ഒരിക്കല്‍ കേട്ടകഥ വീണ്ടും കേള്‍ക്കുന്നത് ഇഷ്ടമല്ലെങ്കിലും വിശ്വാമിത്രന്‍ ഇപ്പോള്‍ അതു പറയുന്നതിന് പ്രത്യേകമായ എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാവുമെന്ന് രാമനറിയാം.
”മഹാബലി ദേവപദവി നേടും എന്നു ഭയന്ന്, ദേവന്മാരുടെ സങ്കടം പരിഹരിക്കാനല്ലേ വാമനമൂര്‍ത്തി ഭൂമിയില്‍ വന്നത്?”ലക്ഷ്മണന്‍ ചോദിച്ചു.
”ശരിയാണ്. വിരോചനപുത്രനായ മഹാബലി നടത്തുന്ന മഹത്തായ യജ്ഞം പൂര്‍ത്തിയായാല്‍ തങ്ങളുടെ ദേവപദവി നഷ്ടപ്പെടുമെന്ന് ഇന്ദ്രനും ദേവന്മാരും ഭയന്നു. അതിനാല്‍ യജ്ഞം എങ്ങനെയും മുടക്കണമെന്ന അപേക്ഷയുമായി അവര്‍, മഹാവിഷ്ണുവിനെകണ്ട് സങ്കടം ഉണര്‍ത്തിച്ചു.”
‘ദേവന്മാരുടെ സങ്കടത്തിന് പരിഹാരമുണ്ടാക്കാന്‍ അദിതിയുടെ പുത്രനായി താന്‍ ജനിക്കുന്നതാണെന്ന് മഹാവിഷ്ണു അവര്‍ക്ക് വാക്കുകൊടുത്തു. അങ്ങനെ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം കശ്യപമഹര്‍ഷി ചിരകാല തപസ്സുകൊണ്ടുനേടിയ പുണ്യംകൊണ്ട് വിഷ്ണുവിന്റെ വീര്യത്തെ ദേവഹിതത്തിനായി അദിതിയില്‍ നിക്ഷേപിച്ചു. അങ്ങനെ അദിതിയുടെ പുത്രനായിട്ടാണ് വാമനന്‍ ജനിക്കുന്നത്.’
‘പുത്രന്‍ ജനിച്ചു എന്നറിഞ്ഞ് കുഞ്ഞിനെ കാണാനായി പലവിധ സമ്മാനങ്ങളും അനുഗ്രഹങ്ങളുമായി ദേവപ്രമുഖര്‍ അദിതിയുടെ അടുത്തെത്തി. സൂര്യദേവന്‍ വാമനന് സാവിത്രീ മന്ത്രം ഉപദേശിച്ചുകൊടുത്തു. ബൃഹസ്പതി പൂണൂലും കശ്യപന്‍ അരഞ്ഞാണവും സമര്‍പ്പിച്ചു. ഭൂമീദേവി കൃഷ്ണാജിനത്തെയും വനസ്പതിയായ സോമന്‍ ദണ്ഡത്തെയും നല്‍കി. ആകാശം വെണ്‍കൊറ്റക്കുടയും കുബേരന്‍ യജ്ഞപാത്രവും ബ്രഹ്മാവ് കമണ്ഡലുവും സരസ്വതി അക്ഷമാലയും സമ്മാനിച്ചപ്പോള്‍ സപ്തര്‍ഷികള്‍ കുശപ്പുല്ലാണ് വാമനന് സമ്മാനിച്ചത്.’
‘ദേവന്മാരുടെ അപേക്ഷപ്രകാരം വാമനന്‍ മഹാബലി നടത്തുന്ന യാഗസ്ഥലത്തേയ്ക്കു പുറപ്പെട്ടു. വെണ്‍കൊറ്റക്കുട പിടിച്ച് കമണ്ഡലുവും ദണ്ഡുമായി വാമനന്‍ യാഗകവാടത്തിലെത്തി. വാമനനെ കണ്ട് യാഗം കാണാന്‍ വന്ന സൂര്യനോ, അഗ്നിയോ എന്നു സംശയിച്ച് എല്ലാവരും ബാലനെ നോക്കി. തേജസ്വിയായ ബാലനെ സന്തോഷത്തോടെ മഹാബലി സ്വീകരിച്ചിരുത്തി. യാഗം നടത്തുന്ന ഋത്വിക്കുകള്‍ അത്ഭുതത്തോടെ ബാലനെ നോക്കിനിന്നു.
