സമയം അഞ്ചു മണിയാകുന്നു. വീട്ടില്‍ നോമ്പ് തുറക്കുള്ള ഒരുക്കങ്ങളാണ്. ഫ്രൂട്സ് മുറിക്കല്‍, ഈത്തപ്പഴം എടുക്കുക, കഴുകുക, ജ്യൂസുണ്ടാക്കുക, നാരങ്ങ വെള്ളം ഉണ്ടാക്കുക എന്നീ ചുമതലകളാണ് എനിക്കും ബാപ്പാക്കും. ഉമ്മയും പെങ്ങളും പത്തിരിയുടെ പണിയില്‍ ആയിരിക്കും. എന്നിട്ട് എല്ലാവരും ഒന്നിച്ചു ബാങ്ക് വിളിക്ക് മുന്നേ ഉള്ള മൈക്കിലെ കൊട്ട് കാത്തിരിക്കും. ബാങ്കിന് മുന്നേ മൈക്ക് ശരിയാക്കാന്‍ വേണ്ടി ഉള്ള മുക്രിയുടെ ഈ കലാപരിപാടി ഒരു ആശ്വാസമാണ്..! നോമ്പുകാലത്തെ കുട്ടിക്കാല ഓര്‍മ്മകള്‍ മിക്കതും ഏതാണ്ട് ഇങ്ങനെ ആണ്. എന്നാല്‍ നോമ്പോര്മ്മകളെല്ലാം ഇങ്ങനെ മധുരതരമാണെന്ന് ധരിക്കരുത്. മറക്കാത്ത കയ്പ്പേറിയ ചില ഓര്‍മ്മകളും പങ്കുവെയ്ക്കേണ്ടതുണ്ട്.
കൊടും വേനലില്‍ എടുത്ത ഒരു നോമ്പിന്റെ പര്യവസാനം ആണ് രംഗം. റമദാനില്‍ നേരത്തെ സ്കൂള്‍ വിടും. ഏകദേശം രണ്ട് മണിയോടെ. സ്കൂള്‍ വിട്ട ഉടനെ സ്കൂളിലെ തന്നെ പള്ളിയിലെ ലുഹര്‍ നിസ്കാരവും കഴിഞ്ഞ്, പതിവുപോലെ ഏകദേശം ഒന്നര രണ്ട് കിലോമീറ്റര്‍ നടന്നു ബസ് കയറി നേരെ വീട്ടിലേക്ക് വന്നു. വീട്ടില്‍ എത്തിക്കഴിഞ്ഞപ്പോഴേക്കും, ക്ഷീണിതനായിട്ടുണ്ടായിരുന്നു. സമയം നാല് മണിയാകുന്നു. ദാഹം കലശലായി അനുഭവപ്പെടുന്നുണ്ട്. ചുണ്ടുകള്‍ വരണ്ട് ഒട്ടിപ്പിടിക്കുന്നുണ്ട്. ഒന്ന് കിടന്നുറങ്ങാന്‍ തോന്നി. ചെറിയ തലവേദനയും ഉണ്ട്. കിടന്നു. നല്ല ചൂടുണ്ട്. കിതപ്പും ഉണ്ട്. ഫാനിട്ടു. അസര്‍ ബാങ്ക് കൊടുത്തു കഴിയുമ്പോ എഴുന്നേല്‍ക്കണം എന്ന പ്രതീക്ഷയിലാണ് കിടന്നത്. പക്ഷേ, ഉറങ്ങിപ്പോയി. അഞ്ചുമണി ആയപ്പോള്‍ പതിവുപോലെ ഉമ്മ വീട്ടില്‍ എത്തി. ക്ഷീണിതയാണെങ്കിലും, ഉമ്മ തന്റെ ഉത്തരവാദിത്തമായ പത്തിരിപ്പണി തുടങ്ങി. പെങ്ങള് പിന്നാലെ കൂടി. ബാങ്ക് കൊടുക്കാന്‍ ഇനിയും ഏറെനേരം ഉണ്ട്. ചെറുവര്‍ത്തമാനങ്ങളും ഒക്കെ ആയി എല്ലാവരും അടുക്കളയില്‍ ഉണ്ട്. ഞാന്‍ ക്ഷീണിച്ച് മയക്കത്തിലും.
