അറുപതുവര്‍ഷങ്ങള്‍ക്കു മുമ്പാണ് വൈലോപ്പിള്ളി വിഷുക്കണി എന്ന കവിത എഴുതുന്നത്. കണിവെള്ളരിക്കപോലെ അന്നു മടിയില്‍ക്കിടന്ന മണിക്കുട്ടന് വളര്‍ന്നു വലുതായി ഏതൊക്കെയോ ധൂസരസങ്കല്പങ്ങളില് ജീവിച്ചുകാണും. യന്ത്രവത്കൃതലോകങ്ങളില്‍ കൂടുകൂട്ടിക്കാണും. പക്ഷേ, കവി പ്രതീക്ഷിച്ചതുപോലെ അവന്റെ മനസ്സില്‍ ഗ്രാമത്തിന്റെ നന്മകള് പൂത്തു വിടര്ന്നിട്ടുണ്ടാവുമോ? അശാന്തമായ ഏതോ നേരങ്ങളില്‍ അവന്റെ സ്വപ്നങ്ങളെ ഒരു വിഷുപ്പക്ഷിയുടെ പാട്ട് ശ്രുതിപ്പെടുത്തിയിട്ടുണ്ടാവുമോ? മണ്ണിലില്ലാത്തതൊന്നും മനസ്സിലും തെളിയാനിടയില്ല. വൈലോപ്പിള്ളി മരിച്ചപ്പോള്‍ സച്ചിദാനന്ദന് കുറിച്ചിട്ടു.
‘പാരുഷ്യം പെരുകുന്നു വാക്കിലും മനസ്സിലും
മാതുലാ, പൊറുത്താലും, തീര്‍ന്നു മാമ്പഴക്കാലം’
വാക്കും മനസ്സും പരുഷമായിപ്പോയ കെട്ട കാലത്തിലിരുന്നുകൊണ്ട് വീണ്ടുമൊരു വിഷുവിനെക്കുറിച്ചെഴുതുമ്പോള് വിഷാദങ്ങള്ക്കുമീതേ ഹൃദയത്തില്‍ ഒരു മഞ്ഞവെളിച്ചം പ്രകാശിക്കുകയായി. അഥവാ, വിഷുവും വര്‍ഷവും തിരുവോണവും തിരുവാതിരയുമെല്ലാം ജീവിതത്തിന്റെ ഇരുട്ടില്‍ ശുഭപ്രതീക്ഷയുടെ തിരിനാളമൊരുക്കാന് വേണ്ടി പൂര്‍വികര്‍ കണ്ടെത്തിയ മംഗളമുഹൂര്ത്തങ്ങളാണല്ലോ.
കാലം ചാക്രികമായി ചലിക്കുന്നു എന്നതാണ് ഭാരതീയവീക്ഷണം. എന്നാല്‍ ഈ ചാക്രികചലനങ്ങളില് ആവര്‍ത്തനങ്ങളില്ല. പോയാണ്ടിലെ ഓണമല്ല വരും വര്‍ഷത്തില്‍ കാത്തിരിക്കുന്നത്. ഓരോ വിഷുവും അനന്യമായ അനുഭവമാണ്. ഒരു നദിയില്‍ ഒരിക്കലേ മുങ്ങാനാവൂ എന്നു പറയുന്നതുപോലെ, ഓരോ കൊന്നയും ഒരിക്കലേ പൂക്കാറുള്ളൂ. അടുത്ത വസന്തത്തിലെ പൂക്കളില്‍ ഇതേ പരാഗ കോശങ്ങളാവില്ലല്ലോ. എങ്കിലും ഈ കാലചക്രഗതിയില്‍ നാം ശാശ്വതമായ മൂല്യങ്ങള്‍ കാണുന്നു. ഉപയോഗിച്ചു പഴക്കം തട്ടിയ ഓട്ടുപാത്രം തേച്ചുമിനുക്കിയെടുക്കും പോലെ, ഓരോ വിഷുവും മലിനപ്പെട്ട നമ്മുടെ ജീവിതത്തെ തേച്ചുമിനുക്കി നവീകരിക്കുന്നു. പുതിയ പ്രഭാതങ്ങള്‍ പുതിയ പ്രതീക്ഷകളാക്കി മാറ്റുന്നു. ചെറിയ കൈനീട്ടങ്ങളെ വലിയ കരുതലിന്റെ സ്നേഹനിധികളാക്കുന്നു. തരിശായ മണ്ണിനെ വീണ്ടും കതിരണിയിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ പുതിയ ചാലുകള്‍ കീറുന്ന കര്‍മ്മോത്സുകമായ മാനവജീവിതമാണ് വിഷുവിന്റെ ഫലശ്രുതി.
