സ്വന്തം അധികാരം നിലനിര്‍ത്താന്‍ വേണ്ടി സംഘടിതമത വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ സനാതനധര്‍മ്മത്തെയും ഹിന്ദുത്വത്തെയും തകര്‍ക്കാനും അതിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കാനും പിണറായി വിജയന് പെടുന്ന പെടാപ്പാട് ചെറുതല്ല. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു ശബരിമല സംഭവം. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയം വരെ പോലും കാത്തിരിക്കാതെ, സഹസ്രാബ്ദങ്ങളായുള്ള ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള വനിതകളെ സന്നിധാനത്ത് എത്തിച്ച് നൈഷ്ഠിക ബ്രഹ്മചാരീസങ്കല്പം തകര്‍ക്കാന്‍ പിണറായി വിജയന് നേരിട്ടു നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ ഭക്തലക്ഷങ്ങള്‍ മറന്നിട്ടില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സിപിഎമ്മിന്റെ നട്ടെല്ലായിരുന്ന ഈഴവസമൂഹം സിപിഎമ്മിന്റെ ഇസ്ലാമിക-ജിഹാദി പ്രീണനം കണ്ടു മനം മടുത്തു തള്ളിപ്പറഞ്ഞ് ദേശീയതയുടെ നിലപാടിലേക്ക് മാറിയപ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറി. 11 പാര്‍ട്ടികള്‍ വീതം അടങ്ങുന്ന രണ്ടു മുന്നണികളെയും തകര്‍ത്തെറിഞ്ഞ് ഒരു ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയും മറ്റ് രണ്ടുപേര്‍ നേരിയ വോട്ടിന് പരാജയപ്പെടുകയും ചെയ്തപ്പോള്‍ കേരളത്തിലെ രാഷ്ട്രീയത്തിന് ഒരു പുതിയ മാനം കൈവരികയായിരുന്നു. ഇന്ന് പിണറായിയെ വിറളി പിടിപ്പിക്കുന്ന അധികാരനഷ്ടത്തിന്റെ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറാനും ഇതുതന്നെയാണ് ഇടയാക്കിയത്. ശിവഗിരി സമ്മേളനത്തില്‍ ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത് നഗ്നമായ ഗുരുനിന്ദയാണ്. ശ്രീനാരായണ ഗുരുവിന്റെ ഏതെങ്കിലും പുസ്തകങ്ങളോ കീര്‍ത്തനങ്ങളോ ഗദ്യലേഖനങ്ങളോ ഏറ്റവും കുറഞ്ഞത് പൂര്‍ത്തീകരിക്കാത്ത തിരുക്കുറള്‍ ഭാഷ്യം എങ്കിലും വായിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു അബദ്ധം സംഭവിക്കില്ലായിരുന്നു. വിഡ്ഢിത്തം പറയുമ്പോള്‍ കസേരയുടെ മഹത്വവും മാന്യതയും പിണറായി ഓര്‍മ്മിക്കണമായിരുന്നു.
പണ്ട് ഇ.കെ.നായനാര്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഇതേപോലെതന്നെ അദ്ദേഹത്തിന് വേണ്ടതെല്ലാം പറഞ്ഞശേഷം ‘ആ തമ്പുരാന് ഞാന്‍ പോരുമ്പോള്‍ എന്തോ എഴുതി തന്നിരുന്നു അതും കൂടി വായിച്ചേക്കാം’ എന്ന് പറഞ്ഞ് അന്ന് പ്രസ് സെക്രട്ടറിയായിരുന്ന പ്രഭാവര്‍മ്മ എഴുതി കൊടുത്തിരുന്നത് വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ നിഷ്കളങ്കതയും നൈര്‍മല്യവും കാരണം മലയാളികള്‍ അത് ആസ്വദിച്ചു. എറണാകുളത്ത് നടന്ന ഒരു സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി സമാപനച്ചടങ്ങിന് എത്തിയപ്പോള്‍ ഉദ്ഘാടന ചടങ്ങിന് എഴുതിക്കൊടുത്ത അതേ പ്രസംഗം വായിച്ചപ്പോഴും നായനാരെ ആരും പരിഹസിച്ചില്ല. ഉപദേഷ്ടാക്കള്‍ എഴുതി കൊടുക്കുന്നത് വായിക്കുകയാണെന്ന് തുറന്നുപറയാനുള്ള ആര്‍ജ്ജവവും അന്തസ്സും നായനാര്‍ക്കും വി.എസ്. അച്യുതാനന്ദനും ഉണ്ടായിരുന്നു. അതുപോലുമില്ലാത്ത വെറുമൊരു പാഴ്മരമായി പിണറായി മാറുമ്പോള്‍ പരിഹാസത്തേക്കാള്‍ കൂടുതല്‍ സഹതാപമാണ് തോന്നുന്നത്.