”ഈ ശുഭമുഹൂര്‍ത്തത്തില്‍ അങ്ങ് എത്തിച്ചേര്‍ന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. എന്താണ് താങ്കളുടെ ആഗമനോദ്ദേശ്യമെന്ന് ദയവായി അരുളിച്ചെയ്താലും” ബാലന്‍ ആരാണെന്നറിയാതെ മഹാബലി പറഞ്ഞു.
”അങ്ങയുടെ വാക്കുകളില്‍ ഞാന്‍ അതീവ സന്തുഷ്ടനായിരിക്കുന്നു. ഒരു അപേക്ഷയുമായിട്ടാണ് ഞാന്‍ എത്തിയിട്ടുള്ളത്” ബാലന്‍ പറഞ്ഞു.
”ശുഭകരമായ ഈ മുഹൂര്‍ത്തത്തില്‍ എത്തിച്ചേര്‍ന്ന അങ്ങേയ്ക്ക് എന്തുവേണമെങ്കിലും ചോദിക്കാം. എന്നാല്‍ കഴിയുന്നതെന്തും ഞാന്‍ നല്‍കുന്നതാണ്” മഹാബലി വിനയപൂര്‍വ്വം പറഞ്ഞു.
”എന്റെ കാലുകൊണ്ട് അളെന്നടുക്കാവുന്ന മൂന്നടി മണ്ണ് എനിക്ക് ദാനം ചെയ്താലും” വാമനന്‍ മഹാബലിയോട് സ്‌നേഹപൂര്‍വ്വം അപേക്ഷിച്ചു.
”അങ്ങയുടെ ആഗ്രഹം നാം സഫലമാക്കുന്നതാണ്” മഹാബലി മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു.
സാക്ഷാല്‍ മഹാവിഷ്ണുവാണ് മഹാബലിയുടെ അടുത്തു വാമനനായി എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കിയ ഗുരു ശുക്രാചാര്യര്‍ പെട്ടെന്ന് രാജാവിന്റെ സമീപമെത്തി വാമനന്‍ ദാനമായി ആവശ്യപ്പെട്ടത് ഒരു കാരണവശാലും നല്‍കരുതെന്നും ഇതില്‍ ചതി ഉണ്ടെന്നും സ്വകാര്യമായി അറിയിച്ചു.
സത്യത്തിന് വിരുദ്ധമായി ഒന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത മഹാബലി ശുക്രാചാര്യര്‍ ഉപദേശിച്ചിട്ടും നല്‍കിയ വാഗ്ദാനം ലംഘിക്കാന്‍ തയ്യാറായില്ല. രാജഗുരുവായിട്ടും തന്റെ വാക്കുകളെ ധിക്കരിച്ച മഹാബലിയോട് ശുക്രാചാര്യര്‍ക്ക് അപ്പോള്‍ കടുത്ത കോപം ഉണ്ടായി.
”പണ്ഡിതനാണെന്ന് അഹങ്കരിക്കുന്ന അല്ലയോ രാജാവേ, അങ്ങ് അജ്ഞനും മന്ദനും അനുസരണയില്ലാത്തവനുമാണ്. എന്റെ വാക്കുകളെ അവഗണിച്ച താങ്കളുടെ എല്ലാ ഐശ്വര്യവും വളരെ വേഗത്തില്‍ നശിച്ചുപോകുന്നതാണ്” ശുക്രാചാര്യര്‍ കോപംകൊണ്ട് വിറച്ചുകൊണ്ട് മഹാബലിയെ ശപിച്ചു.