എന്റെ ചുമതലയില്‍ ഉള്ള പണി എടുക്കാന്‍ ബാപ്പ വിളിച്ചുകൊണ്ടേയിരുന്നു. കേള്‍ക്കാം. പക്ഷേ തല പൊന്തുന്നില്ല. അതിയായ ക്ഷീണം. നാവ് വരണ്ടിരിക്കുന്നു. വെള്ളം കുടിക്കാന്‍ തോന്നുന്നുണ്ട്. പക്ഷേ മഗരിബ് ആയ നേരത്ത്, ഇത്രയും എത്തിച്ച നോമ്പ് മുറിക്കുന്നത് ആലോചിക്കാന്‍ കൂടെ വയ്യ. കുറ്റബോധം. ഞാന്‍ നോമ്പ് തുടര്‍ന്നു. ഇപ്പോള്‍ ഓക്കാനവും തോന്നുന്നുണ്ട്. എപ്പോ വേണമെങ്കിലും ചര്‍ദ്ദിക്കാം എന്ന തോന്നല്‍. കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞു കിടന്നു. ആരോടും പറഞ്ഞില്ല. അസര്‍ നിസ്കരിച്ചിട്ടും ഇല്ല. റമദാനില്‍ നിസ്കാരം തെറ്റിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കുറ്റബോധം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് എത്രയും വേഗം എഴുന്നേറ്റ് നിസ്കരിക്കാന്‍ ഒരുങ്ങി. ഒരുവിധം വുളു എടുത്ത് പായയില്‍ ഇരുന്നാണ് നിസ്കരിച്ചത്. ഓക്കാനം വര്ദ്ധിച്ചപോലെ ഉണ്ട്. ഛര്‍ദ്ദിക്കുമോ എന്ന പേടി കൂടിക്കൊണ്ടിരുന്നു. അടുക്കളയിലേക്ക് ചെല്ലാന്‍ വിളിക്കുന്നുണ്ട്. പക്ഷേ ആകുന്നില്ല. അതിയായ ക്ഷീണം. നിസ്കാരപ്പായയില്‍ തന്നെ ഉമ്മയുടെ നിസ്കാര ക്കുപ്പായം തലയിണയാക്കി വീണ്ടും കിടന്നു. ആ കുപ്പായത്തിന്റെ മണം വലിയ ഇഷ്ടമാണ്. ഇന്നും അത് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. തസ്ബിമാല ആദ്യമേ മാറ്റിവെക്കും, ഇല്ലെങ്കില്‍ അത് പൊട്ടും എന്ന് പറഞ്ഞു ഉമ്മാടെ ചീത്തവിളി കേള്‍ക്കണം. എന്തായാലും ആ നിസ്കാരകുപ്പായക്കെട്ടില് തലചായ്ച്ച് കിടന്നത് മാത്രമേ ഓര്‍മ്മയുള്ളൂ.. വീണ്ടും ഉറങ്ങിപ്പോയി.
”ഡാ, മോനെ, എഴുന്നേല്‍ക്ക്, ബാങ്ക് കൊടുത്തിട്ട് എത്ര നേരമായി, നീ എന്താ നോമ്പ് തുറക്കുന്നില്ലേ..?” ഈ ചോദ്യം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്…. ഉമ്മാന്റെ ശബ്ദമാണ്. അത് ഉമ്മാടെ സ്ഥിരം പരിപാടി ആണ്. സമയം കേറ്റി പറയും. ബാങ്ക് കൊടുത്തിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ എഴുന്നേല്ക്കാന് നോക്കി. എല്ലാവരും മുക്രിയുടെ മൈക്കിലെ കോട്ടും പ്രതീക്ഷിച്ച് ഡൈനിംഗ് ടേബിളില്‍ ഇരിപ്പാണ്. ഞാന്‍ അങ്ങോട്ട് പോകാന്‍ നോക്കി. ഇല്ല സാധിക്കുന്നില്ല. കാലുകള്‍ കുഴഞ്ഞിരിക്കുന്നു. നിലത്ത് കുത്തുമ്പോള്‍ വിറക്കുകയാണ്. മൊല്ലാക്ക മൈക്കില്‍ കൊട്ടി. കൊട്ട് ഞാനും കേട്ടു. ഇനി മഗരിബ് ബാങ്കാണ്. നോമ്പ് തുറക്കണം. പക്ഷേ ഓക്കാനം മൂര്‍ച്ഛിച്ചു. ഛര്‍ദ്ദിക്കുമോ എന്ന പേടി കൂടി. ഒരുവിധം ഡൈനിംഗ് ടേബിളില്‍ എത്തി പൊത്തിപ്പിടിച്ച് ഒരു കസേരയില്‍ വലിഞ്ഞ് ഏന്തി വീണു. ബാങ്ക് വിളിച്ചു. വിറക്കുന്ന കൈ കൊണ്ട് ഒരു ഈത്തപ്പഴം എടുത്ത് കടിച്ചു. ഇല്ല ഓക്കാനം കൂടുകയാണ്. കഴിക്കാന്‍ പറ്റുന്നില്ല. അത് കയ്യില്‍ ചുരുട്ടിപ്പിടിച്ച്, ഒരിറക്ക് നാരങ്ങ വെള്ളം എടുത്ത് കുടിച്ചു. കുടിച്ചത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ, ഉച്ചത്തില്‍ ഒരു ഓക്കാനം വന്നതും, രണ്ടും കല്‍പ്പിച്ച് വാഷ് ബേസിനിലേക്ക് ഓടി, കുടിച്ചതിന്റെ നാലിരട്ടി കൈപ്പേറിയ മഞ്ഞ വെള്ളം ഛര്‍ദ്ദിച്ചതും ഒരുമിച്ചായിരുന്നു. ആ കയ്പ്പ് ഇപ്പോഴും ഉണ്ട്… അസഹനീയം.
എന്തുപറ്റി എന്നൊന്നും ചോദിക്കാന്‍ നിന്നില്ല. ബാപ്പ ഓടി വന്ന് എന്നെ താങ്ങിപ്പിടിച്ചു നിലത്ത് ഇരുത്തി. നിനക്ക് വയ്യെങ്കില്‍ നോമ്പ് മുറിച്ചൂടായിരുന്നോ എന്ന് ചോദിച്ചുകൊണ്ട് പുറം തടവിക്കൊണ്ടിരുന്നു. എന്തിനാണ് ഇങ്ങനെ ശരീരത്തെ പീഡിപ്പിക്കുന്നത് എന്ന ഒരു ചോദ്യം വേറെയും ഉണ്ടായിരുന്നു. അത് ഞാന്‍ കേള്‍ക്കാത്ത പോലെ ഇരുന്നു. എന്നെ കൊണ്ടുപോയി കിടത്തി. വീണ്ടും നാരങ്ങ വെള്ളം തന്നു. അല്പം മാത്രം കുടിച്ച് വെച്ചു. ഓക്കാനം വന്നുകൊണ്ടിരുന്നു. പിന്നെ ഛര്‍ദ്ദിച്ചില്ല. തലവേദന കൂടി. പൊട്ടിപ്പൊളിയുന്ന വേദന. ഇടക്കിടെ നാരങ്ങ വെള്ളവും, ജ്യൂസും കുടിച്ച് മണിക്കൂറുകള്‍ പിന്നെയും തള്ളി നീക്കി. ഭക്ഷണം കഴിക്കാന്‍ ആകുന്നില്ല. വീണ്ടും കിടന്നു ഉറങ്ങിപ്പോയി. താറാവി നഷ്ടപ്പെട്ടു. പിന്നീട് പാതിരാത്രി എപ്പോഴോ എഴുന്നേറ്റാണ് അല്പം ഭക്ഷണം കഴിച്ചത്. എന്നിട്ട് എല്ലാം കഴിഞ്ഞ്, അടുത്ത ദിവസത്തേക്കുള്ള നോമ്പിന്റെ നിയ്യതും വെച്ച് കിടന്നുറങ്ങി. ഒന്നും സംഭവിക്കാത്ത പോലെ… ”ഗ്യാസ് കയറിയതാണ്” എന്ന ഉമ്മയുടെ കണ്ടുപിടുത്തം ഇടക്കിടെ പറയുന്നുണ്ടായിരുന്നു..! ഞാനും അത് വിശ്വസിച്ചു. കുറെ കാലം അത് വിശ്വസിച്ചു നടന്നു..!
എന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഈ അനുഭവത്തെ കുറിച്ച് ആലോചിക്കുമ്പോള്‍, ഇക്കാലമത്രയും ഓക്കാനം മാത്രമാണ് വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന്, എ.ആര്.റഹ്മാന് നിര്‍ജ്ജലീകരണത്തിന്റെ ഭാഗമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ ആയപ്പോഴും, ക്രിക്കറ്റ് കളിക്കിടെ നോമ്പുകാരനായ പാകിസ്ഥാനി കുഴഞ്ഞു വീണു മരിച്ചപ്പോഴും, നോമ്പുതുറക്കാന്‍ ഉള്ള പരക്കം പാച്ചിലില്‍ നടുറോഡില്‍ ജീവന് പൊലിയുന്നവരുടെ വാര്‍ത്തകള്‍ പെരുകുമ്പോഴും, നോമ്പ് നോറ്റ് വിമാനം ഓടിച്ച് നൂറില്‍പ്പരം യാത്രക്കാരെ പാകിസ്ഥാനില്‍ കൊന്നപ്പോഴും, ഞാന്‍ ആലോചിച്ചു പോയി. അന്ന് ബാപ്പ ചോദിച്ച ആ ചോദ്യം എത്ര അര്‍ത്ഥവത്താണ് എന്ന്. ”എന്തിനാണ് ഇങ്ങനെ ശരീരത്തെ പീഡിപ്പിക്കുന്നത്…?” എന്തായാലും ആദ്യമേ ഒരു കാര്യം ഇവിടെ കുറിക്കാനുള്ളത്, അന്ന് സംഭവിച്ചത്, ഉമ്മ കരുതിയ പോലെ വെറും ഗ്യാസ് കയറിയതല്ല. ഗ്യാസ് കയറുക എന്ന സമ്പ്രദായം മെഡിക്കല്‍ ഡിക്ഷണറിയില്‍ പോലും ഇല്ല എങ്കിലും, നാട്ടുകാര്‍ വയറില്‍ എന്ത് സംഭവിച്ചാലും ആദ്യം പറയുക ഇതാണ്. എന്താണ് അതിന്റെ ശാസ്ത്രം എന്നത് നമുക്ക് പിന്നീട് വിശദീകരിക്കാം. ഇന്നിപ്പോള്‍, നമ്മുടെ പ്രതിപാദ്യം, ‘നിര്‍ജ്ജലീകരണം’ ആണ്. പ്രത്യേകിച്ച് റമദാന് നോമ്പുകാലത്തെ മനഃപൂര്‍വ്വം ഉള്ള, ആത്മഹത്യാപരമായ നിര്‍ജ്ജലീകരണം. അതുവഴി ശരീരത്തെ മരണത്തിന്റെ വക്കില്‍ കൊണ്ടെത്തിക്കുന്ന ഒരു ദുഷിച്ച മതാ ചാരം. ആരും ഇതിനെ കുറിച്ച് സംസാരിക്കാന്‍ തയാറാകുന്നില്ല. സംസാരിച്ചവര്‍, മെഡിക്കല്‍ മേഖലയില്‍ ഉള്ളവരായിട്ട് പോലും, വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുന്ന അവസ്ഥ. തെറിവിളികള്‍ സഹിക്കവയ്യാതെ പോസ്റ്റ് മുക്കി ഓടുന്ന അവസ്ഥ. ഇല്ല. പറ്റില്ല. കുട്ടികളും, പ്രായമായവരും, താല്പര്യമില്ലാത്തവരും ഒരുപോലെ റമദാന് നോമ്പ് എടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാലത്തോളം, അത് ശരീരത്തിന് ഗുണമാണ് എന്ന വാദം വെച്ച് മതത്തെ മാര്‍ക്കറ്റിംഗ് നടത്തുന്ന വേളയില്‍, അതിലെ അശാസ്ത്രീയതെയും, ദുരാചാരത്തെയും കുറിച്ച് സംസാരിക്കേണ്ടത് ഒരു അനിവാര്യമായി മാറുന്നു. അതാണിവിടെ നിര്‍വ്വഹിക്കുന്നത്.
റമദാനിലെ നോമ്പ് സത്യത്തില്‍ ഒരു ആത്മഹത്യാ ശ്രമം ആണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്..? നമ്മെ കൊല്ലാന്‍ സാധ്യത ഉണ്ട് എന്ന് അറിവുള്ള ഒരു കൃത്യം, ആ അറിവ് ഉണ്ടായിരിക്കെ ചെയ്യുമ്പോള്‍ ആണ് അത് ആത്മഹത്യാപരമായ ഒന്നാകുന്നത്. ദാഹം അനുഭവപ്പെട്ടിട്ടും ദീര്‍ഘനേരം വെള്ളം കുടിക്കാതെ ഇരിക്കുക എന്നത് ആത്മഹത്യാപരമാണ്. അത് മരണം ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. റമദാനിലെ നോമ്പ്, ദാഹം എന്ന ശരീരത്തിന്റെ അതിപ്രധാന ലക്ഷണത്തെ അവഗണിക്കുന്ന ഒന്നാണ്. അത് നമ്മെ കൊല്ലാന്‍ പാകത്തിനുള്ള ഒന്നാണ്. ഭക്ഷണം ഇല്ലാതെ ആഴ്ചകള്‍ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുമെങ്കില്‍, വെള്ളമില്ലാതെ മണിക്കൂറുകള്‍ മാത്രമേ നിങ്ങള്‍ക്ക് ജീവന് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്നാണ് ശാസ്ത്രപക്ഷം. അതായത്, വെള്ളവും ഭക്ഷണവും നിങ്ങള്‍ ഒരേസമയം എടുക്കുന്നില്ല എങ്കില്‍, ഭക്ഷണം ഇല്ലാത്തത് കൊണ്ട് ശരീരം കുഴപ്പത്തില്‍ ആകുന്നതിനും മുന്നേ, വളരെ മുന്നേ, നിങ്ങള്‍ വെള്ളമില്ലാത്തത് കൊണ്ട് മരണപ്പെട്ടിരിക്കും. ഇത് ഏത് കൊച്ചു കുട്ടിക്കും അറിയുന്ന ഒന്നാണ് എന്നിരിക്കെയാണ്, ആളുകള്‍ കുട്ടികളെ കൊണ്ട് പോലും ഈ കൊടും വേനലില്‍ നോമ്പെടുക്കാന്‍ പ്രേരിപ്പിച്ച് അവര്‍ക്ക് ആത്മഹത്യാ പ്രേരണ കൊടുക്കുന്നത്. ഇങ്ങനെ തികച്ചും അശാസ്ത്രീയമായ ഒരു ദുരാചാരമാണ് ഇവിടെ മാധ്യമങ്ങളും, നവോത്ഥാന നായകര്‍ എന്ന് സ്വയം മേനിനടിക്കുന്ന രാഷ്ട്രീയ നേതാക്കളും കൊട്ടിഘോഷിച്ച് നടത്തുന്നത്.