ശ്രീനാരായണഗുരു സനാതനധര്‍മ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ലെന്നും ആ ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത പുതിയ കാലത്തിനായുള്ള നവയുഗധര്‍മ്മത്തെ വിളംബരം ചെയ്ത സന്ന്യാസി ആയിരുന്നുവെന്നുമാണ് പിണറായി പറഞ്ഞത്. വര്‍ണാശ്രമധര്‍മ്മത്തെ വെല്ലുവിളിച്ചും മറികടന്നും കാലത്തിനൊത്ത് നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവികധര്‍മ്മം എന്നും അദ്ദേഹം പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിയില്‍ രൂപപ്പെട്ടുവന്ന സനാതനധര്‍മ്മത്തിന്റെ വക്താവാകുമെന്ന് പിണറായി ചോദിച്ചു. മതങ്ങള്‍ നിര്വചിച്ചതൊന്നുമല്ല ഗുരുവിന്റെ ധര്‍മ്മം. അതിനെ സനാതനധര്‍മ്മത്തിന്റെ ചട്ടക്കൂട്ടിലാക്കാന്‍ ശ്രമിച്ചാല്‍ വലിയ ഗുരുനിന്ദയാകും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചാതുര്വണ്യപ്രകാരമുള്ള വര്‍ണാശ്രമധര്‍മ്മം ഉയര്‍ത്തിപ്പിടിച്ചത് കുലത്തൊഴിലിനെയാണ്. ഗുരു കുലത്തൊഴില്‍ ധിക്കരിക്കാന്‍ ആഹ്വാനം ചെയ്തു. ആ ഗുരു എങ്ങനെ സനാതനധര്‍മ്മത്തിന്റെ വക്താവാകും? പിണറായി ചോദിച്ചു. കുലത്തൊഴില്‍ ഉപേക്ഷിച്ച് രാഷ്ട്രീയവും കൊല്ലും കൊലയും കുലത്തൊഴിലാക്കി മാറ്റിയ സ്വാനുഭവത്തിലൂടെ ഗുരുവിന്റെ ചിന്തകള്‍ ദുര്‍വ്യാഖ്യാനിക്കുമ്പോള്‍ പിണറായി ഏറ്റവും കുറഞ്ഞത് ഗുരുവിന്റെ കൃതികളെങ്കിലും ഒരുതവണ വായിക്കാനുള്ള വിവേകം കാട്ടണമായിരുന്നു.
ഗുരുവിന്റെ കൃതികളിലേക്ക് പോകുംമുമ്പ് അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള ഒരു വിലയിരുത്തല്‍ അനിവാര്യമാണ്. മരുത്വാമലയിലും അരുവിപ്പുറത്തും തപസ്സനുഷ്ഠിച്ചാണ് ശ്രീനാരായണഗുരുദേവന്‍ യോഗിയായി മാറിയത്. അതിനുശേഷം അരുവിപ്പുറത്ത് നടത്തിയത് ശിവലിംഗ പ്രതിഷ്ഠയായിരുന്നു. ഗുരുദേവന് ആലുവയില്‍ സ്ഥാപിച്ച ആശ്രമത്തിന്റെ പേര് അദ്വൈതാശ്രമം എന്നായിരുന്നു. അരുവിപ്പുറം മുതല്‍ ഉല്ലല വരെ 42 ക്ഷേത്രങ്ങളില്‍ അദ്ദേഹം പ്രതിഷ്ഠ നടത്തി. ഈ പ്രതിഷ്ഠകള്‍ മുഴുവന്‍ ഹിന്ദു ദേവീദേവന്മാരുടേതാണ്. ഒരിടത്തും അദ്ദേഹം സര്‍വ്വമത പ്രതിഷ്ഠ നടത്തിയിട്ടില്ല. പലരും പ്രചരിപ്പിക്കുന്നത് കണ്ണാടിപ്രതിഷ്ഠ നടത്തിയെന്നാണ്. കണ്ണാടിയെ അടിസ്ഥാനമാക്കി അതില്‍ ഓങ്കാരം ആണ് ഗുരുദേവന് പ്രതിഷ്ഠിച്ചത്. മുപ്പതോളം സ്തോത്രകൃതികള്‍ ആണ് ഗുരുദേവന് രചിച്ചിട്ടുള്ളത്. അവയെല്ലാം ഗണപതി, മുരുകന്, ശിവന്, ദേവി, കാളി തുടങ്ങിയ ഹിന്ദു ദേവീദേവന്മാരെ കുറിച്ചാണ്. ഗുരുദേവന് 15 തത്വജ്ഞാന കൃതികളാണ് രചിച്ചിട്ടുള്ളത്. അവയില്‍ എല്ലാംതന്നെ പ്രതിപാദിക്കുന്നത് സനാതനധര്‍മ്മവും അദ്വൈതവും വേദവേദാന്തങ്ങളും ഉപനിഷത്തുകളുമാണ്. ഗുരുദേവന് ശിവഗിരിയില്‍ സ്ഥാപിച്ച മതപാഠശാലയുടെ പേര് ബ്രഹ്മവിദ്യാലയം എന്നാണ്. ഭാരതീയ-സനാതനധര്‍മ്മ സന്ന്യാസിമാരുടെ പാരമ്പര്യമനുസരിച്ച് ഗുരു ധാരാളം ശിഷ്യന്മാര്ക്ക് സന്ന്യാസ ദീക്ഷനല്കി. ശ്രീനാരായണഗുരുദേവന്‍ സമാധിയിലാകുംമുമ്പ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശ്രീ വിദ്യാനന്ദസ്വാമി പാരായണം ചെയ്തത് യോഗവാസിഷ്ഠത്തിലെ ജീവന് മുക്തി പ്രകരണമായിരുന്നു. അത് കേട്ടുകൊണ്ടാണ് ഗുരുദേവന് സമാധിയായത്.
ഈ ജീവിതപര്‍വ്വത്തില്‍ എവിടെയാണ് സനാതനധര്‍മ്മത്തിനും ഹിന്ദുസംസ്കാരത്തിനും ആര്‍ഷസംസ്കൃതിക്കും വിരുദ്ധമായ അല്ലെങ്കില്‍ അതില്‍ നിന്ന് വേറിട്ട എന്തെങ്കിലും ഒരു സംഭവം ഉള്ളത്. ശ്രീനാരായണഗുരുദേവനെ വായിക്കാതെ, അറിയാതെ, അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്റെ പേരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നാടകം കളിക്കുകയുമാണ് പിണറായി വിജയന് ചെയ്യുന്നത്.
ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ക്ക് (മാതൃഭൂമി പ്രസിദ്ധീകരണം) എഴുതിയ അവതാരികയില്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്, ‘ഡോക്ടര്‍ പല്പ്പുവിനെ വിവേകാനന്ദസ്വാമികള്‍ ഉപദേശിച്ചത് ഒരു സന്ന്യാസിയെ കണ്ടുപിടിച്ച് സംഘടനാ നേതൃത്വത്തില്‍ പ്രതിഷ്ഠിക്കണമെന്നായിരുന്നല്ലോ. സന്ന്യാസി നേതാവായാല്‍ സമുദായ പരിമിതികള്‍ തനിയെ ലംഘിക്കപ്പെടും എന്ന് സ്വാമിജി കരുതിയിരുന്നിരിക്കണം. ഉടനെ ആ സങ്കല്‍പ്പം പോലെ തന്നെ സംഗതി നടന്നു. പിന്നീട് ചില വ്യതിയാനങ്ങള്‍ സംഭവിച്ചിരിക്കാം. എങ്കിലും ഈഴവര്‍ ഒരു നേതാവിനെ അന്വേഷിച്ചു പോയത് കേരളത്തിന്റെ നേതാവിനെ കണ്ടെത്തലില്‍ അവസാനിച്ചുവെന്ന് പറയട്ടെ. ഇത് ഇന്ത്യയുടെ ജാതിമതാതീതമായ സന്ന്യാസാദര്‍ശത്തിന്റെ വിജയമാണെന്ന് വേണം പറയാന്‍. ആ സംഘടിത ശക്തിയുടെ അധിനായകത്വം ഒരു സന്ന്യാസിക്ക് സമര്‍പ്പിക്കുക എന്നത് ഭാരതീയസ്വഭാവത്തിന്റെ ചിരസ്ഥായിതയുടെ ഫലമാണെന്ന് വേണം കരുതാന്‍. അങ്ങനെയാണ് ഈഴവ മഹാസഭ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന് വഴിമാറിക്കൊടുക്കേണ്ടി വന്നത്. ഇത്തരത്തില്‍ സമുദായത്തിന്റെ കടുംതോട് പൊട്ടിച്ച് ഭാരതീയത്വത്തിന്റെയും