വിഷു സാര്‍വദേശീയ നവവത്സരദിനമായി പരിഗണിക്കപ്പെടേണ്ട ദിവസമാണ്. ലോകമെമ്പാടും വിവിധ കലണ്ടറുകള്‍ രൂപപ്പെടുംമുന്‍പ് ഭൂമിയില്‍ സര്‍വസാധാരണമായി പുതിയ മാറ്റം ദൃശ്യമായിരുന്ന കാലം ഏതാണ്ട് ഇതേ സമയത്തോടു ചേര്‍ന്നായിരുന്നു. കലിയുഗവര്‍ഷം പിറക്കുന്നത് ചൈത്രമാസത്തിലെ ശുക്ലപക്ഷപ്രഥമയിലാണ്. ചൈത്രമാസമാണ് ശകവര്‍ഷത്തിലെ ആദ്യമാസം. തമിഴില്‍ ഇത് ചിത്തിരൈ എന്നറിയപ്പെടുന്നു. മലയാളിയുടെ വിഷു തമിഴര്‍ക്ക് പുത്താണ്ട് (പുതുവര്‍ഷപ്പിറവി) ആണ്. ഭാരതത്തിന്റെ കിഴക്കന്‍ഭാഗങ്ങളില്‍ ബിഹു എന്ന പേരില്‍ വൈശാഖത്തിന്റെ വരവേല്പായി ഈ സുദിനം ആഘോഷിക്കപ്പെടുന്നു. മലയാളത്തില്‍ കൊല്ലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് അതായത്, 1200 വര്‍ഷം മുമ്പുവരെ വിഷുമുതലാണ് വര്‍ഷം കണക്കാക്കിയിരുന്നത്. രാശി ചക്രത്തിലും പ്രഥമസ്ഥാനം മേടത്തിനാണല്ലോ. ഇംഗ്ലീഷ് കലണ്ടര്‍ പുതുക്കപ്പെടുന്നതിനുമുമ്പ് ഏപ്രില്‍ ഒന്നാം തീയതി നവവര്‍ഷാരംഭമായി കണക്കാക്കിയിരുന്നു. അതിന്റെ അവശേഷിപ്പാണ് ഇപ്പോഴും പ്രചരിക്കുന്ന സാമ്പത്തികവര്ഷമെന്ന കാലഗണന. ജ്യോതിശാസ്ത്രപരികല്പനകളും കാലാവസ്ഥാസവിശേഷതകളും വച്ചു നോക്കുമ്പോള്‍ വിഷുവിനെ നവവര്‍ഷാരംഭമായി കണക്കാക്കണമെന്ന അഭിപ്രായം ഇന്നു ശക്തമാണ്.
സമയസമത എന്ന വിശേഷമാണ് വിഷുവിനെ ജ്യോതിശാസ്ത്രലോകത്ത് ശ്രദ്ധേയമാക്കിയത്. പകലും രാത്രിയും തുല്യമാത്രയില്‍ വരുന്ന രണ്ടു ദിവസങ്ങളുണ്ട്. പ്രാചീനകാലനിര്ണയപ്രകാരം തുലാം ഒന്നും മേടം ഒന്നുമാണ് ദിനരാത്രസമത്വം ദൃശ്യമാവുന്ന ദിവസങ്ങള്‍. വിഷുവം എന്നാണ് ഈ സമയസമത അറിയപ്പെടുന്നത്. (വിഷുവം ശബ്ദപരിണാമത്തിലൂടെ വിഷുവായി മാറി) തുലാവിഷുവം പക്ഷേ, ഉത്സവാദികള്ക്കു പരിഗണിക്കുന്നില്ല. അത് ദക്ഷിണായനത്തിലെ സമതയാണല്ലോ. അതായത്, പകലിന്റെ അളവ് കുറഞ്ഞു കുറഞ്ഞ് രാത്രിയോളമാവുന്ന വിഷുവമാണ് തുലാമാസാരംഭത്തിലുള്ളത്. പൊതുവേ വെളിച്ചത്തിന്റെ വളര്‍ച്ച പ്രിയപ്പെടുന്ന ഭാരതീയര്‍ തുലാവിഷുവത്തിനു പ്രാധാന്യം കൊടുത്തില്ല. ഉത്തരായനകാലത്തില്‍ പകലിന്റെ വളര്‍ച്ചയാണ് സമതയ്ക്കു കാരണം. അത് ധാര്‍മ്മികതയുടെ വളര്ച്ചയായിക്കൂടി കല്പനചെയ്തുകൊണ്ടാവണം മേട വിഷുവത്തെ സാംസ്ക്കാരികോത്സവമായി നിര്ണയിച്ചുവച്ചത്.
കേരളീയരുടെ മൂന്നു മഹോത്സവങ്ങള്‍ യഥാക്രമം വിഷു, ഓണം, തിരുവാതിര എന്നിവയാണ്. ഗ്രീഷ്മകാലത്തിലെ ഉത്സവമാണ് വിഷു. പ്ലാവും മാവും ഫലസമൃദ്ധമാവുന്ന കാലം. തൊടികളില്‍ കായ്കനികള്‍ നിറയുന്ന കാലം. അതുവരെ ആരോരുമറിയാതിരുന്ന കര്‍ണികാരം അടിമുടി സ്വര്‍ണാഭരണമണിഞ്ഞു വിലസുന്ന സുവര്‍ണകാലം. ചുട്ടുപൊള്ളുന്ന വേനലില്‍ കുളിര്‍മഴ ചൊരിയുന്ന പ്രകൃതിയുടെ കാര്യണ്യത്തിന് തരുപക്ഷിമൃഗാദികള് നന്ദിപറയുകയാണ്. പൂത്ത മാവിന് കൊമ്പില്‍ പുതിയൊരു കുയില്‍ കുശലം ചോദിച്ചെത്തുന്നു. അധ്യയനം അവസാനിച്ചതിന്റെ സന്തോഷത്തില്‍ കുട്ടികളുടെ കളിപ്പൂരങ്ങള്‍ നാടുണര്ത്തിപ്പായുന്നു. കോവിലുകളും കാവുകളും നാദമുഖരിതമാവുന്നു. സൂര്യന് മീനം രാശിയില്‍നിന്ന് മേടം രാശിയിലേക്കു സംക്രമിക്കുകയായി. അടുത്ത വിളവൊരുക്കാന്‍ കര്‍ഷകര്‍ പാടത്തേക്കിറങ്ങുന്ന മുഹൂര്‍ത്തമായി. പുലരിയില്‍ ഓട്ടുരുളിയിലൊരുക്കിവച്ച കണികണ്ട് മനസ്സുതെളിഞ്ഞ് പാടത്തേക്കിറങ്ങുന്ന കര്‍ഷകര്‍ കുളിപ്പിച്ച ലങ്കരിച്ച കാളകളെ നുകം ചേര്‍ത്തിണക്കി പുതിയ ചാലുകീറി കൃഷി ആരംഭിക്കുന്നു. ഓണത്തിന് ഇലയിട്ടുണ്ണാനുള്ള വിഭവങ്ങള്‍ ഒരുക്കിത്തുടങ്ങുന്നത് വിഷുവിനാണ്. വിഷുവിന്റെ അധ്വാനം അങ്ങനെ ഓണത്തിന്റെ സമൃദ്ധിയായിമാറുന്നു.