എന്തുകൊണ്ട് റമദാന് നോമ്പിനെ മാത്രം വിമര്‍ശിക്കുന്നു?
മറ്റ് മതങ്ങളിലും നോമ്പ് ഉണ്ടല്ലോ? എന്നിട്ട് എന്തുകൊണ്ടാണ് അതിനെ ആത്മഹത്യാശ്രമം എന്ന് പറഞ്ഞ് ഈ രീതിയില്‍ വിമര്‍ശിക്കാത്തത്..? ഇവിടെ ഉയരാന്‍ സാധ്യതയുള്ള ഒരു ചോദ്യം ഇതാണ്. ഒന്നാമതായി ഉമിനീര് പോലും ഇറക്കാത്ത രീതിയില്‍ വിശ്വാസികളെ പേടിപ്പിച്ച് പറ്റിച്ച് നോമ്പെടുപ്പിക്കുന്ന രീതി മറ്റ് മതങ്ങളില്‍ ഇല്ല. ഒന്നുകില്‍ അത് ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നില്ക്കുന്ന, ലളിതമായ നോമ്പാണ്. ചിലര്‍ ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കി നോമ്പ് എടുക്കുന്നു. ചിലര്‍ സസ്യാഹാരികളായി മാറുന്നു. എന്നിരുന്നാലും, ആരും റമദാനിലെ പോലെ വെള്ളം കുടിക്കാതെ, ദാഹം എന്ന അതിപ്രധാന മുന്നറിയിപ്പിനെ അവഗണിച്ച് നോമ്പെടുത്ത് ഇരിക്കുന്നില്ല. മറ്റൊരു നോമ്പിലും രാത്രി പകലാക്കി മാറ്റുന്ന പറ്റിക്കല്‍ ഏര്‍പ്പാടില്ല. മാത്രമല്ല, റമദാനില്‍ ഭക്ഷണം കഴിക്കുന്നില്ല എന്ന വാദവും വ്യാജമാണ്. കാരണം, ഉച്ചയൂണ് ഉച്ചക്ക് കഴിക്കുന്നില്ല എന്നത് മാത്രമാണ് റമദാനില്‍ ഉള്ള വ്യത്യാസം. എന്നാല്‍, ആ കഴിപ്പിന്റെ കുറവ് നോമ്പ് തുറന്നശേഷം വീട്ടുന്നുമുണ്ട് എന്ന് കാണുമ്പോള്‍ ആണ് നമ്മള് ചോദിക്കുന്നത്, ഇതില്‍ എവിടെ ആണ് ഭക്ഷണ നിയന്ത്രണം ഉള്ളത്്..? ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ആകെ ഉള്ളത് വെള്ള നിയന്ത്രണം ആണ്, അതാവട്ടെ ശരീരത്തെ കൊലക്കു കൊടുക്കുന്ന രീതിയിലും ആകുന്നു. അതുകൊണ്ട് തന്നെ, റമദാന് നോമ്പ് പകല്‍ രാത്രിയാക്കുന്ന ഒരു ഏര്‍പ്പാട് മാത്രമാണ്.
ആരോഗ്യത്തെ തകിടം മറിക്കുന്ന ഭക്ഷണക്രമം
നമ്മുടെ ശരീരത്തിന് നിയതമായ ഒരു വ്യവസ്ഥയുണ്ട്. ജോലി ചെയ്യുന്ന പകല്‍ സമയത്ത് ആവശ്യത്തിന് ഭക്ഷണം, വെള്ളം എന്നിവ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ശരീരത്തിന്റെ എഴുപത് ശതമാനം വെള്ളമാണ്. അതുകൊണ്ട് തന്നെ വെള്ളം കുറഞ്ഞാല്‍ ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടും. പകല്‍ സമയത്ത്, അധ്വാനമനുസരിച്ച് മൂന്ന് മുതല്‍ ആറു ലിറ്റര്‍ വരെ വെള്ളം കുടിച്ചിരിക്കണം. ഈ വെള്ളം ഒരുമിച്ചല്ല കുടിക്കേണ്ടത്. കുറേശ്ശെ വെള്ളം കുടിച്ചാലേ അത് ശരീരത്തിന് പ്രയോജനപ്പെടുകയുള്ളൂ.