മാനുഷികതയുടെയും വിശാല ചക്രവാളത്തിലേക്ക് അതിനെ മുഖം തിരിച്ചു നിര്‍ത്തുന്ന ഒരു സംഘടന ഉണ്ടാക്കാന്‍ മറ്റു കേരളീയ സമുദായങ്ങള്‍ക്ക് അക്കാലത്ത് സാധിച്ചുമില്ല. കാരണം ശ്രീനാരായണനൊപ്പം യഥാര്‍ത്ഥ ഭാരതീയ പാരമ്പര്യം ഉള്‍ക്കൊള്ളുകയും ജാതിമതാദി ഭേദോപാധികളെ മൂന്നു കരണം കൊണ്ടും വര്‍ജ്ജിക്കുകയും ചെയ്ത ഒരു വിശ്വാചാര്യന്‍ അന്ന് വേറെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എസ്.എന്‍.ഡി.പി എന്ന സംഘടനയുടെ ഇന്നത്തെ സ്ഥിതി എന്താവട്ടെ സമുദായ നാമം പേറിക്കൊണ്ടല്ലാതെ ഒരു ധര്‍മ്മാദര്‍ശത്തിന്റെ പ്രഭയില്‍ നിലനില്‍ക്കുന്ന ആ പേര് സാമൂഹ്യ രാഷ്ട്രീയ ഭിത്തികളെ ഉല്ലംഘിക്കുന്ന ഭാരതീയ സംസ്കൃതി കേരളത്തില്‍ നേടിയ വിജയമുദ്രയാണെന്ന് കണക്കാക്കുന്നതില്‍ തെറ്റില്ല.’
ഡോക്ടര്‍ അഴീക്കോട് തുടരുന്നു,’സ്വാന്ത പ്രകാശത്തില്‍നിന്ന് ഉണര്‍ന്ന ഒരാചാര്യന്റെ ആത്മപ്രദ്യോധനമാണ് ആ കൃതികളുടെ അന്തഃസത്ത. ഈ കൃതികളില്‍ ഗുരു അപരതന്ത്രനായി ആത്മസാഫല്യത്തിന് വേണ്ടി സ്വന്തം നാദത്തില്‍ ഗാനം ചെയ്തിരിക്കുന്നു. ശങ്കരാചാര്യര്‍ക്ക് ശേഷം ആയിരം കൊല്ലം കഴിഞ്ഞിട്ടാണ് ഇത് നടന്നതെന്ന് ഓര്‍ക്കണം. അത് കേരളം ഭാരതത്തെ കേള്‍പ്പിച്ച വേദാന്ത പ്രതിഭയുടെ മധുരമായ മുഴക്കമത്രേ…’
ശ്രീനാരായണന്റെ കൃതികളില്‍നിന്ന് വര്ദ്ധനശക്തിയോടെ പൊന്തിപ്പരക്കുന്ന മഹാസന്ദേശം ഇതാണ്, ഒരു മതം ഒരു മതം മാത്രം. അത് സ്വാഭാവികമായും യുക്തിസഹമായും സാമ്പ്രദായികമായും ചരിത്രപരമായും അദ്വൈതം അല്ലാതെ മറ്റൊന്നല്ല. മതം ഒന്നാകുമ്പോള്‍ ദൈവം രണ്ടാകാന്‍ വഴിയില്ല. ദൈവവും ഒന്ന് അപ്പോള്‍ ദൈവസൃഷ്ടിയായ മനുഷ്യന് പല ജാതിയാകാന്‍ തരമില്ല, ജാതിയും ഒന്ന്. ഗുരുദേവന് ആത്മോപദേശശതകത്തില് ആറ് പദ്യത്തില്‍ ഏകമത സിദ്ധാന്തത്തെ യുക്തിശക്തിയോടെയും അതിലളിതമായും ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു. അപ്പോള്‍ ശ്രീനാരായണന്റെ ഏകമതം ഉപനിഷത്തിലും ശങ്കരനിലും പ്രഖ്യാപിതമായി നേടിയ അനുഭവവാദത്തിലാണ് അടിയുറച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.’ എന്തായാലും ഡോ. അഴീക്കോടിന്റെ ഈ വാക്കുകളില്‍ നിന്നുതന്നെ ശ്രീനാരായണഗുരുദേവന്റെ മതവും ചിന്തയും ദര്‍ശനവും അതിന് ശങ്കരദര്ശനവുമായുള്ള ബന്ധവും ഒക്കെ വ്യക്തമാണ്. അതിനപ്പുറത്തേക്ക് ഒരു വ്യാഖ്യാനം നല്കാന് പിണറായി വിജയന് പ്രസംഗം എഴുതി നല്‍കിയവര്‍ക്കോ ഉപദേഷ്ടാക്കള്‍ക്കോ കഴിയുമെന്ന് തോന്നുന്നില്ല.