ശുക്രാചാര്യര്‍ ശപിച്ചിട്ടും മഹാബലി, വാമനനു കൊടുത്ത വാക്കു പിന്‍വലിക്കാന്‍ തയ്യാറായില്ല. അതിഥിയായി എത്തിയ വാമനന്റെ കാല്‍ കഴുകാന്‍ പത്‌നി വിന്ധ്യാവലി കനകാഭരണ വിഭൂഷിതയായി കനക കുംഭത്തില്‍ വെള്ളവുമായി വന്ന് കാലില്‍ വെള്ളമൊഴിച്ചു കൊടുത്തപ്പോള്‍ മഹാബലിതന്നെ അതിഥിയുടെ കാല്‍ കഴുകി.
”അല്ലയോ കുമാരാ, അങ്ങ് ആവശ്യപ്പെട്ട ഭൂമി എവിടെനിന്നും അങ്ങേയ്ക്ക് സ്വീകരിക്കാം” ദാനംചെയ്യാനുള്ള സന്നദ്ധത മഹാബലി അറിയിച്ചു.
‘നിമിഷനേരംകൊണ്ട് വാമനന്‍ വളര്‍ന്ന് മഹാസത്വനായിത്തീര്‍ന്നു. ഭീമാകാരമായ ആ ശരീരത്തില്‍ വിശ്വം, ഭൂതങ്ങള്‍, ഗുണങ്ങള്‍, ഇന്ദ്രിയങ്ങള്‍, മനസ്സ്, ജീവാത്മാക്കള്‍, ആചാര്യന്മാര്‍, ഋത്വിക്കുകള്‍ അങ്ങനെ എല്ലാമെല്ലാം മഹാബലിക്ക് കാണാന്‍ കഴിഞ്ഞു. ആ മഹാസത്വത്തിന്റെ പാദതലത്തില്‍ രസാതലത്തെയും, പാദങ്ങളില്‍ ഭൂമിയേയും, കണംകാലുകളില്‍ പര്‍വ്വതങ്ങളെയും, ജാനുക്കളില്‍ പക്ഷികളെയും, ഊരുക്കളില്‍ മരുത്തുക്കളെയും, വസ്ത്രത്തില്‍ സന്ധ്യയേയും, ഗുഹ്യത്തില്‍ പ്രജാപതികളെയും, ജഘനത്തില്‍ പ്രമുഖരായ അസുരന്മാരെയും മഹാബലി കണ്ടു.’
‘നാഭിയില്‍ നഭസ്സും, കുക്ഷികളില്‍ കടലും കണ്ടപ്പോള്‍ മഹാബലി കൈകൂപ്പി. മഹാസത്വത്തിന്റെ ഹൃദയത്തില്‍ ധര്‍മ്മം നിലകൊള്ളുന്നതും, സ്തനങ്ങളില്‍ ഋതവും സത്യവും നിലകൊള്ളുന്നതും കണ്ടു. വക്ഷസ്സില്‍ താമര പിടിച്ച മഹാലക്ഷ്മിയേയും കഴുത്തില്‍ സാമഗാനങ്ങളും സമസ്ത ശബ്ദങ്ങളും കണ്ടു. ഭുജങ്ങളില്‍ ഇന്ദ്രാദി ദേവന്മാരെയും കാതുകളില്‍ ദിക്കുകളെയും കണ്ടു. മൂര്‍ദ്ധാവില്‍ ദ്യോവിനെയും കേശങ്ങളില്‍ മേഘങ്ങളെയും കണ്ണുകളില്‍ സൂര്യനെയും കണ്ടു. മൂക്കില്‍ ശ്വാസത്തെയും മുഖത്ത് അഗ്നിയെയും വാക്കുകളില്‍ വേദങ്ങളെയും നാവില്‍ വരുണനെയും മഹാബലിക്ക് കാണാന്‍ കഴിഞ്ഞു.’