റംസാന് സമയത്ത് ഇത്രയുമൊക്കെ വെള്ളം കുടിക്കുന്നില്ലേ എന്നാവും ചോദ്യം. അതിരാവിലെയും രാത്രിയിലും ലിറ്റര്‍ കണക്കിന് വെള്ളം ഒരുമിച്ചു കുടിച്ചാല്‍ ആ ഭാരം താങ്ങാന്‍ ദഹന വ്യവസ്ഥക്ക് കഴിയില്ല. അത് വാട്ടര്‍ ടോക്സിസിറ്റി, അഥവാ വെള്ളം വിഷമായി മാറുന്ന അവസ്ഥയിലേക്ക് നയിക്കും. അതുപോലെതന്നെയാണ് ഭക്ഷണവും. അതിരാവിലെയും രാത്രിയിലും അമിതമായി ഭക്ഷണം കഴിക്കുക എന്നത് ഈ സമയത്ത് പതിവാണ്. ഒരിക്കലും പരസ്പരം ചേരാത്ത വിരുദ്ധഭക്ഷണങ്ങള്‍, പകല്‍ പട്ടിണി കിടന്ന് തളര്‍ന്ന ദഹന വ്യവസ്ഥയിലേക്ക് ആര്‍ത്തലച്ചു ചെല്ലുമ്പോള്‍ ശരീരത്തിന്റെ മുഴുവന്‍ ബയോകെമിക്കല്‍ ബാലന്‍സും മാറി മറിയും. ഇങ്ങനെ ഒരു മാസം കഴിയുമ്പോഴേക്കും ശരീരമൊന്നാകെ പ്രകൃതി കല്പിച്ചിട്ടില്ലാത്ത ഒരു അവസ്ഥയിലേക്ക് മാറും.
റംസാന് മാസം കഴിഞ്ഞാല്‍ മലപ്പുറം ജില്ലയിലെ ആശുപത്രികളുടെ കൊയ്ത്തുകാലമാണ്. നോമ്പ് സമയത്ത് താളം തെറ്റിയ ശരീരം പെട്ടന്ന് നോര്‍മല്‍ അവസ്ഥയിലേക്ക് മടങ്ങാന്‍ മടിക്കും. അപ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒരുപാടാണ്. അള്‍സര്‍, മൂത്രാശയരോഗങ്ങള്‍, പ്രമേഹം എന്നിവയാണ് ഈ സമയത്ത് ഏറ്റവും കൂടുതല്‍ കാണുന്നത്. കൂടാതെ സ്ഥിരം മരുന്ന് കഴിക്കുന്നവര്‍ അത് തെറ്റിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെ.
വ്രതങ്ങള്‍ നല്ലത് തന്നെയാണ്. ശരീരവും മനസ്സും പാകപ്പെടാനുള്ള ഒരു സമ്പ്രദായമാണത്. അവിടെ ത്യാഗവും സഹനവുമുണ്ട്. ഈ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തിയായിരിക്കാം റംസാന് വ്രതവും ആരംഭിച്ചിരിക്കുക. പക്ഷേ അത് പ്രകൃതിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാകുമ്പോഴാണ് പ്രശ്നം. നോമ്പ് ഫലത്തില്‍ അശാസ്ത്രീയമാകുന്ന കാഴ്ചയാണ് കാണുന്നത്. റംസാനില്‍ പകല്‍ ഭക്ഷണം ത്യജിക്കുമ്പോള്‍ രാത്രിയില്‍ ഭക്ഷ്യമേളയാണ്. അവിടെ പാഴാക്കപ്പെടുന്ന ഭക്ഷണം വളരെയേറെയാണ്. അങ്ങനെ നോമ്പ് മാനവികവിരുദ്ധം കൂടിയായി പരിണമിക്കുന്നു.
അപകടങ്ങള്‍ ചുരുക്കത്തില്‍:
1. ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല ((Dehydration) ) എന്നതാണ് റമദാന് നോമ്പിന്റെ ഏറ്റവും വലിയ അപകടം: ഓരോ മനുഷ്യ ശരീരവും വ്യത്യസ്തമായിരിക്കെ, അവനവന്റെ ശാരീരിക പ്രത്യേകതകളും, പ്രവര്‍ത്തനങ്ങളും, കാലാവസ്ഥയും അടിസ്ഥാനപ്പെടുത്തി വെള്ളം കുടിക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താന്‍ നമ്മള് ചെയ്യേണ്ട പ്രധാനപ്പെട്ട ഒന്നായിരിക്കെ, അതിനെയാണ് റമദാനിലൂടെ തെറ്റിച്ച് ആളുകളെ കൊലക്ക് കൊടുക്കുന്നത്. വേനല്‍ക്കാലം ആകുമ്പോള്‍ അതിന്റെ അപകടം വീണ്ടും പതിന്മടങ്ങ് വര്‍ധിക്കും എന്നും ഓര്‍ക്കണം. അങ്ങനെ ഒരു അപകടത്തില്‍നിന്നും ആണ് ഞാന്‍ എന്റെ ബാല്യത്തില്‍ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത് എന്ന് ഇന്ന് ഓര്‍ത്തുപോകുന്നു.