നമ്മുടെ ഉത്സവങ്ങള്‍ ജീവിതത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്നവയാണ്. കേവലം കാര്‍ഷികോത്സവം എന്ന് ചുരുക്കാനാവാത്ത ചാരുത ഈ ഉത്സവങ്ങള്‍ക്കുണ്ട്. മനുഷ്യനുവേണ്ടി മാത്രമല്ല അവയൊന്നും. തുമ്പപ്പൂവും തുമ്പി എന്ന ശലഭവും ഓണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പ്രകൃതിസാന്നിധ്യമാണല്ലോ. അതുപോലെ വിഷുവിന് കൊന്നപ്പൂവും വിഷുപ്പക്ഷിയും വിശേഷസാന്നിധ്യമാവുന്നു. ഓണത്തിന് ഉപ്പേരിയും പായസവും ഇഷ്ടവിഭവങ്ങളാകുമ്പോള് വിഷുക്കട്ടയാണ് വിഷുവിന്റെ ഭോജ്യം. ഓണത്തിനു പൂക്കളം പോലെയാണ് വിഷുവിനു കണിയൊരുക്കല്. ഓണപ്പാട്ടുകള്‍ പോലെ വിഷുപ്പാട്ടുകളും പ്രസിദ്ധമാണ്. മാവേലി നാടുവാണീടും കാലം പോലെ ജനകീയമാണ് കണികാണും നേരം കമലനേത്രന്റെ എന്നു തുടങ്ങുന്ന കീര്‍ത്തനം. ആകെക്കൂടി നോക്കുമ്പോള്‍ ജീവിതത്തിന്റെ സമസ്തഭാവങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്ന സംസ്കൃതിയുടെ സൗന്ദര്യമാണ് ഈ ഉത്സവങ്ങളിലെല്ലാം പ്രതിഫലിക്കുന്നതതെന്നു കാണാം.
വിഷു സമരസതയുടെ ഉത്സവം
അടുത്തകാലത്ത് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു പദമാണ് സമരസത. സമതയും സമരസതയും ഒന്നാണോ? സമത ബാഹ്യമായ തുല്യത മാത്രമാണ്. നിയമം മൂലമോ നിയന്ത്രണങ്ങള്‍ വഴിയോ ഉണ്ടാക്കിയെടുക്കുന്ന സമത്വമാണത്. എന്നാല്‍ സമരസതയില്‍ രസം അഥവാ ആനന്ദം നിറഞ്ഞിരിക്കുന്നു. ആന്തരികമായ തൃപ്തിയില്നിന്നു ജനിക്കുന്ന ഒരുമയാണ് സമരസത. ഭാരതീയസംസ്കാരം സമരസതയുടെ സംസ്കാരമാണ്. കുടുംബാംഗങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും സമരസത ഉണ്ടാവണം. മനുഷ്യനും പ്രകൃതിയും തമ്മില്‍ സമരസതയുണ്ടാവുമ്പോള് പരിസ്ഥിതി സൗഹൃദജീവിതം രൂപപ്പെടുന്നു. പുരവും പൗരനും തമ്മിലുള്ള സമരസത രാഷ്ട്രത്തെ ശക്തമാക്കുന്നു. ഉല്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള സമരസതയാണ് സാമ്പത്തികഭദ്രതയുടെ അടിസ്ഥാനം.
‘പരസ്പരം ഭാവയന്ത:
ശ്രേയ: പരമവാസ്പ്യഥ’
(തമ്മിലിണങ്ങി സഹകരിച്ച് ഇരുകൂട്ടരും അഭിവൃദ്ധിയെ പ്രാപിക്കുവിന്‍) ഭഗവദ്ഗീതയിലെ ഈ മന്ത്രമാണ് സമരസതയുടെ തത്ത്വശാസ്ത്രം. ഭാരതീയഗ്രാമജീവിതം ഈ തത്ത്വശാസ്ത്രത്തിന്റെ പ്രായോഗികമാതൃകകളായിരുന്നു.