‘ഉന്മേഷ നിമിഷങ്ങളില്‍ പകലും രാവും, അനുകൂലതയും പ്രതികൂലതയും കണ്ടു. ലലാടത്തില്‍ കോപവും സ്പര്‍ശത്തില്‍ കാമവും, രേതസ്സില്‍ ജലവും, പൃഷ്ഠത്തില്‍ അധര്‍മ്മവും പാദപുരോഗമനത്തില്‍ യജ്ഞവും, ഛായകളില്‍ മരണവും, ഹാസത്തില്‍ മായയും, രോമങ്ങളില്‍ ഔഷധങ്ങളും, നാഡികളില്‍ നദികളും, നഖങ്ങളില്‍ ശിലയും കണ്ടു. ബുദ്ധിയില്‍ ബ്രഹ്മാവിനേയും, പ്രാണങ്ങളില്‍ ഋഷികളെയും,ദേവന്മാരെയും കണ്ട് മഹാബലി കൈകൂപ്പിനിന്നു.’
‘മഹാബലിയുടെ സര്‍വ്വാധികാരസീമയായ ഭുമിയെ ഒരു പാദംകൊണ്ട് വാമനന്‍ ചവിട്ടിയശേഷം ആകാശത്തെ ശരീരംകൊണ്ട് നിറച്ച്, ദിക്കുകളെ കൈകള്‍കൊണ്ട് അളന്നുനിന്നു. രണ്ടാമത്തെ അടികൊണ്ട് മഹര്‍ലോകം, ജനോലോകം, തപോലോകം എന്നിവയെയും അളന്നു. മൂന്നാമത്തെ അടിവയ്ക്കാന്‍ വിശ്വത്തില്‍ അല്പവും സ്ഥലം ശേഷിച്ചില്ല.
”അങ്ങ് എനിക്ക് നല്‍കിയത് മൂന്നു ചുവടു സ്ഥലമാണ്. രണ്ടു ചുവട് ഞാന്‍ അളന്നു. മൂന്നാമത്തെ ചുവട് അളക്കുവാന്‍ സ്ഥലം കാണിച്ചുതരിക. ഒരു അടികൊണ്ട് ഭുലോകവും രണ്ടാമത്തെ അടികൊണ്ട് സ്വര്‍ഗ്ഗവും ഞാന്‍ അളന്നത് അങ്ങ് കണ്ടതാണ്. വാഗ്ദാനം നിറവേറ്റാന്‍ അങ്ങേയ്ക്ക് കഴിയില്ലെങ്കില്‍ പാതാളത്തിലേയ്ക്കിറങ്ങുക” വാമനന്‍ പറഞ്ഞു.
”മുന്നാമത്തെ ചുവട് എന്റെ ശിരസ്സില്‍ വച്ച് അളന്നാലും” മബാബലി തൊഴുകയ്യോടെ വാമനന്റെ പാദങ്ങളില്‍ സാഷ്ടാഗം പ്രണമിച്ചുകൊണ്ട് പറഞ്ഞു.
‘അതുകേട്ടപ്പോള്‍ വാമനന് സന്തോഷമായി. തന്റെ പാദങ്ങളില്‍ ശിരസ്സ് നമിച്ച് പ്രാര്‍ത്ഥനാനിരതനായ മഹാബലിയെ വാമനന്‍ അനുഗ്രഹിച്ചു. അങ്ങനെ മഹാബലിയെ രസാതലത്തിലെ ചക്രവര്‍ത്തിയായി വാമനന്‍ വാഴിക്കുകയും ചെയ്തു.’
വിശ്വാമിത്രന്‍ പെട്ടെന്ന് കഥ പറഞ്ഞ് അവസാനിപ്പിച്ച് എഴുന്നേറ്റപ്പോള്‍ പല സംശയങ്ങളും ലക്ഷ്മണനുണ്ടായി. മഹര്‍ഷി ഓരോ കഥകള്‍ പറയുന്നതിലും എന്തെങ്കിലും പൊരുള്‍ ആ കഥയില്‍ ഉണ്ടാവുമെന്നു രാമനറിയാം. എന്നാല്‍ ആ പൊരുള്‍ എന്തെന്ന് വിശദമാക്കാതെ മുനി ഒഴിഞ്ഞുമാറുന്നത് ബുദ്ധിയെ സ്വയം ശക്തമാക്കി അത്തരം പൊരുളുകള്‍ സ്വയം കണ്ടെത്താന്‍ വേണ്ടിയാണെന്ന് രാമനറിയാം. ശിഷ്യന്മാര്‍ യാത്രയ്ക്കായി തയ്യാറായിനിന്നു. ഇനിയും എന്തെങ്കിലും ചോദിക്കുന്നത് ഉചിതമല്ല.