ഇനിയും സംശയമുണ്ടെങ്കില്‍ ഗുരുദേവന്റെ ദര്‍ശനമാല എന്ന കൃതിയിലെ അഞ്ചും ആറും ഏഴും ശ്ലോകങ്ങള്‍ വായിച്ചാല്‍ മതി. ആനന്ദം, ആത്മാവ്, ബ്രഹ്മം എന്നിങ്ങനെ ഇതിന്റെ തന്നെ പേരുകള്‍ വിസ്തരിക്കപ്പെടുന്നുവോ അവനാണ് ഭക്തന്. ആത്മജ്ഞനെയാണ് ഭക്തന് എന്ന് വിളിക്കേണ്ടത് എന്ന് ചുരുക്കം. ഞാന്‍ ആനന്ദമാകുന്നു, ഞാന്‍ ബ്രഹ്മമാകുന്നു, ഞാന്‍ ആത്മാവാകുന്നു എന്ന രൂപത്തിലുള്ള സന്തതഭാവന യാതൊരുവനുണ്ടോ അവന് ഭക്തന് എന്ന് പേര് കേട്ടിരിക്കുന്നു. ദര്‍ശനമാലയിലെ ഈ വ്യാഖ്യാനത്തിനപ്പുറം ഗുരുദേവന്റെ മറ്റൊരു ഗദ്യപ്രാര്‍ത്ഥനയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു, ‘കാണപ്പെടുന്നതൊക്കെയും സ്ഥൂലം സൂക്ഷ്മം കാരണം എന്നീ മൂന്നു രൂപങ്ങളോടു കൂടിയതും പരമാത്മാവില്‍നിന്നും ഉണ്ടായി അതില്‍ തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവ് അല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന – വറുത്തുകളയുന്ന – പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിച്ചു നല്ല വഴിയെ കൊണ്ടുപോകുമോ, പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ ഇപ്രകാരം ഇടപെടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമപദം തന്നെ ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ. അല്ലയോ ദൈവമേ കണ്ണുകൊണ്ട് കാണുന്നതൊന്നും നിത്യമല്ല ശരീരവും നീര്‍ക്കുമിള പോലെയാകുന്നു. എല്ലാം സ്വപ്നതുല്യം എന്നല്ലാതെ ഒന്നും പറയാനില്ല. നാം ശരീരമല്ല അറിവാകുന്നു. ശരീരമുണ്ടാകുന്നതിന് മുമ്പും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടുതന്നെ ഇരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തേടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കുമാറാകണമേ. നീ എന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നല്കേണമേ. എന്റെ ലോകവാസം കഷ്ടപ്പാടു കൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവില്‍ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ (ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ മാതൃഭൂമി പുറം 629).
ശ്രീനാരായണഗുരുദേവന്‍ നേരിട്ട് പറഞ്ഞതിനപ്പുറം പിണറായി വിജയനോട് എന്തുപറയാന്‍. ഇനിയെങ്കിലും കേരളീയ ജനതയോട് സത്യസന്ധതയോടെ, ആത്മാര്‍ത്ഥതയോടെ ഇടപെടാനാണ് പിണറായി വിജയന് ശ്രമിക്കേണ്ടത്. ശ്രീനാരായണഗുരുദേവന്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ഹിന്ദു സന്ന്യാസിവര്യനായിരുന്നു. സനാതനധര്‍മ്മത്തില്‍ ഉണ്ടായിരുന്ന തൊഴില്‍വിഭജനത്തെ ജാതിയുടെ പേരില്‍ ധര്‍മ്മവിരുദ്ധമായി ഇടയ്ക്ക് സംഭവിച്ച അപഭ്രംശം ഒഴിവാക്കാന്‍ അവതരിച്ച അവതാരപുരുഷനാണ് ഗുരുദേവന്. ശ്രീശങ്കരന് ശേഷം ഭാരതം കണ്ട തപോനിഷ്ഠന്‍. അദ്ദേഹത്തെ പണ്ട് ടാബ്ലോയില്‍ ചെയ്തതുപോലെ ഇനിയും കുരിശിലേറ്റാന്‍ ശ്രമിക്കരുത്.