2. സിര്‍ക്കേഡിയന്‍ റിഥം(Circadian Rhythm) തെറ്റിക്കുന്നു: ശരീരത്തിന്റെ രീതി മറ്റേതൊരു യന്ത്രത്തിന്റേത് പോലെ തന്നെയാണ്. അതായത്, നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന വേളയില്‍ ആണ് നിങ്ങള്‍ക്ക് ഇന്ധനം വേണ്ടത്. ഷെഡ്ഡില്‍ കയറ്റി ഇടുന്ന വേളയില്‍ അല്ല. എന്നാല്‍, റമദാനില്‍, നോമ്പ് എന്ന പേരില്‍ പകല്‍ നേരത്ത് വെള്ളവും ഭക്ഷണവും നിയന്ത്രിക്കുന്നു. എന്നിട്ട് കിടന്ന് ഉറങ്ങാന്‍ നേരം മൂക്കുമുട്ടെ തിന്നുന്ന ഏര്‍പ്പാട് നടക്കുന്നു. സത്യത്തില്‍ ഇത് ശരീരത്തിന്റെ ജൈവികമായ താളത്തെ അടിമുടി അട്ടിമറിക്കുകയാണ്. അത് വളരെ അധികം ദോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നത് മുതല്‍, നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നതും, വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതും, ഹൃദയ രോഗത്തിന് വഴിയിടുന്നതും എല്ലാം ഇതിന്റെ തുടര്‍ച്ചയാണ്.
3. അത്താഴത്തിന് വെള്ളം അധികം കുടിച്ച് (Overhydration) പകടം വേഗത്തിലാക്കുന്നതാണ് മറ്റൊരു അശാസ്ത്രീയത. ഇത് ഏറ്റവും അധികമുള്ള ഒരു തെറ്റിദ്ധാരണയാണ്. നിര്‍ജ്ജലീകരണം തടയാന്‍ അത്താഴത്തിന്റെ ഒപ്പം രണ്ട് ലിറ്റര്‍ വെള്ളം അങ്ങ് കുടിച്ചാല്‍ മതിയല്ലോ എന്ന ഉമ്മമ്മ ശാസ്ത്രം. ഇതിന്റെ അപകടം എത്രയാണ് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ആദ്യം മനസ്സിലാക്കേണ്ടത്, നമ്മള് മനുഷ്യരാണ്, ഒട്ടകമല്ല എന്ന അടിസ്ഥാന തത്വമാണ്. അതായത്, വെള്ളം അധികം കുടിച്ച് അത് കൊഴുപ്പില്‍ ശേഖരിച്ച് ദിവസങ്ങളോളം വെള്ളം കുടിക്കാതെ മരുഭൂമിയില്‍ കഴിച്ചുകൂട്ടാന്‍ ഒരു ഒട്ടകത്തിന് സാധിക്കുന്നത് പോലെ, മനുഷ്യന് സാധിക്കില്ല. മനുഷ്യന്റെ ശരീര പ്രവര്‍ത്തനം വെള്ളം ടാങ്കില്‍ ശേഖരിക്കുന്നത് പോലെ അല്ല. ഏറ്റവും പ്രധാനമാണ് ദാഹം എന്ന ലക്ഷണത്തെ ഗൗരവമായി എടുക്കുക എന്നത്. നിങ്ങള്‍ ഒറ്റയടിക്ക് ധാരാളം വെള്ളം കുടിച്ചാല്‍, അത് രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് മൂത്രമായിപുറത്തേക്ക് പോകുന്നതോടൊപ്പം, നിങ്ങളുടെ ശരീരത്തില്‍ നിന്ന് അത്യാവശ്യം വേണ്ട അമ്ലങ്ങളും അധികം നഷ്ടപ്പെടും. സോഡിയവും പൊട്ടാസ്യവും അങ്ങനെ പുറത്ത് പോകുന്നത് വഴി, അത്താഴത്തിന് അധികം വെള്ളം കുടിച്ചത് വഴി, ആദ്യം വെള്ളത്തിന്റെ അളവ് കൂടിയതിന്റെ ബുദ്ധിമുട്ട് ഉണ്ടാവുകയും, പിന്നീട്, അത് മൂത്രമൊഴിച്ച് പോയ ശേഷം നിര്‍ജ്ജലീകരണത്തിന്റെ ബുദ്ധിമുട്ട് പതിനൊന്ന് പന്ത്രണ്ട് മണിയാകുമ്പോഴേക്കും വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നുവെച്ചാല്‍, നിങ്ങള്‍ രണ്ട് അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്.