”സന്ധ്യയ്ക്കു മുമ്പേ നമുക്ക് ആശ്രമത്തിലെത്തണം. അവിടെ ചില ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്” വിശ്വാമിത്രന്‍ പറഞ്ഞു.
വിശ്വാമിത്രനു പിന്നാലെ മൗനമായി നടക്കുമ്പോഴും വാമനകഥയിലെ പൊരുള്‍തേടിയാണ് രാമന്റെ മനസ്സ് സഞ്ചരിച്ചത്.
സിദ്ധാശ്രമം
സിദ്ധാശ്രമത്തിന്റെ കവാടത്തിലേയ്ക്ക് കാലടുത്തുവച്ചതും ‘വാമനന്റെ പൂര്‍വ്വാശ്രമമായിരുന്നു സിദ്ധാശ്രമം’ എന്നു വസിഷ്ഠഗുരു പറഞ്ഞത് രാമന്‍ ഓര്‍ത്തു. ആ പരിസരത്തിന്റെ സവിശേഷ ഗുണങ്ങളാല്‍ തന്നെ ബാധിച്ചിരുന്ന ആലസ്യത്തില്‍നിന്നും രാമന്‍ പെട്ടെന്ന് മുക്തിനേടി. ‘സിദ്ധാശ്രമത്തില്‍ വിശേഷപ്പെട്ട ഒരു യജ്ഞം അനുഷ്ഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് മുടക്കാന്‍ വരുന്ന രാക്ഷസരെ നേരിടാനാണ് രാമനെ ആവശ്യപ്പെടുന്നത്’ മഹര്‍ഷി പിതാശ്രീയോട് പറഞ്ഞ കാര്യം രാമന്റെ മനസ്സില്‍ പ്രതിധ്വനിച്ചു.
സിദ്ധാശ്രമത്തില്‍ എത്താന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്തോടെ രാമന്‍ കൗതുകത്തോടെ ചുറ്റുപാടും നോക്കി. സാധാരണ ആശ്രമങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ ഒരു സര്‍വ്വകലാശാലയാണ് സിദ്ധാശ്രമം. മഹാബലി യജ്ഞം നടത്തിയ പുണ്യഭൂമിയിലാണ് നില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ രാമന്‍ ദീര്‍ഘമായി നിശ്വസിച്ചു.
”എന്താണ് കുമാരാ ആലോചിക്കുന്നത്? എനിക്ക് എന്ന പോലെ ഈ ആശ്രമം നിങ്ങള്‍ക്കും സ്വന്തമാണെന്ന് ധരിക്കുക.”
മഹാബലിയെക്കുറിച്ചുള്ള ചിന്തയില്‍നിന്നും രാമന്‍ പെട്ടെന്ന് ഉണര്‍ന്നു. ഒരു പറ്റം മുനികുമാരന്മാര്‍ രാമനെയും ലക്ഷ്മണനേയും ഉപചാരപൂര്‍വ്വം എതിരേറ്റു. അവരെല്ലാം സന്യാസിമാരല്ലെന്നും പല രാജ്യങ്ങളില്‍നിന്നും പല ദേശങ്ങളില്‍നിന്നും വിദ്യാസമ്പാദനത്തിനായി ആശ്രമത്തില്‍ താമസിക്കുന്നവരാണെന്നും വ്യക്തമായി. വേഷവിധാനം ഒരേമട്ടിലാണ് എല്ലാവര്‍ക്കുള്ളതെങ്കിലും പ്രായവ്യത്യാസം തിരിച്ചറിയാന്‍ സഹായിക്കുന്നത് അവരുടെ താടിയും മീശയുമാണ്. അവര്‍ ഗുരുവിനെ വണങ്ങിയശേഷം അതിഥി പൂജനടത്തി കുമാരന്മാരെ ഉള്ളിലേയ്ക്ക് ആനയിച്ചു.
