനധികൃതമായി കടന്നു കയറിയവര്‍ ഇവിടുത്തെ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ച് ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയെടുത്ത് രാജ്യത്തിന്റെ ചാരന്മാരായി മാറുന്നത് തടയേണ്ടതുണ്ട്. ഇന്നാട്ടിലെ തൊഴിലവസരങ്ങള്‍ ഇത്തരം കടന്നുകയറ്റക്കാര്‍ കൈക്കലാക്കിയാല്‍ യഥാര്‍ത്ഥ പൗരന്മാരുടെ അവസ്ഥയെന്താകുമെന്ന് അദ്ദേഹം ചോദിച്ചു. ഈ നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കേണ്ടതുണ്ടെന്ന് ശരത്ചന്ദ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. ആര്.എസ്.എസ്. പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തി മുസ്ലീം സമുദായത്തെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ.പി. വിവേകാനന്ദന്, റിട്ട. ലെഫ്. കേണല്‍ കെ. രാമദാസ്, റിട്ട. എയര്‍ കമഡോര്‍ എം.കെ. ഗാന്ധി, സംസ്ഥാന ജന.സെക്രട്ടറി മധുവട്ടവിള, സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് അനിതഅജിത്ത്, പി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിമുക്തഭടന്മാരുടെ ചികിത്സയ്ക്കായി രൂപീകരിച്ച ഇസിഎച്ച്എസി ന്റെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.