അമ്പതുകൊല്ലം മുമ്പുവരെ കേരളത്തില്‍ അങ്ങിങ്ങായി ചില ഗ്രാമങ്ങളെങ്കിലും ഉണ്ടായിരുന്നു. കൃഷി ചെയ്തു ജീവിക്കുന്ന സാധാരണക്കാര്‍ ഒരുമയോടെ കഴിഞ്ഞിരുന്ന ആ നല്ല കാലം മുതിര്‍ന്നവരുടെ ഓര്മ്മകളിലിന്നുമുണ്ടാവും. ഏതു വേനല്‍ച്ചൂടിലും കുളിരുപകരുന്ന ഓലികളും തോടുകളുമുള്ള നാട്. കന്നുകാലികളും കൃഷിയുമുള്ള വീട്. കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ പന്തുകളിക്കുന്ന കുട്ടികള്‍. സന്ധ്യയായാല്‍ ഓരോ വീട്ടിലും തെളിയുന്ന നെയ് വിളക്കുകള്‍. നാമം ചൊല്ലുന്ന കുഞ്ഞുങ്ങള്‍. ഓടിന് പുറത്തു താളം പിടിച്ചെത്തുന്ന വേനല്‍ മഴ കുട്ടികള്‍ക്കായി കരുതിവച്ച ആലിപ്പഴത്തിന്റെ സ്വാദ്. തമ്മിലറിയുന്ന നാട്ടുകാര്‍. അയല്പക്കത്തെ വിശേഷങ്ങള്‍ക്ക് കാലേകൂട്ടിയെത്തി ദേഹണ്ഡത്തിലേര്പ്പെടുന്ന സ്നേഹസമ്പന്നരായ സാധാരണക്കാര്‍. ‘നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം’ എന്ന കവിവാക്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ അങ്ങനെ നീളുന്നു. ചില സിനിമകളില്‍ അത്തരം ദൃശ്യങ്ങള്‍ തെളിയുമ്പോള്‍ വല്ലാത്തൊരു നഷ്ടമൂല്യവിഷാദം ഉള്ളില്‍ വിതുമ്പുന്നുണ്ടാവും. നിര്മ്മിതബുദ്ധിക്കാലത്തോളം കുതിച്ചെത്തിയതെന്തിനായിരുന്നു എന്നൊരു കുറ്റബോധം നീറി നില്ക്കുന്നുണ്ടാവാം. ഇനിയും നന്മ വറ്റിയിട്ടില്ലാത്ത ആ നല്ല മനസ്സുകളിലാണ് കണിക്കൊന്നകള്‍ പൊട്ടി വിരിയുന്നത്.
വിഷു കുടുംബസമരസതയുടെ ഉത്സവമാണ്. കെട്ടിടം മാത്രമായ വീടിനെ കുടുംബമാക്കുന്നത് സമരസതയാണ്. ഒരുമിച്ചു ചേര്‍ന്ന് ആനന്ദം പങ്കിട്ട് അഭിവൃദ്ധി നേടാന്‍ വിഷു അവസരമൊരുക്കുന്നു. ഓരോ അംഗത്തിനും ഓരോന്നു ചെയ്യാനുണ്ട്. കുട്ടികള്‍ കൊന്നപ്പൂവു തേടി കൊണ്ടുവരുന്നു. അമ്മമാര്‍ തൊടിയില്‍ നിന്ന് കണിയ്ക്കു വേണ്ട മറ്റു സാമഗ്രികള്‍ കണ്ടെത്തുന്നു. ഓട്ടുരുളിയൊന്ന് തേച്ചുമിനുക്കിയെടുക്കുന്നു. കുട്ടികള്‍ ഉറങ്ങിക്കഴിഞ്ഞ് മുതിര്‍ന്നവര്‍ കണിയൊരുക്കുകയായി. പുലരിയില്‍ അന്ന് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ വീടുണരും. അമ്മയാണ് നിലവിളക്കു തെളിച്ച് കണിയുണര്ത്തുന്നത്. കുട്ടികളെ കണ്ണുപൊത്തിപിടിച്ച് കൂട്ടിക്കൊണ്ടുവന്ന് കണികാണിക്കുന്ന നിര്‍വൃതികരമായ രംഗം ഏറെ അര്‍ത്ഥതലങ്ങളുള്ളതാണ്. ഇരുളില്‍ മയങ്ങിക്കിടക്കുന്ന കുട്ടികളെ നന്മ നിറഞ്ഞ വെളിച്ചത്തിന്റെ ലോകത്തിലേക്ക് മെല്ലെ മെല്ലെ കൂട്ടിക്കൊണ്ടുവരുന്ന അമ്മമാര്‍. അവര്‍ നല്ലതു കണ്ടു വളരാന്‍, നല്ലതു കേട്ടുണരാന് കരുതലാവുന്ന കുടുംബം. ലഹരിയും ആസക്തിയും അക്രമങ്ങളും പകര്‍ച്ചവ്യാധിയാകുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിഷു കൂടുതല്‍ അര്‍ത്ഥപൂര്‍ണമാവുകയാണ്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഹൃദ്യമായ പാരസ്പര്യം വിഷുവിലുണ്ട്. ഇവരിരുവരും ചേര്‍ന്നാണ് വിഷുവൊരുക്കുന്നത്. കടുത്ത വേനലില്‍ മനുഷ്യന് വെള്ളം കോരി വളര്‍ത്തിയ വെള്ളരിപ്പാടം കണ്ടു മനം കുളിര്ത്തിട്ടാവണം കൊന്നമരം അടിമുടി പൂത്തുപോയത്. ഓട്ടുരുളിയില്‍ പൂവും കായും കനിയുമായി പ്രകൃതി നിറയുന്നു. ഒപ്പം പുടവയും കണ്ണാടിയും സ്വര്‍ണവും പണവുമൊക്കെയായി മനുഷ്യന്റെ വൈഭവങ്ങളും കണിവസ്തുക്കളാകുന്നു. വീട്ടില്‍ കണികണ്ടു കഴിഞ്ഞാല്‍ അടുപ്പിനെയും കിണറിനെയും ഫലവൃക്ഷങ്ങളെയും കണികാണിക്കുകയായി. തുടര്‍ന്ന് തൊഴുത്തിലും തൊടിയിലും കണികാണിക്കുന്നു.