”യാത്ര തല്‍ക്കാലം അവസാനിച്ചു. അല്ലേ ജ്യേഷ്ഠാ?” ലക്ഷ്മണന്റെ ആശ്വസത്തോടെ രാമന്റെ കാതില്‍ പറഞ്ഞു.
രാമന്‍ മറുപടി പറഞ്ഞില്ല. യാത്രകഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഗൃഹസ്ഥനെപ്പോലെ വിശ്വാമിത്രന്‍ ചുമതലകള്‍ ഏറ്റെടുത്ത് യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ തിടുക്കത്തില്‍ ആരംഭിച്ചു.
യജ്ഞശാലയിലേയ്ക്കു കടക്കുന്നതിനു മുമ്പ് അതിഥികളെ സല്‍ക്കരിക്കാന്‍ ഫലമൂലാദികള്‍ മുനികുമാരന്മാര്‍ കൊണ്ടുവന്നു. ‘ഒരോ ഫലത്തിനും വിളയുന്ന മണ്ണിന്റെകൂടി സവിശേഷത ഉണ്ടെന്നു’ ഫലങ്ങള്‍ കഴിച്ചപ്പോള്‍ അനുഭവപ്പെട്ടു.
”വാമനമൂര്‍ത്തിയുടെ പാദസ്പര്‍ശത്താല്‍ ധന്യമായ ഈ ആശ്രമം നിങ്ങള്‍ക്ക് സിവിശേഷമായ ആനന്ദത്തെ പ്രദാനം ചെയ്യും. യാഗത്തിന്റെ സംരക്ഷകരായി നിങ്ങള്‍ എത്തിയതില്‍ ഞാന്‍ മാത്രമല്ല ഈ ആശ്രമത്തിലെ ഓരോ ജീവകണങ്ങളും സന്തോഷിക്കുന്നുണ്ട്” വിശ്വാമിത്രന്‍ പറഞ്ഞു.
”ആശ്രമത്തില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കത് ബോധ്യമായി ഗുരോ” ലക്ഷ്മണന്‍ പറഞ്ഞു.
”യജ്ഞത്തിന് സംരക്ഷകരായി ആറേഴു ദിവസം നിങ്ങള്‍ സിദ്ധാശ്രമത്തിലെ യാഗവേദിയുടെ സമീപത്തുതന്നെ നില്‍ക്കേണ്ടതുണ്ട്. നാളെ മുതല്‍ യാഗം ആരഭിക്കുകയാണ്. ഇന്ന് നിങ്ങള്‍ക്ക് വിശ്രമിക്കാം. ഒരുക്കങ്ങള്‍ ശിഷ്യഗണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യാഗത്തിന് ഭംഗം വരുത്താന്‍ വിഘ്‌നകാരികളായ രാക്ഷസന്മാര്‍ എത്തുമെന്ന് ഉറപ്പാണ്. പല യജ്ഞങ്ങളും സമചിത്തതയോടെ പൂര്‍ത്തിയാക്കാന്‍ അതുകൊണ്ടാണ് കഴിയാതെ വരുന്നത്. ആശ്രമം കൊള്ളയടിക്കാനുള്ള അവസരമായിട്ടാണ് ഈ സമയത്തെ അവര്‍ കാണുന്നത്. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ആയുധം എടുക്കില്ലെന്ന് അവര്‍ക്കറിയാം. യജ്ഞസംരക്ഷകരായി നിങ്ങള്‍ എത്തിയതുകൊണ്ട് ഇനി സമാധാനമായി യജ്ഞം നിര്‍വ്വഹിക്കാമെന്ന ആശ്വാസമുണ്ട്. യാഗം മുടക്കാന്‍വരുന്നവരെ നേരിടാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ക്ലേശിക്കേണ്ടിവരും. ചിലപ്പോള്‍ അവരെ വധിക്കേണ്ടതായുംവരും. എന്തായാലും യജ്ഞത്തിന് ഭംഗം വരില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു” വിശ്വാമിത്രന്‍ പറഞ്ഞു.