4. ഇതിനൊക്കെ എന്താണ് തെളിവ്? ഇതാണ് അവസാന ചോദ്യം. തെളിവുകള്‍ ഓരോ വര്‍ഷവും മെഡിക്കല്‍ ജേര്‍ണലുകളിലും പത്രവാര്‍ത്തകളിലും നിറയുന്നത് വിശ്വാസികള്‍ കാണാന്‍ ശ്രമിക്കാറില്ല. അവരുടെ ദുരാചാരങ്ങളില്‍ ഉള്ള വിശ്വാസം അതിന് അനുവദിക്കുന്നില്ല. 2025ലെ റിപ്പോര്‍ട്ടിലും, അറബ് രാഷ്ട്രങ്ങളില്‍ റമദാനിലെ വര്‍ധിച്ച വാഹനാപകടങ്ങളും അതിന് വഴിവെക്കുന്ന നിര്‍ജ്ജലീകരണവും നമുക്ക് കാണാം. ഇസ്കീമിയ കൊണ്ടുള്ള പക്ഷാഘാതം വര്‍ധിക്കുന്നതിന്റെ കണക്കുകള്‍ ഇപ്പോഴും പുറത്ത് വരുന്നു. മറ്റ് അത്യാവശ്യങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഓരോ റമദാനിലും നോമ്പ് തുറ നേരത്ത് പുറത്ത് ഇറങ്ങരുത് എന്ന നിര്‍ദ്ദേശം മറ്റു മതസ്ഥര്‍ക്ക് കൊടുക്കുന്ന ഏര്‍പ്പാട് പോലും ഇന്ന് അറബ് രാഷ്ട്രങ്ങളില്‍ സാധാരണയായി. പാകിസ്ഥാന് ഉള്‍പ്പെടെ ഉള്ള ഇസ്ലാമിക രാജ്യങ്ങള്‍ പൈലറ്റും ജീവനക്കാരും വിമാനത്തില്‍ ജോലിക്ക് വരുമ്പോള്‍ നോമ്പെടുക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശം പോലും വെച്ചുകഴിഞ്ഞു. നൂറില്‍പരം ആളുകളാണ് പാകിസ്ഥാനില്‍ മാത്രം നോമ്പെടുത്ത പൈലറ്റ് കാരണം കൊല്ലപ്പെട്ടത്.
5. എനിക്ക് അമ്പത് വയസ്സായി, ഞാന്‍ ഇത്രനാളും നോമ്പെടുത്തു, എന്നിട്ടും ഞാന്‍ മരിച്ചിട്ടില്ലല്ലോ – ഇതാണ് വിശ്വാസികളുടെ ഒടുക്കത്തെ ന്യായമായി വരുന്നത്. അത്തരം പഴഞ്ചന്‍ ന്യായവുമായി വരുന്നവരോട് ഒന്ന് മാത്രമേ പറയാറുള്ളൂ. ഇവിടെ ഇടിമിന്നലേറ്റ് ആളുകള്‍ എല്ലാവരും മരിക്കുന്നില്ല. എന്നാല്‍ ചിലര്‍ മരിക്കുന്നുമുണ്ട്. പക്ഷേ ഇടിമിന്നലേറ്റ് മരിക്കുന്നതിലും കൂടുതല്‍ ആളുകള്‍ ലോകത്ത് നിര്‍ജ്ജലീകരണം കൊണ്ട് മരിക്കുന്നു. എന്നിട്ടും ഇടിമിന്നലിനെ സൂക്ഷിക്കണം എന്ന് പറയുന്ന നമുക്ക്, റമദാനിലെ മനപൂര്‍വമുള്ള നിര്‍ജലീകരണത്തെ സൂക്ഷിക്കണം എന്നുപറയാന്‍ സാധിക്കുന്നില്ല എങ്കില്‍, നിങ്ങളെ മതാന്ധത കാര്യമായി ബാധിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.?? ആരോഗ്യം എന്തെന്നോ, മനുഷ്യ ശരീരം എന്തെന്നോ, രോഗമില്ലാത്ത അവസ്ഥ എല്ലാം ആരോഗ്യം അല്ല എന്നോ, അറിയാത്ത ഒരു പടച്ചവന്, വെള്ളം പോലും കുടിക്കാതെ, റമദാനില്‍ നോമ്പെടുക്കുന്നത് ‘ആരോഗ്യമുള്ളവര്‍ക്ക്’ എന്ന് വളരെ അലസമായി പറഞ്ഞുവെച്ച് നിര്‍ബന്ധം ആക്കിയിട്ടുണ്ടെങ്കില്‍, ആ പടച്ചവന് ഒരു ദുരന്തം ആണെന്നും, ആ നോമ്പ് ഒരു ദുരാചാരം ആണെന്നും, റമദാനിലെ നോമ്പ് ഒരു ആത്മഹത്യാശ്രമം ആണ് എന്നും പറയാതെ നിവൃത്തിയില്ല. ഒരു അശാസ്ത്രീയമായ ഇസ്ലാമിക ദുരാചാരം തന്നെയാണിത്. ഇനിയെങ്കിലും പൊതുസമൂഹം തുറന്നുപറഞ്ഞേ മതിയാവൂ. ഇസ്ലാമിക ആചാരങ്ങള്‍ എല്ലാം എത്ര അശാസ്ത്രീയവും മാനവികവിരുദ്ധവും, സ്ത്രീവിരുദ്ധവും, ബാലവിരുദ്ധവും ആണെങ്കിലും, ഇസ്ലാമികമാണ് എന്നത് കൊണ്ട് മാത്രം, അതെല്ലാം വിശുദ്ധമാകുന്ന അവസ്ഥക്ക് ഒരു മാറ്റം കൊണ്ടുവന്നേ പറ്റൂ.