ദേശാടനക്കിളിയായ വിഷുപ്പക്ഷിയുടെ പാട്ടിന് മനുഷ്യഭാവന പരിഭാഷ ചമയ്ക്കുന്നു. ചക്കയ്ക്കുപ്പുണ്ടോ എന്നാണത്രേ ആ വിരുന്നുകാരി ചോദിക്കുന്നത്. നമ്മുടെ തനതു ഭക്ഷണ വിഭവത്തിലേക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍ കൂടിയാണ് വിഷുപ്പക്ഷിയുടെ പാട്ട്. അതോടൊപ്പം വിത്തും കൈക്കോട്ടും എന്നൊരോര്മ്മപ്പെടുത്തലും! വിത്ത് പ്രകൃതി തരും. കൈക്കോട്ടുകൊണ്ട് നിലമൊരുക്കേണ്ടത് മനുഷ്യനാണ്. മനുഷ്യന്റെ അധ്വാനവും പ്രകൃതിയുടെ അനുഗ്രഹവും ഒന്നുചേരുമ്പോഴാണ് ഭൂമി സുജലയും സുഫലയും സസ്യശ്യാമളയുമാകുന്നത്.
വിഷുക്കണിയെന്ന പ്രസിദ്ധകവിതയില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാവേണ്ടുന്ന ലയത്തെക്കുറിച്ച് വൈലോപ്പിള്ളി എഴുതുന്നു:
‘കീഴടക്കുന്നു പോലും മനുജന് പ്രകൃതിയെ
കീഴടക്കാതെ, സ്വയമങ്ങു കീഴടങ്ങാതെ
അവളെ സ്നേഹത്തിനാല്‍ സേവിച്ചു വശയാക്കി
അരിയ സഖിയാക്കി വരിച്ചു പാലിക്കുകില്‍
നാം ഭുജിക്കില്ലേ നിത്യമാവരദയോടൊത്തു
ദാമ്പത്യസുഖം പോലെ കായ്മുറ്റുമൊരു സുഖം’
പ്രകൃതി – പുരുഷസംഗമത്തിന്റെ വിമോഹനമായ അടയാളങ്ങള്‍ വിഷുവേലകളില് ഉടനീളം കാണാവുന്നതാണ്.
വിഷുവിന് സ്വാശ്രയത്വത്തിന്റെ ഒരു സമ്പദ്ശാസ്ത്രം കൂടിയുണ്ട്. സ്വന്തം ഭൂമിയില്‍ അധ്വാനിച്ചുണ്ടാക്കുന്ന ഫലവസ്തുക്കളുടെ സ്വാഭിമാനപ്രദര്ശനം കൂടിയാണ് നിലവിളക്കിനു മുന്നില്‍ നിരത്തുന്ന വിഷുക്കണി. ഇന്നത്തെ കമ്പോളതന്ത്രങ്ങള്‍ ജീവിതം കീഴടക്കുന്നതിനു മുമ്പുള്ള കഥയാണ്. തൊടിയില്‍ വിളഞ്ഞ അഴകൊത്ത മുന്തിയ വിഭവങ്ങള്‍ വിഷുവിനായി കരുതും. പുറം വസ്തുക്കളൊന്നും സ്വീകരിക്കില്ല. ഉരുളിയും കവിഞ്ഞ് ഇരു വശങ്ങളിലുമായി കണിവസ്തുക്കള്‍ അടുക്കിയൊരുക്കി വച്ചിരിക്കുന്ന വര്‍ണാഭമായ ദൃശ്യം ആ വീടിന്റെ ഐശ്വര്യം വിളിച്ചോതുന്നു. വിഷുക്കണി കണ്ടു കഴിഞ്ഞ് കൈനീട്ടം കൊടുക്കാന്‍ അപ്പോള്‍ പേഴ്സിലുള്ള പണം ഉപയോഗിക്കുകയല്ല ചെയ്യുന്നത്. വര്‍ഷം മുഴുവന്‍ കിട്ടുന്ന പണത്തില്‍നിന്ന് ലക്ഷണമൊത്ത നാണയമോ നോട്ടോ പ്രത്യേകം മാറ്റി സൂക്ഷിച്ചു വയ്ക്കുന്നു. നോട്ടാണെങ്കില്‍ മടക്കോ ചുളിവോ വരാതെ പുസ്തകത്തിനുള്ളിലാണ് കരുതിവെക്കാറുള്ളത്. നാണയം ഒരു പാത്രത്തിലിട്ടു വയ്ക്കും. ആശുപത്രിയാവശ്യത്തിനുപോലും ഇതു വകമാറ്റാറില്ല. കൈനീട്ടം കിട്ടുന്ന പണവും ഇങ്ങനെ സൂക്ഷിച്ചു വച്ചാണ് ഉപയോഗിച്ചിരുന്നത്. ആദ്യത്തെ കൈനീട്ടം ചെലവാക്കാതെ മാറ്റിവെക്കും. അത് ലക്ഷ്മീദേവിയാണ്. കച്ചവടക്കാര്‍ക്കിടയിലും ഈ രീതി പണ്ടുണ്ടായിരുന്നു. ആദ്യത്തെ കൈനീട്ടവും അന്തിക്കൈനീട്ടവും സമ്പാദ്യപ്പെട്ടിയിലിടും. മറ്റു വിറ്റുവരവുകള്‍ ചെലവുപെട്ടിയിലും. ഇന്ന് നിത്യച്ചെലവിനുപോലും കടമെടുത്തു മുടിയുന്ന നവകേരളശൈലിക്കാര് കേരളത്തിന്റെ തനതു സമ്പദ് ശാസ്ത്രം വിഷുവില്നിന്നു പഠിക്കണം.