തങ്ങള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നുള്ള വ്യക്തമായ സൂചനയാണ് മുനി നല്‍കിയത്. യജ്ഞം നടത്തുമ്പോള്‍ വധം നടത്തുന്നത് ശരിയാണോ എന്ന് സംശയം തോന്നിയിരുന്നു. ആ സംശയവും നീങ്ങി.
കൊട്ടാരത്തില്‍നിന്ന് പുറപ്പെട്ടശേഷം വിശ്വാമിത്രനൊടൊപ്പമാണ് എല്ലാ ദിവസവും കിടന്നതെന്ന് അതിഥി ഗേഹശാലയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ രാമന്‍ ഓര്‍ത്തു. നാളെ തുടങ്ങുന്ന യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ക്കായി രാത്രിയിലും വിശ്രമമില്ലാതെ വിശ്വാമിത്രന്‍ ശിഷ്യന്മാര്‍ക്ക് ഓരോ നിര്‍ദ്ദേശം കൊടുത്തുകൊണ്ട് ഓടിനടക്കുന്നത് രാമന്‍ കണ്ടു. യജ്ഞം തുടങ്ങിയാല്‍ തീരുന്നതുവരെ ഉറങ്ങാന്‍ കഴിയില്ലെന്ന് അറിയാവുന്നതുകൊണ്ട് രാമന്‍ മറ്റൊന്നും ആലോചിക്കാതെ ഉറങ്ങാന്‍ കിടന്നു.
പ്രഭാതത്തില്‍ ദിനചര്യകളും സൂര്യനമസ്‌കാരവും കഴിഞ്ഞ് രാമനും ലക്ഷ്മണനും യാഗശാലയിലെത്തി. മുന്‍നിശ്ചയപ്രകാരം യാഗം ആരംഭിക്കാനുള്ള എല്ലാ ഒരുക്കളും പൂര്‍ത്തിയാക്കി പ്രസന്നവദനനായിട്ടാണ് വിശ്വാമിത്രന്‍ ഇരിക്കുന്നത്.
”മഹര്‍ഷേ, അങ്ങേയ്ക്ക് യജ്ഞം ആരംഭിക്കാം. യജ്ഞംവഴി മാനവ കുലത്തിനു എല്ലാ നന്മകളും സിദ്ധമാകുമെന്ന അങ്ങയുടെ വാക്ക് സത്യമായി ഭവിക്കും” യജ്ഞവേദിയില്‍ ഉപവിഷ്ടനായ വിശ്വാമിത്രനോടു രാമന്‍ പറഞ്ഞു.
രാമന്റെ വാക്കില്‍ സംതൃപ്തനായ വിശ്വാമിത്രന്‍ ശുദ്ധനായി എല്ലാ ആചാരക്രമങ്ങളും പാലിച്ചുകൊണ്ട് അഗ്നിഹോത്രം കഴിച്ച് നിയതേന്ദ്രിയനായി ദീക്ഷ സ്വീകരിച്ചു. അനവധി മുനികുമാരന്മാര്‍ വിശ്വാമിത്രനെ സഹായിക്കാനായി യജ്ഞശാലയില്‍ നിര്‍ന്നിമേഷരായി നിലകൊണ്ടു.
വിശ്വാമിത്രന്‍, താന്‍ അനുഷ്ഠിക്കുന്ന യജ്ഞത്തില്‍ ലയിച്ചിരിക്കുന്നത് എപ്രകാരമാണോ അതുപോലെ രാമനും ലക്ഷ്മണനും യജ്ഞസംരക്ഷണം മാത്രം ലക്ഷ്യമാക്കി ശ്വസനവേഗങ്ങളെപ്പോലും നിയന്ത്രിച്ച് ശത്രുക്കളെ നേരിടാനായി സര്‍വ്വ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തി ആയുധപാണികളായി യാഗഭൂവിന് സമീപത്ത് ജാഗ്രതയോടെ നിലകൊണ്ടു.