വിഷുപ്പക്ഷിയുടെ പാട്ടിനെപ്പറ്റി ഒന്നുകൂടി പറയാതെ വയ്യാ. പാട്ടിന്റെ മനുഷ്യഭാവനകളിലൊന്ന് ഇങ്ങനെയാണ്.
‘കള്ളന് ചക്കേട്ടു
കണ്ടാ മിണ്ടണ്ട
കൊണ്ടത്തിന്നോട്ടെ’
അന്യന്റെ പറമ്പിലെ പ്ലാവില്‍ കയറി അവരറിയാതെ ചക്കയിട്ടു കൊണ്ടുപോകുന്നത് തെറ്റാണ്. അങ്ങനെ ചെയ്തയാള്‍ കള്ളനാണ്. എന്നാല്‍ അക്കാര്യം ആരും അറിയണ്ടാ എന്നാണ് വിഷുപ്പക്ഷി പാടുന്നത്. അയാള്‍ അതുകൊണ്ടുപോയി തിന്നോട്ടെ. വിശപ്പ് എല്ലാവര്ക്കും ഒരുപോലെയാണ്. എന്റെ വിശപ്പുപോലെ അന്യന്റെ വിശപ്പും തിരിച്ചറിയുമ്പോഴാണ് മനുഷ്യന് മാനവനാകുന്നത്. അതു തിരിച്ചറിയാനാവാത്തവര്‍ ദാനവരാണ്. മധുവിന്റെ വിശപ്പ് മനസ്സിലാക്കാനാവാതെ പോയ മലയാളിയുടെ ദാനവത്വം മറക്കാവതല്ലല്ലോ. ചക്കയിട്ടവനെ കള്ളനെന്നു വിധിക്കുന്നത് നിയമം. എന്നാല്‍ അതിനു പിന്നിലെ നിസ്സഹായത തിരിച്ചറിഞ്ഞു പൊറുത്തുകൊടുക്കുന്നത് ധര്‍മ്മം. നിയമത്തെ അന്തര്‍വഹിക്കുന്ന ധര്‍മ്മമാണ് സമൂഹമന:സാക്ഷിയെ നയിക്കേണ്ടത്. ആ ഓര്‍മ്മപ്പെടുത്തല്‍ കൂടിയല്ലേ, വിഷുപ്പക്ഷി നിര്‍വഹിക്കുന്നത്?
വിഷു എല്ലാവരുടെയും ഉത്സവമാണ്. അതിനു ജാതിഭേദങ്ങളില്ല. വിഭവങ്ങളില്‍ ഏറ്റക്കുറവുണ്ടായേക്കാം. എന്നാല്‍ ഭാവം ഏകമാണ്. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ആവുംവിധം കൈനീട്ടം കൊടുക്കും. സ്വന്തം വീട്ടിലെ കണിയ്ക്കുശേഷം മറ്റു വീടുകളില്‍ പോയി കണികാണുന്ന പതിവ് പലേടത്തുമുണ്ട്. കുട്ടികളുടെ സംഘം കണിത്താലവുമേന്തി എല്ലാ വീട്ടിലും കണിദര്‍ശനം നടത്തുന്ന വിശേഷപ്പെട്ട ഒരു കാര്യക്രമം ബാലഗോകുലം അമ്പതു വര്‍ഷമായി സംഘടിപ്പിച്ചു വരുന്നുണ്ട്. ഓരോ വീട്ടിലേയും ഇളയ കുട്ടിയ്ക്ക് അങ്ങോട്ടു വിഷുക്കൈനീട്ടം കൊടുക്കുന്ന പതിവാണുള്ളത്. സാമൂഹ്യ സമരസതയുമായി ബന്ധപ്പെട്ട ഒരു സംഭവം ഇതിനനുബന്ധമായി ഓര്‍മ്മയില്‍ വരുന്നു. ബാലഗോകുലത്തിന്റെ കണിദര്ശനത്തില് കൃഷ്ണവിഗ്രഹമല്ല, കൃഷ്ണവേഷം ധരിച്ച ഒരു കുട്ടിയാണുണ്ടാവുക. പുതിയതായി ഗോകുലം ആരംഭിച്ച ഒരു സ്ഥലത്ത് പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് ഒരാശങ്ക. കുട്ടിയെ കണികണ്ടാല്‍ വീട്ടുകാര്ക്കിഷ്ടമായില്ലെങ്കിലോ? മേല്‍ജാതിക്കാരുടെ വീട്ടില്‍ അതേ ജാതിയിലല്ലാത്ത കുട്ടിയെ കൃഷ്ണവേഷമണിയിച്ച് കണികാണാന്‍ കൊണ്ടുപോകാമോ? വിഗ്രഹമല്ലേ നല്ലത്?
സംശയങ്ങള്‍ വെറും സംശയങ്ങളായിരുന്നു. വിഷുദിനത്തില്‍ ഓരോ കുട്ടിയിലും കണ്ണനെയാണ് എല്ലാവരും കാണുക. സന്ദര്‍ശിച്ച വീടുകളിലെല്ലാം ആ കുട്ടി സ്വീകരിക്കപ്പെട്ടു. പേരും വിലാസവും ആരും തിരക്കിയില്ല. കാഴ്ചയിലല്ല, കാണുന്നവരിലാണ് സൗന്ദര്യം. ഓരോ കുട്ടിയും ഈശ്വരനിലേക്കു തുറക്കുന്ന വാതിലുകളാണ്. ഒരു മുളന്തണ്ടും പീലിത്തുണ്ടും മഞ്ഞത്തുണിയും മാത്രം മതി. ഏതു കുട്ടിയും കണ്ണനായി മാറും. എല്ലാവരുടെയും വാത്സല്യഭാജനമാവും.
‘കുട്ടികളയ്യാ! നിര്‍വൃതി പെയ്യും
കുട്ടികളല്ലോ ദൈവങ്ങള്‍’
എന്ന കവിവാക്യം ഒന്നുകൂടി ദൃഢപ്പെട്ട നിമിഷമായിരുന്നു അത്. സ്വന്തം കര്മ്മദോഷത്തിന് കണികണ്ടവനെ കുറ്റം പറയുന്ന ദുശ്ശീലം തിരുത്തുക കൂടിയാണ് കണിദര്ശനത്തിന്റെ ഉദ്ദേശ്യം.
ഓരോ ഉത്സവത്തിനും ഓരോ നിറമുണ്ട്. വെള്ളയാണ് ഓണത്തിന്റെ നിറം. തിരുവാതിരയ്ക്കു തീക്കട്ടയുടെ നിറമാണ്. വിഷുവിന്റെ നിറം മഞ്ഞയും. പച്ചയില്‍ ചുവപ്പു കലരുമ്പോഴാണല്ലോ മഞ്ഞ രൂപപ്പെടുന്നത്. പച്ച ഭൂമിയേയും ചുവപ്പ് ഊര്‍ജ്ജത്തേയും സൂചിപ്പിക്കുന്നു. സൂര്യനാണ് ഊര്‍ജ്ജത്തിന്റെയും ആത്മീയതയുടെയും പ്രതീകം. സൂര്യകിരണങ്ങള്‍ ഭൂമിയുടെ പച്ചയിലെഴുതുന്ന വര്‍ണവിസ്മയമാണ് വിഷുവിന്റെ മഞ്ഞപ്രസാദങ്ങള്. ഭൗതിക സമൃദ്ധിയില്‍നിന്ന് ആത്മീയപ്രകാശത്തിലേക്കുള്ള യാത്രയിലെ ഒരു സുവര്‍ണഘട്ടമായി ഈ പീതവര്ണത്തെ നിര്‍ണയിക്കാമെന്നു തോന്നുന്നു. പച്ചയില്‍നിന്ന് ചുവപ്പിലേക്കുള്ള പ്രയാണത്തിന്റെ മുദ്രകള്‍ വെള്ളരിക്കയില്‍ തെളിഞ്ഞുകാണാം. പാകമാകലിന്റെ വര്‍ണമാണ് വെള്ളരിക്കയെ കണിവസ്തുവാക്കുന്നത്. മൃത്യുഞ്ജയമന്ത്രത്തിലെ ഉര്വാരുകത്തിന്റെ ഉപമ ഓര്‍മ്മിച്ചുപോവുന്നു. ഉരുളിയിലൊരുക്കിയ ഭൗതികസമൃദ്ധികള് സമര്‍പ്പിതമായിരിക്കുന്നത് മഞ്ഞത്തുകില്‍ ചുറ്റിയ മണിവര്‍ണനു മുമ്പിലാണല്ലോ. ഭൗതിക-ആത്മീയ സമരസതയാണ് ഇവിടെ തെളിഞ്ഞുകിട്ടുന്നത്. അതിന്റെ നിറമായ മഞ്ഞ ജീവന്റെ ഈശ്വരോന്മുഖമായ ഉത്തരായനത്തെ അഭിവ്യഞ്ജിപ്പിക്കുന്നു.
ശ്രീകൃഷ്ണനും വിഷുക്കണിയും തമ്മിലെന്താണ് ബന്ധം? ഐതിഹ്യകഥകള്‍ പലതുമുണ്ടെങ്കിലും അവയൊന്നും വിഷുവോളം പഴമയുള്ളതായി തോന്നുന്നില്ല. കൃഷിയും കാലാവസ്ഥയും ജ്യോതിശാസ്ത്രവും ഗ്രാമജീവിതവും ഒക്കെയാണ് വിഷുവിന്റെ വിഷയബിന്ദുക്കള്. ഈ ഗ്രാമീണ- പാരിസ്ഥിതിക – സാമൂഹ്യ-സ്വാശ്രയ ജീവിതക്കൂട്ടിലേക്ക് ഇണക്കിച്ചേര്‍ക്കാന്‍ സര്‍വ്വഥാ യോഗ്യമായ ഈശ്വരസങ്കല്പം ഭഗവാന് ശ്രീകൃഷ്ണനാണ്. പാരസ്പര്യം എന്ന ജീവിതഗുണം വൃന്ദാവനത്തില്‍ നിന്നാണല്ലോ ലോകം പഠിച്ചത്. ഏതു വീട്ടിലും കയറിച്ചെന്ന് കണി കാണിക്കുന്ന കണ്ണനെക്കുറിച്ച് ചെറുശ്ശേരി എഴുതിയിട്ടുണ്ട്.
‘എന്‍ കണി കാണണം നിങ്ങളെല്ലാവരും
എന്നങ്ങു ചൊല്ലീട്ടു വീടുതോറും
കോഴികള്‍ കൂകുമ്പോള്‍ കോഴകള്‍ കൂടാതെ
ഗോവിന്ദന് പാഞ്ഞുപാഞ്ഞങ്ങു ചെല്ലും’
കുസൃതിക്കുട്ടനായ ഈ കോമളബാലന്‍ സര്‍വചരാചരങ്ങളെയും തന്നിലിണക്കി അമ്പാടിയെ ആനന്ദവാടിയാക്കുന്ന സമരസതയുടെ മൂര്‍ത്തീഭാവമാണ്. അതുകൊണ്ടാവാം മയില്‍പ്പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും മണിക്കുഴലൂതിക്കൊണ്ടും കളിയാടുന്ന മായാബാലനെ മലയാളികള്‍ വിഷുവയജ്ഞത്തിന്റെ അധിദേവതയാക്കിയത്.
‘നല്ലവനായിത്തീരൂ മകനേ, ചൊന്നാളമ്മ
നല്ലതു ശ്വസിക്കുവാനേതു വായുവുണ്ടമ്മേ?’
കടമ്മനിട്ട രാമകൃഷ്ണന് കുറിച്ചിട്ട ഈ വരികള്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. കാണ്മതും കേള്പ്പതുമൊന്നും നല്ല കര്‍മ്മങ്ങളല്ല. സത്യവും ധര്‍മ്മവും നീതിയും ദയയുമൊന്നും ഇനി ആവശ്യമില്ലെന്ന സത്യാനന്തരവാദം ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഭയമോ നിരാശയോ തളര്‍ച്ചയോ നമ്മളെ ബാധിച്ചുകൂടാ. ഭാരതം കാട്ടിത്തന്ന സനാതനമൂല്യങ്ങള് തിരിച്ചറിവോടെ തിരിച്ചെടുക്കാനുള്ള സമയമായിരിക്കുന്നു. ഓരോ കുടുംബവും ഗുരുകുലമാവണം. ഓരോ അമ്മയും ഗുരുവാകണം. പരിവര്‍ത്തനം നമ്മുടെ ഉള്ളില്നിന്നാരംഭിക്കണം. ഏതു പകര്‍ച്ചവ്യാധിയെക്കാളും ഭീകരമായ ലഹരിയുടെ വിഷവിത്തുകളില്നിന്ന് പുതു തലമുറയെ വീണ്ടെടുക്കാന്‍ ഇതുമാത്രമാണ് വഴി.
ഓരോ കുടുംബത്തിലും ഐശ്വര്യമുണ്ടാവട്ടെ. എല്ലാവരും ഒരുമിച്ചിരുന്നു സന്തോഷം പങ്കിടട്ടെ. പരിസരവും പരിസ്ഥിതിയും സുന്ദരമാവട്ടെ. മനുഷ്യര്‍ സ്വന്തം വിയര്‍പ്പില്‍ വിളയുന്ന അന്നമുണ്ട് ആരോഗ്യത്തോടെ വളരട്ടെ. സമാജം ഭിന്നതകള്‍ മറന്ന് സമരസതയോടെ ജീവിക്കട്ടെ. ഈ ഭൂമി ഒരു വലിയ കണിത്താലമായി ശോഭിക്കട്ടെ. സര്‍വചരാചരങ്ങളും അതിലെ കണിവിഭവങ്ങളായി മാറട്ടെ. അങ്ങനെ വിദ്വേഷമില്ലാത്ത നവലോകം പുലരട്ടെ. ധനവും ധാന്യവും നിരന്തരം അഭിവൃദ്ധിപ്പെടുത്തി ഉപയോഗിക്കുന്ന ശീലം പ്രബലമാവട്ടെ. മറ്റൊരാളിന്റെ വേദനയില്‍ സ്വയം അലിയുന്ന ഹൃദയം ഏവര്‍ക്കുമുണ്ടാവട്ടെ. കവി പ്രാര്‍ത്ഥിച്ചതുപോലെ മനസ്സില്‍ ഗ്രാമത്തിന്റെ വെളിച്ചവുമായി ജീവിക്കാന്‍ എല്ലാവര്ക്കും കഴിയട്ടെ. അങ്ങനെ നല്ലതു കണ്ട് നന്മയിലേക്കു വളരാനുള്ള ശുഭമുഹൂര്‍ത്തമായി ഈ വിഷുപ്പുലരിയെ നമുക്കു വരവേല്‍ക്കാം.